Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗപ്പി കൃഷിയിൽ ലാഭം കൊയ്ത് മുൻ അധ്യാപകൻ‌

aqua-fish1

എട്ടു വർഷം, എട്ട് വിദ്യാലയങ്ങൾ....ഒടുവിൽ ഗസ്റ്റ് അധ്യാപകന്റെ വേഷം ദീപാഷിനു മതിയായി....ഉറപ്പുള്ള വരുമാനം നൽകാമെന്ന് ഗപ്പിയും ഫൈറ്ററുമൊക്കെ ആത്മവിശ്വാസം നൽകിയപ്പോൾ അദ്ദേഹം അധ്യാപനം അവസാനിപ്പിച്ചു.  കുരുവിത്തോട്ടത്തിലെ ദീപാഷ്മാഷ് ജോലി അവസാനിപ്പിച്ച് അക്വേറിയം മത്സ്യങ്ങളെ വളർത്തുകയാണെന്നു കേട്ടപ്പോൾ കോഴിക്കോട്ടെ മലയോരഗ്രാമമായ കൂടരഞ്ഞിയിൽ പലരും മൂക്കത്തു വിരൽ വച്ചു. മാഷുമാർക്കൊക്കെ പറ്റിയ പണിയാണോ മീൻവളർത്തലെന്ന മട്ട്. അഞ്ചക്ക ശമ്പളം വാങ്ങേണ്ട എംഎ, ബിഎഡുകാരൻ റബർതോട്ടത്തിലെ ചെറു ടാങ്കുകളിൽ ഗപ്പിക്കുഞ്ഞുങ്ങളെ വളർത്തി വീട്ടിലിരിക്കുന്നത് ഇത്തിരി കഷ്ടം തന്നെയെന്ന് അയൽക്കാർ അടക്കം പറഞ്ഞു കാണും. ശമ്പളം കിട്ടിയില്ലെങ്കിലും ജോലി സ്ഥിരപ്പെട്ടില്ലെങ്കിലും മാഷാണെന്നു പറയാമല്ലോ എന്നായിരുന്നു മറ്റ് ചിലരുെട ചോദ്യം. എല്ലാറ്റിനുമുള്ള ഉത്തരം സൗമ്യസുന്ദരമായ ചിരിയിലൊതുക്കി ദീപാഷ്.

പതിന്നാല് വർഷമായി ദീപാഷിനൊപ്പം അലങ്കാരമത്സ്യങ്ങളുണ്ട്. നാലു വർഷം മുമ്പ് അതൊരു വാണിജ്യസംരംഭമായെന്നുമാത്രം. പത്തു വർഷത്തെ പരിചയം മാത്രമായിരുന്നു കൈമുതൽ. വിദഗ്ധ പരിശീലനം നേടാതിരുന്നതുകൊണ്ട് സംരംഭമാകാൻ ഇത്രയും വൈകിയെന്നു മാത്രം. വീടിനോടു ചേർന്നുള്ള പരിമിതമായ സ്ഥലത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ സിൽപോളിൻ ടാങ്കുകൾ തീർത്തു. ഉപയോഗശൂന്യമായ ഫ്രിജ് ചെറിയ വിലയ്ക്ക് വാങ്ങിയാണ് ഇവയിലേറെയും നിർമിച്ചത്. വിപണിയിൽ ഡിമാൻഡുള്ള അലങ്കാരമത്സ്യഇനങ്ങളെ അന്വേഷിച്ചു കണ്ടെത്തി. അവയുെട മാതൃ

aqua-fish2

–പിതൃ മത്സ്യങ്ങളെ തേടി രാജ്യം മുഴുവൻ അലഞ്ഞു. പലതിനെയും മോഹവിലയ്ക്കു വാങ്ങി. അവയുെട പ്രജനനരീതികൾ അന്വേഷിച്ചു പഠിച്ചു. ഇന്റർനെറ്റിൽ നിന്നുള്ള വിവരങ്ങൾ വായിച്ചു മനസ്സിലാക്കി. കുറഞ്ഞ മുതൽമുടക്കിൽ, ബഹളങ്ങളില്ലാതെ വിവിധ ഇനങ്ങളുെട പ്രജനനംചെയ്തുതുടങ്ങി. അതുകൊണ്ടു മാത്രമായില്ല പ്രജനനത്തേക്കാൾ പ്രസക്തിയും പ്രാധാന്യവും അലങ്കാരമത്സ്യക്കൃഷിയിൽ വിപണനത്തിനുണ്ടെന്നു ദീപാഷ് തിരിച്ചറിഞ്ഞിരുന്നു. വിവിധ സ്ഥലങ്ങളിലെ അലങ്കാരമത്സ്യവിപണി കണ്ടെത്താനായി  യാത്രകൾ നടത്തി. കയറ്റുമതി വിപണിയുടെ സാധ്യതകളും പ്രവണതകളും മനസ്സിലാക്കി. വിപണിക്കു േവണ്ടത് കൂടുതൽ അളവും പുതുമയും നിലവാരവുമാണെന്നു മനസ്സിലാക്കി. അതനുസരിച്ച് പ്രജനനം നടത്തുന്ന ഇനങ്ങൾ തീരുമാനിച്ച് ഉൽപാദനം ആരംഭിച്ചു. 

ഏറക്കുറെ തനിച്ചുചെയ്യുന്ന ഈ ബിസിനസിൽ അമ്മ സരസമ്മ മാത്രമാണ് ദീപാഷിന്റെ സഹായത്തിനുള്ളത്. അലങ്കാരമത്സ്യങ്ങൾ  ദീപാഷിനു മാസം തോറും നൽകുന്ന ശരാശരി വരുമാനംജോലിയിൽ സ്ഥിരപ്പെട്ട പഴയ.സഹപ്രവർത്തകർക്കൊപ്പമോ അതിലേറെയോ ആണ്. ദിവസേനയുള്ള യാത്രയുെട ദുരിതങ്ങളില്ലാതെ, സ്ഥലംമാറ്റത്തിന്റെ ഭീഷണിയില്ലാതെ, സിലബസ് മാറ്റത്തിന്റെ തലവേദനകളില്ലാതെ തുല്യവരുമാനം കിട്ടുന്നതിൽ മാത്രമല്ല ദീപാഷ് സന്തോഷിക്കുന്നത്, സ്വസ്ഥമായും ശാന്തമായും ഇഷ്ടമുള്ള ജോലി വിനോദമെന്ന പോെല ചെയ്യാൻ സാധിക്കുന്നതിലാണ്.മൂന്നിനങ്ങളിലാണ് ദീപാഷിന്റെ ശ്രദ്ധ– ഗപ്പി, ഫൈറ്റർ, ഫ്ലവർഹോൺ. ഇവയുെട മുന്തിയ ഇനങ്ങളെയാണ്  വളർത്തുന്നതെന്നു മാത്രം. പന്ത്രണ്ടിനം ഗപ്പികളുെട പ്രജനനം നടത്തുന്ന ദീപാഷിന്റെ ടാങ്കിൽ 1500 രൂപ ജോടിക്കു വിലയുള്ള സ്പിയർ ടെയിൽ  മുതൽ ഇരുപതു രൂപ വിലയുള്ള സാദാഗപ്പി വരെയുണ്ട്. മറ്റ് ഗപ്പികളും 300–1200 രൂപാ വില കിട്ടുന്നവയാണ്. ഫൈറ്ററുകൾക്ക് എഴുപതു രൂപ മുതൽ1100 രൂപ വരെ വിലയുണ്ട്. ഫുൾമൂൺ, ഡ്രാഗൺ തുടങ്ങിയവ ഏറെ വിലമതിക്കപ്പെടുന്ന ചില പോരാളികൾ മാത്രം. ഫ്ലവർഹോണിന്റെ പ്രജനനജോടി‍ക്ക് 20,000–28,000 രൂപ വില നൽകേണ്ടിവരുമത്രെ. പൊതുവേ പ്രത്യുൽപാദനശേഷി കുറഞ്ഞ ഇനമായതിനാലാണ് ഇത്രയും വില. പരസ്പരം ആക്രമിക്കുന്ന ഫ്ലവർഹോൺ മത്സ്യങ്ങളെ ജോടി ചേർക്കുന്നതും ഏറെ പ്രയാസമുള്ള കാര്യമാണെന്നു ദീപാഷ് പറഞ്ഞു. ഇരുപതിനായിരം രൂപ വില നൽകി വാങ്ങിയ ഫ്ലവർഹോൺ ജോടി ദീപാഷിന്റെ ടാങ്കിൽ  പ്രജനനം നടത്തിയപ്പോൾ നാനൂറിലധികം മത്സ്യക്കുഞ്ഞുങ്ങളെ കിട്ടി. മൂന്നരയിഞ്ച് വലുപ്പമെത്തിയ ഫ്ലവർഹോണിന് ആഭ്യന്തരവിപണിയിൽ 1500 രൂപയോളം വിലയുണ്ട്. ഒരു പ്രജനനത്തിൽ ഇവ ഇടുന്ന എണ്ണൂറോളം മുട്ടകളിൽ പകുതിയേ വിരിയാറുള്ളൂ. അവയിൽ പകുതി പെൺമത്സ്യങ്ങളുമായിരിക്കും. തലയ്ക്കു മീതേ കൊമ്പ് അഥവാ മുഴയുള്ള ആൺമത്സ്യങ്ങൾക്കു മാത്രമേ വിപണിയിൽ ഡിമാൻഡുള്ളൂ. ഇവവളരുന്ന വീട്ടിൽ സമ്പത്ത് വർധിക്കുമെന്ന ൈചനീസ്  വിശ്വാസമാണ് ആൺമത്സ്യങ്ങളുെട വില വർധിപ്പിക്കുന്നതെന്ന് ദീപാഷ് പറയുന്നു. 

