Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുന്നൂ ഗ്രാമ്പൂക്കാലം

illickal-joseph-clove-farmer ഇല്ലിക്കൽ ജോസഫ് ഗ്രാമ്പൂ നഴ്സറിയിൽ

കോഴിക്കോട് കാവിലുംപാറയിലെ മലയോരം ഗ്രാമ്പൂകൃഷിയിൽ സമ്പന്നമാണ്. ആയിരത്തിഅഞ്ഞൂറ് അടിയിലേറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മുറ്റത്തുപ്ലാവ്, ചാപ്പൻതോട്ടം, വട്ടിപ്പന, പശുക്കടവ്, പൂതംപാറ, കരിങ്ങാട് പ്രദേശങ്ങളിലാണ് ഗ്രാമ്പൂകൃഷിയുള്ളത്. ഇവിടത്തെ കാലാവസ്ഥ ഗ്രാമ്പൂകൃഷിക്ക് വളരെ അനുകൂലമാണെന്ന് കർഷകർ പറയുന്നു. ആയിരത്തിലേറെ കർഷകരാണ് ഈ മലയോരത്ത് ഗ്രാമ്പൂ കൃഷി ചെയ്യുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് വിദേശ നാണ്യം നേടിത്തരുന്ന ഗ്രാമ്പൂ കർഷകർക്ക് വേണ്ട പ്രോത്സാഹനമോ സഹായമോ അധികൃതരുടെ ഭാഗത്തുനിന്നുമില്ലെന്നാണ് പരാതി.

ലോകത്ത് മറ്റൊരിടത്തും ലഭിക്കുന്നതിൽ കൂടുതൽ ഓയിൽ കണ്ടന്റ് കാവിലുംപാറയിലെ ഗ്രാമ്പൂവിൽ നിന്നും ലഭിക്കുന്നുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. തെങ്ങ്, കമുക്, കുരുമുളക് എന്നിവയ്ക്ക് ഇടവിളയായും ഗ്രാമ്പൂ വളർത്താവുന്നതാണ്.

മുറ്റത്തുപ്ലാവിലെ ഇല്ലിക്കൽ ജോസഫാണ് ഈ പ്രദേശത്ത് ആദ്യമായി ഗ്രാമ്പൂകൃഷി തുടങ്ങിയത്. 1979ൽ നാഗർകോവിൽ ബ്ലാക്ക് റോക്ക് എസ്റ്റേറ്റിൽ നിന്നാണ് തൈകൾകൊണ്ടുവന്ന് ഗ്രാമ്പൂകൃഷി തുടങ്ങിയത്. ഇന്ന് ജോസഫിന്റെ കൃഷിയിടത്തിൽ ആയിരത്തിഅഞ്ഞൂറോളം ഗ്രാമ്പൂ മരങ്ങളുണ്ട്.

20 അടി അകലത്തിലാണ് ഗ്രാമ്പൂ തൈകൾ നടേണ്ടത്. ആദ്യത്തെ മുന്നു വർഷം നനയും നല്ല പരിചരണവും ആവശ്യമാണ്. പിന്നീട് വർഷത്തിൽ കാട് വെട്ടി പുതയിടുകയും മൂന്നോ നാലോ പ്രാവശ്യം ചാണക വളം ചേർത്താലും മതി. അഞ്ചാം വർഷം മുതൽ കായിട്ടുതുടങ്ങും. പത്താം വർഷം മുതൽ നല്ലതോതിൽ വിളവ് ലഭിക്കും. പത്തു വർഷം കഴിഞ്ഞ മരത്തിൽ നിന്നും ശരാശരി പത്തു കിലോയോളം പൂവ് ലഭിക്കും.

ജൈവ കൃഷിരീതിയാണ് ജോസഫ് പിൻതുടരുന്നത്. വലിയ മരത്തിന് വർഷത്തിൽ ഒരു കിലോ ബയോ പൊട്ടാഷ് (എസ്ഒപി) വളമായി നൽകും. ഇതിന് പുറമെ ബയോപൊട്ടാഷ് സ്പ്രേ ചെയ്തുകൊടുക്കും. നല്ല മഴക്കാലത്ത് ബോർഡോ മിശ്രിതവും തളിക്കും. ഇതിനു പുറമെ വർഷത്തിൽ ഫെബ്രുവരി, മാർച്ച് മാസം ഒഴികെ മറ്റെല്ലാസമയത്തും മാസത്തിൽ ഒരു തവണ ജീവാമൃതം ചുവട്ടിൽ ഒഴിച്ചുകൊടുക്കും. ഗോമൂത്രവും ചാണകവും വെള്ളത്തിൽ ചേർത്താണ് ജീവാമൃതം തയാറാക്കുന്നത്. ഇതിനായി നാടൻ ഇനം പശുവിനെയും വളർത്തുന്നുണ്ട്.

