Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇളനീരുവിപണിയിലെ ചൗട്ട ബ്രദേഴ്സ്

chouta-brothers-coconut-farmers ചന്ദ്രശേഖര ചൗട്ടയും കൃഷ്ണാനന്ദ ചൗട്ടയും

തേങ്ങ മൂപ്പെത്താൻ കാത്തുനിൽക്കാതെ ഇളനീർ പരുവത്തിൽ പറിച്ചു വിൽക്കുന്നതു ദാരിദ്ര്യലക്ഷണമാണെന്ന ദുരഭിമാനമുള്ളവർ ഇക്കാലത്തുമുണ്ട്. എന്നാൽ കരിക്കിൻവെള്ളത്തിന്റെ സാധ്യത ഇരുപതു വർഷം മുമ്പേ തിരിച്ചറിഞ്ഞ് വിപണിയിലിറങ്ങിയ ഒരു കർഷക കുടുംബമുണ്ട് മഞ്ചേശ്വരം താലൂക്കിലെ മീഞ്ചെ പ‍ഞ്ചായത്തിൽ. ദർബെയിലെ ചൗട്ടസഹോദരങ്ങളായ ചന്ദ്രശേഖര ചൗട്ടയും കൃഷ്ണാനന്ദ ചൗട്ടയും പ്രഭാകര ചൗട്ടയും മനോഹർ ചൗട്ടയുമാണ് ഈ സംരംഭകർ. കേരളത്തിൽ ഇത്ര വിപുലമായ തോതിൽ ഇളനീർ വിൽപന നടത്തുന്ന ഏക കർഷക കുടുംബവും ഇവരുടേതുതന്നെ.

നാൽപതേക്കർ കൃഷിയിടമുണ്ട് ചൗട്ട കുടുംബത്തിന്. പത്തേക്കർ വരുന്ന തെങ്ങിൻതോപ്പിലെ വിളവെടുപ്പ് ഇളനീർ പാകത്തിൽ. നാട്ടിലും കർണാടകയിലെ മംഗളൂരുവിലുമായി പ്രതിമാസം പതിനായിരത്തോളം ഇളനീരാണ് ഇവർ വിപണിയിലെത്തിക്കുന്നത്. മിയാപ്പദവിലെ വീടിനടുത്തുള്ള മൂന്നു സ്റ്റാളുകളിലൂടെയും ഫാം ഫ്രഷ് ഇളനീർ വിൽക്കുന്നു.

'നിലവിലെ ഉൽപാദനച്ചെലവും തേങ്ങാവിലയുമായി തട്ടിച്ചുനോക്കുമ്പോൾ തെങ്ങുകൃഷി ആദായകരമല്ലെന്നു പറയേണ്ടിവരും. തേങ്ങ കൊപ്രയാക്കി മാറ്റാമെന്നു വച്ചാൽ ഉൽപാദനച്ചെലവു വീണ്ടും കൂടുകയും വരുമാനം കയ്യിലെത്താൻ വൈകുകയും ചെയ്യും. എങ്കിൽ പിന്നെ ഇളനീരെന്നുതന്നെ നിശ്ചയിച്ചു.' തേങ്ങ വിറ്റു കിട്ടുന്നതിന്റെ മൂന്നിരട്ടിയാണ് ഇളനീരായി വിപണിയിലെത്തിച്ചാലുള്ള ലാഭമെന്നു ചൗട്ട ബ്രദേഴ്സ്. റെഡി കാഷ് പോക്കറ്റിലെത്തുകയും ചെയ്യും.

