Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനകവിളയുടെ തണലിൽ

balagangadharan-in-cashew-farm ബാലഗംഗാധരൻ കശുമാവുതോട്ടത്തിൽ

ചൊരിമണലിലെ തെങ്ങുകളിൽനിന്നുള്ള വരുമാനം കുറയുകയും മറ്റു വരുമാന മാർഗങ്ങൾക്ക് സാധ്യത കാണാതിരിക്കുകയും ചെയ്ത കാലത്താണ് ബാലഗംഗാധരൻ ആ വിവരമറിഞ്ഞത് - പാഴ്ഭൂമിയിലെ കനകവിളയായ കശുമാവ് നടുന്നതിനു സർക്കാർ പ്രോത്സാഹനം നൽകുന്നു. മണൽമണ്ണിൽ കശുമാവ് ശരിയാകുമെന്ന് അത്ര പ്രതീക്ഷയില്ലായിരുന്നെങ്കിലും സർക്കാർ പിന്തുണയുള്ളതിനാൽ പരീക്ഷണകൃഷിയാകാമെന്നു തീരുമാനിച്ചു. ചേർത്തല തിരുവിഴയിലെ ഒരേക്കർ സ്ഥലത്ത് നൂറോളം കശുമാവ് തൈകൾ നട്ടത് അങ്ങനെയായിരുന്നു.

കശുമാവ് കൃഷി വികസന ഏജൻസിയിലെ ഉദ്യോഗസ്ഥരുടെ പ്രേരണയും നിർബന്ധവും മൂലം തുടങ്ങിയ കൃഷി പക്ഷേ ബാലഗംഗാധരൻ പ്രതീക്ഷിക്കാത്ത വിധത്തിൽ വളർന്നു. ഏജൻസിയിൽനിന്നും നൽകിയ മാടക്കത്തറ, പ്രിയങ്ക ഇനങ്ങളുടെ തൈകളാണ് നട്ടത്. ഗ്രാഫ്റ്റ് തൈകൾക്ക് വില നൽകേണ്ടി വന്നില്ല.

നനയും ജൈവവളവും മറ്റു പരിചരണങ്ങളും നൽകി 80 മരങ്ങൾ വലുതാക്കി. തൈകളുടെ പരിചരണത്തിനായി കശുമാവ് കൃഷി വികസന ഏജൻസി ആദ്യത്തെ രണ്ടു വർഷങ്ങളിലും സബ്സിഡി നൽകിയിരുന്നു. ആദ്യവർഷങ്ങളിൽ തൈയൊന്നിനു 35 രൂപയും രണ്ടാം വർഷം 20 രൂപയും വീതമാണ് നൽകിയത്. മൂന്നാം വർഷമായ 2012ൽ കശുമാവ് കായ് പിടിച്ച് വരുമാനമേകിയതിനാൽ സബ്സിഡിയുടെ പിന്നാലെ പോയില്ലെന്നതാണ് വാസ്തവം.

ഒരു മരത്തിൽ നിന്നു ശരാശരി മൂന്നു കിലോ വീതം തോട്ടണ്ടി ആദ്യവിളവെടുപ്പിൽ കിട്ടി. ഈ വർഷം ആറു കിലോയെങ്കിലും വിളവ് കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കാലാവസ്ഥാമാറ്റവും കീടശല്യവും വിളവ് ഗണ്യമായി കുറച്ചിരിക്കുകയാണ്. എങ്കിൽപോലും വില കുത്തനെ ഉയരുന്ന കശുവണ്ടി ഈ കർഷകൻറെ പ്രതീക്ഷകൾക്ക് തിളക്കം വർധിപ്പിക്കുന്നു. ഇപ്പോഴത്തെ നിരക്കിൽ വില കിട്ടുകയാണെങ്കിൽ വരും വർഷങ്ങളിൽ ഒരു മരത്തിൽ നിന്നു 600-750 രൂപ പ്രതീക്ഷിക്കാമെന്നു ബാലഗംഗാധരൻ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് അധിക പരിചരണമൊന്നും നൽകാതെ ഇത്രയും വരുമാനം നൽകുന്ന മറ്റൊരു വിളയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാളികേരത്തിൻറെ വില ഇടിയുമ്പോൾ കശുമാവിൽനിന്നുള്ള അധികവരുമാനം തീരപ്രദേശങ്ങളിലെ കൃഷിക്കാർക്ക് വളരെ സഹായകമാണ്. കശുമാവിനു നൽകുന്ന പരിചരണം തെങ്ങിനും പ്രയോജനപ്പെടും. മരങ്ങളിൽ നിന്നു പൊഴിയുന്ന ഇലകൾ മണ്ണിലെ ജൈവാംശം വർധിപ്പിക്കുമെന്നതും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു നേട്ടമാണ്. കശുമാവ് വികസന ഏജൻസിയിൽനിന്നുള്ള ഗ്രാഫ്റ്റ് തൈകളും സാങ്കേതിക- സാമ്പത്തിക പിന്തുണയും അവഗണിക്കാൻ കൃഷിക്കാർക്ക് കഴിയില്ല- അദ്ദേഹം പറഞ്ഞു.

തൈയുൾപ്പെടെ ഒരു കശുമാവിനു 100 രൂപയാണ് സബ്സിഡി അനുവദിക്കുന്നതെന്ന് കശുമാവ് കൃഷി വികസന ഏജൻസിയിലെ ഫീൽഡ് ഓഫീസർ രശ്മി ചൂണ്ടിക്കാട്ടി. തൈയുടെ വില കിഴിച്ച ശേഷം ബാക്കി തുക മൂന്ന് ഗഡുക്കളായാണ് നൽകിയത്. തൈകൾ നട്ടശേഷമേ ആദ്യ ഗഡു നൽകൂ. നട്ട തൈകളുടെ നിശ്ചിത ശതമാനം പരിപാലിച്ചു നിലനിർത്തിയാൽ മാത്രമേ തുടർന്നുള്ള ഗഡുക്കൾ അനുവദിക്കൂ. ചേർത്തല മേഖലയിൽ ഇതുവരെ നാലു ലക്ഷത്തിലേറെ കശുമാവിൻ തൈകൾ വിതരണം ചെയ്തുകഴിഞ്ഞു. സ്ഥല ലഭ്യതയനുസരിച്ച് രണ്ടു തൈ വാങ്ങിയവരും 100 തൈകൾ വാങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. കശുമാവ് ആദായമേകിത്തുടങ്ങിയതോടെ വിപണനത്തിനുള്ള പിന്തുണയും നൽകിത്തുടങ്ങി. ഇതിനായി പത്തു കർഷകർ വീതമുള്ള ഉൽപാദക ഗ്രൂപ്പുകളും പത്ത് ഗ്രൂപ്പുകൾ വീതമുള്ള സൊസൈറ്റികളും രൂപീകരിച്ചുവരികയാണെന്ന് രശ്മി അറിയിച്ചു.

ഫോൺ : 9496002830 (രശ്മി)