Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷിതമായി ചക്കയിടാൻ എൻജിനീയറിങ് വിദ്യാർഥികളുടെ കണ്ടെത്തൽ

jackfruit-machine

വരിക്കച്ചക്കയും കൂഴച്ചക്കയുമൊക്കെ കൊള്ളാമെങ്കിലും ഇട്ടെടുക്കാനുള്ള കഷ്ടപ്പാടുകൾ ചെറുതല്ല. മിടുക്കന്മാർ പ്ലാവിൽ പൊത്തിപ്പിടിച്ചു കയറി ചക്കയിടും. മിടുക്കികൾ തുഞ്ചത്ത് അരിവാളു കെട്ടിയ തോട്ടി ആയാസപ്പെട്ടുയർത്തി ചെത്തി വീഴ്ത്തും. രണ്ടു രീതിയിലായാലും ചക്ക താഴെ വീണു ചമ്മന്തിയാവുമെന്നുറപ്പ്. മുകളിൽ കയറി കയറുകെട്ടി താഴെയിറക്കുക എന്നതാണു മൂന്നാമത്തെ വഴി. നാലാമതൊരു വഴികൂടിയുണ്ട്. മുകളിൽക്കിടന്നു കൊതിപ്പിക്കുന്ന ചക്കയെ മേൽപ്പറഞ്ഞ സാഹസങ്ങളൊന്നുമില്ലാതെ പത്തു സെക്കൻഡുകൊണ്ട് പോറലുപോലുമേൽക്കാതെ താഴെ എത്തിക്കാനുള്ള എൻജിനീയറിങ് വിദ്യ. എറണാകുളം ജില്ലയിൽ കോലഞ്ചേരിക്കടുത്ത് കടയിരുപ്പിലുള്ള ശ്രീനാരായണ ഗുരുകുലം എൻജനീയറിങ് കോളജിലെ അഞ്ച് ആൺകുട്ടികളുടെ ഐഡിയ; ചക്കയിടാൻ യന്ത്രത്തോട്ടി.

കേരള സാങ്കേതിക സർവകലാശാല കഴിഞ്ഞ ഏപ്രിലിൽ കേരളത്തിലെ എൻജിനീയറിങ് കോളജ് വിദ്യാർഥികൾക്കു മുന്നിൽ വച്ച വെല്ലുവിളിയുടെ ഗുണഫലമാണ് ഈ യന്ത്രത്തോട്ടി. ചക്കയിടാനുള്ളസംവിധാനം വികസിപ്പിക്കുന്ന വിദ്യാർഥികൾക്ക് പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ  ഗുരുകുലം എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളായ ക്രിസ്േറ്റാ ബേബി, ഡാനി തങ്കച്ചൻ, ഡാരിസ്മുഹമ്മദ്, ശ്രീനിവാസ ബി. ഷേണായി, അശ്വിൻ രാജ് എന്നീ മിടുക്കന്മർ പരീക്ഷാത്തിരക്കുകൾക്കിടയിലും ചക്കയിടാൻ തുനിഞ്ഞിറങ്ങി.

അഞ്ചുപേരും കൂടി തലപുകച്ചു കണ്ടെത്തിയ ആശയം മെക്കാനിക്കൽ എൻജിനീയറിങ് വകുപ്പുതലവനായ പ്രഫസർ കെ.ആർ. രാജൻ, അസിസ്റ്റന്റ് പ്രഫസർ അലക്സ് എസ്. എന്നിവരുടെ മുന്നിൽ വച്ചു. അവരുടെ മേൽനോട്ടത്തിൽ നിർമാണവും തുടങ്ങി. ചക്ക സീസൺ കഴിഞ്ഞതിനാൽ പ്ലാവിൽ ഡമ്മിച്ചക്ക തൂക്കിയിട്ടായിരുന്നു പരീക്ഷണം. തിരഞ്ഞെടുത്ത ആശയങ്ങളിൽനിന്ന് അവസാന റൗണ്ടിലെത്തിയ ആറുപേരെ കണ്ടുപിടിത്തം അവതരിപ്പിക്കാനായി സർവകലാശാല ക്ഷണിക്കുന്നത് ജൂലൈയിൽ. വൈകി കായ്ച പ്ലാവും സർവകലാശാല കണ്ടുവച്ചിരുന്നു. സർവകലാശാല നിയോഗിച്ച മൂല്യനിർണയ സമിതിയുടെ മുന്നിലാണ് ആദ്യമായി യന്ത്രം ഒറിജിനൽ ചക്കയിടുന്നതെങ്കിലും യന്ത്രത്തിന്റെ തന്ത്രങ്ങൾ പൂർണ വിജയം കണ്ടു. ഒന്നാം സമ്മാനം 25,000 രൂപയും കയ്യിലെത്തി.

ചുരുക്കി വച്ചാൽ മൂന്നു മീറ്ററിലൊതുങ്ങുന്നതും പത്തുമീറ്റർ വരെ നീളം കൂട്ടാവുന്നതുമായ യന്ത്രത്തോട്ടി ചക്കയ്ക്കു നേരെ ഉയർത്തുന്നു. താഴെ നിന്നുകൊണ്ടുതന്നെ നിയന്ത്രിച്ച് തോട്ടിയിലെ കൊളുത്ത് ചക്ക കിടക്കുന്ന ശിഖരത്തിൽ ഘടിപ്പിക്കുന്നു. തുടർന്ന് കൊളുത്തും തോട്ടിയും തമ്മിലുള്ള കാന്തികബന്ധം വിച്ഛേദിച്ച് തോട്ടി സ്വതന്ത്രമാക്കുന്നു. അപ്പോഴും തോട്ടിയുടെ ഭാഗമായുള്ള സ്റ്റീൽ റോപ്പുമായി കൊളുത്തിനു ബന്ധമുണ്ടാവും. തുടർന്ന് ചക്കയെ തോട്ടിയുടെ ഭാഗമായുള്ള വലയിൽക്കുരുക്കി തോട്ടിയിൽത്തന്നെ ഘടിപ്പിച്ച  കത്തികൊണ്ട് അരിഞ്ഞു വീഴ്ത്തുന്നു. ഞെട്ടറ്റ് വലയിൽ കുരുങ്ങിയ ചക്കയുടെ ഭാരമത്രയും അപ്പോൾ കൊളുത്തിലായിരിക്കും.

തോട്ടിക്കുള്ളിലൂടെ കൊളുത്തുമായി ബന്ധപ്പെടുന്ന സ്റ്റീൽ റോപ്പ് അയച്ചുകൊടുത്ത് ചക്ക താഴെ എത്തിക്കുന്നു. ചുരുക്കത്തിൽ തോട്ടികൊണ്ടു ചക്കയിടുന്ന രീതിയും പ്ലാവിനു മുകളിൽ കയറി കയറു കെട്ടി ചക്കയിറക്കുന്ന രീതിയും എൻജിനീയറിങ് ബുദ്ധി ഉപയോഗിച്ചു സമന്വയിപ്പിച്ചിരിക്കുകയാണിവിടെ.

ചക്ക സുരക്ഷിതമായി താഴെയെത്തും എന്നതു മാത്രമല്ല നേട്ടം, ചക്കയിടുമ്പോഴുണ്ടായിരുന്ന അപകടസാധ്യതകളെല്ലാം ഇതുവഴി  ഇല്ലാതാവുന്നു. തോട്ടിയുടെ പ്രവർത്തനം വിശദമാക്കാൻ പത്തു മിനിറ്റു വേണ്ടിവരുമെങ്കിലും ഈ രീതിയിൽ ചക്കയിടാൻ പത്തു സെക്കൻഡു മതി.യന്ത്രം വിപണിയിലെത്തിക്കും മുമ്പ്  ഇനിയും ചില മാറ്റങ്ങൾകൂടി വരുത്തേണ്ടതുണ്ടെന്ന് അഞ്ചംഗ ഗവേഷകസംഘം പറയുന്നു. വ്യാവസായികാടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ചാൽ വില പതിനായിരം രൂപയിലൊതുങ്ങുമെന്നാണ് വിദ്യാർഥികളുടെ കണക്കുകൂട്ടൽ. കേരളത്തിൽ ശക്തിപ്രാപിക്കുന്ന ചക്കവ്യവസായത്തിനു കരുത്തു പകരാൻ യന്ത്രത്തോട്ടിക്കു കഴിയുമെന്നു പ്രതീക്ഷിക്കാം.

ഫോൺ: 9387744449 

(അസി. പ്രഫ.അലക്സ് എസ്.)