Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്തിരിക്കൃഷി കേരളത്തിൽ

grape മുന്തിരി

ചോദ്യം ഉത്തരം ∙ വിളകൾ

Q. മുന്തിരിച്ചെടിയുടെ പരിചരണത്തെക്കുറിച്ച് അറിയണം. എന്റെ രണ്ടടി ഉയരമുള്ള മുന്തിരിച്ചെടിക്കു മൊത്തത്തിൽ ഉഷാറില്ല. കൊടുക്കേണ്ട വളത്തെക്കുറിച്ചും കീടരോഗ നിയന്ത്രണത്തെക്കുറിച്ചും അറിയിച്ചാൽ ഉപകാരം.

പി.ജെ. പോളച്ചൻ, പുല്ലേലി വീട്, മേലൂർ

കേരളത്തിൽ മുന്തിരി അൽപമെങ്കിലും തോട്ടമടിസ്ഥാനത്തിൽ കൃഷിയുള്ളത് പാലക്കാടു ജില്ലയിലെ മുതലമടയിലാണ്. മറ്റിടങ്ങളില്‍ പടർന്നു പന്തലിച്ചു വളരുമെങ്കിലും കായ്ഫലം കുറവായിരിക്കും. മിതമായ ചൂടും തണുപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥയ്ക്കു പറ്റിയ ഇനങ്ങളാണ് ബാംഗ്ളൂർ, പർപ്പിൾ എന്നിവ.

ഏതു കാലത്തും നടാം. നല്ല വെയിൽ കിട്ടുന്ന സ്ഥലമാണ് കൃഷിക്കു യോജ്യം 15 സെ.മീ. നീളം, വീതി, താഴ്ചയിൽ കുഴിയെടുത്തു രണ്ടു ഭാഗം മണലും ബാക്കി ഭാഗം ജൈവവളങ്ങളും ഇട്ട് ഇളക്കി വെള്ളമൊഴിച്ച് അഞ്ചു ദിവസം കുതിർക്കണം. ഒരടി പൊക്കമുള്ള തൈ, ഒരു പൊടിപ്പു മാത്രം നിര്‍ത്തി വേരുകൾക്കു മുറിവേൽക്കാതെ കുഴിയുടെ മധ്യത്തിൽ നടണം. താങ്ങു നൽകുകയും വേണം. ദിവസവും നന നിർബന്ധം. ആറടി ഉയരത്തിൽ പന്തലിട്ട് അതിലേക്കു വളർത്തിക്കയറ്റണം. പന്തലിൽ കയറാൻ തുടങ്ങുന്നതോടെ തലപ്പുകൾ നുള്ളി നീക്കണം. ശിഖരം കോതൽ മുഖ്യപരിചരണമാണ്. ഇത് കാര്യക്ഷമമായാലേ കായ്കൾ ഉണ്ടാകൂ.

ചെടി വളരുന്നതോടൊപ്പം ഇലകൾ അടുപ്പിച്ചു വരുന്ന പറ്റുവള്ളികളും നീക്കണം. തലപ്പു നുള്ളി വിട്ടതു ധാരാളം ശിഖരങ്ങൾ വളരുന്നതിനിടയാക്കും. ഇവ ഒരടി ഉയരത്തിലാകുമ്പോൾ വീണ്ടും തലപ്പു നുള്ളി വിടണം. ഉദ്ദേശം 10 മാസങ്ങൾകൊണ്ട് ഒരു ചെടിയുടെ വള്ളികൾ ഒരു സെന്റ് സ്ഥലം നിറയും. ഇതോടെ എല്ലാ തലപ്പുകളും മുറിച്ചു മാറ്റുകയും ഇലകളെല്ലാം അടർത്തി കളയുകയും വേണം. ഇതിനുശേഷം 15 ദിവസം കഴിയുമ്പോൾ തളിരിലകളോടൊപ്പം ശിഖരം മുഴുവന്‍ പച്ചനിറത്തിലുള്ള പൂക്കളും പൊടിക്കുന്നു. തലപ്പാകട്ടെ തുടർന്ന് ഒന്നര അടിയോളം വളരും. ഇതോടെ അവയുടെ തലപ്പും നുള്ളിക്കളയണം. തുടർന്നു താഴെയുള്ള മൂന്ന് ഇലകളും അടർത്തിക്കളയണം. ഒപ്പം സ്പ്രിങ് പോലുള്ള ചുറ്റുവള്ളികളും മുറിച്ചു നീക്കണം.

