Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്ന് രാജ്യങ്ങളിലായി ഹൈടെക് പച്ചക്കറിക്ക‍ൃഷി നടത്തുന്ന മലയാളി

DSC_8362

കണ്ണൂരിലെ കൊളച്ചേരിയിൽ അഞ്ച് പോളിഹൗസുകൾ, മൈസൂരിനടുത്ത് കൊല്ലഗലിൽ 38 ഏക്കറിൽ 18 പോളിഹൗസുക‌ൾ, ഒമാനിലും യുഎഇയിലുമായി 950ഏക്കർ പാട്ടത്തിനെടുത്ത് പച്ചക്കറിക്കൃഷി. അതിൽ 22 ഏക്കറിലും പോളിഹൗസുകൾ തന്നെ. മൂന്നു രാജ്യങ്ങളിലായി സംരക്ഷിത കൃഷി മാത്രം ആകെ അറുപതു ലക്ഷത്തിലധികം ചതുരശ്രമീറ്ററിൽ. വിജയന്റെ പച്ചക്കറിക്കൃഷി ഇതുവരെ മലയാളി കണ്ട കൃഷിയേയല്ല.

കൊളച്ചേരിയിലെ കരിങ്കൽക്കുഴിയിൽ നിന്ന് 1979ൽ ദുബായിലെത്തിയ തളിയിൽ വീട്ടിൽ വിജയൻ ഇന്നു കോടികൾ വിറ്റുവരവുള്ള രാജ്യാന്തര അഗ്രി ബിസിനസ് സംരംഭകനാണ്. നാലു വർഷം മുമ്പ് ആരംഭിച്ച കൊല്ലഗലിലെ ഫാമിനു മാത്രം ഇതുവരെ മുടക്കിയത് 28 കോടി രൂപ. ബാക്കി 12 ഏക്കറിൽ കൂടി കൃഷി ആരംഭിക്കുമ്പോഴേക്കും അവിടത്തെ ആകെ മുതൽമുടക്ക് 40 കോടി രൂപയായി ഉയരും.  സംസ്ഥാനസർക്കാർ വാരിക്കോരി നൽകിയ സബ്സിഡ‍ി കൊണ്ട് പഞ്ചായത്തുകൾതോറും നിർമിച്ച പോളിഹൗസുകളിൽ പലതും കാലിയായി കിടക്കുമ്പോഴാണ് വിജയന്റെ ഈ നേട്ടം. രാജ്യാന്തരനിലവാരമുള്ള  ഇദ്ദേഹത്തിന്റെ പോളിഹൗസ് കൃഷിയിൽനിന്നു കേരളത്തിനു പഠിക്കാൻ പാഠങ്ങളേറെ.

കൃഷിശാസ്ത്രത്തിൽ ഉന്നതബിരുദ മോ തലമുറകളായുള്ള കാർഷികപാരമ്പ ര്യമോ ഇല്ലാതെയാണ് ഹൈടെക് കൃഷിയിലെ ഈ മുന്നേറ്റം. മറ്റ് പല ഗൾഫ് മലയാളികളെയുംപോലെ ഉപജീവനത്തിനായി 1979ൽ ദുബായിലെത്തിയ പതിനെട്ടുകാരൻ കഠിനാധ്വാനത്തിലൂെട പച്ചക്കറി ബിസിനസിലെ മുടിചൂടാമന്നനായ കഥയാണ് വിജയന്റേത്. തുടക്കം ദുബായ്  പച്ചക്കറി മാർക്കറ്റിലായിരുന്നു. അവിടെ പരിചയക്കാരന്റെ സഹായിയായി പിച്ചവച്ച വിജയൻ രണ്ടു വർഷത്തിനുള്ളിൽ കമ്മീഷൻ ഏജന്റായി. ക്രമേണ മൊത്തക്കച്ചവടക്കാരിൽ നിന്നും കൃഷിക്കാരിൽ നിന്നുമൊക്കെ പച്ചക്കറി വാങ്ങി വിറ്റുതുടങ്ങി. ജോർദാനിൽ നിന്നും കണ്ടെയ്നറിൽ എത്തിയിരുന്ന പച്ചക്കറികളായിരുന്നു പ്രധാന സ്രോതസ്. അത് കിട്ടാതായതോടെ സ്വന്തമായി പച്ചക്കറി ഉൽപാദിപ്പിക്കാൻ വിജയൻ പദ്ധതിയിട്ടു. 

