Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാടുപിടിച്ചു കിടന്ന സ്ഥലത്തു കതിരിട്ട കാർഷിക എൻജിനീയറിങ്

paddy-farming-kalady കാലടി ആദിശങ്കര എൻജിനീയറിങ് കോളജ് ക്യാംപസിലെ നെൽകൃഷി.

കാലടി ആദിശങ്കര എൻജിനീയറിങ് കോളജ് ക്യാംപസിന്റെ ഒരു ഭാഗം കൃഷി ഭൂമിയാക്കി മാറ്റിയിരിക്കുകയാണ് എൻഎസ്എസ് യൂണിറ്റ് വിദ്യാർഥികൾ. ക്യാംപസുകൾ ഡിജിറ്റൽ ആഘോഷങ്ങളിലൂടെ കടന്നുപോകുമ്പോൾ മണ്ണിനെയും കൃഷിയെയും തൊട്ടറിഞ്ഞു മാതൃകയാവുകയാണ് ഇവർ. ക്യാംപസിലെ ഒഴിഞ്ഞ 30 സെന്റ് സ്ഥലത്തു നൂറോളം വിദ്യാർഥികൾ ചേർന്നു കര നെൽകൃഷി ചെയ്തു. സമീപം വിവിധ പച്ചക്കറികളും.

വെണ്ട, വഴുതനങ്ങ, അച്ചിങ്ങ, തക്കാളി, പച്ചമുളക് എന്നീ പച്ചക്കറികൾ 250 ഗ്രോ ബാഗുകളിലാണു കൃഷി ചെയ്തത്. ക്യാംപസിന്റെ പല ഭാഗങ്ങളിൽ ഫലവൃക്ഷത്തൈകൾ പിടിപ്പിച്ചിട്ടുണ്ട്. കാലടി കൃഷിഭവന്റെ സഹായത്തോടെയാണു കൃഷി. വിത്തുകളും വളവും കൃഷി ഭവൻ നൽകും. ജ്യോതി നെൽവിത്താണ് ഉപയോഗിച്ചത്. നിലമൊരുക്കിയതു മുതൽ വിളവെടുത്തതു വരെ വിദ്യാർഥികൾതന്നെ. അധ്യാപകരും സഹായത്തിനുണ്ട്. ജൈവവ‌വളമാണ് ഉപയോഗിക്കുന്നത്. ഒഴിവുസമയം വിദ്യാർഥികൾ കൃഷിക്കു മാറ്റിവയ്ക്കുന്നു. ക്യാംപസിൽ കാടു പിടിച്ചു കിടന്ന സ്ഥലമാണു കൃഷിക്ക് ഉപയുക്തമാക്കിയത്.

കഴിഞ്ഞ വർഷമാണു കൃഷിയാരംഭിച്ചത്. നല്ല വിളവു ലഭിച്ചപ്പോൾ ഈ വർഷം കൃഷി വ്യാപകമാക്കി. വിളവു വിൽപ്പനയ്ക്കു പുറത്തേക്കു കൊണ്ടുപോകാൻ കഴിയുന്നില്ല. കാരണം അതിനു മുൻപേ കോളജിൽ വിറ്റഴിയുന്നു. കൃഷിയിൽ നിന്നുള്ള വരുമാനം കാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്നാണു വിദ്യാർഥികളുടെ ആഗ്രഹം. കഴിഞ്ഞ വർഷത്തെ വരുമാനം ഉപയോഗിച്ചു മറ്റൂർ സ്നേഹ സദൻ സ്പെഷൽ സ്കൂളിലെ വിദ്യാർഥികൾക്കു കായിക ഉപകരണങ്ങൾ വാങ്ങി നൽകി. ക്യാംപസിനു പുറത്തു തരിശായിക്കിടക്കുന്ന സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്യാനും ലക്ഷ്യമുണ്ട്. എൻഎസ്എസ് കോ– ഓർഡിനേറ്റർമാരായ സിജോ ജോർജ്, ഉണ്ണിക്കൃഷ്ണൻ എസ്. നായർ, എം. ശ്രീരാഗ് എന്നിവർ കൃഷിക്കു നേതൃത്വം നൽകുന്നു. പ്രിൻസിപ്പൽ ഡോ. പി.സി. നീലകണ്ഠൻ എല്ലാ പ്രവർത്തനങ്ങളിലും തുണയായി കൂടെയുണ്ട്.