Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞൾ കൃഷി മാഹാത്മ്യം

brother-tom-allen-turmeric-farming മരിയാപുരം മിഷൻ ഹോമിലെ മഞ്ഞൾകൃഷി തോട്ടത്തിൽ ബ്രദർ ടോം അലൻ.

മരിയാപുരത്തോ ഭോപ്പാലിലോ ഗൊരഖ്പൂരിലോ എവിടെയായാലും ബ്രദർ ടോം അലനു സദാ ശുശ്രൂഷയോടൊപ്പം കൃഷി നിർബന്ധം. ഭോപ്പാലിൽ ചെന്ന് കപ്പക്കൃഷി നടത്തുമ്പോഴും ഗൊരഖ്പൂരിൽ ചെന്ന് കുളം കുത്തി വാഴയും കപ്പയും വയ്ക്കുമ്പോഴും ഇടുക്കിയിലെ സ്വന്തം കർഷക കുടുംബത്തിൽ നിന്ന് ലഭിച്ച അറിവുകൾ പ്രാവർത്തികമാക്കുകയാണ് ഇദ്ദേഹം.

മലബാർ മിഷണറി ബ്രദേഴ്സ് (എംഎംബി) സഭാംഗമായ ബ്രദർ ടോം അലന്റെ നേതൃത്വത്തിൽ തൃശൂർ മരിയാപുരത്ത് ഒരേക്കറിൽ ഒരുക്കിയ മഞ്ഞൾ കൃഷി കണ്ട് കണ്ണ് മഞ്ഞളിച്ചിരിക്കുകയാണ് പലരും. മരിയാപുരത്തെ മിഷൻ ഹോമിൽ 12 വർഷമായി നോവീസ് മാസ്റ്ററായി സേവനം തുടരുകയാണ് ബ്രദർ ടോം ഇപ്പോൾ. വികാർ ജനറൽ, സുപ്പീരിയർ ജനറൽ, മിഷൻ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ എന്നീ തസ്തികകളിൽ മുൻപ് പ്രവർത്തിച്ചിട്ടുണ്ട്.

ഇടുക്കിയിലെ ഉപ്പുതറയിലെ കർഷക കുടുംബത്തിൽ ജനിച്ചതുകൊണ്ടാകാം കൃഷി ബ്രദറിനോടൊപ്പം കൂടിയത്. പ്രേഷിത പ്രവർത്തനം എവിടെയായാലും കൃഷി ചെയ്യുകയെന്നതും ബ്രദറിന്റെ ജീവിതരീതിയായി മാറി. ഭോപ്പാലിലും ഉത്തരപ്രദേശിലെ ഗൊരഖ്പൂരിലും ബ്രദറിന്റെ നേതൃത്വത്തിൽ കൃഷി ചെയ്തു. മരിയാപുരത്തെ കൃഷിക്കാരൻ മിഷൻ ഹോമിലെത്തിയപ്പോഴും സ്ഥിതിക്ക് മാറ്റമുണ്ടായിരുന്നില്ല.

മിഷൻ ഹോമിന് കീഴിലുണ്ടായിരുന്ന മൂന്ന് ഏക്കർ ഭൂമി അങ്ങനെ ബ്രദറിന്റെ കൃഷിത്തോട്ടമായി. വിളവെടുത്ത മഞ്ഞൾ പുഴുങ്ങാതെ ഉണക്കുന്നതുമൂലം കുർക്കുമിൻ ഘടകം നഷ്ടപ്പെടാതെയാണ് ഇവിടെ മഞ്ഞൾപൊടി ഒരുക്കുന്നത്. ഇപ്പോൾ മാർക്കറ്റിൽ ലഭ്യമായിട്ടുള്ള മഞ്ഞൾപൊടിയിൽ ഒട്ടുമിക്കവയിലും കുർക്കുമിൻ ഊറ്റിയെടുത്തതിന് ശേഷമാണ് പുഴുങ്ങി ഉണക്കിയെടുത്ത് പൊടിക്കുന്നതെന്ന് ബ്രദർ പറയുന്നു.

