Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചപ്പിനു കൂടൊരുക്കി മധു

madhusoodanan-with-herbal-plants ഇലന്തൂർ പരിയാരം സ്വദേശി മധുസൂദനൻ തന്റെ ഔഷധസസ്യ തോട്ടത്തിൽ

തൈനടീലും പരിചരണവും ഒരു ദിവസത്തെ പരിപാടി മാത്രമാക്കുന്നവർക്കു മുൻപിൽ തൈനടീലും അതിന്റെ പരിചരണവും ദിനചര്യയാക്കി ഒരു ചെറുപ്പക്കാരൻ. പത്തനംതിട്ട ഇലന്തൂർ പരിയാരം എംഎസ് വില്ലയിൽ മധുസൂദനനാണ് പ്രകൃതിസ്നേഹത്തിന് പുതിയ പാത തെളിക്കുന്നത്.

പാതയോരങ്ങളിലും വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലും പുറമ്പോക്കു ഭൂമിയിലുമെല്ലാം ആയിരത്തിലധികം ഫലവൃക്ഷതൈകളും ഔഷധസസ്യങ്ങളുമാണ് ഇദ്ദേഹം നട്ടു വളർത്തുന്നത്. വീട്ടമ്മമാർക്കുള്ള കറിവേപ്പു മുതൽ ലക്ഷ്മിതരു വരെ മധു നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്നവയിൽപ്പെടുന്നു.

ആഴ്ചയിൽ രണ്ടു തവണയെങ്കിലും താൻ നട്ടുപിടിപ്പിച്ച ചെടികൾക്ക് അടുത്തെത്തി അവയുടെ വളർച്ച നോക്കിക്കാണും. ഒരു കൊമ്പ് ആരെങ്കിലും പൊട്ടിച്ചാൽ ആ ദിനം മധുവിന് അസ്വസ്ഥതയുടെ ദിവസമായിരിക്കും. താൻ പുറമ്പോക്കിൽ നട്ട ലക്ഷ്മിതരുവിന്റെ കൊമ്പ് ആരോ ഒടിച്ചത് കണ്ട് സഹിക്കാഞ്ഞ് 15,000 രൂപയോളം മുടക്കി കൂടു നിർമിച്ചത് ഒരു കഥ.

1960കളിൽ ഇന്ത്യയിലെത്തിയ ലക്ഷ്മിതരുവിന്റെ ഔഷധഗുണത്തെപ്പറ്റി മനസ്സിലാക്കി 25,000 തൈകളാണ് ഇതിനകം നട്ടുപിടിപ്പിച്ചത്. അതിൽ അയ്യായിരത്തിലധികം തൈകൾ സൗജന്യമായി വിതരണം ചെയ്തു. കൂടുതലും കുട്ടികൾക്കാണ് നൽകിയത്.

നാടിന് അന്യമായിക്കൊണ്ടിരിക്കുന്ന പ്ലാവിനങ്ങളായ തേൻവരിക്കയും വരിക്കയും മാവിനങ്ങളായ കിളിച്ചുണ്ടൻ, മൂവാണ്ടൻ, നാട്ടുമാവുകൾ എന്നിവയുമെല്ലാം ജനങ്ങളിലെത്തിച്ചു തുടങ്ങിയിരിക്കുന്നു.

തേൻവരിക്ക പ്ലാവ് 250 എണ്ണം നൽകിക്കഴിഞ്ഞു. തൈകൾ ആർക്കു നൽകി, വളർച്ച എങ്ങനെ തുടങ്ങിയ വിശദമായ റജിസ്റ്റർ എഴുതി സൂക്ഷിക്കുന്നു. ഒരു വീട്ടിൽ ഒരു കറിവേപ്പെന്ന ആശയത്തിൽ അനവധി വീടുകളിൽ തൈ എത്തിച്ചു.

പറമ്പുകൾക്കന്യമായ വിഷപ്പച്ച, മുറികൂടി, ആര്യവേപ്പ്, കറ്റാർവാഴ, നീലഅമരി, ചങ്ങലംപരണ്ട, നീർമരുത്, ഓരില, ഈരില, മൂവില, തുളസി, പനിക്കൂർക്ക, കച്ചോലം, ആടലോടകം, മുയൽചെവിയൻ, മുക്കുറ്റി, കുറുന്തോട്ടി, അഗത്തിച്ചീര, ചായമൻസ.... അങ്ങനെ നീളുന്നു മധു നട്ടു വളർത്തുന്ന ഔഷധസസ്യങ്ങളുടെ നിര.ജംക്‌ഷനിൽ എംഎസ് എന്ന സ്ഥാപനം നടത്തുന്ന മധുവിന്റെ ഭാര്യ പ്രീതയും മക്കളായ മനൂപും മഞ്ജുവും ഈ പ്രകൃതി സ്നേഹത്തിനു പിന്തുണയുമായി കൂടെയുണ്ട്.

