Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷമില്ല, വിഷമിക്കാതെ കഴിക്കാം പാമ്പാടിയിലെ കറിവേപ്പില

curry-leaf-farming-pampady-kottayam സൗത്ത് പാമ്പാടിയിലെ ആളോത്ത് റെജി കറിവേപ്പ് തോട്ടത്തിൽ. കൃഷി അസി.ഡയറക്ടർ കോര തോമസ്, കൃഷി ഓഫിസർ അശ്വിനി എന്നിവർ സമീപം.

കറിയിൽനിന്നു കറിവേപ്പില ഇനി എടുത്തുകളയാൻ വരട്ടെ. വിഷമയമുണ്ടെന്ന ഭയത്താൽ തമിഴ്നാട് കറിവേപ്പിനെ തള്ളിക്കളഞ്ഞവർക്കായി കോട്ടയം പാമ്പാടിയിൽനിന്ന് ഒന്നാന്തരം കറിവേപ്പിലകൾ തയാറായി. സൗത്ത് പാമ്പാടി ആളോത്ത് റെജിയാണു നാൽപതു സെന്റ് സ്ഥലത്ത് കറിവേപ്പുപാടമൊരുക്കി വിളവെടുപ്പ് ആരംഭിച്ചത്. കറികൾക്കു സ്വാദ് കൂട്ടാൻ ആവശ്യമായിട്ടും വ്യാപകമായ വിഷം തളിക്കലിന്റെപേരിൽ പലരും കറിവേപ്പിലയെ വിപണിയിൽനിന്ന് അകറ്റുന്നതു കണ്ടതാണ് കറിവേപ്പു കൃഷിക്കു റെജിയെ പ്രേരിപ്പിച്ചത്. തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തുനിന്നാണ് ഔഷധഗുണമുള്ള മികച്ചയിനം കറിവേപ്പ് തൈകൾ എത്തിച്ചത്.

തോട്ടത്തിലെത്തുമ്പോഴും പറിച്ചെടുക്കുമ്പോഴും അനുഭവപ്പെടുന്ന മണം തന്നെ ഇവയുടെ ഗുണമേന്മ വ്യക്തമാക്കുന്നു. തോട്ടത്തിൽ കീടനാശിനകൾ ഉപയോഗിക്കാതെയാണ് ഇവയുടെ വിളവെടുപ്പ്. സോളർ കെണിയാണു കീടങ്ങളെ പിടികൂടാൻ ഉപയോഗിച്ചിരുന്നത്. പകൽ ചാർജാകുന്ന സോളർ വിളക്ക് രാത്രിയിൽ തെളിയുന്നതോടെ ഈച്ചകൾ കൂട്ടമായി കെണിവിളക്കിലേക്ക് എത്തും. ഇതോടൊപ്പം പ്രവർത്തിക്കുന്ന ഫാൻ ഈച്ചകളെ വലയിലാക്കുകയും ചെയ്യും. കൃഷി ആരംഭിച്ചു രണ്ടാം മാസം തന്നെ വിളവെടുക്കാൻ റെജിക്കു സാധിച്ചു.

പാമ്പാടി കൃഷിഭവന്റെ സാങ്കേതിക സഹായത്താൽ വളപ്രയോഗവും ജലസേചനവും കീടനിവാരണവും ഓട്ടോമാറ്റിക് സംവിധാനത്തിലാണ്. പാകമാകുന്ന ഇലകൾ ശിഖരങ്ങളോടെ മുറിച്ചെടുത്താണു വിപണിയിൽ എത്തിക്കുന്നത്. ചെടിയുടെ ഭാഗം വീണ്ടും പൊട്ടി തളിർക്കുകയും ചെയ്യും. ഒന്നരമാസംകൊണ്ട് വീണ്ടും ഇവ മുറിക്കാൻ പാകമാകും. കിലോയ്ക്ക് 70–80 രൂപ വില ലഭിക്കാറുണ്ടെന്നു റെജി പറഞ്ഞു. പ്രായമായ ചെടിയിൽനിന്ന് ഒരുകിലോ കറിവേപ്പിലവരെ ലഭിക്കും. കൃഷി അസി.ഡയറക്ടർ കോര തോമസ്, കൃഷി ഓഫിസർ അശ്വിനി എന്നിവരുടെ സാങ്കേതിക ഉപദേശങ്ങളും കൃഷിക്കു പ്രോൽസാഹനം പകരുന്നു. ആവശ്യക്കാർക്കു മികച്ചയിനം കറിവേപ്പു തൈകൾ നൽകാനും തയാറായിട്ടുണ്ട്.

ഫോൺ– 9495064010