വായിക്കാം ഇ - കർഷകശ്രീ

എന്നാൽ ഇളനീർ പറിച്ചെടുക്കുക പ്രയാസമേറിയ പണിയാണ്. തേങ്ങപോലെ പറിച്ചു താഴെയിടാനാവില്ല. കുല കയറിൽ കെട്ടിയിറക്കണം. പറിച്ചെടുത്ത് ആറു ദിവസത്തിനുള്ളിലെങ്കിലും വ്യാപാരികൾക്കു നൽകുകയും വേണം. വൈകിയാൽ കരിക്കിൻ വെള്ളത്തിനു രുചി കുറയും.

coconut-tree

മലയൻ യെല്ല‍ോ ഡ്വാർഫ്, ചാവക്കാട് ഓറഞ്ച് ഡ്വാർഫ്, മലയൻ ഓറഞ്ച് ഡ്വാർഫ്, ആന്ധ്ര ഇനം ഗംഗ എന്നിവയാണ് ചൗട്ടറുടെ തോട്ടത്തിൽ ഇളനീരിനായുള്ള തെങ്ങിനങ്ങൾ. നട്ടു മൂന്നാം വർഷം വിളവെടുപ്പ്. നാലിനങ്ങളുടെയും ഇളനീർരുചി ഒരുപോലെ ഹൃദ്യം. വിപണിയിൽ ഇളനീര് ഒ‍ന്നിന് 25 രൂപ ലഭിക്കും. ആദ്യ വിളവെടുപ്പിൽ ഒരു തെ‍ങ്ങിൽനിന്നു മുപ്പതെണ്ണം വരെ ലഭിക്കും. ആറാം വർഷത്തിൽ എണ്ണം നൂറ്റമ്പതിലെത്തും. ചാണകം, വേപ്പിൻപിണ്ണാക്ക് എന്നിവയ്ക്കൊപ്പം ആവശ്യത്തിന് രാസവളവും നൽകും. തുള്ളിനന സൗകര്യവുമൊരുക്കിയിരിക്കുന്നു.

ഇളനീരിലൊതുങ്ങുന്നതല്ല ചൗട്ട ബ്രദേഴ്സിന്റെ ഹരിത വിപ്ലവം. തെങ്ങിൻതോട്ടത്തിൽ ഇടവിളയായി ആയിരം റംബൂട്ടാൻ ചെടികൾ വളർന്നു നിൽക്കുന്നു. അഞ്ചു ടൺ പഴമാണ് പ്രതിവർഷ ഉൽപാദനം. കേരളവും കർണാടകവുമാണ് വിപണി. രണ്ടേക്കറിലുള്ള ഇരുനൂറ് മാങ്കോസ്റ്റിൻ ചെടികൾ വിളവെടുക്കാറായി വരുന്നു. ഇരുനൂറ് ബട്ടർഫ്രൂട്ട് തൈകളുമുണ്ട്.

മുന്തിയ ഇനം തെങ്ങിൻതൈകളും ഇവിടെ വിൽപനയ്ക്കുണ്ട്. ആയിരം തൈകളാണ് പ്രതിവർഷ ഉൽപാദനം. കർണാടകയിൽനിന്നും കേരളത്തിൽനിന്നും ആവശ്യക്കാരെത്തുന്നു. കമുക്, വാഴ, കൊക്കോ, നെല്ല് എന്നിങ്ങനെ വേറെയുമുണ്ട് വിളകൾ.

ഇളനീരായല്ലാതെ തേങ്ങയായി വിൽക്കുന്നതിനുള്ള തെങ്ങിൻതോപ്പും സ്വന്തമായുള്ള ചൗട്ട സഹോദരന്മാർ നാട്ടിലെ മറ്റു കർഷകർക്കു വളരാൻ വഴിയൊരുക്കുന്നതിലും ശ്രദ്ധിക്കുന്നുണ്ട്. മിയാപ്പദവിൽ പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് കോക്കനട്ട് പ്ര‍ൊഡ്യൂസേഴ്സ് സൊസൈറ്റി പ്രസിഡന്റാണ് ചന്ദ്രശേഖര ചൗട്ട. നാളികേര ബോർഡിന്റേതുൾപ്പെടെയുള്ള സഹായപദ്ധതികൾ കർഷകരിലെത്തിക്കാനും മികച്ച കൃഷി, വിപണന രീതികളിലേക്കു കർഷകരെ നയിക്കാനും എന്നും മുൻനിരയിലുണ്ട് ചൗട്ടർ കുടുംബം.

ഫോൺ (ഡി.സി. ചൗ‌ട്ട) : 9447193984