വിലനിലവാരമുള്ള മത്സ്യങ്ങളുെട പ്രജനനകേന്ദ്രമാണെന്ന ഗമയൊന്നും ദീപാഷിന്റെ ടാങ്കുകൾക്കില്ല. ഉപയോഗശൂന്യമായ ഫ്രിജിന്റെ ഭാഗം തുറന്നുണ്ടാക്കിയ ചെറുടാങ്കുകളിലും  മേൽഭാഗം മുറിച്ചുനീക്കിയ കുടിവെള്ളക്കുപ്പികളിലും ഏതാനും സ്ഫടികടാങ്കുകളിലുമായാണ് ഇവിടെ ഗപ്പിയും ഫൈറ്ററും ഫ്ലവർഹോണുമൊക്കെ സൂക്ഷിക്കപ്പെടുന്നത്. ജോടിക്ക് അ‍ഞ്ഞൂറും അറുനൂറും രൂപ വിലയുള്ള നൂറുകണക്കിനു മത്സ്യജോടികളെ സിൽപോളിൻ ടാങ്കുകളിൽ സൂക്ഷിക്കുമ്പോൾ ദീപാഷിന് ഒരു ധൈര്യം മാത്രം– മോഷ്ടാക്കൾക്ക് അലങ്കാരമത്സ്യത്തിന്റെ വില അറിയില്ലല്ലോ. അറിയാമായിരുന്നെങ്കിൽഅവർ മോഷണത്തിനു പോകില്ലായിരുന്നുവെന്നത് മറ്റൊരു സത്യം. എന്നാൽ ഈ ചെലവുചുരുക്കൽ മെച്ചപ്പെട്ട ഇനങ്ങളുെട കാര്യത്തിലില്ല. ഏറ്റവും പുതിയ ഇനങ്ങളെ മികച്ച വില കൊടുത്ത് ഏതു ദേശത്തുനിന്നും കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. ഇതിനായി വളരെയധികം യാത്ര ചെയ്യാനും മടിയില്ല. തുടക്കക്കാർക്കു പറ്റിയ ഇനമാണ് ഗപ്പിയെന്നു പറയുമ്പോഴും കയറ്റുമതി നിലവാരത്തിലും ഇവയെ വളർത്താമെന്നു തെളിയിക്കുകയാണ് ഈ ചെറുപ്പക്കാരൻ.അലങ്കാരമത്സ്യപ്രജനനമല്ല അവയുെട വിപണനമാണ് യഥാർഥ വെല്ലുവിളിയെന്നു ദീപാഷ് ചൂണ്ടിക്കാട്ടി. വലിയ വിപണിയാണ് ഈ രംഗത്തുള്ളതെങ്കിലും  പുതുസംരംഭകർക്ക് അദൃശ്യമാണത്. വിപണി കണ്ടെത്തുന്നവർ അതു പങ്ക് വയ്ക്കുകയുമില്ല. ഉറപ്പുള്ള വിപണി കണ്ടെത്തിയ ശേഷം യോജ്യമായ ഇനങ്ങൾ മാത്രം വളർത്തിയാൽ വിജയിക്കാനാകുമെന്ന് ദീപാഷ് പറഞ്ഞു. ഫോൺ:9645448385