ശരിയായി ശിഖരങ്ങൾ നീക്കി ഇലകളും മാറ്റിയാൽ പന്തൽവള്ളികൾ മാത്രമായി കാണാം. ഇതിനുശേഷം ഉണ്ടായ പൂവുകൾ നാലു മാസം കഴിയുന്നതോടെ കായ്കള്‍ പഴുത്ത് പറിക്കാറാകും. പഴം പറിച്ചെടുത്ത ശേഷം വീണ്ടും ശിഖരംകോതൽ നടത്തിയാൽ ഒരു വർഷം മൂന്നു തവണ വിളവെടുക്കാം. കിളിശല്യം ഒഴിവാക്കാൻ നെറ്റ്കൊണ്ടു മൂടിയിടുന്ന രീതിയുമുണ്ട്.

വളപ്രയോഗം– നടുന്നതിനുമുമ്പ് ജൈവവളങ്ങൾക്കു പുറമേ കടലപ്പിണ്ണാക്ക് 250 ഗ്രാം വെള്ളത്തില്‍ കുതിർത്ത് രണ്ടു ദിവസം കഴിയുമ്പോൾ തെളിയെടുത്ത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. രണ്ടു മാസം കൂടുമ്പോൾ ചാണകം, കമ്പോസ്റ്റ്, ആട്ടിൻകാഷ്ഠം ഇവയെല്ലാംകൂടി തടമൊന്നിന് 15 കിലോ വീതം ഇടാം.

മുന്തിരിച്ചെടിയിൽ പൂപ്പൽ രോഗം, ഇലമുരടിപ്പ് എന്നീ രോഗങ്ങൾ‌ ഉണ്ടാകാം. പ്രതിവിധിയായി ബോർഡോ മിശ്രിതം തളിച്ചാൽ മതി. മണ്ണിൽ ഈർപ്പം എപ്പോഴും നിലനിർത്തണം. വിളവെടുപ്പിന് ഒരാഴ്ച മുമ്പ് നന നിർത്തണം. ഇത് മധുരം കൂട്ടും.

കറ്റെരോഗം മാരകം

cardamom ഏലം

Q. ഇടുക്കിയിൽ ഏറെ പഴക്കം ചെന്ന ഒരു ചെറിയ ഏലത്തോട്ടം വിൽപനയ്ക്കുണ്ട്, അതു വാങ്ങണമെന്നു കരുതുന്നു. കറ്റെരോഗം ബാധിച്ചു വിള മോശമായതിനാൽ കാര്യമായ പരിചരണമൊന്നുമില്ലാത്ത തോട്ടമാണ്. കറ്റെരോഗത്തെയും നിയന്ത്രണോപാധികളെയും കുറിച്ച് അറിഞ്ഞാൽ വാങ്ങണമോ വേണ്ടയോ എന്നു തീരുമാനിക്കാമായിരുന്നു.

കെ.വി. അഗസ്തി, കൈരളി, വിളയൂർ

കേരളത്തിൽ ഏലത്തിനു കറ്റെരോഗം ഒരു കാലത്ത് സർവസാധാരണമായിരുന്നു. എന്നാൽ ഇന്ന് ഇതു നിയന്ത്രണവിധേയമാണ്. കറ്റെരോഗം ആദ്യം കാണുക തളിരിലകളിൽ. ഇലഞരമ്പുകൾക്കിടയിൽ മഞ്ഞ കലർന്ന പച്ച വരകൾ പ്രത്യക്ഷപ്പെടുന്നതോടെയാണ്. ഇതു ക്രമേണ ഇലയുടെ അരികുപാളിയിലേക്കു പടരും, വലുപ്പം കുറയും, മൊസേക് രൂപങ്ങൾ തണ്ടിലും ഉണ്ടാകും. വേരുകളുടെ വളർച്ചയും കുറയും.

രോഗകാരണം വൈറസാണ്. ചെടിയുടെ പ്രായം ഏതായാലും ഈ രോഗം ബാധിക്കാം. മൂന്നു വർഷംവരെ പ്രായമായവയിൽ രോഗം ബാധിച്ചാൽ കായ്പിടിത്തം ഉണ്ടാകില്ല. ഈ രോഗം പരത്തുന്നതു ചെടിയിൽനിന്നും നീരൂറ്റിക്കുടിക്കുന്ന ഒരിനം മുഞ്ഞയാണ്. വിത്തുവഴി രോഗം പകരില്ല, എന്നാൽ തട്ടവഴി പകരുകയും ചെയ്യും. അതിനാൽ രോഗമുള്ള തോട്ടങ്ങളിൽനിന്നു തട്ടകൾ നടാനെടുക്കരുത്.

