Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലാസ്റ്റേഴ്സിലെ മിന്നും താരം , സൂപ്പർ കർഷകൻ

1ck-vineeth

കാൽപന്തുകളിയോടുള്ളത്ര കമ്പം കൃഷിയോടുമുണ്ട് സി. കെ. വിനീതിന്. മൈതാനത്തുനിന്നു കയറുന്ന ഇടവേളകളിലെല്ലാം അച്ഛനൊപ്പം മണ്ണിലിറങ്ങി പൊന്നുവിളയിക്കാൻ സമയം കണ്ടെത്തുന്നു ഇന്ത്യൻ ഫുട്ബോളിന്റെ ഈ അഭിമാന താരം. കണ്ണൂർ കൂത്തുപറമ്പിനടുത്ത് വേങ്ങാടുള്ള വിനീതിന്റെ വീടിനു മുന്നില്‍ വിശാലമായ പാടമാണ്. പക്ഷേ കൊയ്തൊഴിഞ്ഞ സ്വന്തം പാടത്തു പന്തു തട്ടാൻ പണ്ടും ഇന്നും കഴിഞ്ഞിട്ടില്ലെന്നു വിനീത്. നെല്ലു കഴിഞ്ഞാൽ പച്ചക്കറി എന്ന ക്രമത്തിൽ അച്ഛൻ വർഷം മുഴുവൻ പാടത്തു കൃഷിചെയ്യും.

അച്ഛന്റെ കൃഷിക്കു പക്ഷേ ഗാലറിയിലിരുന്നു കയ്യടിക്കാതെ ഒപ്പം ചേർന്ന് ആവേശം പകരാനുള്ള മനസ്സാണ് വിനീതിനെ വ്യത്യസ്തനാക്കുന്നത്. തന്നെപ്പോലുള്ള കളിക്കാർക്കു നൽകുന്ന കയ്യടി അച്ഛനെപ്പോലുള്ള കൃഷിക്കാർക്കും സമൂഹം  നല്‍കണമെന്നു വിനീത് ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെയാണ് പരിശീലനത്തിരക്കിലും ഒാണത്തിനൊരു മുറം പച്ചക്കറി പദ്ധതിക്ക് ആശംസകളുമായി വിവിധ മാധ്യമങ്ങളിലെത്താൻ വിനീത് സമയം കണ്ടെത്തിയത്.

പച്ച വിരിച്ച നെൽപാടം കാണാൻ സുഖമുള്ള കാഴ്ചയാണെങ്കിലും കൃഷിക്കളത്തിൽ നിൽക്കുമ്പോൾ താന്‍ പച്ചക്കറികളുടെ പക്ഷത്താകണമെന്നു വിനീത്. ‘‘കുട്ടിക്കാലത്ത്, കൃഷി നനയ്ക്കാൻ ഞങ്ങൾക്കു മോട്ടോർ പമ്പൊന്നും ഇല്ലാതിരുന്ന കാലത്ത് കുളത്തിൽനിന്നു വെള്ളം തേകി പച്ചക്കറി നനയ്ക്കാൻ  കൂടെക്കൂട്ടുമായിരുന്നു അച്ഛൻ. പൂത്തും തളിർത്തും കായ്ച്ചും നിൽക്കുന്ന പാവലിനും പയറിനുമെല്ലാം ഇടയിലൂടെ ഏറെ നടന്നിട്ടുള്ളതിനാല്‍ ഇന്നും വീട്ടിലെത്തിയാൽ ആവേശമാണ് പച്ചക്കറിത്തോട്ടത്തിലേക്കിറങ്ങാൻ’’, വിനീതിന്റെ വാക്കുകൾ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ കേരള ബ്ലാസ്േറ്റഴ്സിന്റെ ജെഴ്സി അണിയുന്ന വിനീതിന് ഈ ഒാണം ഏറെ പ്രിയപ്പെട്ടതാണ്.  ‘‘വർഷങ്ങൾക്കു ശേഷമാണ് തിരുവോണക്കാലത്തു വീട്ടിലെത്തുന്നത്. ക്ലബ് മാച്ചുകളും പരിശീലനങ്ങളുമെല്ലാമായി ഇക്കഴിഞ്ഞ ഒാണനാളുകളിലെല്ലാം കേരളത്തിനു പുറത്തായിരുന്നു. ഇക്കൊല്ലം വീട്ടുകാരും നാട്ടുകാരും ബന്ധുക്കളുമെല്ലാം ചേർന്ന് ഒാണം സ്വന്തം വീട്ടിൽ,  സ്വന്തം നാട്ടിൽ.’’