Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഔഷധ സസ്യങ്ങളുടെ കൂട്ടുകാരി

sristi-samman-awards-annakkutty-joseph രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ സൃഷ്‌ടി നാഷനൽ ചെയർപഴ്‌സൺ ഡോ.ആർ.എ. മഷേൽക്കറിൽ നിന്നു ശൗര്യാംമാക്കൽ അന്നക്കുട്ടി ജോസഫ് സൃഷ്‌ടി സമ്മാൻ പുരസ്കാരം ഏറ്റുവാങ്ങുന്നു.

പച്ചമരുന്നുകളുടെ പരിപാലനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച അന്നക്കുട്ടിക്ക് ദേശീയ അംഗീകാരം. 250ൽ പരം വിവിധ ഇനം പച്ചമരുന്ന് നട്ടുവളർത്തിയ ഇടുക്കി പെരിഞ്ചാംകുട്ടി ശൗര്യാംമാക്കൽ അന്നക്കുട്ടി ജോസഫിനാണ് ഇത്തവണത്തെ ദേശീയ സൃഷ്‌ടി സമ്മാൻ ലഭിച്ചത്.

പ്രശസ്തി പത്രവും പുരസ്കാരവും ഡൽഹി രാഷ്‌ട്രപതി ഭവനിൽവച്ചു നടന്ന ചടങ്ങിൽ സൃഷ്‌ടി നാഷനൽ ചെയർപഴ്സൻ ഡോ.ആർ.എ. മഷേൽക്കറിൽനിന്ന് അന്നക്കുട്ടി ഏറ്റുവാങ്ങി.

ദേശീയതലത്തിൽ ഒൻപതു പേരെ ആദരിച്ചതിൽ കേരളത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ ഒരാളാണ് അന്നക്കുട്ടി. വിവിധ ഇനം പച്ചമരുന്നുകൾ നട്ടുവളർത്തി ആളുകൾക്ക് പ്രയോജന പ്രദമായ രീതിയിൽ ഔഷധക്കൂട്ടുകൾ നിർമിക്കുന്ന കണ്ടുപിടിത്തത്തിനുള്ള അംഗീകാരമാണ് ഇത്.

കുമ്പിൾ, കൂവളം, പാതിരി, മുഞ്ഞ, ഓരില, മൂവില, കണ്ട കാരി, ചെറുവഴുതന, മുള്ളാത്ത, ചെറുവുള, നീലഉമ്മം, ചങ്ങലംപരണ്ട, അമൃത്, ചെറുനാരകം, ഗന്ധപാല, പുല്ലാനി, നീർമരുത്, പൊന്നാരതകര, വെള്ളക്കുന്നി, വെള്ളശംഖുപുഷ്‌പം, വയമ്പ്, ആര്യവേപ്പ്, സരളകം, കൊടുക്കമൂലി തുടങ്ങിയ പച്ചമരുന്നുകളാണ് ഈ എഴുപത്തിനാലുകാരി വച്ചുപിടിപ്പിച്ചത്.

മൂലക്കുരു, പ്രമേഹം, കൊളസ്‌ട്രോൾ, സോറിയാസീസ്, ഗ്യാസ്, ജലദോഷം, കഫക്കെട്ട്, അൾസർ എന്നിവയ്‌ക്കുള്ള ഔഷധങ്ങളും താരൻ, മുടികൊഴിച്ചിൽ, നരപ്പ് തുടങ്ങിയവയ്‌ക്കുള്ള എണ്ണകളും മൃഗങ്ങൾക്കുള്ള കുളമ്പുരോഗം, അകിടുവീക്കത്തിനുമുള്ള മരുന്നുകളും ഉണ്ടാക്കി നൽകുകയും ചെയ്യുന്നു.

2007ൽ സംസ്ഥാന ഗവൺമെന്റിന്റെ ഔഷധമിത്ര അവാർഡും അന്നക്കുട്ടിക്ക് ലഭിച്ചിട്ടുണ്ട്. ഭർത്താവ് ജോസഫും മക്കളായ ഗ്രേസി, ജോളി, മിനി, ലീന, ടോണി എന്നിവരും ഔഷധസസ്യങ്ങൾ വച്ചുപിടിപ്പിക്കുന്നതിനും മരുന്നുകൾ ഉണ്ടാക്കുന്നതിനും അന്നക്കുട്ടിയെ സഹായിക്കുന്നു.