Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തണുപ്പിച്ച തേങ്ങാപ്പീര മുതൽ കറിക്കൂട്ടുകൾവരെ

jissy

തേങ്ങ ചേർത്തൊരു കറിയില്ലാതെ മലയാളികൾക്ക് ഒരു ദിവസത്തെ ഭക്ഷണം സങ്കൽപിക്കാനേ പറ്റില്ല. പുട്ടിനും ഇടിയപ്പത്തിനുമെല്ലാം പീരയായും തോരൻ, അവിയൽ എന്നിവയിൽ നിറസാന്നിധ്യമായും അരച്ചുചേർക്കുന്ന കറികളിൽ രസക്കൂട്ടായും വറുത്തരച്ച കറികൾക്ക് രുചിയും മണവുമായും നാളികേരം നമ്മുടെ പാചകത്തിൽ ഒഴിച്ചുകൂടാനാവാത്ത ചേരുവയാണ്. നാളികേരക്കാമ്പ് വിവിധ രൂപത്തിൽ പായ്ക്ക് ചെയ്തു വിപണിയിൽ എത്തിക്കുന്നതിനുള്ള മാർഗങ്ങളെയും സാധ്യതകളെയും കുറിച്ചാണ് ഈ ലേഖനം.

ഫ്രീസ് ചെയ്ത നാളികേരം പന്ത്രണ്ടു മാസം മൂപ്പുള്ള തേങ്ങാക്കാമ്പ് ചിരകിയെടുത്തോ പൊടിച്ചെടുത്തോ തയാറാക്കുന്ന പീര വായു നിൽക്കാത്ത രീതിയിൽ പായ്ക്കു ചെയ്ത് നിശ്ചിത സമയം സീറോ ഡിഗ്രി സെൽഷ്യസിൽ താഴെ തണുപ്പിച്ചു സൂക്ഷിക്കുന്നു. നിശ്ചിത സമയം തണുപ്പിച്ചതിനു ശേഷമേ വിപണിയിലിറക്കാവൂ. –4 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കാനാവുമെങ്കിൽ ദീർഘകാലം കേടാകാതിരിക്കും. ഫ്രീസറിൽനിന്നു പുറത്തെടുത്ത് ഒന്നോ രണ്ടോ മണിക്കൂർ വച്ചിരുന്നാൽ പച്ചത്തേങ്ങയുടെ അതേ പുതുമയോടെ ഉപയോഗിക്കാം. കറികളിൽ നേരിട്ട് അരച്ചു ചേർക്കാനും തേങ്ങാപ്പാലെടുക്കാനും യോജ്യം.വിപണി വിപുലമാകുന്നതുവരെ ചെറിയ മോട്ടോെറെസ്ഡ് സ്ക്രേപ്പർ, ഫ്രീസർ യൂണിറ്റ് എന്നിവ ഉപയോഗിച്ച് കുറഞ്ഞ മുടക്കുമുതലിൽ സംരംഭം നടത്താം. ചിരട്ട നീക്കം ചെയ്യുന്നതിനുള്ള യന്ത്രം (Deshellar), കാമ്പിന്റെ തൊലി നീക്കം ചെയ്യുന്നതിനുള്ള പീലർ, കട്ടിങ്മെഷീൻ, നാളികേരക്കാമ്പ് പൊടിച്ചെടുക്കുന്നതിനുള്ള പൾവറൈസർ, വലിയ ഫ്രീസർ യൂണിറ്റ് എന്നിവ ഉൾപ്പെടുത്തി സംരംഭ വിപുലീകരിക്കാം.

ഡെസിക്കേറ്റഡ് കോക്കനട്ട്നാളികേരക്കാമ്പ് ചെറുതരികളാക്കി പൊടിച്ച് ഉണക്കിയെടുക്കുന്നതാണിത്. പൂർണമായും ജലാംശം നീക്കി പായ്ക്ക് ചെയ്യുന്ന ഡെസിക്കേറ്റഡ് കോക്കനട്ടിന് നല്ല ആഭ്യന്തരവിപണിയും കയറ്റുമതി സാധ്യതയുമു ണ്ട്. ബേക്കറി ഉൽപന്നങ്ങൾ നിർമിക്കാനും കറികളിൽ നേരിട്ട് ഉപയോഗിക്കാനും യോജ്യം. ചൂടുവെള്ളത്തിൽ അൽപനേരം കുതിർത്ത് മിക്സിയുപയോഗിച്ച് അരച്ചെടുത്താൽ തേങ്ങാപ്പാലും ലഭിക്കും.