DSC_8378

യുഎഇയിലെ ബുറൈമിയിൽ  24 ഏക്കർ പാട്ടത്തിനെടുത്ത വിജയൻ കൃഷിക്കാരനായി മാറി.  കൃത്യതാകൃഷിയിൽ ആദ്യചുവട് വച്ചത് 1997ലായിരുന്നു. സാങ്കേതികപങ്കാളിയായി ജോർദാൻകാരനായ സുഹൃത്തും കൂടെയുണ്ടായിരുന്നു. ശരിയായ സമീപനങ്ങളുെട പിൻബലത്തിൽ വളർന്ന വിആർഎസ് ഫാം 12 വർഷം കൊണ്ട്  280 കോടി രൂപ വാർഷിക വിറ്റുവരവുള്ള സംരംഭമായി മാറിക്കഴിഞ്ഞു. മറ്റു ഫാമുകളിൽനിന്നുള്ള ഉൽപന്നങ്ങളും ഇദ്ദേഹം വാങ്ങുന്നുണ്ട്. കൂടാതെ മലേഷ്യ, ചൈന, ജോർദാൻ, സ്പെയിൻ, മധ്യപൂർവദേശത്തെ വിവിധ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നൊക്കെ ഇപ്പോൾ ഈ കണ്ണൂരുകാരൻ പച്ചക്കറി വാങ്ങാറുണ്ട്. സീസണിൽ ശരാശരി 1200 കണ്ടെയ്നർ പച്ചക്കറിയാണത്രെ ഇദ്ദേഹത്തിന്റെ എബികെ കമ്പനി ഇറക്കുമതി ചെയ്യുന്നത്. ഗൾഫ്മേഖലയിലെ ഒട്ടേറെ ഹോട്ടലുകൾ, കാറ്ററിങ് കമ്പനികൾ, സൂപ്പർ മാർക്കറ്റുകൾ, മൊത്തക്കച്ചവടക്കാർ എന്നിവരൊക്കെ ഇദ്ദേഹത്തിന്റെ ഇടപാടുകാരായുണ്ട്. ‘ഹാസപ്’ നിലവാരത്തിലുള്ള പാക്കിങ് ഹൗസും വമ്പൻ കോൾഡ് സ്റ്റോറേജും ശീതീകൃത റീഫർ വാനുകളുെട ശൃംഖലയുമൊക്കെ ഈ കാർഷികസംരംഭകനു സ്വന്തമാണിന്ന്.

സാങ്കേതിക കാരണങ്ങളെക്കാൾ സാമ്പത്തിക കാരണങ്ങളാലാണ് കേരളത്തിലെ പോളിഹൗസ് കർഷകർ പരാജയപ്പെടുന്നതെന്ന അഭിപ്രായമാണ് വിജയനുള്ളത്. അഞ്ചു സെന്റിലും പത്തു സെന്റിലും പോളിഹൗസുണ്ടാക്കി കൃഷി ചെയ്താൽ കാർഷിക സംരംഭമെന്ന നിലയിൽ നിലനിൽക്കില്ലെന്ന് വിജയൻ തറപ്പിച്ചു പറയുന്നു. പത്ത് ഏക്കറിലെങ്കിലും തുടർച്ചയായി ഉൽപാദനം നടന്നാലേ വാണിജ്യാടിസ്ഥാനത്തിൽ ഇത്തരം പ്രസ്ഥാനങ്ങൾ നിലനിൽക്കുകയുള്ളൂ. കേരളത്തിലെ പോളിഹൗസ് കൃഷിയുെട അടിസ്ഥാന ദൗർബല്യവും ഇതു തന്നെ. രണ്ടു കാരണങ്ങളാണ് ഇതിനു പിന്നിൽ– വർഷം മുഴുവൻ വിപണിയുെട ആവശ്യമനുസരിച്ച് ഉൽപന്നങ്ങൾ എത്തിക്കണമെങ്കിൽ ഉയർന്ന  വിസ്തൃതി കൂടിയേ തീരൂ. അനുബന്ധസേവനങ്ങൾ ആദായകരമായി ഏർപ്പെടുത്തുന്നതിനും ഇത്തിരിവട്ടത്തിലെ സംരംഭങ്ങൾക്ക് സാധിക്കില്ല– വിജയൻ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ തന്റെ പോളിഹൗസ് സംരംഭങ്ങൾ ഇനിയും ലാഭത്തിലായിട്ടില്ലെന്നുവിജയൻ പറയുന്നു. ഇരുപതോളം ഇനങ്ങളാണ് വിആർഎസ് ഫാം പൊതുവെ  ഉൽപാദിപ്പിക്കുന്നത്.  കൊല്ലഗലിലെ ഫാം വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ചതാണ്. തക്കാളി,ചെറി, ടൊമാറ്റോ, ബജിമുളക്, നാലു നിറഭേദങ്ങളിൽ കാപ്സിക്കം  എന്നിവയാണ് ഇപ്പോൾ ഇവിടെ ഉൽപാദിപ്പിക്കുന്നത്. ഇവ രണ്ടു കണ്ടെയ്നർ വീതം ആഴ്ച തോറും ദുബായിലേക്കു കയറ്റുമതി ചെയ്യുന്നു. കൂടാതെ ഈറോഡ്, കോയമ്പത്തൂർ, മൈസൂരു, െബംഗളൂരു, ഗുണ്ടൽപെട്ട്, കോഴിക്കോട് വിപണികളിലേക്കും കൊല്ലഗൽഫാമിൽനിന്നുള്ള പച്ചക്കറികൾ എത്തുന്നു.

