Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേണമെങ്കിൽ ഡ്രാഗൺ പഴവും...

dragon-fruit അബ്ദുൽ ഹമീദ്ഹാജിയും അബ്ദുൽസലീമും കൃഷിയിടത്തിൽ

മലബാറിലെ ഊട്ടി എന്ന് വിളിപ്പേരുള്ള കക്കാടംപൊയിലിൽ സ്ഥലം വാങ്ങുമ്പോൾ മലപ്പുറം സ്വദേശികളായ പൂവഞ്ചേരിൽ അബ്ദുൽ ഹമീദ്ഹാജിക്കും സഹോദരൻ അബ്ദുൽസലീമിനും ഒരു കാര്യത്തിൽ നിർബന്ധം ഉണ്ടായിരുന്നു; വ്യത്യസ്ഥമായ കൃഷിസ്ഥലമായിരിക്കണം എന്നതായിരുന്നു അത്. അങ്ങനെയാണ് താഴെകക്കാട് വാങ്ങിയ നാല് ഏക്കർ സ്ഥലം പഴങ്ങളുടെ വിളനിലമായത്. വിദേശ പഴവർഗങ്ങളെല്ലാം സ്വദേശിയായി ഇല നീട്ടി തലയാട്ടി നിറഞ്ഞ കായ്ഫലത്തോടെ ഈ കൃഷിസ്ഥലത്ത് നിൽക്കുന്നത് വർണമനോഹരമായ കാഴ്ചയാണ്.

പഴവർഗങ്ങളുടെ തൈകൾ എവിടെ കണ്ടാലും അതിന്റെ കൃഷിരീതി മനസിലാക്കി തൈകൾ വാങ്ങി തങ്ങളുടെ കൃഷിസ്ഥലത്ത് നട്ടുവളർത്തുക എന്നത് ഇവരുടെ പ്രത്യേകതയാണ്. എന്നാൽ വെറുമൊരു പഴത്തോട്ടം എന്നതിനപ്പുറം സംയോജിത കൃഷിസമ്പ്രദായത്തിലൂടെ വരുമാനം നേടുന്ന കൃഷിരീതിയും ഈ കൃഷിയിടത്തിൽ കാണാൻ കഴിയും. സ്ഥലത്തിന് മുകളിലുള്ള നീരുറവയിലെ ജലം താഴ്ഭാഗത്ത് നിർമിച്ച കുളത്തിൽ ശേഖരിച്ച് മത്സ്യം വളർത്തുകയും വേനൽക്കാലത്ത് ജലസേചനത്തിനുപയോഗിച്ചുമാണ് കൃഷിസ്ഥലത്ത് ഹരിതസമൃദ്ധി ഉണ്ടാക്കിയത്. റംബുട്ടാൻ, മങ്കോസ്റ്റിൻ, ഫിലോസാൻ, പാഷൻഫ്രൂട്ട്, വിവിധ ഇനം പപ്പായകൾ, മാവുകൾ എന്നിവയെല്ലാം ഈ കൃഷിയിടത്തിൽ ഉണ്ടെങ്കിലും ഒരേക്കറിൽ നടത്തുന്ന ഡ്രാഗൺ ഫ്രൂട്ട് കൃഷിയാണ് ഏറ്റവും ശ്രദ്ധേയം.

ഡ്രാഗൺ ഫ്രൂട്ട്

dragon-fruit-pitaya-plant ഡ്രാഗൺ പഴം

കള്ളിച്ചെടിയിൽ നിന്ന് ലഭിക്കുന്ന സ്വാദിഷ്ടമായ പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ഉഷ്ണമേഖലാ പഴമായ ഇത് തെക്കേ അമേരിക്കൻ സ്വദേശിയാണ്. ഇപ്പോൾ ചൈന, മലേഷ്യ, വിയറ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ വൻതോതിൽ കൃഷിചെയ്യുന്നു. അടുത്ത കാലത്താണ് നമ്മുടെ പഴങ്ങളുടെ കൂട്ടത്തിൽ ഈ വിഐപി എത്തിയത്. പിത്തായ എന്ന പേരിലും ഈ പഴം അറിയപ്പെടുന്നുണ്ട്. പെരുമണ്ണാമുഴി സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ ഫാം സന്ദർശിച്ചപ്പോഴാണ് ഈ പഴത്തെ കുറിച്ച് അറിഞ്ഞത്. ഇതിന്റെ കൃഷിരീതികളും പരിചരണവും ചോദിച്ചറിഞ്ഞു. കർണാടകത്തിലെ ഫാമിൽനിന്ന് തൈ ലഭിക്കുമെന്ന് അറിഞ്ഞ് അവിടെ പോയി തൈകൾ തിരഞ്ഞെടുത്തു. ഗുണനിലവാരം അനുസരിച്ച് 75 മുതൽ 300 രൂപ വരെ തൈകൾക്ക് വിലയുണ്ട്.

ഒരേക്കർ സ്ഥലം പ്രത്യേകം തയാറാക്കിയാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിചെയ്തിരിക്കുന്നത്. നല്ല നീർവാർച്ചയുള്ള സ്ഥലമാണ് ഇതിന് വേണ്ടത്. കൂടരഞ്ഞി കൃഷിഭവൻ ഉദ്യോഗസ്ഥർ കൃഷിക്ക് വേണ്ട പ്രോത്സാഹനം നൽകി. തൈ നട്ട് വളർന്നു വരുമ്പോൾ കരിങ്കൽതൂണിന് മുകളിൽ സൈക്കിൾ ടയർ ഉറപ്പിച്ച് അതിലേക്ക് കയറ്റിവിട്ടാണ് ഈ ചെടി വളർത്തുന്നത്. തണ്ടും ഇലയും എല്ലാം ഒന്നുതന്നെയാണ്. ഈ തണ്ടിന്റെ അറ്റത്താണ് കായ് ഉണ്ടാകുന്നത്. തണ്ടിന്റെയും കായുടെയും ആകൃതികൊണ്ടും പുറത്ത് ശൽക്കങ്ങൾപോലെയുള്ള തൊലിയും പിങ്ക് നിറവുമാണ് ഈ പഴത്തിന് ഡ്രാഗൺ ഫ്രൂട്ട് എന്നപേര് നൽകിയത്. ടൗണിലെ സൂപ്പർമാർക്കറ്റുകളിൽ 300– 400 രൂപ വില ഡ്രാഗൺ പഴത്തിന് വിലയുണ്ട്.

dragon-fruit-pitaya ഡ്രാഗൺ പഴം

വിലത്തകർച്ചയും രോഗബാധയും മൂലം മലയോരങ്ങളിലെ ദീർഘകാല വിളകളൊക്കെ പ്രതിസന്ധിയിലാകുമ്പോൾ പഴവർഗങ്ങൾ ഇടവിളയായി കൃഷിചെയ്ത് ആദായം ഉണ്ടാക്കുന്ന നിരവധി കർഷകർ മലയോരമേഖലയിൽ ഉണ്ട്. വിവിധ ഇനം പഴവർഗങ്ങളുടെ പ്രദർശന തോട്ടം കൂടിയായ ഇവരുടെ കൃഷിയിടത്തിൽ പഴവർഗങ്ങളെ അടുത്തറിയുന്നതിനും കൃഷിരീതികൾ പഠിക്കുന്നതിനും ധാരാളം ആളുകൾ എത്തുന്നുണ്ട്.

വിവരങ്ങൾക്ക് ഫോൺ: 9447774242.