Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഡൽ പച്ച

organic-farming-by-govt-ttc-kozhikode കോഴിക്കോട് ഗവ. അധ്യാപക പരിശീലനകേന്ദ്രത്തിലെ ജൈവ പച്ചക്കറി കൃഷി.

അധ്യാപിക പറ‍ഞ്ഞതനുസരിച്ച് പാവലിനോടൊരു കമ്പു ചേർത്തുകെട്ടി കുട്ടികൾ. പിറ്റേന്നു വന്നു നോക്കുമ്പോൾ സ്പ്രിങ് പോലുള്ള ചുരുൾത്തണ്ടുകൾ കമ്പിലേക്കു പടർന്നു കയറിയിട്ടുണ്ട്– ‘ചെടി ആ കമ്പിനെ കെട്ടിപ്പിടിച്ചല്ലോ ടീച്ചറേ!’ കുട്ടികൾ തുള്ളിച്ചാടി. കോഴിക്കോട് നടക്കാവ് അധ്യാപക പരിശീലന കേന്ദ്രത്തിന്റെ വളപ്പിലുള്ള ഗവ. മോഡൽ എൽപി സ്കൂളിലെ കുട്ടികളുടെ പഠനം ഇപ്പോൾ ചെടികളെ നിരീക്ഷിച്ചാണ്.

‘വഴുതന മരത്തിലല്ലേ ടീച്ചറേ ഉണ്ടാകുന്നത് ’ എന്നു ചോദിച്ച കുട്ടികൾക്കിന്നു പച്ചക്കറികളെക്കുറിച്ച് ഒരുപാടറിയാം. അളവും തൂക്കവും അവർ പഠിക്കുന്നത് വിളവെടുക്കുന്ന പച്ചക്കറികൾ‌ തൂക്കിനോക്കിയാണ്. രാവിലെയും വൈകിട്ടും ചെടികൾക്കും മരത്തൈകൾക്കും വെള്ളമൊഴിക്കാനും വീണുകിടക്കുന്ന ഒരു ചെടിയെപ്പോലും അരുമയായി പരിപാലിക്കാനും അവർക്കിപ്പോൾ ആരുടെയും നിർദേശമൊന്നും ആവശ്യമില്ല.

പച്ചച്ചീരയുടെയും തഴുതാമയുടെയും ഗുണങ്ങൾ കുട്ടികൾ പറഞ്ഞുതരും. അധ്യാപക പരിശീലന കേന്ദ്രത്തിലെ വിദ്യാർഥികളും അധ്യാപകരും ഓഫിസ് ജീവനക്കാരും സ്കൂൾ കുട്ടികളും ചേർന്നു പരിപാലിക്കുന്ന പച്ചക്കറിത്തോട്ടം ഇപ്പോൾ ഇവരുടെയെല്ലാം ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ഒരേക്കറോളം സ്ഥലത്താണ് പച്ചക്കറി കൃഷി. കഴിഞ്ഞ ഡിസംബറിലാണ് ഇവിടുത്ത ‘ഹരിത വിപ്ലവ’ത്തിനു തുടക്കം.

പരിശീലന കേന്ദ്രത്തിന്റെ പിന്നാമ്പുറത്തുള്ള കുറ്റിക്കാട് അന്നു വലിയ വില്ലനായിരുന്നു. വിദ്യാർഥികളുടെ ഹോസ്റ്റൽ അന്നു കുറ്റിക്കാടിനടുത്തായിട്ടാണ്. കുറ്റിക്കാട്ടിലെ പാമ്പും കീരിയും എലിയും എല്ലാവരുടെയും പേടിസ്വപ്നം.ചിലർക്കൊക്കെ എലിയുടെ കടി കിട്ടിയതോടെ പരിസരം വൃത്തിയാക്കാൻ തീരുമാനിച്ചു. വൃത്തിയാക്കിയാലും പിന്നെയും കാടു വളരുമല്ലോ. അതു തടയാൻ എന്തു ചെയ്യണമെന്ന ആലോചനയിലായി എല്ലാവരും. പച്ചക്കറിക്കൃഷി തുടങ്ങാൻ അങ്ങനെയാണ് തീരുമാനിക്കുന്നത്.

പരിശീലന കേന്ദ്രത്തിനു ലഭിച്ച ഫണ്ടുപയോഗിച്ച് പുല്ലുവെട്ടി യന്ത്രവും കൈക്കോട്ടും മറ്റും വാങ്ങി. പണിക്കാർക്കൊപ്പം വിദ്യാർഥികളും കാടു വെട്ടാനിറങ്ങി. ഈ മണ്ണിനിണങ്ങിയ കൃഷി എന്താണെന്നറിയാൻ കൃഷി വകുപ്പുമായി ബന്ധപ്പെട്ടു.പ്രോജക്ട് തയാറാക്കി കൊടുത്താൽ ധനസഹായം നൽകാമെന്നു കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതോടെ എല്ലാവരുടെ ഉത്സാഹം ഇരട്ടിയായി. 93,000 രൂപ ലഭിച്ചു. വിത്ത്, വളം, ഗ്രോബാഗുകൾ എന്നിവയെല്ലാം വാങ്ങി.

തുള്ളിനന സംവിധാനമൊരുക്കി. തോട്ടത്തിനു ഗ്രീൻവാലി എന്നു പേരിട്ടു. സീനിയർ അസിസ്റ്റന്റ് ജമുന ദേവിയുടെയും പ്രിൻസിപ്പൽ ടി. സി റോസ്മേരിയുടെയും കൺവീനർ അബ്ദുൽ റഷീദിന്റെയും നേതൃത്വത്തിൽ രാവിലെയും വൈകിട്ടുമെത്തി പരിശീലന കേന്ദ്രത്തിലെ വിദ്യാർഥികളും അധ്യാപകരും സ്കൂൾ കുട്ടികളും അധ്വാനിച്ചു. ‍രണ്ടു കിണറുകളുള്ളതിനാൽ നനയ്ക്കാൻ ആവശ്യത്തിനു വെള്ളമുണ്ട്.

ഗ്രോബാഗുകളിലും മണ്ണിലുമായി വഴുതന, പച്ചമുളക്, തക്കാളി, ചീര, മത്തൻ, പടവലം, ഇഞ്ചി, പയർ, മ‍ഞ്ഞൾ, ചേന തുടങ്ങി ഇപ്പോൾ ഇല്ലാത്തതൊന്നുമില്ല. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ നിന്നു ഔഷധ വൃക്ഷങ്ങളും ചെടികളും വാങ്ങി നട്ടു. പൂർണമായും ജൈവകൃഷിയാണ്. കടലപ്പിണ്ണാക്കും ചാണകവും ചേർത്തു ചെടികൾക്കിടും. കുരുവട്ടൂരിൽ നിന്നു ശശി എന്നൊരു നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള കർഷകനെത്തും ഇടയ്ക്ക്.

ചെടികളുടെ ഡോക്ടറാണിദ്ദേഹം. ഓരോ ചെടിയെയും നിരീക്ഷിച്ച് എന്തെങ്കിലും രോഗങ്ങളുണ്ടോ, എന്തൊക്കെ ചെയ്യണം എന്നൊക്കെ പറ‍ഞ്ഞുകൊടുക്കും.സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഇപ്പോൾ തോട്ടത്തിലെ പച്ചക്കറികൾ മതി. ബാക്കിയുള്ളത് വിപണി വിലയ്ക്കു വിൽക്കുന്നുണ്ട്. കുട്ടികളും അധ്യാപകരും തന്നെ എല്ലാം വാങ്ങിക്കൊണ്ടു പോകും. കുറച്ചു മാസങ്ങൾക്കുള്ളിൽ ഗ്രോബാഗുകൾ മഴമറയിലേക്കു മാറ്റും.

തോട്ടമുണ്ടായിരുന്നിടത്ത് കന്നുപൂട്ടി നെൽക്കൃഷിയിറക്കാനാണ് ഇപ്പോൾ കൃഷിക്കൂട്ടത്തിന്റെ ആഗ്രഹം. അടുത്തവർഷം ഒന്നരയേക്കർ സ്ഥലത്തു പച്ചക്കറി കൃഷി വ്യാപിപ്പിക്കും.പരിശീലന കേന്ദ്രത്തിന്റെ വളപ്പിലുണ്ടായിരുന്ന തകർന്നു കിടന്ന കുളം ഭംഗിയാക്കിയെടുക്കുന്ന പണികൾ പുരോഗമിക്കുകയാണ്. കെട്ടിടം പണി തുടങ്ങാത്തതിനാൽ ക്ലാസെടുക്കാൻ സൗകര്യമില്ലാത്തവർ ഈ കുളത്തിനടുത്ത്, വൻമരത്തിന്റെ ചുവട്ടിലായാണ് പഠനം. കുളത്തിനടുത്ത് കാവൊരുക്കാനുള്ള ശ്രമമാണ് ഇനി.

പല കാവുകൾ നേരിട്ടുകണ്ടു ഏതൊക്കെ മരങ്ങൾ വേണമെന്നു തീരുമാനിക്കണം. കൃഷി നടത്തിയതിന്റെ ഏറ്റവും വലിയ നേട്ടം എല്ലാവരുടെയും മനോഭാവത്തിൽ വന്ന മാറ്റമാണെന്നാണ് ‘ഹരിത വിപ്ലവത്തിന്റെ’ നായിക ജമുന ടീച്ചർ പറയുന്നത്. ‘ അധ്യാപക പരിശീലനം നടത്തുന്നവർ ഇപ്പോൾ ഒരു ചെടി അൽപം വാടിനിന്നാൽ പോലും ശ്രദ്ധിക്കും. പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് കുട്ടികളെ സ്നേഹിക്കാതിരിക്കാനിവില്ലല്ലോ. നന്മയുടെ പച്ചപ്പുള്ള ഇവരുടെ കയ്യിൽ നമ്മുടെ കുട്ടികൾ സുരക്ഷിതരാണ്’.

Your Rating: