Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാടകക്കൃഷിക്കു ലൈസൻസ്

paddy-field Representative image

കൃഷിയും നിയമവും ∙ ഉത്തരങ്ങൾ തയാറാക്കിയത്: അഡ്വ. വി.കെ സത്യവാൻ നായർ

കേരളത്തിൽ പാട്ടക്കൃഷി നിരോധിച്ചിട്ടുണ്ടല്ലോ. എന്നാൽ നിലവിൽ ധാരാളം പേർ ഭൂമി വാടകയ്ക്ക് എടുത്ത് കൃഷി ചെയ്യുന്നുണ്ട്. ഭൂവുടമകൾക്ക് ഇതു സംബന്ധിച്ച് ഭയാശങ്കകളുണ്ട്. നിലവിൽ എന്തു സംരക്ഷണമാണ് ഉടമസ്ഥാവകാശത്തിനുള്ളത്. ഭൂമി വാടകയ്ക്കെടുത്തു കൃഷി ചെയ്യുന്നവർക്ക് കർഷകർക്കുള്ള സർക്കാർ ആനുകൂല്യങ്ങൾക്ക് അര്‍ഹതയുണ്ടോ. ഉണ്ടെങ്കിൽ അതിനുള്ള നടപടികൾ എന്തെല്ലാമാണ്.

പി. സുദർശൻ, മാവേലിക്കര.

കേരള ഭൂപരിഷ്കരണം നിലവിൽ വന്ന 1964 ഏപ്രിൽ ഒന്നാം തീയതിക്കു ശേഷം പാട്ട ഏർപ്പാടുകൾ നിയമത്തിലെ 74–ാം വകുപ്പ് അനുസരിച്ച് നിരോധിച്ചിട്ടുണ്ട്. അതിനുശേഷം ഉണ്ടാക്കുന്ന പാട്ട ഏർപ്പാടുകൾക്ക് നിയമസാധുതയില്ല. ഭൂമി കൃഷിക്കു ലൈസൻസ് വ്യവസ്ഥയിൽ കൊടുക്കാം. ലൈസൻസ് എന്നു പറഞ്ഞാൽ വെറും അനുവാദം എന്നാണർഥം. അതിന് ലൈസൻസ് ഫീസും വാങ്ങാം. ലൈസൻസ് വ്യവസ്ഥയാകുമ്പോൾ കൃഷി ചെയ്യുന്ന ആളിന് ഭൂമി കൈവശമുണ്ടെന്നോ മറ്റെന്തെങ്കിലും തരത്തിൽ സ്ഥിരാവകാശമുണ്ടെന്നോ പറയാൻ നിവൃത്തിയില്ല. കാലാവധി കഴിഞ്ഞാൽ അനുവാദം അസാധുവാകും. തികച്ചും വ്യക്തിപരമായ ഏർപ്പാടാണ് ലൈസൻസ് വ്യവസ്ഥ.

കൃഷിക്കു വൈദ്യുതി

എനിക്ക് തെങ്ങ്, വാഴ എന്നിവ വളരുന്ന 45 സെന്റ് കൃഷിയിടമുണ്ട്. ഈ സ്ഥലത്തിന്റെ പ്രമാണത്തിൽ നികർത്തു പറമ്പ് എന്നും കരം ഒടുക്കുന്ന രസീതിൽ നിലം എന്നുമാണുള്ളത്. ഇവിടെ പമ്പ് ഷെഡ് പണിത് കൃഷിക്കു നനയ്ക്കാൻ വൈദ്യുതി ആനുകൂല്യം ലഭിക്കാൻ ആഗ്രഹിക്കുന്നു. ഇവിടെ നിർമിക്കുന്ന മോട്ടോർ ഷെഡിന് പഞ്ചായത്തിൽനിന്നു കെട്ടിട നമ്പർ ലഭിക്കുന്നതിന് നിയമതടസ്സമുണ്ടോ.

ടി.പി. പോൾ, തോട്ടങ്കര, ചേർത്തല.

നിങ്ങളുടെ ചോദ്യത്തിൽ ആവശ്യമായ വിവരങ്ങളെല്ലാം ഇല്ല. ഉദാഹരണമായി നികർത്തു പറമ്പെന്ന് പറഞ്ഞതുകൊണ്ടു മാത്രമായില്ല. എന്നാണ് അത് നികർത്തിയത് എന്ന വസ്തുത വളരെ പ്രസക്തമാണ്. അതുപോലെതന്നെ സ്ഥിരദേഹണ്ഡങ്ങൾ വല്ലതുമുണ്ടോ, അവയ്ക്ക് എന്തു പഴക്കം വരും എന്നും അറിയണം. ഭൂവിനിയോഗ ഉത്തരവ് (കേരള ലാൻഡ് യൂട്ടിലൈസേഷൻ ഓർഡർ) നടപ്പിൽ വന്നത് 1967 ജൂലൈ നാലിനാണ്. നെല്ല് ഉൾപ്പെടെയുള്ള ഭക്ഷ്യവിളകളുടെ കൃഷി സംബന്ധിച്ചാണ് ആ ഉത്തരവ്. (കേരള ലാൻഡ് യൂട്ടിലൈസേഷൻ ഓർഡർ) 1967 ജൂലൈ നാലിനു ശേഷം മൂന്നു കൊല്ലം തുടർച്ചയായി ഏതു ഭക്ഷ്യവിളയാണോ കൃഷി ചെയ്യുന്നത് അവിടം മറ്റൊരു കൃഷിക്കോ മറ്റാവശ്യങ്ങൾക്കോ ജില്ലാ കലക്ടറുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ ഉപയോഗിക്കാൻ പാടില്ലെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

നെൽവയൽ– തണ്ണീർത്തട നിയമം 12.08.2008ലാണ് പ്രാബല്യത്തിൽ വന്നത്. തുടർന്നാണ് നെൽവയലുകളും തണ്ണീർത്തടങ്ങളും നികർത്തുന്നതിനു നിയന്ത്രണവും നിരോധനവുമുള്ളത്. നിലമാണോ, തണ്ണീർത്തടമാണോ എന്നു നിശ്ചയിക്കാൻ പ്രധാനമായും ആശ്രയിക്കുന്നത് ഡേറ്റാ ബാങ്കിനെയാണ്. 2008 ഓഗസ്റ്റ് 12നു മുൻപു നിലം നികർത്തുകയും റവന്യു രേഖകളിൽ നിലമെന്നു കാണിക്കുകയും ഡേറ്റാ ബാങ്കിൽ അപ്രകാരം കാണിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് അനധികൃത നികർത്തായി പരിഗണിച്ചു ന്യായവിലയുടെ 25 ശതമാനം ഈടാക്കി ക്രമപ്പെടുത്തിക്കൊടുക്കുന്നതിന് നെൽവയൽ– തണ്ണീർത്തട നിയമത്തിൽ 34 എന്ന വകുപ്പ് പിന്നീട് എഴുതിച്ചേർത്തെങ്കിലും 2016ൽ 19–ാം ആക്ടനുസരിച്ച് അത് എടുത്തുകളഞ്ഞു.

റവന്യു രേഖകളിൽ അതായത്, അടിസ്ഥാന നികുതി റജിസ്റ്ററിൽ കാണിച്ചിരിക്കുന്ന വിവരം (നിലമാണോ പുരയിടമാണോ എന്നും മറ്റും) തിരുത്താൻ പാടില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. തിരുത്താൻ പാടില്ലെങ്കിലും, നേരത്തേതന്നെ നികർത്തിയതാണെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ ബോധ്യമുള്ള ഭൂമിയുടെ കാര്യത്തിൽ പുതിയ വിലയിരുത്തൽ നടത്തണമെന്നു കാണിച്ച് തഹസിൽദാർക്ക് അപേക്ഷ കൊടുത്താൽ അത് പരിഗണിക്കണമെന്ന് നമ്മുടെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിട്ടുണ്ട്. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ കേസിലാണ് അപ്രകാരമുള്ള വിധി. അത് 2015(2) കെ.എൽ.ടി. 516–ാം പേജിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഏതായാലും നിങ്ങളുടെ കേസിൽ യഥാർഥ വസ്തുത കാണിച്ച് മോട്ടോർ ഷെഡ് പണിയാനുള്ള അനുവാദത്തിന് പഞ്ചായത്തിൽ അപേക്ഷ കൊടുക്കുക. അത് നിരസിച്ചാൽ നിങ്ങൾക്ക് ഹൈക്കോടതിയെ സമീപിക്കാം.

നിയമപ്രശ്നങ്ങൾക്കു പരിഹാരം

ഈ പംക്തിയിൽ പരാമർശിക്കുന്ന തരത്തിലുളള നിയമപ്രശ്നങ്ങൾ കർഷകർ ദിനംപ്രതി നേരിടുന്നുണ്ട്. വിശദാംശങ്ങൾ സഹിതം അയച്ചുതരുക.

വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം.

ഇ–മെയിലായും ചോദ്യങ്ങൾ അയയ്ക്കാം. വിലാസം: karsha@mm.co.in