Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലര സെന്റ് മണ്ണിലെ കൃഷി; ചെറുതല്ലാത്ത വരുമാനവും

(സമയമില്ല, സാഹചര്യമില്ല, സാമ്പത്തികമില്ല എന്നൊക്കെ പരിതപിക്കുന്നവർക്ക് എറണാകുളം വൈപ്പിൻ എടവനക്കാട് വാക്കയിൽ പി.കെ.ഹസീനയുടെ മറുപടി)

‘ഒന്നു നിൽക്കണേ..... ഒരു കൂട്ടം പറയാൻ മറന്നു’’,  നാലു ചുറ്റും വെള്ളക്കെട്ടു നിറഞ്ഞ നാലേമുക്കാൽ സെന്റിലെ പച്ചപ്പു കണ്ടു യാത്ര പറയുമ്പോൾ പിന്നിൽ ഹസീനയുടെ ശബ്ദം വീണ്ടും. പണിതീരാത്ത കൊച്ചുവീടിന്റെ ഉമ്മറത്തെ ഇത്തിരി സ്ഥലത്ത് ചെറിയൊരു ചാക്കുകെട്ട് കൊണ്ടു വച്ചു ഹസീന. പിന്നെ, മാജിക് ബോക്സിൽനിന്നു മുയലിനെയും പ്രാവിനെയും എടുക്കുന്ന മജീഷ്യന്റെ ക യ്യടക്കത്തോടെ ചെറുതും വലുതുമായ ട്രോഫികളും ഫലകങ്ങളും ഒന്നൊന്നായി പുറത്തേക്കെടുത്തു. 

ഉമ്മറത്ത് ഇടംപോരാതെ ഞെരുങ്ങിയിരുന്നു, ഹസീനയുടെ പേരെഴുതിയ പുരസ്കാരങ്ങൾ. ‘‘ഇത് എടവനക്കാട് കൃഷിഭവനിൽനിന്നു ലഭിച്ച മികച്ച കർഷകയ്ക്കുള്ള അവാർഡ്, ഇതു സംസ്ഥാനത്തെ മികച്ച അങ്കണവാടി ഹെൽപ്പർക്കുള്ള അവാർഡ്, ഇതു മികച്ച അടുക്കളത്തോട്ടത്തിനു മലയാള മനോരമ നൽകിയത്.....’’  ഒരേസമയം ഒന്നാന്തരം കർഷകയും ഉത്തരവാദിത്തമുള്ള അങ്കണവാടി ജീവനക്കാരിയുമാണ് ഹസീന എന്നതിനു തെളിവായി പുരസ്കാരങ്ങൾ ഉമ്മറത്തിരുന്നു തിളങ്ങുന്നു. വരുമാനത്തിനു മാത്രമല്ല, കുട്ടികളെ ഉല്ലാസഭരിതരാക്കാനും കൃഷി ഉപകരിക്കുമെന്ന് അങ്കണവാടിയിൽ കൃഷിത്തോട്ടമൊരുക്കിയും ഹസീന തെളിയിച്ചു. വിത്തിടാനും നനയ്ക്കാനുമെല്ലാം ഉൽസാഹത്തോടെ കുരുന്നുകൾ ക്യൂ നിന്നു. അവിടെ വിളയുന്ന ശുദ്ധമായ പച്ചക്കറികൾ അ വരുടെതന്നെ ആഹാരത്തിന്റെ ഭാഗമാക്കി. എടവനക്കാട് അങ്കണവാടിയിലെ കൃഷി പാഠങ്ങൾ സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികൾക്കും മാതൃകയാക്കാം എന്നു മുകൾത്തട്ടിൽനിന്നു നിർദേശം വന്നപ്പോൾ അതും ഹസീനയ്ക്കുള്ള അംഗീകാരമായി.

മണ്ണും മനസ്സുംഉറച്ചൊരു മഴ പെയ്താൽ മുട്ടോളം വെള്ള മുയരുമായിരുന്നു മുമ്പു ഹസീനയുടെ മുറ്റത്ത്. ഇന്നു പക്ഷേ ഇരച്ചെത്തുന്ന പെരുവെള്ളം ഒന്നരയടി മണ്ണിട്ട് ഉയർത്തിയ മുറ്റവും അതിലെ പച്ചക്കറിക്കൃഷിയും കണ്ടു വഴിമാറിപ്പോകും. പഴയ കുടിലിന്റെ സ്ഥാനത്ത് പണിതീരാത്തതെങ്കിലും ഹസീനയുടെ അധ്വാനവും സുമനസ്സുകളുടെ സൗഹൃദവുംകൊണ്ടു നിർമിച്ച കോൺക്രീറ്റ് വീട്. എല്ലാറ്റിനും തുടക്കം ചെറിയൊരു അടുക്കളത്തോട്ടത്തിൽനിന്നെന്നു ഹസീന. ആകെ സമ്പാദ്യമായിരുന്ന ആഭരണങ്ങൾ വിറ്റു വാങ്ങിയ പന്ത്രണ്ടു സെന്റിലെ കുടിലിലാണ് ഹസീനയും പെയ്ന്റിങ് തൊഴിലാളിയായ ഭർത്താവ് അസീസും രണ്ടു കുഞ്ഞുങ്ങളുമുള്ള കുടുംബം കഴിഞ്ഞിരുന്നത്. അപകടത്തിൽപെട്ട അസീസിന് ദീർഘകാലം ആശുപത്രിവാസം വേണ്ടിവന്നതോടെ വരുമാനം നിലച്ചു, കടം പെരുകി. കടം വീട്ടിയപ്പോൾ ശേഷിച്ചത് നാലേമുക്കാൽ സെന്റ് ഭൂമി. എടവനക്കാട് അങ്കണവാടിയിൽ ഹെൽപ്പറായി ജോലി ലഭിച്ചതോടെയാണ് ചെറുതെങ്കിലും ഒരു സ്ഥിരവരുമാനമാകുന്നത്.

ഉപ്പുവെള്ളം കയറുന്ന ചതുപ്പുനിലമായിട്ടും ചാക്കിലും കൂടിലുമായി ഇത്തിരി മുറ്റത്ത് പച്ചക്കറികൾ നട്ടുവളർത്തിയത് വീട്ടുചെലവു കുറയ്ക്കാനായിരുന്നു. വിളഞ്ഞു നിൽക്കുന്ന തക്കാളിയും പച്ചമുളകുമൊക്കെ ചിലർ വിലയ്ക്കു ചോദിച്ചപ്പോഴാണ് ഇതിലൂടെ ചില്ലറ വരുമാനവുമാകുമെന്നു മനസ്സിലായത്. അതോടെ ചാക്കുകളുടെ എണ്ണം വർധിച്ചു. ജോലിത്തിരക്കു കാരണം കൃഷി ചെയ്യാൻ നേരമില്ലാത്ത പലരും ഹസീനയുടെ ജൈവ വിളകളെക്കുറിച്ചു കേട്ടറിഞ്ഞ്, ശുദ്ധമായ പച്ചക്കറികൾ വാങ്ങാന്‍ വന്നു തുടങ്ങി.  ശമ്പളവും  അടുക്കളത്തോട്ടത്തിലെ വരുമാനവും ചേർന്നതോടെ ഉൽസാഹം വർധിച്ചു. സഹപ്രവർത്തകരും മേലുദ്യോഗസ്ഥരുമെല്ലാം ഹസീനയുടെ കൃഷിക്കു നിറഞ്ഞ പ്രോത്സാഹനം നൽകി.  

അസീസ് പണിക്കു പോയിത്തുടങ്ങിയതോടെ കൃഷിയുടെ വരുമാനം കൃഷിയിൽത്തന്നെ നിക്ഷേപിക്കാമെന്നായി. ആയിടെ മികച്ച അടുക്കളത്തോട്ടത്തിനു  മലയാള മനോരമയുടെ അവാർഡിനൊപ്പം സമ്മാനത്തുകയായി ലഭിച്ച 25,000 രൂപയും  കൃഷിവികസനത്തിനു  മൂലധനമാക്കി. ലോറിയിൽ മണ്ണ് എത്തിച്ചു മുറ്റം ഉയർത്തി. ഗ്രോബാഗും വളങ്ങളും ചെറു പണി ആയുധങ്ങളും ഹൈബ്രിഡ് വിത്തുകളും വാങ്ങി.  പയർ, പാവൽ, കോവൽ, പടവലം, തക്കാളി, വെണ്ട, വഴുതന, കോളിഫ്ലവർ, കാബേജ്,  വിവിധ മുളകിനങ്ങൾ എന്നിങ്ങനെ ഇന്നു ഹസീനയുടെ കൃഷിയിടത്തിൽ  വിളയുന്ന പച്ചക്കറി ഇനങ്ങള്‍ ഇരുപതിലേറെ വരും. ഹസീനയുടെ കൃഷിക്ക് വൈകാതെ ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽനിന്നു പിന്തുണയെത്തി. എല്ലാവരുടെയും സഹായത്തോടെ ഒരു കൊച്ചു വീട് ഉയർന്നപ്പോൾ ലഭിച്ചത് ടെറസിൽ 650 ചതുരശ്രയടി വിസ്തൃതിയുള്ള കൃഷിയിടം കൂടിയാണ്.

അടുത്ത ഘട്ടത്തില്‍ തൈ ഉൽപാദനംതുടങ്ങി. പ്ലാസ്റ്റിക് കപ്പുകളിലെ ചകിരിച്ചോർ കമ്പോസ്റ്റിൽ വളർത്തിയെടുക്കുന്ന തൈകൾക്ക് ഒട്ടേറെ ആവശ്യക്കാരെത്തി. പച്ചക്കറിത്തൈകൾക്കൊപ്പം കറ്റാർവാഴയും കറിവേപ്പുപോലെ ഡിമാൻഡ് ഉള്ള മറ്റിനങ്ങളുടെ തൈകളും വിപണനത്തിനെത്തിച്ചു. ഗ്രോബാഗിൽ നടീൽമിശ്രിതം നിറച്ച് തൈ നട്ട് ഒന്നിന് നൂറു രൂപ വിലയിട്ട് വിൽപനയ്ക്കു വച്ചപ്പോൾ അതിനും ആവശ്യക്കാരുണ്ടായി. ചകിരിച്ചോറ്, മണ്ണ്, മണൽ, സ്യൂഡോമോണാസ്, ട്രൈക്കോഡേർമ, വേപ്പിൻപിണ്ണാക്ക്, കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലുപൊടി, മീൻവളം, ചാണകം, കോഴിവളം എന്നിങ്ങനെ പതിനൊന്ന് ഇനങ്ങൾ ചേർന്ന സവിശേഷ ചേരുവയിലാണ് ഗ്രോബാഗുകൾ തയാറാക്കുന്നതെന്നു ഹസീന.

ഫാമുകളിൽനിന്നും സമീപ പഞ്ചായത്തുകളിൽനിന്നും നിറച്ച ഗ്രോബാഗുകൾക്ക് ഒാർഡര്‍ കിട്ടിത്തുടങ്ങിയതോടെയാണ് വരുമാനം കൂടുതൽ സുസ്ഥിരമായത്. പിന്നാലെ ഫിഷ് അമിനോ ആസിഡ്പോലുള്ള ജൈവവളങ്ങളും വിൽപനയ്ക്കു വച്ചു. ഇതിനിടെ ഇടവനക്കാടുതന്നെയുള്ള മട്ടയ്ക്കൽ രതീഷ് എന്ന കർഷകനുമായി ചേർന്ന് ആവശ്യക്കാർക്ക് അടുക്കളത്തോട്ടം ഒരുക്കി നൽകുന്ന സംരംഭവും തുടങ്ങി. മുപ്പതു സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി കൂടുതൽ വിപുലമാക്കി. എടവനക്കാട് കൃഷിഭവൻ എല്ലാറ്റിനും പിന്തുണ നിന്നു.

ഇന്ന് മുറ്റത്തും ടെറസിലും വീടിനു മുന്നിലെ വഴിയോരത്തുമായി അഞ്ഞൂറിലേറെ ഗ്രോബാഗിലാണ് ഹസീനയുടെ കൃഷി. ഉൽപാദനം കുറഞ്ഞാലും കൃഷിയിൽനിന്നുള്ള വരുമാനം നിലയ്ക്കുന്നില്ല എന്നതാണു ഹസീനയുടെ നേട്ടം. തൈ വിൽപനയും തോട്ടം ഒരുക്കി നൽകലും വളംനിർമാണവുമെല്ലാം ചേർന്ന് കൃഷിയിൽനിന്നു ചെറുതല്ലാത്ത വരുമാനം എന്നുമുണ്ട്. തിരക്കുകൾക്കിടയിലും മുമ്പു മുടങ്ങിപ്പോയ സ്കൂൾ വിദ്യാഭ്യാസം ഒാപ്പൺ സ്കൂൾ വഴി ഹസീന പൂർത്തിയാക്കി. മഹാത്മാഗാന്ധി സർവകലാശാല ജൈവകൃഷിയിൽ നൽകുന്ന ആറു മാസത്തെ കോഴ്സും പാസ്സായി. ഇപ്പോഴുള്ള നേട്ടങ്ങളും അംഗീകാരങ്ങളുമെല്ലാം തന്നത് കൃഷിയാണെന്നു പറയുമ്പോൾതന്നെ സമയമില്ല, സാഹചര്യമില്ല, മൂലധനമില്ല എന്നെല്ലാം പരിതപിക്കുന്നവരെ നോക്കി ‘അങ്ങനെയൊക്കെയാണ് ഞാനും കരുതിയിരുന്നത്, എന്നാൽ അതൊക്കെ മറികടക്കാവുന്നതേയുള്ളൂ’ എന്നു പറഞ്ഞ് പ്രോത്സാഹനത്തിന്റെ ചെറു പുഞ്ചിരി നൽകുന്നു ഹസീന.

ട്രോഫികളെല്ലാം വീണ്ടും ചാക്കിലേക്കു തിരിച്ചു വയ്ക്കുമ്പോൾ ഇത്ര കൂടി ഹസീന പറഞ്ഞു, ‘‘ഇതൊന്നും നിരത്തിവയ്ക്കാൻ വീട്ടിൽ സ്ഥലമില്ല. അതുകൊണ്ട് അങ്കണവാടിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതൊക്കെ കാണുന്നത് അവിടെ വരുന്ന  കുഞ്ഞുങ്ങൾക്ക്  പ്രചോദനമാവുമെങ്കിൽ അതും നല്ലതല്ലേ...’’ ഫോൺ: 9656542934