DSC_8385

കണ്ണൂരിലെ പോളിഹൗസുകളിലൂെട ആധുനിക കൃഷിമുറകൾ നാട്ടുകാർക്ക് പരിചയപ്പെടുത്തണമെന്ന ലക്ഷ്യം മാത്രമേയുള്ളൂ.  വിറ്റുവരവിനു പുറമേ മാസംതോറും നാൽപതിനായിരം രൂപ ചെലവഴിച്ചാണ് ഫാം  നടത്തുന്നത്. കണ്ണൂരിലെ ഫാമിൽ പ്രധാനമായും കാപ്സിക്കം, പയർ, പാവൽ, കുക്കുംബർ തുടങ്ങിയ വിളകളാണുള്ളത്. വലുപ്പമേറിയ പോളിഹൗസിനെ നാലായി വിഭജിച്ചാണ് ഓരോ ബാച്ചിലെയും വിളകൾ നട്ടുവളർത്തുന്നത്. ഒരു വിള മാത്രമായി ഉൽപാദിപ്പിച്ചാൽ വിപണനം തലവേദനയാകുമെന്നതു തന്നെ കാരണം. പോളിഹൗസിൽ മാത്രമല്ല ഇദ്ദേഹത്തിന്റെ കൃഷി. തുറസ്സായ സ്ഥലത്തെ കൃത്യതാകൃഷിയും വലിയ തോതിൽ വിആർഎസ് ഡ്രീംലാൻഡ്  നടത്തുന്നുണ്ട്. രണ്ടു രീതികളും മെച്ചപ്പെട്ടതാണെന്നും ഓരോ വിളയ്ക്കും യോജിച്ച രീതി തെരഞ്ഞെടുക്കുകയാണ് വേണ്ടതെന്നും വിജയൻ പറഞ്ഞു. ചില വിളകൾ പോളിഹൗസിൽ മാത്രമേ വിജയിക്കൂ. അതേസമയം തുറസ്സായ സ്ഥലത്ത് മികച്ച വിളവ് നൽകുന്ന വിളകൾക്കുവേണ്ടി ചെലവേറിയ പോളിഹൗസ് നിർമിക്കേണ്ട ആവശ്യവുമില്ല.

തുടർച്ചയായ ഉൽപാദനത്തിലൂെട മാത്രമേ പോളിഹൗസ് കൃഷി ആദായകരമാവൂ എന്ന് വിജയൻ ചൂണ്ടിക്കാട്ടി. ഓരോ കൃഷിയിലും നിശ്ചിതലാഭം കിട്ടുമെന്നു പ്രതീക്ഷിക്കരുത്. നാൽപതു രൂപയ്ക്കു വിൽക്കുന്ന പച്ചക്കറി അടുത്ത കൃഷിയിൽ 15 രൂപയ്ക്കു വിൽക്കേണ്ടിവന്നേക്കാം. വിലകുറവുള്ളപ്പോൾ കൃഷി നടത്തിയിട്ടു നഷ്ടമാണെന്നു പരിതപിക്കുന്നതിൽ അർഥമില്ല. സ്ഥിരതയുള്ള ഉൽപാദനത്തിലൂെട വിപണി പിടിച്ചെടുക്കുകയും വില ഉയരുമ്പോൾ പരമാവധി ആദായമെടുക്കുകയുമാണ് വേണ്ടത്. ഓരോ സീസണിലും വിപണിക്ക് ആവശ്യമുള്ളതെന്തെന്നു മുൻകൂട്ടി മനസ്സിലാക്കിയാലേ ഇതു സാധ്യമാവൂ. 

ഫോൺ: 9496187948