Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉഴുന്നും ചെറുപയറും പിന്നെ മുതിരയും

black-gram-uzhunnu ഉഴുന്ന്

കരഭൂമിയിൽ മഴക്കാലത്തും നനസാധ്യതയുള്ളയിടങ്ങളിൽ വേനൽക്കാലത്തും ഉഴുന്ന് കൃഷി ചെയ്യാം. കൊയ്ത്തിനുശേഷം തരിശു കിടക്കുന്ന പാടങ്ങളിൽ ഉഴുന്ന് കൃഷി ചെയ്യാറുണ്ട്. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം.

ഇനങ്ങൾ: ശ്യാമ, സുമഞ്ജന, Co2, T-9, S-1, TAU-2, TMV-1, KM-2

ഇവയിൽ T-9 ഇനത്തിനു വരൾച്ചാ പ്രതിരോധശേഷിയുണ്ട്. പപ്പടം ഉണ്ടാക്കാൻ ഏറ്റവും നന്നാണ് S-1. തെങ്ങിൻതോപ്പുകളിലെ ഭാഗിക തണലിലും വളരുന്ന ഇനമാണ് TAU-2. വിരിപ്പു സീസൺ വൈകിയാൽ TMV-1, KM-2 ഓണാട്ടുകര പ്രദേശങ്ങളിലേക്കു യോജ്യം. ഇവിടങ്ങളിൽതന്നെ വരൾച്ചാ സീസണിൽ (പുഞ്ച) നെൽപ്പാടങ്ങളിലെ കൃഷിക്കു ശ്യാമ ഇനം ഉപയോഗിക്കാം. സുമഞ്ജന മൂപ്പു കുറഞ്ഞ, വിളവുശേഷി കൂടിയ ഇനമാണ്. തിരുവനന്തപുരം ജില്ലയിൽ പുഞ്ച സീസണിൽ കൃഷിക്ക് ഈയിനം ശുപാർശ ചെയ്തിരിക്കുന്നു.

വിത്തും വിതയും

വിത്തിന്റെ അളവ്: തനിവിള – ഹെക്ടറിന് – 20 കിലോ

ഇടവിള / മിശ്രവിള: ഹെക്ടറിന് – 06 കിലോ

ചെടികൾ തമ്മില്‍ അകലം – 25 സെ.മീ x 15 സെ.മീ.

വിതയ്ക്കു നിലം ഒരുക്കൽ – രണ്ടു മൂന്നു തവണ ഉഴുത് കളകൾ, മുൻവിളയുടെ കുറ്റികൾ എന്നിവ പെറുക്കിമാറ്റി കട്ടയുടച്ചു നിരപ്പാക്കുക. വിത്തിൽ KAU-BG-2, BG-2 എന്നീ റൈസോബിയം കൾച്ചറിലൊന്ന് പുരട്ടണം.

വളം ചേർക്കൽ (ഹെക്ടറിന്)

കാലിവളം – 20 ടൺ (അടിസ്ഥാന വളം)

കുമ്മായം – 02 ടൺ

നൈട്രജൻ – 20 കിലോ 

ഫോസ്ഫറസ് – 30 കിലോ

പൊട്ടാഷ് – 30 കിലോ

കുമ്മായം ആദ്യ ഉഴവോടുകൂടി വിതറിച്ചേർക്കണം. അവസാന ഉഴവിൽ പകുതി നൈട്രജനും മുഴുവൻ ഫോസ്ഫറസും പൊട്ടാഷ് വളങ്ങളും വിതറി ഇടുക. ബാക്കിയുള്ള 10 കിലോ നൈട്രജൻ രണ്ടു തവണയായി വിതച്ച് 15, 30 ദിവസങ്ങളാകുമ്പോൾ വെള്ളത്തിൽ കലക്കി തളിക്കുക. നൈട്രജൻ നൽകാൻ പറ്റിയ വളമാണ് യൂറിയ. ഓരോ തവണയും അഞ്ചു കിലോ വീതം യൂറിയ ലായനി രണ്ടു ശതമാനം വീര്യത്തിൽ തയാറാക്കി വേണം തളിക്കാൻ.

വായിക്കാം ഇ - കർഷകശ്രീ

മൂപ്പ് അനുസരിച്ച് 75– 120 ദിവസമാകുമ്പോൾ വിളവെടുക്കാം. കായകളിൽ 80 ശതമാനം വിളഞ്ഞിട്ടുണ്ടെങ്കിൽ ചെടികൾ പിഴുത് ഉണക്കിത്തല്ലി മണികൾ വേര്‍തിരിച്ചെടുക്കാം. പ്രതീക്ഷിക്കാവുന്ന വിളവ് സെന്റിന് രണ്ടു മുതൽ നാലു കിലോ വരെ.

ചെറുപയർ

കൊയ്തു കഴിഞ്ഞ് തരിശായുള്ള പാടശേഖരത്തിൽ കൃഷിയിറക്കാം. തെങ്ങിൻതോപ്പിൽ ഇടവിളയായും കരകൃഷിയിൽ കിഴങ്ങുവർഗ വിളകൾക്കൊപ്പവും മിശ്രവിളയായും ചെറുപയർ കൃഷി ചെയ്തുപോരുന്നു.

പ്രധാന ഇനങ്ങൾ: ഫിലിപ്പീൻസ്, മദീറ, (O-2, NP-24)

വിത്തും വിതയും

തനിവിള – 20–25 കിലോ വിത്ത് / ഹെക്ടർ മിശ്രവിള– ആറു കിലോ വിത്ത് / ഹെക്ടർ

രണ്ടോ മൂന്നോ തവണ നിലമുഴുത് കളയും മുൻ‌വിളാവശിഷ്ടങ്ങളും പെറുക്കി നീക്കി കട്ടയുടച്ച് നിരപ്പാക്കി വിത്തു വിതറിവിതയ്ക്കുക. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാനിടയാകാതെ രണ്ടു മീറ്റർ അകലത്തിൽ 30 സെ.മീ വീതിയിലും 15 സെ.മീ. താഴ്ചയിലും ചാലുകളെടുക്കണം. വേനൽമാസങ്ങളിൽ നനയ്ക്കുന്നതു വിള സംരക്ഷണത്തിനും വിളവുവർധനയ്ക്കും സഹായകമാകും.

വളങ്ങൾ (ഹെക്ടറിന്)

കാലിവളം – 20 ടൺ

നൈട്രജൻ – 20 കിലോ

ഫോസ്ഫറസ് – 30 കിലോ

പൊട്ടാഷ് വളങ്ങൾ – 30 കിലോ

കുമ്മായം – 250 കിലോ

കുമ്മായം മുഴുവൻ ആദ്യ ഉഴവിനൊപ്പം ചേര്‍ക്കുക. മുഴുവൻ ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങൾ അവസാന ഉഴവിനൊപ്പവും ചേർക്കണം.

ബാക്കിയുള്ള നൈട്രജൻ വളം യൂറിയവെള്ളത്തിൽ കലക്കി 2 ശതമാനം വീര്യത്തിൽ ഇലകളിൽ തളിക്കുക. യൂറിയ രണ്ടു തുല്യഭാഗങ്ങളാക്കി, വിതച്ച് 15–ാം പക്കവും 30–ാം പക്കവും തളിക്കുന്നതിനാണ് ശുപാർശ.

മൂപ്പുനോക്കി വിളവെടുത്ത് വെയിലത്ത് നിരത്തി ഉണക്കി മണികൾ വേർതിരിച്ചെടുത്ത് അടുത്ത വിളവെടുപ്പു സീസൺവരെ സൂക്ഷിച്ചുവച്ച് ഉപയോഗിക്കാം.

മുതിര

horse-gram-muthira മുതിര

വരണ്ട കാലാവസ്ഥയിൽ കൃഷിക്കു പറ്റിയ വിളയാണ് മുതിര. കേരളത്തിൽ പാലക്കാട് ജില്ലയിലാണ് മുതിരക്കൃഷി കൂടുതലായുളളത്. പടർന്നുവളരുന്നതും അല്ലാത്തതുമായ ഇനങ്ങളുണ്ട്. കേരളത്തിൽ കൃഷി ചെയ്തിട്ടുള്ള പ്രധാന ഇനങ്ങളാണ് പട്ടാമ്പി ലോക്കൽ, CO-1 എന്നിവ. കൃഷിയിറക്കുന്ന സീസൺ സെപ്റ്റംബർ–ഒക്ടോബർ. വിത്ത് ലഭ്യതയ്ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയേ തൽക്കാലം നിവൃത്തിയുള്ളൂ. ഒരു ഹെക്ടർ സ്ഥലത്തെ കൃഷിക്ക് 25–30 കിലോ വിത്ത് ആവശ്യമാണ്. നിലമൊരുക്കി ചെടികൾ തമ്മിൽ 25 സെ.മീ. അകലം ലഭിക്കത്തക്കവിധം വിത്തു വിതയ്ക്കുക. വളമായി ഹെക്ടറിന് 500 കിലോ കുമ്മായവും 25 കിലോ ഫോസ്ഫറസും ശുപാർശ ചെയ്തിരിക്കുന്നു.

സെന്റിന് 1.5– 2.0 കിലോ വിളവ് ലഭിക്കാം. വിളയുടെ മൂപ്പ് നാല്– നാലരമാസം. ചെടി പിഴുതെടുത്ത് വെയിലത്ത് നിരത്തി ഉണക്കി വടികൊണ്ടു തല്ലിയാണ് വിളവ് വേർതിരിച്ചെടുക്കുന്നത്. മുതിര മൂത്രാശയരോഗത്തിനു നല്ല മരുന്നാണ്.