Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറഞ്ഞ മുതൽമുടക്കിൽ പച്ചക്കറിയിലൂടെ പണം വാരി വീട്ടമ്മ

3vegelables

പരിമിത സൗകര്യങ്ങളും ചെറു  മൂലധനവും കൊണ്ടു തുടങ്ങാവുന്നതും ചെറുതല്ലാത്ത, വരുമാനം മുടങ്ങാതെ ലഭിക്കുന്നതുമായ കാര്‍ഷിക, അനുബന്ധ സംരംഭങ്ങള്‍, തേടുന്നവര്‍ക്കായി ഏതാനും മാതൃകകള്‍. ഒപ്പം സംരംഭകരുടെ വിജയവഴികളും.

നുറുങ്ങു വിദ്യ (പച്ചക്കറികൾ നുറുക്കി കറിക്കൂട്ടാക്കി വിപണിയിലെത്തിക്കുന്ന എറണാകുളം ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ മൂലേപ്പീടികയിലെ ഹസീന കോട്ടയ്ക്കലും കുടുംബവും) 

‘‘ഉൗണിന് എന്തൊക്കെയുണ്ട് കറികൾ?’’,  ആലുവ മൂലേപ്പീടികയിലെ വീട്ടമ്മയായ ഹസീനയോട് ചുമ്മാ ഒരു കുശലം ചോദിച്ചതാണ്. ‘‘അവിയല്, സാമ്പാറ്, അച്ചിങ്ങ, ചീര, കൂർക്ക, വാഴക്കൂമ്പ്, കാബേജ്, കാരറ്റ്, ബീറ്റ്്റൂട്ട്, പപ്പായ, ചേന, പാവയ്ക്ക, കോവയ്ക്ക, ചക്കക്കുരു, മുരിങ്ങക്കോല്.... ഏതു വേണം അതോ എല്ലാം വേണോ....? ’’ ഹസീനയുടെ മറു ചോദ്യം. തീർന്നില്ല, ‘‘ഇന്നു മാത്രം മതിയോ, അതോ എല്ലാ ദിവസവും  വേണോ..?’’, വീണ്ടും ഹസീന.‘ഇതെന്താ.... ഈ വീട്ടിൽ എല്ലാ ദിവസവും സദ്യയാണോ?’ ആരും ചോദിച്ചു പോവും. ‘‘അതെ, പക്ഷേ സദ്യയല്ല, സംരംഭമാണ്. കറിക്കൂട്ടുകൾ പാകം ചെയ്യാൻ പരുവത്തിലാക്കി പായ്ക്ക് ചെയ്തു ബ്രാൻഡ് ചെയ്തു വിപണിയിലെത്തിക്കുന്ന സംരംഭം’’, ഹസീന തുടരുന്നു.

2Vendakka

‘‘ഉദ്യോഗമുള്ള  പല വീട്ടമ്മമാർക്കും കടകൾ കയറിയിറങ്ങി പലയിനം പച്ചക്കറികൾ വാങ്ങി കഴുകി അരിഞ്ഞു കറിവയ്ക്കാൻ സമയം കിട്ടാറില്ല. അതുകൊണ്ടുതന്നെ  മിക്കവരും അത്യാവശ്യം ഒരു തോരനും മെഴുക്കുവരട്ടിയുംകൊണ്ട് തൃപ്തരാവും. പക്ഷേ അവിയലും സാമ്പാറും ചക്കക്കുരു–മുരിങ്ങക്കോൽ തോരനും പപ്പായത്തോരനുമെല്ലാം കൂട്ടി കുശാലായി ഉണ്ണണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്? അവർക്കുള്ളതാണ് അരിഞ്ഞു പൊതിഞ്ഞ ഈ കറിക്കൂട്ടുകൾ.’’ ആലുവയിലും പരിസരപ്രദേശങ്ങളിലുമുള്ള സൂപ്പർ മാർക്കറ്റുകൾ, ബേക്കറികൾ എന്നിവ വഴി ദിവസം 250–300 റെഡി ടു കുക്ക് നുറുക്കു പച്ചക്കറി പായ്ക്കറ്റുകളാണ് ഹസീന ഉപഭോക്താക്കളിലെത്തിക്കുന്നത്. തെർമോക്കോൾകൊണ്ടുള്ള റ്റു ഡി ട്രേയിൽ നിറച്ച്, സുതാര്യമായ ക്ലിങ് ഫിലിംകൊണ്ട് പൊതിഞ്ഞ് ആകർഷകമായ രീതിയിൽ വിപണിയിലെത്തിക്കുന്ന ഈ ‘ഫ്രഷ് കട്ട്സ്’ സംരംഭം കുറഞ്ഞ മുതൽമുടക്കിൽ മികച്ച വരുമാനം നേടിത്തരുന്നുണ്ടെന്നു ഹസീന.

പെയ്ന്റിങ് കോൺട്രാക്ടറായ ഭർത്താവ് മുനീറാണ് ഹസീനയെ ഈ സ്വയംതൊഴിൽ സംരംഭത്തിലേക്ക് എത്തിക്കുന്നത്. കോൺട്രാക്ട് ജോലി  അത്ര നേട്ടമൊന്നും നൽകാതെ വന്നതോടെ മുനീർ കൃഷിയിലേക്കു തിരിയുകയായിരുന്നു. അഞ്ചേക്കറോളം സ്ഥലം വാടകയ്ക്കെടുത്ത് പച്ചക്കറിക്കൃഷി തുടങ്ങി, ഒപ്പം വാടകഭൂമിയിൽത്തന്നെ ഡെയറി ഫാമും. ഫാമിൽ തന്റെ വലംെകെയായ ഭാര്യക്ക് അംഗീകാരമായി ശ്രീമതി ഫാം എന്നു പേരുമിട്ടു. കൃഷിയും പശുവളർത്തലും മോശമല്ലാതെ പോകുമ്പോഴാണ് മുമ്പു ഗൾഫിൽ ജോലി ചെയ്തിരുന്ന കാലത്ത് സൂപ്പർമാർക്കറ്റുകളിൽ കണ്ടു പരിചയിച്ച അരിഞ്ഞു പൊതിഞ്ഞ പച്ചക്കറി പായ്ക്കറ്റുകൾ മുനീറിന് ഒാർമ വന്നത്. ആലുവ പോലുള്ള നഗരപ്രദേശത്ത് ആവശ്യക്കാരുണ്ടാകുമെന്ന് ഉറപ്പുള്ളതിനാൽ ഭാര്യയോട് അഭിപ്രായം ചോദിച്ചു. ‘കൊള്ളാം,  ഞാൻ തന്നെ ചെയ്യാം’ എന്നു ഹസീന. അങ്ങനെയാണ് കഴിഞ്ഞ വർഷം ‘ശ്രീമതി’ എന്ന ബ്രാൻഡിൽ സാമ്പിൾ പായ്ക്കറ്റുകൾ ആലുവയിെല സൂപ്പർമാർക്കറ്റിൽ വിൽപനയ്ക്കു വയ്ക്കുന്നത്.

