Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധ്യാപക ജോലി ഉപേക്ഷിച്ച് ‌ശങ്കരാനന്ദ് മണ്ണിൽ പൊന്നു വിളയിക്കുന്നു

farmer-sankaranand ചാമക്കാലാ മഠത്തിപ്പറമ്പിൽ ശങ്കരാനന്ദ് പാവൽത്തോട്ടത്തിൽ.

എംഎ ബിഎഡ് ബിരുദധാരിയായ യുവാവ് അധ്യാപകജോലി ഉപേക്ഷിച്ചു കൃഷിയിടത്തിൽ പണിയെടുത്തു നേട്ടം കൊയ്യുന്നു. എംബിഎകാരിയായ ഭാര്യ, ഭർത്താവിനെ പിൻതുണച്ചു കൃഷിയിടത്തിൽ പണിയെടുക്കുന്നു. കോട്ടയം മാഞ്ഞൂർ പഞ്ചായത്ത് ചാമക്കാലാ മഠത്തിപ്പറമ്പിൽ ശങ്കരാനന്ദും (30), ഭാര്യ ആരതിയുമാണ് മണ്ണിൽ പൊന്നുവിളയിക്കുന്നത്. സ്വന്തമായുള്ള രണ്ടേക്കർ ഭൂമിയിൽ പാവലും പടവലും കൃഷിയുണ്ട്. പാട്ടത്തിനെടുത്ത ഭൂമിയിൽ വാഴ, വെള്ളരി, പച്ചക്കറി കൃഷികളും നെൽക്കൃഷിയുമുണ്ട്.

ശങ്കരാനന്ദ് ബിരുദം സമ്പാദിച്ചശേഷം മഹാരാഷ്ട്രയിൽ ശങ്കർ റാവു മോഹിജ് പാട്ടീൽ സ്കൂളിൽ അഞ്ചു വർഷം അധ്യാപകനായി ജോലിചെയ്തു. ഇടയ്ക്കു നാട്ടിലെത്തിയപ്പോഴാണു കൃഷിയിൽ താൽപര്യം തോന്നിയത്. ഇതോടെ മഹാരാഷ്ട്രയിലെ ജോലി ഉപേക്ഷിച്ചു. നാട്ടിൽ സ്വന്തമായുള്ള രണ്ടേക്കർ ഭൂമി ശങ്കരാനന്ദും ഭാര്യ ആരതിയും ചേർന്ന് കൃഷിക്കുയോഗ്യമാക്കി. അത്യുൽപാദന ശേഷിയുള്ള വിത്തുകൾ ഡൽഹിയിൽ നിന്ന് എത്തിച്ചു പാവലും പടവലും നട്ടു. പാട്ടത്തിനു ഭൂമിയെടുത്ത് മറ്റുകൃഷികളും ആരംഭിച്ചു.

ശങ്കരാനന്ദിന്റെ കൃഷിരീതിക്കും പ്രത്യേകതയുണ്ട്. ഇസ്രയേൽ ടെക്നോളജി ഉപയോഗിച്ചാണു കൃഷി. നനയും വളപ്രയോഗവും ചെറിയപൈപ്പുകൾ വഴി ചെടികളുടെ ചുവട്ടിൽ നൽകും. ഇതിനു ജോലിക്കാർ വേണ്ട. ശങ്കരാനന്ദും ആരതിയും പുലർച്ചെ കൃഷിയിടത്തിലെത്തിയാൽ ഉച്ചയോടെയേ തിരികെ വീട്ടിലേക്കു പോകൂ. കൃഷിയിടത്തിൽ പാവലും പടവലുമെല്ലാം വിളവെടുപ്പിനു പാകമായി നിൽക്കുകയാണ്.

കൃഷിപ്പണികൾ വിപുലമാക്കാനാണു ദമ്പതികളുടെ തീരുമാനം. അധ്യാപക ജോലി ഉപേക്ഷിച്ചോ എന്ന് ചോദിച്ചാൽ ഇല്ല. ഭാര്യയും ഭർത്താവും വീടിനോടു ചേർന്ന് ട്യൂഷൻ സെന്റർ നടത്തുന്നുണ്ട്. വൈകിട്ടാണു ട്യൂഷൻ. മാഞ്ഞൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഊർമിള ഗോവിന്ദിന്റെ മകനാണ് ശങ്കരാനന്ദ്.