Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നട്ട് വളർത്തുന്ന കവിത

biju-kottarakkara-trees ബിജു കൊട്ടാരക്കര താൻ നട്ടുവളർത്തിയ വൃക്ഷത്തൈകൾക്ക് ഒപ്പം

ഒരു ദേശത്തിന് തണലൊരുക്കൽ ജീവിത ലക്ഷ്യമാക്കി ഒരു യുവ കവി. വഴിയോരങ്ങളിലും സ്വന്തം ചുറ്റുപാടുകളിലും മരങ്ങൾ നട്ടുനനച്ച് വളർത്തി മാതൃകയാവുകയാണ് യുവ കവിയും ഹ്രസ്വ ചലച്ചിത്രകാരനുമായ കോഴിക്കോട് ജില്ലയിലെ മേപ്പയൂർ വിളയാട്ടൂർ സ്വദേശി ബിജു കൊട്ടാരക്കര. വിളയാട്ടൂർ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലായി 5600 ലധികം വൃക്ഷങ്ങളും വൃക്ഷത്തൈകളും ഇപ്പോൾ പച്ച പിടിച്ച് നിൽക്കുന്നുണ്ട്.

കൊടും വരൾച്ചയുടെയും കുടി വെള്ളക്ഷാമത്തിന്റെയും നാളുകളിൽ വർഷങ്ങളായി ഈ യുവാവ് നടത്തിവന്ന നിസ്വാർത്ഥ സേവനത്തിന്റെ വിലയറിയുന്നുണ്ട് ഈ നാട്ടുകാർ. ആദ്യമൊക്കെ ബിജുവിന്റെ മരം നടൽ യത്നത്തെ അത്ര ഗൗരവത്തോടെ കണ്ടിരുന്നില്ല നാട്ടുകാരിൽ പലരും.എന്നാൽ കെട്ടുപോകാത്ത നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും അർപ്പണബോധത്തോടെയുള്ള കഠിനാധ്വാനവും ഈ ചെറുപ്പക്കാരന്റെ വഴിയിലേക്ക് ജനങ്ങളുടെ ശ്രദ്ധ പതിപ്പിച്ചു.നാടിനെ പ്രചോദിപ്പിക്കുന്ന പരിസ്ഥിതി പ്രവർത്തനത്തിനുള്ള അംഗീകാരമായി വനം-വന്യജീവി വകുപ്പിന്റെ പ്രകൃതി മിത്ര അവാർഡ് ബിജുവിനെ തേടി വന്നു.അവാർഡ് ലഭിച്ചതിനു ശേഷം തന്റെ ഗ്രാമം മുഴുവൻ അര ലക്ഷം മരങ്ങൾ വെച്ച് പിടിപ്പിക്കുകയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ഈ യുവാവ് ഇപ്പോൾ.

ഒന്നര പതിറ്റാണ്ട് മുമ്പ് 2002 ൽ അമ്പത് വൃക്ഷത്തൈകൾ വെച്ച് പിടിപ്പിച്ചാണ് ബിജു കൊട്ടാരക്കര തന്റെ ദൗത്യം ആരംഭിക്കുന്നത്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ കനാലിന്റെ ഇരുകരകളിലും, കണ്ടംചിറ - കരുവോട് ചിറ തോടിന്റെ വശങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലുമാണ് പ്രധാനമായും മരങ്ങൾ വെച്ച് പിടിപ്പിച്ചത്. മരങ്ങൾ നട്ടുനനച്ച് വളർന്ന് പന്തലിക്കുന്നത് വരെ സ്വന്തം കുഞ്ഞുങ്ങളെ പോലെ ഇവ പരിപാലിക്കുന്നത് ബിജു തന്നെയാണ്.

വിളയാട്ടൂർ നടുക്കണ്ടി ഭഗവതീ ക്ഷേത്രത്തിന് സമീപമുള്ള ഇറിഗേഷൻ വകുപ്പിന്റെ ഒരേക്കർ സ്ഥലത്ത് 2014ൽ ബിജു നട്ടുനനച്ച് വളർത്തിയ 300 വൃക്ഷത്തൈകളിൽ വ്യത്യസ്തമായ ഇനങ്ങളുണ്ട്. മാവ്, പ്ലാവ്, നീലക്കടമ്പ്, പേരാൽ, അരയാൽ, അത്തി, ഇത്തി,വന്നി, ഞാവൽ, കായൽ, ചമത, കരിങ്ങാലി, നെല്ലി, വേപ്പ്, കൂവളം, അശോകം, കരിമരം, ദേവദാരു തുടങ്ങി 101 ഇനങ്ങളുണ്ട്. സ്വന്തം പുരയിടത്തിലെ കിണറിൽ നിന്ന് വെള്ളമെടുത്ത് നനച്ചാണ് ഈ ഹരിത പുതപ്പ് ബിജു കൊട്ടാരക്കര നാടിന് സംഭാവന ചെയ്തത്.തന്റെ അയൽപക്കത്തുള്ള 150 വീടുകളിൽ മാവ്, പ്ലാവ് തുടങ്ങി സ്വന്തമായി മുളപ്പിച്ചെടുത്ത ഫലവൃക്ഷത്തൈകൾ അദ്ദേഹം നട്ടിട്ടുണ്ട്. വീട്ടുകാർ തന്നെയാണ് ഈ തൈകൾ സംരക്ഷിക്കുന്നത്.ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ 500 വൃക്ഷത്തൈകൾ ബിജു നട്ടുപിടിപ്പിച്ചിട്ടുണ്ട്.

വനം വകുപ്പിന്റെ നല്ല സഹകരണം ഈ ഉദ്യമങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നും ഉദയകുമാർ, യൂനസ്, ഗോപാലകൃഷ്ണൻ, അജിത് എന്നീ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വലിയ സഹായങ്ങൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നതിന് ഊർജമായിട്ടുണ്ടെന്നും ബിജു പറഞ്ഞു. ഭ്രാന്തിന്റെ പുസ്തകം എന്ന കവിതാ സമാഹാരവും, ആനുകാലികങ്ങളിൽ അച്ചടിച്ചുവന്ന പത്ത് കഥകൾ ഉൾക്കെള്ളിച്ച അമ്മയില്ലാത്ത വീടുകൾ എന്ന കഥാസമാഹാരവും ബിജുവിന്റെതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. നാരങ്ങാ മിട്ടായി എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ രചനയും, സംവിധാനവും നിർവഹിച്ചിട്ടുണ്ട്.20 മിനിട്ട് ദൈർഘ്യമുള്ള മീൻ ജീവിതങ്ങൾ എന്ന മറ്റൊരു ഹ്രസ്വചലച്ചിത്രത്തിന്റെ പണിപ്പുരയിലാണ് ബിജു ഇപ്പോൾ.

ആഴ്ചയിൽ 3 ദിവസം സമാന്തര കോളേജിലെ അധ്യാപന ജോലി കൊണ്ടാണ് ഉപജീവനത്തിനുള്ള വരുമാനം കണ്ടെത്തുന്നത്. ആദ്യമൊക്കെ ഒറ്റക്കായിരുന്നു പ്രവർത്തനമെങ്കിലും ഇപ്പോൾ സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ നാടിനെ പച്ച പിടിപ്പിക്കാൻ ബിജുവിനൊപ്പമുണ്ട്. നട്ടുനനച്ച മാവും, പ്ലാവും, നെല്ലിയും പൂത്തും, കായ്ച്ചും കാണുമ്പോൾ, നാടും നാട്ടുകാരും നൽകുന്ന പിന്തുണ കാണുമ്പോൾ അര ലക്ഷം മരം വെച്ച് പിടിപ്പിക്കുകയെന്ന തന്റെ സ്വപ്നം പൂർത്തീകരിക്കാനാവുമെന്ന് ഉറപ്പാണെന്ന് ബിജു കൊട്ടാരക്കര പറയുന്നു. ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും ഭൂമിയെ തണുപ്പിക്കാൻ, നീരുറവകൾ സംരക്ഷിക്കാൻ പച്ചപുതപ്പിക്കൽ തന്നെയാണ് ഏക പോംവഴി എന്നതാണ് ബിജുവിന്റെ പക്ഷം.