സംരക്ഷകവസ്തുക്കൾ ഒന്നും  ചേർക്കാതെതന്നെ ആറുമാസം മുതൽ 12 മാസം വരെ സൂക്ഷിക്കാം.പന്ത്രണ്ടു മാസം മൂപ്പുള്ള തേങ്ങ പൊതിച്ച്, പൊട്ടിച്ച്, ചിരട്ട അടർത്തി മാറ്റി കാമ്പ് എടുത്ത്  അതിന്റെ പുറമേയുള്ള തൊലി ചുരണ്ടി മാറ്റി പൾവറൈസറിൽ പൊടിച്ച് ജലാംശം പൂർണമായും മാറുന്നതുവരെ ഡ്രയറിൽ ഉണക്കിയെടുക്കുന്നു. തൂവെള്ള നിറമുള്ള ഡെസിക്കേറ്റഡ് കോക്കനട്ട് അരിച്ച് തരികൾ വേർതിരിച്ച് ഗ്രേഡ് തിരിച്ച് LDPE കവറുകളിലോ അലൂമിനിയം ഫോയിൽ കവറുകളിലോ പായ്ക്ക് ചെയ്യുന്നു. സംരംഭത്തിന് ഡീ ഷെല്ലർ, പീലർ, കട്ടിങ് മെഷീൻ, പൾവറൈസർ എന്നിവയ്ക്കൊപ്പം ബെൽറ്റ് ഡ്രയർ, പായ്ക്കിങ് മെഷീൻ എന്നിവയും ആവശ്യമാണ്.

കറിക്കൂട്ടുകൾ

ഉണക്കിയെടുത്ത നാളികേരക്കാമ്പ് ഉപയോഗിച്ച് കറിക്കൂട്ടുകൾ, ചട്നിപ്പൊടികൾ എന്നിവയുണ്ടാക്കാം.

∙ വെള്ളനിറം നഷ്ടപ്പെടാതെ ഉണക്കിയെടുത്ത പീരയിൽ യോജ്യമായ ചേരുവകൾ ചേർത്ത് ഇൻസ്റ്റന്റ് കുറുമ മിക്സ്, മീൻകറി മിക്സ്, വെള്ളച്ചമ്മന്തി മിക്സ്, സാമ്പാർ മിക്സ് എന്നിവ തയാറാക്കാം. കുപ്പികളിലോ അലൂമിനിയം ഫോയിൽ കവറുകളിലോ നിറച്ച് വിപണനം നടത്താവുന്നതാണ്.

∙ പീര തവിട്ടു നിറമാകുന്നതുവരെ വറുത്ത് ഒപ്പം ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, കറിവേപ്പില, മുളക്, പുളി, കായം എന്നിവ ചേർത്ത് ചമ്മന്തിപ്പൊടിയും ഉണ്ടാക്കാം. തേങ്ങയ്ക്കൊപ്പം ഔഷധസസ്യങ്ങൾ ചേർത്തും കൊഞ്ച്, കൂൺ, ചക്കക്കുരു, വാഴക്കൂമ്പ്, ജാതിക്കാത്തോട്, എള്ള്, എന്നിവ ചേർത്തും പല തരം ചമ്മന്തിപ്പൊടികൾ തയാറാക്കാം. പീര, ഇഞ്ചി, ഉള്ളി എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്തു വറുത്ത് ഇൻസ്റ്റന്റ് ഇഞ്ചിക്കറി മിക്സും തയാറാക്കാം. ആറു മാസം മുതൽ ഒരു വർഷം വരെ സൂക്ഷിപ്പുഗുണമുണ്ട്.

∙ വറുത്തെടുത്ത തേങ്ങായ്ക്കൊപ്പം പെരുംജീരകം, മറ്റു മസാലക്കൂട്ടുകൾ എന്നിവ ചേർത്ത് ഒരു വർഷത്തോളം സൂക്ഷിപ്പുഗുണ(രാസസംരക്ഷകങ്ങൾ ചേർക്കാതെ)മുള്ള  ഇൻസ്റ്റന്റ് തീയൽ മിക്സ്, ഇറച്ചി മസാല മിക്സ് എന്നിവയും തയാറാക്കാം. യോജിച്ച് കുപ്പികളിലോ  പായ്ക്കറ്റുകളിലോ ആക്കി സൂക്ഷിച്ചാൽ ദീർഘകാലം കേടുവരാതെയിരിക്കും. നല്ല വിപണന സാധ്യതയുമുണ്ട്. ഇത്തരം ഉൽപന്നങ്ങളുണ്ടാക്കുന്ന യൂണിറ്റിന് കോക്കനട്ട് പൾവറൈസർ, ഡ്രയർ, റോസ്റ്റിങ് മെഷീൻ, പൗണ്ടിങ് മെഷീൻ (ചമ്മന്തിപ്പൊടിയും മറ്റും പൊടിക്കുന്നതിന്), പായ്ക്കിങ് മെഷീൻ എന്നിവയും ആവശ്യമുണ്ട്.

(ജിസ്സി ജോർജ്സബ്ജക്റ്റ് മാറ്റര്‍ സ്പെഷലിസ്റ്റ്, (ഹോം സയൻസ്), കൃഷിവിജ്ഞാനകേന്ദ്രം,  ആലപ്പുഴ. ഫോണ്‍: 0479 2449268)