അതുമൂലം ഇത് മഞ്ഞളിന്റെ അംശം ഇല്ലാതായി വെറും മഞ്ഞപ്പൊടി ആയി മാറുന്നുവെന്ന് ബ്രദർ പറയുന്നു. കഴിഞ്ഞവർഷം മിഷൻ ഹോമിൽ തയാറാക്കിയ മഞ്ഞൾപൊടി മിതമായ നിരക്കിൽ വിതരണം ചെയ്യാൻ സാധിച്ചിരുന്നു. ഈ വർഷം ഒരേക്കറിൽ ആണ് മഞ്ഞൾ കൃഷി ചെയ്തിരിക്കുന്നത്. നവംബറിലെ വിളവെടുപ്പിന് ശേഷം ജനുവരിയോടെ മഞ്ഞൾപൊടി വിതരണം ആരംഭിക്കും.

അഞ്ചേരിയിൽ ഏറ്റവും ഉയർന്ന മേഖലയിൽ നിൽക്കുന്ന മിഷൻ ഹോമിലെ പ്രധാന പ്രശ്നം ജലദൗർലഭ്യതയായിരുന്നു. അതിനും ബ്രദർ ടോം അലന്റെ നേതൃത്വത്തിൽ പരിഹാരം കണ്ടു. മഴക്കാലത്ത് ഈ കുന്നിൽനിന്ന് ഒഴുകിപോകുന്ന വെള്ളം സംഭരിക്കാൻ വലിയ കുളം തയാറാക്കി. ടാർപായ ഷീറ്റുകൾ വിരിച്ച് ഒരുക്കിയ ഈ ജലംസംഭരണിയിൽ ഇപ്പോൾ മഴക്കാലത്ത് 15 ലക്ഷം ലീറ്റർ വെള്ളം സംഭരിക്കാം. മുള്ളാത്ത, ലക്ഷ്മിതരു എന്നിവ കൃഷി ചെയ്യുന്നതും ബ്രദറിന്റെ നേതൃത്വത്തിലാണ്.

ഇതിനോടൊപ്പം രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്ന കോവൽ കൃഷിയും നടത്തുന്നുണ്ട്. കോവൽ കൃഷി പ്രോൽസാഹിപ്പിക്കുന്നതിനായി 14 സ്കൂളുകളെ കേന്ദ്രീകരിച്ച് കോവൽ കൃഷി മൽസരം നടത്തി. കൂടാതെ കൊക്കോ, പാഷൻ ഫ്രൂട്ട്, നേന്ത്രവാഴ, റബ്ബർ, തെങ്ങ്, കമുക്, പച്ചക്കറികൾ എന്നിവയും മിഷൻ ഹോമിൽ ബ്രദറിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

കാൻസറിനെതിരെ അഞ്ചേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പൾസ് സാന്ത്വന സ്പർശത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സൗജന്യ കാൻസർ ചികിൽസയുടെ മുഖ്യ പ്രചാരകൻ കൂടിയാണ് പൾസിന്റെ കോർഡിനേറ്റർ കൂടിയായ ബ്രദർ ടോം അലൻ‌.

മഞ്ഞൾ കൃഷിയുടെ ഗുണങ്ങൾ

മറ്റ് കൃഷികളിൽ നിന്ന് വ്യത്യസ്തമായി രോഗഭീഷണിയില്ലെന്നതാണ് മഞ്ഞളിന്റെ പ്രത്യേകത. എലി, പന്നിയടക്കമുള്ള മൃഗങ്ങളൊന്നും ഇത് ഭക്ഷിക്കാനെത്തില്ല. പരിപാലനത്തിന്റെ ആവശ്യവും വേണ്ടത്രയില്ല.