രോഗം ബാധിച്ച ചെടികളെ രക്ഷപ്പെടുത്താനാകില്ല. അവയെ ഉടൻതന്നെ നശിപ്പിച്ചു കളയണം.

വാങ്ങാനുദ്ദേശിക്കുന്ന തോട്ടം ഒരു വിദഗ്ധനുമൊത്തു നേരിട്ടു കാണുക. രോഗബാധയില്ലെങ്കിലും ഉൽപാദനക്ഷമത തിട്ടപ്പെടുത്തി രക്ഷപ്പെടുത്താനാകാത്തവയെങ്കിൽ എല്ലാ ചെടികളും പിഴുതു നശിപ്പിച്ചശേഷം അടുത്ത മഴക്കാലാരംഭത്തോടെ നല്ല തൈകൾ നടണം.

കടലയുടെ കൃഷിരീതി

Q. കേരളത്തിൽ കടലയുടെ ഉപയോഗം കൂടുതലാണെങ്കിലും കൃഷി ചെയ്യുന്നതായി കണ്ടിട്ടില്ല. ഇതിന്റെ കൃഷിരീതി അറിഞ്ഞാൽക്കൊള്ളാം.

ആർ. ശാരദ, ശാരദാ മന്ദിരം, തൃപ്രങ്ങോട്ടൂർ

മികച്ച പോഷകമൂല്യമുള്ള ഭക്ഷ്യപദാർഥമാണ് കടല. വലുപ്പം കുറഞ്ഞതും കടും തവിട്ടുനിറമുള്ളതുമായ ദേശി കടലയും, മങ്ങിയ വെള്ളനിറത്തിൽ മുഴുത്ത കാമ്പുള്ളവയും എന്നിങ്ങനെ രണ്ടിനങ്ങൾ. ഇന്ത്യയ്ക്കു യോജിച്ചത് ദേശി ഇനങ്ങളാണ്.

മഴ കുറഞ്ഞ ശൈത്യമേഖലയാണു കൃഷിക്കു യോജ്യം. കളിമണ്ണില്‍ നന്നായി വളരുന്നു. കടല തനിവിളയായി കൃഷി ചെയ്യുന്നതു പരുത്തിക്കരിമണ്ണിലാണ്. മഴക്കാലം കഴിഞ്ഞാണ് കൃഷിയിറക്കേണ്ടത്. വിത്തുകൾ തമ്മിൽ 25–30 സെ.മീ. അകലം നൽകി പാകണം. ചെടികൾ നന്നായി തഴച്ചു വളരുന്നതിനാൽ കളശല്യം കുറവായിരിക്കും. കൂടുതൽ ചിനപ്പുകൾ ഉണ്ടാകാൻ ചെടിയുടെ തല നുള്ളി മാറ്റാറുണ്ട്.

മണ്ണ് ഒരുക്കുന്നതിനൊപ്പം ഹെക്ടറിന് 4–5 ടൺ ജൈവവളം (കാലിവളം/കമ്പോസ്റ്റ്) ചേർക്കണം. പുറമേ, നൈട്രജൻ 20 കിലോ, 40 കിലോ ഫോസ്ഫറസ് എന്നിവയും നൽകുക. മൂന്നര മാസംകൊണ്ടു കായ്കൾ മൂപ്പാകും. വിളവെടുപ്പ് ചെടികൾ പിഴുതെടുത്തോ അരിഞ്ഞെടുത്തോ നടത്തുന്നു. കൊയ്തെടുത്തത് ഒരാഴ്ചയോളം കൂട്ടിയിടണം. പിന്നീടു വടികൊണ്ടടിച്ചോ, ചവിട്ടിയോ മണികള്‍ വേർതിരിച്ചെടുക്കാം.

ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ

വായനക്കാരുടെ ശ്രദ്ധയ്ക്ക്

കൃഷി സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ഈ പംക്തിയിലേക്ക് ചോദ്യങ്ങൾ അയയ്ക്കാം.

വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം - 686001

ഇ-മെയിൽ: karsha@mm.co.in