Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷി ജീവവായുവാക്കി തായണ്ണൻകുടി നിവാസികൾ

marayur-farm മറയൂർ തായണ്ണൻകുടിയിലെ കൃഷിയിടം

തായണ്ണൻകുടി നിവാസികൾക്ക്‌ ഈ പുരസ്കാരം ഓണസമ്മാനമാണ്. സംസ്ഥാനത്തെ ഏറ്റവും മികച്ച ആദിവാസി ഊരിനുള്ള പുരസ്കാരമാണു മറയൂരിലെ തായണ്ണൻകുടിക്ക് ലഭിച്ചത്. ജൈവരീതിയിൽ പരമ്പരാഗത കൃഷിവിജ്‌ഞാനവും വിളകളും കൈമോശം വരാതെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ ആദ്യമായി ആദിവാസി ഊരുകൾക്കായി ഏർപ്പെടുത്തിയ അവാർഡാണ്‌ ഇടുക്കി ദേവികുളം താലൂക്കിലെ മറയൂർ മലനിരകളിലെ തായണ്ണൻകുടിക്കാർ സ്വന്തമാക്കിയത്.

കേരളത്തിൽ തമിഴ്‌നാടുമായി തൊട്ടുരുമ്മി കിടക്കുന്ന ആദിവാസി കോളനിയാണ് തായണ്ണൻകുടി. കൃഷിയെ ആശ്രയിച്ചാണ് ഇവരുടെ ജീവിതം. മൂന്നു പതിറ്റാണ്ടായി ദീർഘവീക്ഷണത്തോടെ ഭക്ഷണകാര്യത്തിൽ മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാനായി ഇവിടെ കൃഷി ചെയ്‌തു വരുന്നുണ്ടെങ്കിലും പുറംലോകം അറിഞ്ഞിരുന്നില്ല. 2013 മുതൽ മറയൂരിലെ കൃഷിഭവനിലെ ജീവനക്കാരും ആനമുടി ഷോലാ ഫോറസ്റ്റ് ഡവലപ്‌മെന്റ് ഏജൻസിയുമാണ് സഹായം നൽകുകയും കൃഷി ഓഫിസർ ഡോക്യുമെന്റ് ചെയ്‌ത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയതും.

വനത്തിനുള്ളിൽ കാർഷിക വിസ്‌മയങ്ങൾ തീർക്കുകയും പരമ്പരാഗത വിളകൾ സംരക്ഷിക്കുകയും ചെയ്‌തു വരുന്നതിനു കൂടിയാണ് തായണ്ണൻകുടിക്കാർക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചത്. പാരമ്പര്യ വിളകൾ സമ്പൂർണ ജൈവ രീതിയിൽ കൃഷിചെയ്യുന്നതും പരമ്പരാഗത വിജ്‌ഞാനത്തിന്റെ സംരക്ഷണവും ഇവരുടെ പ്രത്യേകതയാണ്.