പ്രകൃതിസ്നേഹത്തിന്റെ പുത്തൻ അറിവുകൾ പകർന്നു നൽകാൻ കേരളത്തിലെ മിക്ക ജില്ലകളിലും പ്രഭാഷകനായും മധു എത്തുന്നുണ്ട്. കുട്ടികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിലും വിവിധ പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കാറുണ്ട്.

പാട്ടത്തിനു കിട്ടിയ ഭൂമിയിൽ നട്ടുവളർത്തുന്ന കാർഷികോൽപന്നങ്ങളും വൈവിധ്യം നിറഞ്ഞവയാണ്.വാഴകൾ ഒൻപതിനം. മരച്ചീനിയും ചേമ്പും നാലുതരം. കാച്ചിൽ, ചേന, ഇഞ്ചി, മഞ്ഞൾ എന്നിവ മൂന്നുതരം, നനകിഴങ്ങ്, കരനെല്ല് എന്നിവ രണ്ടുതരം... അങ്ങനെ പോകുന്നു. ചായമൻസയുടെ തണ്ടുകൾ ആവശ്യമുള്ളവർക്കെല്ലാം സൗജന്യമായി നൽകുവാനും ഒരുക്കമാണ് ഈ യുവാവ്.

ചെറുതല്ല ഈ ചായമൻസ

chayamansa ചായമൻസ

ചായമൻസ മെക്സിക്കോയിൽ നിന്ന് ഇവിടെയെത്തിയ അദ്ഭുതസസ്യമാണ്. നൂറ്റാണ്ടുകളായി മധ്യഅമേരിക്കയിലെ മായൻവർഗക്കാർക്ക് ഭക്ഷണത്തിലെ ഒരു പ്രധാന ഇനമാണ് ഇത്. വിറ്റമിൻ എ, സി, ബീറ്റകരോട്ടിൻ, പ്രോട്ടീൻ, ഫോസ്ഫറസ്, ഇരുമ്പ്, കാൽസ്യം, റൈബോഫ്ലോവിൻ എന്നീ ഘടകങ്ങൾ ഇതിലുണ്ട്. ചായമൻസയിലെ സ്വാദിനു കാരണം അതിലടങ്ങിയിരിക്കുന്ന പ്രോട്ടീനാണ്.

ഒരു മുട്ടയ്ക്കു സമമായ പ്രോട്ടീൻ ലഭിക്കാൻ നൂറുഗ്രാം ഇല മതിയാകും. ഇല മാത്രമാണ് ഉപയോഗിക്കുന്നത്. മറ്റ് ഇലക്കറികൾ പോലെ പല രുചികളിൽ പാചകം ചെയ്യാം.കറികൾക്ക് കടുക് വറുക്കുമ്പോൾ കറിവേപ്പിലയ്ക്ക് പകരം ചായമൻസ ഇല മുറിച്ചിട്ട് ഉപയോഗിക്കാം. സവാളയും തക്കാളിയും മുട്ടയും ചേർത്ത തോരൻ രുചികരമാണ്. മുരിങ്ങയില കറിയിൽ പകരമായി ചായമൻസ ഇല ഉപയോഗിക്കാം.

ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ കാരറ്റ്, ബീൻസ് എന്നിവയ്ക്ക് ഒപ്പമോ പകരമായോ ഉപയോഗിക്കാം. ദോശമാവിനൊപ്പം ഇല ചെറുതായി അരിഞ്ഞിട്ടും പുട്ടിന് തേങ്ങ ചേർക്കുന്നതിനൊപ്പം ചേർത്തും ഉള്ളിവടയിൽ സവാളക്കു പകരമായി ചേർത്തും തേങ്ങ വറുത്തരച്ച് ഉണ്ടാക്കുന്ന തീയലിൽ മറ്റു പച്ചക്കറികൾക്കൊപ്പം ചേർത്തും ചായമൻസ ഇല ഉപയോഗിക്കാം.