Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുരിങ്ങയിൽ ഇലതീനിപ്പുഴുക്കൾ

moringa-vegetable-muringa മുരിങ്ങ

ചോദ്യം ഉത്തരം ∙ വിളകൾ

Q. മുരിങ്ങയുടെ തളിരിലകൾ നിറയെ ചെറിയ പ്രാണി (നിറം വെളുപ്പ്)യുടെ ആക്രമണം. ഇത് ഇല ഉൾപ്പെടെയുള്ള പച്ചപ്പുകളിൽനിന്നു നീരൂറ്റിക്കുടിക്കുന്നതു മൂലം ആ ഭാഗങ്ങളെല്ലാം കരിഞ്ഞുപോകുന്നു. പൂവിടുന്നുണ്ടെങ്കിലും ഒന്നും കായ്കളാകുന്നില്ല. ഇവയെ നിയന്ത്രിക്കുന്നതിന് എന്തു ചെയ്യണം.

ജോസഫ്കുട്ടി, മടിയത്ത് വീട്, കണ്ണൂർ

മുരിങ്ങയിൽ കണ്ട, നീരൂറ്റിക്കുടിക്കുന്ന ചെറിയ വെളുത്ത പ്രാണികളെ അകറ്റാൻ വേപ്പെണ്ണ– വെളുത്തുള്ളി മിശ്രിതം തളിക്കുന്നത് ഫലപ്രദമാണ്.

ഇതു തയാറാക്കുന്ന വിധം: വെളുത്തുള്ളി 25 ഗ്രാം, വേപ്പെണ്ണ 25 മി.ലീ, ബാർ സോപ്പ് 5 ഗ്രാം, വെള്ളം ഒരു ലീറ്റർ ഇത്രയുമാണ് ചേരുവകൾ.

വെളുത്തുള്ളി പുറംതൊലി നീക്കി നന്നായി അരച്ചെടുക്കണം. ഇത് ഒരു ലീറ്റർ വെള്ളത്തിൽ ചേർത്തു യോജിപ്പിക്കുക. ഇതിലേക്ക് 25 മി.ലീ. വേപ്പെണ്ണ ചേർത്തിളക്കിയ ശേഷം ബാർ സോപ്പ് (അലക്കു സോപ്പ്) 5 ഗ്രാം ചീകിയിട്ട് അലിയിക്കണം. ഈ മിശ്രിതം അരിച്ചെടുത്ത് ഇലകൾ അകവും പുറവും നന്നായി നനയത്തക്കവിധം തളിക്കുക.

കീടാക്രമണം രൂക്ഷമായതും വാടിത്തുടങ്ങിയതുമായ ഭാഗങ്ങൾ മുറിച്ചെടുത്തു ചുടുക. തണ്ടുകളിൽ പറ്റിപ്പിടിച്ചു കാണുന്നത് ബ്രഷ് ചെയ്ത് ഇളക്കിക്കളയുക. അധികം ശക്തിയിലല്ലാതെ വെള്ളം ചീറ്റിക്കുക, മിശിറ് (നീറ്) ഇനം ഉറുമ്പുകളെ കയറ്റിവിടുക എന്നീ രീതികളും പരീക്ഷിക്കാം.

തെങ്ങിനു വിളവുശേഷി നശിച്ചാൽ

Q. ഉൽപാദനക്ഷമത നശിച്ച തെങ്ങുകൾ വെട്ടിനീക്കി പുതിയവ നടുന്നതിനൊരു പദ്ധതി നാളികേര വികസന ബോര്‍ഡ് നടപ്പാക്കിവരുന്നു. ഇതെക്കുറിച്ച് കൂടുതലറിയാൻ താൽപര്യമുണ്ട്.

പി.ബി. നാരായണ സ്വാമി, സൂര്യ വിലാസ്, ആലത്തൂർ

തെങ്ങ് പു‌നരുദ്ധാരണ പദ്ധതിയെക്കുറിച്ച് അറിയാൻ നാളികേര വികസന ബോര്‍ഡിന്റെ പബ്ലിസിറ്റി ഓഫിസറുമായി ബന്ധപ്പെടുക. ഫോൺ– 0484 – 2377266

കറ്റാർവാഴയുടെ ഔഷധഗുണങ്ങൾ

Q. കറ്റാർവാഴയുടെ ഗുണങ്ങളും കൃഷിരീതിയും അറിയണം.

ആർ.വി. ഹർഷകുമാർ, സൗഹൃദ നിലയം, പൂതാടി

കറ്റാർവാഴയുടെ പോളകള്‍ ഇടിച്ചു പിഴിഞ്ഞെടുത്ത നീരാണ് ഔഷധനിർമാണത്തിന് ഉപയോഗിക്കുക. ഇത് ഉണക്കിയെടുക്കുന്നതാണു ‘ചെന്നിനായകം’.

പ്രധാന മേന്മകൾ: കണ്ണിനു നന്ന്, രസായന ഗുണമുണ്ട്. ശരീരത്തെ തടിപ്പിക്കും, ബലമുണ്ടാക്കും, വാതം, കഫം, ജ്വരം, വിഷം, ഗ്രന്ഥിവീക്കം, തീപ്പൊള്ളൽ, രക്തപിത്തം, ത്വഗ്രോഗം ഇവയെ ശമിപ്പിക്കും. ചെന്നിനായകം ശോധനയുണ്ടാക്കും. പ്രമേഹം, എയ്ഡ്സ്, ക്ഷയം എന്നീ രോഗങ്ങൾ രോഗപ്രതിരോധശക്തി കുറയ്ക്കുന്നതിനു പ്രതിവിധിയായി കറ്റാർവാഴനീരു ചേർത്ത ഔഷധങ്ങൾ ഫലപ്രദമെന്നു കണ്ടിരിക്കുന്നു. കുമാര്യാസവമാണു കറ്റാർവാഴ ചേർന്ന ഔഷധങ്ങളിൽ മുഖ്യം. ഇത് സ്ത്രീരോഗങ്ങൾക്കാണ് പ്രധാനമായും ഉപയോഗിക്കാറുള്ളത്.

കറ്റാർവാഴനീരിൽ പച്ച മഞ്ഞൾ ചേർത്ത് അരച്ച് കുഴിനഖത്തിനും വ്രണങ്ങൾക്കും വച്ചുകെട്ടുന്നതു ഫലപ്രദമാണ്.

കൃഷിരീതി: സൂര്യപ്രകാശം പൂർണമായും ലഭിക്കുന്ന തുറന്ന സ്ഥലമാണു യോജ്യം. വശങ്ങളിൽനിന്ന് അടർത്തിയെടുക്കുന്ന കന്നുകളാണ് നടീൽവസ്തു.

കിളച്ചൊരുക്കി പരുവപ്പെടുത്തിയ മണ്ണിൽ 45x35 സെ.മീ അകലത്തിൽ കന്നുകൾ നടണം. സ്ഥലം ഒരുക്കുന്നതിനൊപ്പം ഏക്കറിനു രണ്ടു ടൺ എന്ന തോതിൽ കാലിവളമോ കമ്പോസ്റ്റോ വിതറി മണ്ണിൽ ചേർക്കണം. നട്ടു മൂന്നു വര്‍ഷംവരെ വിളവെടുക്കാം. രണ്ടു മാസം ഇടവിട്ട് ചുവടു ചേർത്ത് ഇല മുറിച്ചെടുക്കാം. ഇതിനുശേഷം ജൈവവളങ്ങൾ ചേർത്ത് മണ്ണടുപ്പിക്കുന്നതു തുടർവളർച്ചയെ സഹായിക്കും.

ജാതിക്ക കൊഴിയുന്നു

Q. എനിക്കു കുറെ കായ്ക്കുന്ന ജാതിമരങ്ങളുണ്ട്. ചില മരങ്ങളിൽ ജാതിക്കായ്കൾ മൂപ്പാകുന്നതിനു മുമ്പ് പുറന്തോടു പൊട്ടി കൊഴിഞ്ഞു വീഴുന്നു. ഉൾഭാഗത്തു പുറമേ തോടും കായ്കളും അഴുകിയതായും കാണുന്നു. കാരണവും പ്രതിവിധിയും അറിയിക്കണം.

എം.ബി. ചെറിയാൻ, കണ്ഠമംഗലം

മൂപ്പാകുന്നതിനു മുമ്പു കായ് പൊഴിയുന്നതും പുറന്തോടു പൊട്ടി പിളരുന്നതുമൊക്കെ ജാതിക്കൃഷിയിലെ രൂക്ഷമായ പ്രശ്നങ്ങളാണ്. ഈ രോഗത്തെ ‘കായ്ചീയൽ’ എന്നു പറയാം. രോഗബാധ രൂക്ഷമാകുമ്പോൾ കായ്കൾ ഞെട്ടറ്റു വീഴുന്നു.

ഈ രോഗനിയന്ത്രണത്തിനു വേണ്ടത് രോഗഹേതുവായ കുമിളിനെ നശിപ്പിക്കുകയും പരിചരണം ശാസ്ത്രീയവും കാര്യക്ഷമവുമാക്കുകയുമാണ്.

ശാസ്ത്രീയ പരിചരണം: പതിനഞ്ചു വർഷം വളർച്ചയായാൽ മരമൊന്നിനു വർ‌ഷംതോറും 50 കിലോ ജൈവവളങ്ങൾ ചേർക്കുക. ജൈവവളങ്ങൾക്കു പുറമേ രാസവളങ്ങൾ ചേർക്കുന്നതിനും ശുപാർശയുണ്ട്. ഒന്നാം വർഷം – 20:18:50 ഗ്രാം / ചെടി. ഈ അളവ് രണ്ടാം വർഷം ഇരട്ടിയാക്കണം. വർഷംതോറും അളവു കൂട്ടി 15–ാം വർഷമാകുമ്പോൾ ഒന്നിന് എൻപികെ യഥാക്രമം 500:250:1000 ഗ്രാം അളവില്‍ ചേർക്കുക. കൂടാതെ, ഭാഗികമായി തണൽ നൽകുകയും വേനൽക്കാലത്തു നനയ്ക്കുകയും വേണം.

കുമിള്‍ബാധമൂലം കായ്കൾക്കു പുറമേ നനഞ്ഞ പാടുകൾ ഉണ്ടാകാം. ഇത് തോടിന്റെ സ്വാഭാവിക നിറം മാറി അവിടം അഴുകുന്നതിനും കാരണമാകുന്നു. മൂപ്പാകും മുമ്പു കായ്കളുടെ പുറംതോടു പിളരുന്നതും ഉള്ളിൽ ജാതിപത്രിയും കായും അഴുകുന്നതും സാധാരണമാണ്. ഉള്ളിലെ ഭാഗങ്ങൾ അഴുകുന്നതിനും കാരണം ഈ കുമിൾബാധ തന്നെ.

പ്രതിവിധി: മേല്‍കൊടുത്ത ശാസ്ത്രീയ പരിചരണങ്ങൾക്കു പുറമേ ബോര്‍ഡോമിശ്രിതം ഒരു ശതമാനം വീര്യത്തില്‍ തയാറാക്കി, മഴക്കാലത്തിന്റെ തുടക്കത്തിലും അവസാനത്തിലും തളിക്കുകയും മരത്തിനു ചുറ്റും വർഷംതോറും ഒരു കിലോ വീതം കുമ്മായം വിതറി മണ്ണിട്ടു മൂടുകയും ചെയ്യുക.

ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ

വായനക്കാരുടെ ശ്രദ്ധയ്ക്ക് കൃഷി സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ഈ പംക്തിയിലേക്ക് ചോദ്യങ്ങൾ അയയ്ക്കാം. വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം - 686001

ഇ-മെയിൽ: karsha@mm.co.in