മേയ് മാസത്തിലാണ് ഗ്രാമ്പൂമരങ്ങൾ പൂവിടുന്നത്. ജനുവരി 10 മുതൽ ഫെബ്രുവരി 28ന് അകം വിളവെടുക്കുകയും വേണം.

clove-plantation-in-kavilumpara കാവിലുംപാറ മലയിലെ ഗ്രാമ്പൂതോട്ടം

ഉയരമുള്ള മരത്തിൽ മൂന്നു ഭാഗത്തും കയർകൊണ്ട് കെട്ടിയ ഏണി ചാരിവച്ചാണ് പൂവ് പറിക്കുന്നത്. ഇപ്പോൾ ബംഗാളികളാണ് പൂവ് പറിക്കുന്നത്. ദിവസം ആയിരത്തിലേറെ രൂപ കൂലിയായി ഒരു തൊഴിലാളിക്ക് ലഭിക്കുന്നുണ്ട്.

വെയിലത്തിട്ടാൽ അഞ്ചു ദിവസത്തെ ഉണക്ക് വേണം. വേഗം ഉണങ്ങിക്കിട്ടാൻ ഡ്രയർ ഉപയോഗിച്ചും ഉണക്കുന്നുണ്ട്. ഡ്രയറിൽ 24 മണിക്കൂർ കൊണ്ട് ഉണക്കിയെടുക്കാം. ഈ വർഷം കിലോയ്ക്ക് 720 രൂപയാണ് വില. മുൻ വർഷങ്ങളിൽ 1200 രൂപ വരെ വിലയുണ്ടായിരുന്നു. ഒരു കിലോ ഉൽപാദിപ്പിച്ചെടുക്കാൻ വള പ്രയോഗവും കൂലിയുമടക്കം 200 രൂപ ചെലവ് വരും.

ഇപ്പോൾ ഒരു കിലോ പൂവിൽ നിന്നും 500 രൂപ കർഷകന് ലാഭമുണ്ടാകുമെന്ന് ജോസഫ് പറയുന്നു.

125 വർഷം ഉൽപാദനം ലഭിക്കുമെന്നതാണ് ഗ്രാമ്പൂമരത്തിന്റെ മറ്റൊരു സവിശേഷത.

സുഗന്ധദ്രവ്യങ്ങൾ, ആയുർവേദ, ഇംഗ്ലിഷ് മരുന്നുൽപാദനം എന്നിവയ്ക്കാണ് ഗ്രാമ്പൂ ഉപയോഗിക്കുന്നത്. വിപണനവും പ്രശ്നമല്ല. എത്ര ഉൽപാദിപ്പിച്ചാലും ഡിമാൻഡ് കുറയില്ലെന്ന പ്രത്യേകതയുമുണ്ട്. ഇലകൊഴിയാത്ത മരമായതിനാൽ തണുപ്പ് നിലനിർത്താനും ഗ്രാമ്പൂകൃഷി അനുയോജ്യമാണ്.

clove-harvest പറിച്ചിട്ട ഗ്രാമ്പൂ വേർതിരിക്കുന്ന തൊഴിലാളികൾ

കാട്ടുമൃഗശല്യം കൂടുതലുള്ള പ്രദേശത്തും കൃഷി ചെയ്യാൻ പറ്റുന്ന വിളയാണ് ഗ്രാമ്പൂ. ഇതുകാരണം കുരങ്ങ് ശല്യം കൂടുതലായ മലയോര പ്രദേശങ്ങളിൽ കർഷകർ ഇപ്പോൾ ഗ്രാമ്പൂകൃഷിയിലേക്ക് മാറുകയാണ്. മലയോര മേഖലയിൽ ആയിരക്കണക്കിന് ഏക്കർ സ്ഥലം കാട്ടുമൃഗശല്യം കാരണം കർഷകർ കൃഷി ഉപേക്ഷിച്ച് തരിശിട്ടിരിക്കുകയാണ്. ഇത്തരം ഭൂമികളി‍ൽ ഗ്രാമ്പൂകൃഷി തുടങ്ങിയാൽ പുതുതലമുറയ്ക്ക് തൊഴിൽസാധ്യതയും വരുമാനവും ഉണ്ടാക്കാമെന്നും ജോസഫ് പറയുന്നു.

നല്ല ഉൽപാദനശേഷിയുള്ള ഗ്രാമ്പൂതൈകളുടെ നഴ്സറിയുമുണ്ട്. കോഴിക്കോട് ജില്ലയിലെ നല്ല സുഗന്ധവിള കർഷകനുള്ള ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ അവാർഡും ജോസഫിന് ലഭിച്ചിട്ടുണ്ട്. ഗ്രാമ്പൂതോട്ടത്തിന് ഇടവിളയായി കുരുമുളകും വളർത്തുന്നുണ്ട്. ഭാര്യ തങ്കവും മക്കളായ ഷിജു, ഷൈൻ, ഷിൻസി എന്നിവരും കൃഷിക്കാര്യത്തിൽ സഹായവുമായി ജോസഫിന് ഒപ്പമുണ്ട്.

ഫോൺ: 92876 53102, 0496 2221812

Your Rating: