Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴിയരികിലാണ്; ആർക്കും കാണാം, ഈ ഹരിതഭംഗി

pumpkin-harvest-by-rajan ഈന്താട്– മുതുവാട്ടുതാഴം റോഡരികിലെ കൃഷിയിടത്തിൽ നിന്ന് വിളവെടുത്ത മത്തൻ കർഷകൻ മാണിക്കകുന്നുമ്മൽ രാജൻ അടുക്കിവയ്ക്കുന്നു.

കോഴിക്കോട് ഈന്താട്– മുതുവാട്ടു താഴം റോഡരികിൽ തരിശായി കിടന്ന അഞ്ച് ഏക്കറോളം സ്ഥലം ജൈവ പച്ചക്കറി കൃഷിയിലൂടെ പച്ചപ്പാക്കി മാറ്റി മാണിക്ക കുന്നുമ്മൽ രാജൻ. ഡിസംബർ ഒന്നിന് ആരംഭിച്ച കൃഷിയുടെ 60 ശതമാനത്തോളം വിളവെടുത്തപ്പോൾ 27 ടണ്ണോളം പച്ചക്കറികൾ ലഭിച്ചു. ഇതിൽ 20 ടണ്ണോളം മത്തൻ, മൂന്നു ടൺ വെള്ളരി, ഒന്നര ടൺ പച്ചമുളക്, രണ്ടര ടണ്ണോളം പയർ, വെണ്ട, വഴുതന എന്നിങ്ങനെയാണവ.

സമീപത്തെ തോട്ടിലെ വെള്ളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ രാജൻ കൃഷിത്തോട്ടത്തിലുണ്ടാകും.ഒഴിവു സമയങ്ങളിൽ ഭാര്യ രമയും മക്കളുമെല്ലാം കൃഷിക്ക് സഹായവും പ്രോത്സാഹനവും നൽകുന്നു.ഈന്താട് സ്വദേശി ഇമ്പിച്ചിമമ്മുവിന്റേതാണ് സ്ഥലം. തരിശായി കിടന്ന ഇവിടെ കൃഷി ചെയ്യാനായി രാജൻ ചോദിച്ചപ്പോൾ ഇമ്മിച്ചിമമ്മുവും മക്കളും അതിനു പൂർണ സമ്മതം നൽകി.

റോഡരികിലെ ഹരിതഭംഗി കാഴ്ചക്കാർക്ക് കൃഷിയോട് ആഭിമുഖ്യവും നൽകുന്നു. കൃഷി ഭവന്റെ തരിശുനില പച്ചക്കറി കൃഷിയും കാർഷിക രംഗത്ത് വർഷങ്ങളായുള്ള രാജന്റെ പ്രവർത്തനവുമാണ് ഇതിനു സഹായകമായത്.വേങ്ങേരി, പാളയം മാർക്കറ്റ്, എടക്കരയിലെ വിഎഫ്പിസികെ വിപണന കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിലാണ് പച്ചക്കറി നൽകുന്നത്. ചാണകം, കോഴിവളം, പിണ്ണാക്ക് തുടങ്ങിയവയാണ് ഉപയോഗിച്ചത്. ഫിറമോൺ കെണി, മഞ്ഞക്കെണി, നീലക്കെണി തുടങ്ങിയവയിലൂടെ കീടങ്ങളെയും പ്രതിരോധിച്ചു.

Your Rating: