Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷിയിലെ കുളിര്

agastian-elsamma-ramacham-vetiver രാമച്ചം കൃഷിചെയ്തതിന്റെ വേരുകളുമായി കൂമ്പാറ കിഴക്കരക്കാട്ട് അഗസ്റ്റ്യനും ഭാര്യ എൽസമ്മയും

രാമച്ചവിശറി പനിനീരിൽ മുക്കി ചൂടകറ്റാൻ വീശുന്നതിനെക്കുറിച്ചും സുഖനിദ്രയ്ക്ക് രാമച്ചക്കിടക്കയിലുള്ള ഉറക്കത്തെക്കുറിച്ചും കേട്ടറിഞ്ഞത് കണ്ടറിയണമെങ്കിൽ ഇവിടെ വരണം. കോഴിക്കോട് കൂമ്പാറയിലെ അഗസ്റ്റ്യൻ കിഴക്കരക്കാട്ടിന്റെ വീട്ടിലെത്തുമ്പോൾ രാമച്ചത്തിന്റെ സുഗന്ധമാണ്. മുറ്റത്ത് ഉണങ്ങാനിട്ടിരിക്കുന്ന രാമച്ചത്തിന്റെ വേരുകൾ, തൊടിയിൽ ഹരിതകാന്തിയോടെ തലയാട്ടി നിൽക്കുന്ന രാമച്ചത്തിന്റെ ജൈവവേലി. വീടിനു ചുറ്റം അപൂർവമായിരിക്കുന്ന ഔഷധ സസ്യങ്ങൾ തല ഉയർത്തിനിൽക്കുന്നു.

രാമച്ചകൃഷി ആരംഭിച്ചതോടെ ഇതിന്റെ കൃഷി രീതികൾ മനസിലാക്കാനും തൈകൾ സ്വന്തമാക്കാനും ധാരാളം ആളുകളാണ് വീട്ടിൽ എത്തുന്നത്. രാമച്ചജൈവവേലിയുടെ കീർത്തിപരന്നതോടെ പലസ്ഥാപനങ്ങളും ഇതിന്റെ സാധ്യതകൾ പഠിക്കാനെത്തി. കുമാരനെല്ലൂർ ആസാദ് മെമ്മോറിയൽ എയുപി സ്കൂളിൽ മുക്കം റോട്ടറിക്ലബിന്റെ സഹായത്തോടെ അഗസ്റ്റ്യൻ മാഷിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ രാമച്ചജൈവവേലി നിർമിച്ചുകഴിഞ്ഞു.

ജൈവവേലി

മണ്ണൊലിപ്പ് തടയുന്നതിന് ഏറെ ഫലപ്രദമായി ഉപയോഗിക്കാവുന്ന സസ്യമാണ് രാമച്ചം. പുൽച്ചെടികളുടെ വേരോട്ടം മണ്ണിന്റെ മുകൾപരപ്പിലാണെങ്കിൽ ആഴ്ന്നിറങ്ങി പടർന്നുപിടിക്കുന്നതാണ് രാമച്ചത്തിന്റെ വേര്. ഉപരിജലത്തെ തടഞ്ഞു നിർത്തിയും മണ്ണൊലിപ്പ് തടഞ്ഞും ഇത് ഭൂമിക്ക് വലിയ രക്ഷാകവചമാണ് ഒരുക്കുന്നത്. ഇടതൂർന്ന് വളരുന്ന രാമച്ചചെടിയുടെ ഇലകൾക്ക് അരം ഉള്ളതിനാൽ ജീവികളൊന്നും ഇതിന്റെ ഇടയിലൂടെ കടക്കില്ല എന്നത് വേലിയുടെ സംരക്ഷണം പൂർണമാക്കുന്നു. അൽപ്പം തിണ്ട് കൂട്ടി രാമച്ചത്തിന്റെ ചുവട്ടിൽനിന്നുള്ള മുകുളങ്ങൾ പറിച്ചെടുത്ത് നട്ടാൽ ഒരുവളവും ഇല്ലാതെ നല്ല ജൈവവേലിയായി ഇത് വളർന്നു വരും.

വേര് ആവശ്യമുള്ളപ്പോൾ പറിച്ചെടുക്കുകയുമാകാം. ഔഷധഗുണമുള്ള രാമച്ചത്തിന്റെ വേരുകൾ മണ്ണിലെ മാലിന്യത്തെ നശിപ്പിക്കുന്നതുമാണ്. ഈ സവിശേഷത മനസിലാക്കിയാണ് പമ്പാനദിയുടെ തീരങ്ങളിൽ രാമച്ചം വച്ചുപിടിപ്പിച്ച് നദിയിലെ ഇക്കോളി ബാക്ടീരിയകളെ നശിപ്പിക്കാനുള്ള പദ്ധതി സർക്കാർ തയാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ തെക്കൻ ജില്ലകളിലെ സ്കൂളുകളിൽ രാമച്ചജൈവവേലി വച്ചു പിടിപ്പിക്കണമെന്ന നിർദേശം വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുണ്ട്.

വിപണിമൂല്യം

കുളിർമയും സുഗന്ധവും പകരുന്ന രാമച്ചത്തിന് ഉയർന്ന വിപണിമൂല്യമാണുള്ളത്. രാമച്ചത്തിന്റെ തൈലവും വേരുമാണ് ഔഷധക്കൂട്ടുകൾക്കും സൗന്ദര്യവർധക, ഉഷ്ണരോഗങ്ങൾക്കുമുള്ള ഔഷധമായി ആയുർവേദം രാമച്ചത്തെ കണക്കാക്കുന്നു. കിടക്കകൾ, വിരികൾ, സോപ്പുകൾ എന്നിവയുടെ നിർമാണത്തിനും രാമച്ചം ഉപയോഗിക്കുന്നുണ്ട്.രാമച്ചമിട്ടവെള്ളത്തിൽ കുളിക്കുന്നതും രാമച്ചമിട്ട് തിളപ്പിച്ച വെള്ളംകുടിക്കുന്നതും ഏറെപ്രയോജനപ്രദമാണെന്ന് കണ്ടെത്തയിട്ടുണ്ട്. രാമച്ചവേരിന് കിലോയ്ക്ക് 2000 രൂപവരെ വിലയുണ്ട്. ജൈവവേലി നിർമിച്ച് മണ്ണ് സംരക്ഷിക്കുന്നതോടൊപ്പം വേരുകൾ വിൽപനനടത്തി നല്ലവരുമാനം നേടുവാനും കർഷകർക്ക് സാധിക്കുമെന്ന് അഗസ്റ്റ്യൻ ജോസഫ് പറയുന്നു.

ramacham-vetiver ഭൂമിയിലേക്ക് പടർന്ന് ഇറങ്ങി മണ്ണൊലിപ്പ് തടയുന്ന രാമച്ചത്തിന്റെ വേരുകൾ

അതിജീവനമാർഗം

കുടിയേറ്റമേഖലയ്ക്ക് അതിജീവനമൊരുക്കിയതിൽ രാമച്ചത്തിന് മുഖ്യപങ്ക് ഉണ്ടായിരുന്നു. രാമച്ചതൈലം വാറ്റിയെടുത്ത് വിൽപനനടത്തുന്നത് അന്നത്തെ പ്രധാന വരുമാനമാർഗങ്ങളിൽ ഒന്നായിരുന്നു. എന്നാൽ സംസ്കരണച്ചെലവ് കൂടുകയും ആവശ്യത്തിന് വിറക് ലഭിക്കാത്തതും ഇതിനെ കർഷകർ കൈവിടാൻ കാരണമായി. .വർഷങ്ങൾക്കുമുൻപ് ഒരുസുഹൃത്ത് സമ്മാനിച്ച രണ്ടു മൂട് രാമച്ചം ചാക്കിൽ വളർത്തിയാണ് അഗസ്റ്റ്യൻ മാഷ് രാമച്ചത്തിന്റെ കൃഷി ആരംഭിക്കുന്നത്.

ആനയാംകുന്ന് ഹൈസ്കൂളിൽനിന്ന് വിരമിച്ചശേഷം കൃഷിവളരെ സജീവമാക്കി. രാമച്ചത്തിന്റെ ചിനപ്പുകൾ തൊടിയിൽ നട്ടു പിടിപ്പിച്ച് ജൈവവേലി നിർമിക്കുകയും ഇത് പലസ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. രാമച്ചത്തിന്റെ കുളിരുപോലുള്ള സൗഹൃദമാണ് മുൻ അധ്യാപക ദമ്പതികളായ അഗസ്റ്റ്യനും എൽസമ്മയും സമ്മാനിക്കുന്നതും. രാമച്ചവിശേഷമറിയാൻ എത്തുന്നവർക്ക് തൈകൾ കൊടുക്കാനും വിവിധ സാധ്യതകൾ വിവരിക്കാനും ഇവർക്ക് ഏറെ സന്തോഷമാണുള്ളത്.

വിവരങ്ങൾക്ക് ഫോൺ: 9447278945