1papaya

പ്രതികരണം ആശാവഹമായതോടെ കടകളുടെയും പായ്ക്കറ്റുകളുടെയും എണ്ണം കൂട്ടി. ദിവസവും ഉച്ചതിരിയുമ്പോള്‍ തയാറാക്കുന്ന പായ്ക്കറ്റുകൾ ജോലികഴിഞ്ഞ് വീടുകളിലേക്കു മടങ്ങുന്നവര്‍ക്കു വാങ്ങിക്കാന്‍ പാകത്തില്‍ വൈകുന്നേരം അഞ്ചുമണിക്കു മുമ്പ് കടകളിലെത്തിക്കും. ചെലവാകാത്തവ പിറ്റേന്നു തിരിച്ചെടുക്കും. ആദ്യ നാളുകളിലൊക്കെ ഏതാനും പായ്ക്കറ്റുകൾ എല്ലാ കടകളിൽനിന്നും തിരിച്ചെടുക്കേണ്ടി വന്നിട്ടുണ്ടെന്നു ഹസീന. ആളുകൾ എന്നും കഴിക്കാൻ ഇഷ്ടപ്പെടുന്ന ചില കറികളുണ്ട്. ഉദാഹരണത്തിന് അവിയൽകൂട്ട്. ചക്കക്കുരു തോരനും പപ്പായ തോരനുമൊക്കെ ഇടയ്ക്കൊക്കെ ഇഷ്ടം തോന്നുന്നവയിൽ പെടും. പൊതു അഭിരുചികൾ മനസ്സിലാക്കി, കൃത്യമായ ഇടവേളകളില്‍  ഇത്തരം പായ്ക്കറ്റുകൾ ഒാരോ കടയിലും എത്തിച്ചതോടെ മുഴുവനും അന്നന്നുതന്നെ ചെലവായിത്തുടങ്ങി. മൂന്നു മാസംകൊണ്ടു  സംരംഭം സ്ഥിരവരുമാനത്തിലെത്തി.ലഘു സംസ്കരണം സ്വന്തം കൃഷിയിടത്തിൽ നിന്നുള്ളതു കൂടാതെ, മറ്റു കർഷകരിൽനിന്നും പച്ചക്കറികള്‍ സംഭരിക്കുന്നു.  കാരറ്റ്, ബീറ്ററൂട്ട് തുടങ്ങിയവ കടയില്‍നിന്നു വാങ്ങും.  ഇവയെല്ലാം കീടനാശിനിമുക്തമാക്കുകയാണ് ആദ്യ പടി, വാളൻപുളി വെള്ളം, മഞ്ഞൾവെള്ളം, ഉപ്പുവെള്ളം എന്നിവ ഒാരോന്നിലും 20 മിനിറ്റ് വീതം മുക്കി വച്ച ശേഷം ശുദ്ധജലത്തിൽ കഴുകുന്നതോടെ ഇവ സുരക്ഷിത ഭക്ഷണമായി മാറുമെന്നു ഹസീന. തുടർന്ന് ഒാരോ ഇനവും രൂപഭംഗിയോടെ അരിഞ്ഞ ശേഷം ആകർഷകമായി പായ്ക്ക് ചെയ്യുന്നു.  അവിയലിലെ കഷണങ്ങളെല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കാതെ ഒാരോന്നും വർണഭംഗിയോടെ വിന്യസിച്ച് ആകർഷകമാക്കുന്നത് ഹസീനയുടെ കരവിരുത്. 300 ഗ്രാം പായ്ക്കറ്റിനു വില 30 രൂപ.

പഞ്ചായത്തു ലൈസൻസ്, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ റജിസ്ട്രേഷൻ,  കൃത്യമായ തൂക്കം പാലിക്കണം എന്നതിനാൽ ലീഗൽ മെട്രോളജി വിഭാഗത്തിന്റെ ലൈസൻസ്, ആരോഗ്യവകുപ്പിന്റെ അനുമതി എന്നിവ സംരംഭത്തിന് ആവശ്യമുണ്ടെന്നുഹസീന. ഏതായാലും ‘ശ്രീമതി’യുടെ കറിക്കൂട്ടുകൾ  ഹിറ്റായതോടെപായ്ക്കറ്റുകളുടെ എണ്ണം അഞ്ഞൂറിലേക്ക് ഉയർത്താനുള്ള ആവേശത്തിലാണ് മുനീർ. ലഘുസംസ്കരണം (minimal proce–ssing) നടത്തി പച്ചക്കറികൾ വിപണിയിലെത്തിക്കുന്നത് ബുദ്ധിമുട്ടേറിയതോ വലിയ മുതൽമുടക്ക് ആവശ്യമുള്ളതോ  അല്ല. എന്നാല്‍  തങ്ങളുടെ സ്ഥലത്തെ വിപണനസാധ്യതകളും ആളുകളുടെ അഭിരുചിയും  മനസ്സിലാക്കാതെ ചാടിയിറങ്ങരുതെന്നു ഹസീന ഒാർമിപ്പിക്കുന്നു.

ഫോൺ: 8943430525