Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചക്ക പുരാണവുമായി പുന്നൂസ് കുര്യൻ

punnoose-kurian-jackfruit-farmer പുന്നൂസ് കുര്യൻ

ചക്കവിളംബര യാത്ര ജില്ലയിൽ പര്യടനം നടത്തുമ്പോൾ വർഷത്തിൽ 12 മാസവും ചക്ക ലഭിക്കുന്ന തോട്ടത്തിന്റെ കഥ പറയുകയാണു കോട്ടയം ഞീഴൂർ പഞ്ചായത്തിലെ മാണികാവ് പനങ്കുഴയ്ക്കൽ പുന്നൂസ് കുര്യൻ. പനങ്കുഴയ്ക്കൽ വീടിന്റെ ചുറ്റുവട്ടത്തെ ആറര ഏക്കർ ഭൂമി പഴവർഗങ്ങളുടെയും ജൈവകൃഷിയുടെയും വൈവിധ്യങ്ങൾ നിറഞ്ഞതാണ്. വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട നാലു പ്ലാവുകൾ ഇവിടുണ്ട്. പ്ലാവുകളിലൊന്നിലെങ്കിലും എപ്പോഴും ചക്കകൾ കാണും. വ്യത്യസ്ത സമയങ്ങളിലാണ് ഓരോ പ്ലാവും കായ്ക്കുന്നത്. ജനുവരി മുതൽ മാർച്ച് വരെ ഒരു പ്ലാവിൽ ചക്കയുണ്ടാകുമ്പോൾ അടുത്ത മൂന്നുമാസം അടുത്ത പ്ലാവിലായിരിക്കും കായ്ഫലം. എന്തായാലും വർഷത്തിൽ എല്ലാ മാസവും ചക്കവിഭവങ്ങളുണ്ടാകും, പനങ്കുഴയ്ക്കൽ വീട്ടിൽ.

പ്ലാവിന്റെ ഇനം ഏതെന്നു ചോദിച്ചാൽ പുന്നൂസ് കുര്യൻ കൈമലർത്തും. 20 വർഷം മുൻപു തിരുവനന്തപുരത്തു പോയപ്പോൾ കണ്ട പ്രദർശന നഗരിയിൽ നിന്നു വാങ്ങിയതാണു പ്ലാവിൻ തൈകൾ. പുരയിടത്തിന്റെ വിവിധ ഭാഗങ്ങളിലായി നട്ട ഇവയെല്ലാം വളർന്നപ്പോൾ വിളവിലുമുണ്ടായി വ്യത്യസ്തത. ചക്കയുടെ മഹത്വം വിളംബരം ചെയ്തു ജില്ലയിൽ പര്യടനം നടത്തുന്ന ചക്കവിളംബര യാത്രയെ കാത്തിരിക്കുകയാണു പുന്നൂസ് കുര്യൻ. വേറിട്ട ചക്കപുരാണം അവർക്കു പകർന്നു നൽകാൻ. വൈവിധ്യത്തിന്റെ കലവറയാണ് ഇദ്ദേഹത്തിന്റെ പുരയിടം. ഇവിടെ ഇല്ലാത്തതായി ഒന്നുമില്ല. മാവുമാത്രം പന്ത്രണ്ടിലേറെ ഇനങ്ങൾ.

പിന്നെ കപ്പ മുതൽ കല്ലുവാഴ വരെ. രാസവളത്തിനും രാസ കീടനാശിനികൾക്കും പുന്നൂസിന്റെ പുരയിടത്തിൽ പ്രവേശനമില്ല. ചാണകവും ജൈവവളങ്ങളും മാത്രമാണു റബറിനു പോലും പ്രയോഗിക്കുന്നത്. മാവുകളിൽ മൽഗോവ മുതലുള്ള ഇനങ്ങളുണ്ട്. കൽക്കട്ട മാവ് എന്നറിയപ്പെടുന്ന പ്രത്യേക ഇനമാണ് ഇതിൽ പ്രധാനം. ഇതിന്റെ ഒരു മാങ്ങയ്ക്ക് ഒരു കിലോഗ്രാമിലേറെ തൂക്കം ഉണ്ടാവും. ചൈനീസ് ഓറഞ്ച്, മുന്തിരിക്കുല പോലെ കായ്കൾ ഉണ്ടാകുന്ന പേരമരം, ചുവപ്പു പേര, സപ്പോട്ട, വിവിധയിനം റംബൂട്ടാനുകൾ, തായ്‌ലൻഡ് ചാമ്പ, പാൽക്കായം ചുരത്തുന്ന ചെടി തുടങ്ങിവയൊക്കെ ഈ പുരയിടത്തിലുണ്ട്. അത്യപൂർവ ഒൗഷധച്ചെടിയായ കല്ലുവാഴയാണു മറ്റൊരിനം. വൃക്കരോഗങ്ങൾക്കും വയറുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങൾക്കും ആയുർവേദത്തിൽ കല്ലുവാഴയുടെ വിത്ത് ഉപയോഗിക്കുന്നു. പുന്നൂസിന്റെ പുരയിടത്തിലെ കല്ലുവാഴ ഇതുവരെ കുലച്ചിട്ടില്ല. കുലയുണ്ടായാൽ ആവശ്യക്കാർക്കു വിത്തുകൾ നൽകാനാണു പദ്ധതി. എന്തായാലും പുന്നൂസും ഭാര്യ വത്സമ്മയും ചേർന്ന് ആറരയേക്കർ പുരയിടത്തിൽ വൈവിധ്യങ്ങളുടെ കൃഷിപാഠം രചിക്കുകയാണ്. 

Your Rating: