Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്ലുവച്ചകാട് നെല്ലു വച്ച കാടായി

paddy കതിരണിഞ്ഞ തൃപ്പൂണിത്തുറ കല്ലുവച്ചകാട് പൊക്കാളികൃഷി.

കൊയ്ത്തു പാട്ടിനു കാതോർത്തു തൃപ്പൂണിത്തുറ കല്ലുവച്ചകാട്. നാട്ടുകാരായ കൃഷി തൊഴിലാളികളും കൃഷിയെ സ്‌നേഹിക്കുന്നവരും ചേർന്നു നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച നെല്ലുൽപാദന സമിതി പ്രതിസന്ധികളെ അതിജീവിച്ച് ഇറക്കിയ 53 ഏക്കർ പാടം നൂറു മേനി വിളഞ്ഞു കൊയ്യാൻ പാകമായി വരുന്നു. പതിറ്റാണ്ടുകളായി തരിശു കിടന്ന ഉദയംപേരൂർ കല്ലുവച്ചകാട് പൊക്കാളിപ്പാടത്താണു പൊന്നു വിളഞ്ഞത്.

നെൽപാടങ്ങൾ തരിശായും നികത്തിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കല്ലുവച്ചകാടു വലിയ പ്രതീക്ഷയാണു നൽകുന്നത്. സമീപ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നെൽകൃഷി നടത്തുന്നുണ്ടെങ്കിലും ഇത്ര വലിയ പാടശേഖരത്തു വേറെയില്ല. അടുത്ത മാസം വിളവെടുക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു നഗരസഭാധ്യക്ഷ ചന്ദ്രികാദേവി പറഞ്ഞു.

കൃഷിഭവന്റെ ഈ വർഷത്തെ കൊയ്ത്തുത്സവം കല്ലുവച്ചകാടിലാണ്. 1500 ഏക്കർ തരിശു കിടക്കുന്നതു കണ്ടപ്പോൾ നാട്ടുകാരുടെ ആശയമാണു പൊന്നണിഞ്ഞത്. ആദ്യഘട്ടത്തിനു തരിശുഭൂമി പാകമാക്കിയെടുക്കാൻ ഒരുമാസം പണിപ്പെട്ടു. ഉദയംപേരൂർ പഞ്ചായത്തിലും തൃപ്പൂണിത്തുറ നഗരസഭയിലുമായി കിടന്ന പാടത്തു പണ്ടു കൃഷി വ്യാപകമായിരുന്നു.

എന്നാൽ ഭൂമാഫിയയുടെ കൈകടത്തലോടെ ഭൂമി തരിശായി. പതിറ്റാണ്ടുകൾ തരിശുകിടന്ന നിലത്തു കൃഷിയിറക്കാൻ സർക്കാരിന്റെ ഹരിതകേരളം മിഷനാണു പ്രചോദനമായത്. നഗരസഭയുടെ നേതൃത്വത്തിൽ കർഷകർക്കുള്ള എല്ലാ സഹായവും നൽകി. അത്യുൽപാദന ശേഷിയുള്ള ഏഴോം വിത്താണു കൃഷിക്ക് ഉപയോഗിച്ചത്.

53 ഏക്കറിലേക്ക് 1800 കിലോഗ്രാം നെൽവിത്തു വേണ്ടിവന്നു. ആവശ്യത്തിനു വിത്തു കിട്ടാത്ത സാഹചര്യത്തിൽ കണ്ണൂരിൽ നിന്നാണു വിത്ത് എത്തിച്ചത്. ശക്തമായ മഴയിൽ ഒരു തവണ ബണ്ട് പൊട്ടിയെങ്കിലും കൃഷിക്കാർ വെല്ലുവിളികൾ അതിജീവിച്ചു.

സമൃദ്ധിയിലേക്കുള്ള കൃഷിവരവു നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണു നഗരസഭയും നെല്ലുൽപാദന സമിതിയും. ആദ്യ ഘട്ടം ക്ലിക്കായതോടെ അടുത്ത പ്രാവശ്യം 1500 ഏക്കറിലും മറ്റു തരിശു ഭൂമിയിലും കൃഷി ഇറക്കാൻ ശ്രമിക്കുമെന്നു നഗരസഭാ അധികൃതർ പറഞ്ഞു.