Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടിനുള്ളിൽ പൊതി​ഞ്ഞു പൊക്കാളി

pokkali-farmer-babu ബാബു മേത്തശേരിയുടെ പൊക്കാളി കൂടുകൃഷി.

കൂടുമത്സ്യക്കൃഷിയുടെ ചുവടുപിടിച്ചു എറണാകുളം പറവൂർ ഏഴിക്കര മേത്തശേരി ബാബു തുടങ്ങിയതാണു പൊക്കാളി കൂടുകൃഷി. എന്തായാലും സംഗതി വിജയിച്ചു. നെല്ലിക്കോഴി, മയിൽക്കോഴി, എരണ്ടപ്പക്ഷി എന്നിവയുടെ ആക്രമണത്തെ അതിജീവിക്കാന്‍ ബാബു കണ്ടെത്തിയതാണു പുത്തൻ കൃഷിരീതി.

കൈതാരത്തു രണ്ടര ഏക്കർ സ്ഥലത്തു ബാബുവിനു പൊക്കാളിക്കൃഷിയുണ്ട്. 50 സെന്റിലാണു പരീക്ഷണാടിസ്ഥാനത്തിൽ കൂടുകൃഷി ചെയ്തത്. പൊക്കാളിച്ചെടിയുടെ വശങ്ങളിലും മുകളിലും വല ഉപയോഗിച്ചു കെട്ടിയിരിക്കുന്നു. ഭംഗിയായി വളർന്ന നെൽക്കതിരുകൾ പാടത്തു ചെന്നാൽ കാണാം.

കൂടുകെട്ടി ലാഭം

രണ്ടു പതിറ്റാണ്ടിലേറെയായി ബാബു പൊക്കാളി കൃഷി ചെയ്യുന്നുണ്ട്. വിത്തിട്ടാൽ നഷ്ടം മാത്രമായിരുന്നു ബാക്കി. വിതയ്ക്കുമ്പോൾ എരണ്ടപ്പക്ഷിയും കതിരാകുമ്പോൾ നെല്ലിക്കോഴിയും മയിൽക്കോഴിയും കൃഷി നശിപ്പിക്കും. ഇവയെ ഓടിക്കാൻ ഒരുപാടു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മകൻ ദീപുവിനു തോന്നിയ ആശയമാണു പൊക്കാളിയെ കൂട്ടിലാക്കിയത്.

50 സെന്റിൽ ചെയ്ത പരീക്ഷണം വിജയം കണ്ടതോടെ പാടം മുഴുവൻ വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണു ബാബു.പ്രതിസന്ധിയിലായ പൊക്കാളിക്കൃഷിക്ക് ഉണർവേകുന്ന കൂടുകൃഷിയെക്കുറിച്ചറിയാൻ ഒട്ടേറെപ്പേർ ഇപ്പോൾ കൈതാരത്ത് എത്തുന്നുണ്ട്. പൊക്കാളി കൂടുകൃഷിക്കു തുടക്കത്തിൽ അൽപം ചെലവുണ്ട്. വല വീണ്ടും ഉപയോഗിക്കാൻ കഴിയുന്നതു രണ്ടാം വർഷം മുതൽ ചെലവു കുറയ്ക്കുമെന്നു ബാബു പറയുന്നു.