Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂവാറ്റുപുഴ മേഖലയിൽ റബർ തോട്ടങ്ങൾക്ക് റംബുട്ടാൻ ചുവപ്പ്

rambutan-sale റംബുട്ടാൻ ഓട്ടോറിക്ഷയിൽ വിൽപന നടത്തുന്നു.

റബർ തോട്ടങ്ങൾക്കിപ്പോൾ റംബുട്ടാൻ ചുവപ്പാണ്. വെട്ടിമാറ്റിയ റബർ മരങ്ങൾക്കു പകരം തോട്ടങ്ങളിൽ റംബുട്ടാൻ മരങ്ങൾ തിങ്ങിവളരുന്നു. റബറിനേക്കാൾ ആദായകരമായതിനാൽ റബർ മരങ്ങൾ വെട്ടിമാറ്റി റംബുട്ടാൻ ചെടികൾ വച്ചുപിടിപ്പിച്ചിരിക്കുകയാണിപ്പോൾ എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലെ കർഷകർ. പരിചരണവും വളപ്രയോഗവുമൊന്നുമില്ലാതെ നല്ല രുചിയുള്ള റംബുട്ടാൻ പഴങ്ങൾ ലഭിക്കും. പഴങ്ങൾക്കും നല്ല വില. വാങ്ങാനാണെങ്കിൽ ആളുകളുമേറെയുണ്ട്. ജന്മം കൊണ്ടു വിദേശിയാണെങ്കിലൂം റംബുട്ടാനിപ്പോൾ നാട്ടിൽ പ്രിയമേറെയാണ്. റബർ കൃഷിയിലെ പ്രതിസന്ധിയിൽ നിരാശരായ കർഷകരിൽ വലിയൊരു ഭാഗം ഇപ്പോൾ റംബുട്ടാൻ കൃഷി ആരംഭിച്ചിട്ടുണ്ട്.

തൊടുപുഴ ഭാഗത്താണ് ആദ്യം വ്യാപകമായ കൃഷി ആരംഭിച്ചതെങ്കിലും ഇപ്പോൾ കല്ലൂർക്കാട്, ആയവന, മഞ്ഞള്ളൂർ പഞ്ചായത്തുകളിലേക്കു കൃഷി വ്യാപിച്ചു. പഴങ്ങൾ നിറഞ്ഞുകിടക്കുന്ന മരങ്ങൾ നേരിൽ കാണുന്നതുതന്നെ കൗതുകമാണ്. റംബുട്ടാൻ വിളഞ്ഞുകിടക്കുന്ന തോട്ടങ്ങൾ കാണാനും മരങ്ങളിൽ നിന്നു പഴം നേരിട്ടു പറിച്ചുനൽകാനുമൊക്കെ സൗകര്യമൊരുക്കി റംബുട്ടാൻ കൃഷി കർഷകർ ആഘോഷമാക്കുകയാണ്. വിളവെടുത്ത റംബുട്ടാൻ‌ വീടിനു മുന്നിൽത്തന്നെ പ്രദർശിപ്പിച്ചു വിൽപന നടത്തി നല്ല ലാഭവും കർഷകരുണ്ടാക്കുന്നു. കല്ലൂർക്കാട് പഞ്ചായത്തിൽ മാത്രം 30 ഏക്കറോളം ഭൂമിയിൽ കൃഷി നടക്കുന്നു. പല തോട്ടങ്ങളിലും വിളവെടുപ്പു കഴിഞ്ഞു.

മറ്റു ചിലതു വിളവെടുപ്പിനൊരുങ്ങി നിൽക്കുന്നു. കൃഷി വ്യാപകമായതോടെ കിലോഗ്രാമിന് 260 രൂപയിൽ നിന്ന് ഇടിവു സംഭവിച്ചിട്ടുണ്ട്. ഏറ്റവും രുചികരമായ പഴങ്ങളിലൊന്നാണു റംബുട്ടാൻ. മലേഷ്യ, ഇന്തൊനീഷ്യ, ശ്രീലങ്ക, ഫിലിപ്പീൻസ്‌ എന്നീ രാജ്യങ്ങളിലും റംബുട്ടാൻ കൃഷി ചെയ്യുന്നുണ്ട്‌. ജാതിമരങ്ങൾ പോലെ ആൺമരവും പെൺമരവും ഉണ്ട്‌. പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്യാൻ പറ്റുന്ന ഫലവൃക്ഷം കൂടിയാണിത്‌. എന്നാൽ, വാണിജ്യാടിസ്‌ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ശാസ്‌ത്രീയ പരിചരണം ആവശ്യമാണ്‌. സാധാരണയായി രോഗങ്ങൾ ബാധിക്കാത്ത സസ്യം കൂടിയാണിത്‌.

rambutan-tree കല്ലൂർക്കാടിലെ റംബുട്ടാൻ തോട്ടത്തിൽ വിളഞ്ഞു നിൽക്കുന്ന റംബുട്ടാൻ‌ പഴങ്ങൾ.

നാലു മുതൽ ഏഴു വർഷം പ്രായമായ വൃക്ഷങ്ങളാണു കായ്ക്കുന്നത്. പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്യാൻ പറ്റിയ ഫലവൃക്ഷം കൂടിയാണിത്. സൂര്യപ്രകാശം ഇലകളിൽ നേരിട്ട് അടിക്കുന്നത് അനുസരിച്ചാണു വിളവ് എന്നതിനാൽ ഇടവിളയായി റംബുട്ടാൻ കൃഷി ചെയ്യാൻ പാടില്ലെന്നു കർഷകർ പറയുന്നു. നല്ല രീതിയിൽ സൂര്യപ്രകാശം ലഭിച്ചാൽ അതിന് അനുസരിച്ചു കായ്ഫലം ലഭിക്കും. തണലിനൊപ്പം നല്ല വളപ്രയോഗവും ജലസേചനവും റംബുട്ടാൻ കൃഷിക്ക് അത്യാവശ്യമാണ്.

പക്ഷികൾ പഴങ്ങൾ കൊത്തിയെടുക്കാതെ വലയിട്ടു സംരക്ഷിക്കുകയാണിപ്പോൾ കർഷകർ. ഇതുമാത്രമാണ് അൽപം ചെലവേറിയത്. പൈനാപ്പിളും ജാതിയും റബറും വാഴയും കുരുമുളകും പച്ചക്കറികളുമൊക്കെ നന്നായി വളരുന്ന കിഴക്കൻ മേഖലയിലെ കൃഷിയിടങ്ങളിൽ റംബുട്ടാനും സമൃദ്ധമായി വളരുന്നത് വിലത്തകർച്ച കൊണ്ടു പൊറുതിമുട്ടിയിരിക്കുന്ന കർഷകർക്കു വലിയൊരാശ്വാസമായിരിക്കുകയാണ്.