Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിത്തുശേഖരണം എങ്ങനെ

paddy-seed

ജനിതകശുദ്ധിയും കിളിർപ്പും ശേഷിയുള്ളതുമായ വിത്തുകൾ ശേഖരിച്ചു കൃഷിയിറക്കുന്നിടംവരെ സുരക്ഷിതമായി സൂക്ഷിക്കുകയെന്നതാണ് വിത്തുൽപാദനത്തിന്റെ കാതൽ. വിത്തിനുവേണ്ട മേന്മകളെ ഇങ്ങനെ സംഗ്രഹിക്കാം.

∙ കിളിർക്കുന്നതാകണം

∙ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമാകണം

∙ അധിക വിളവുശേഷിയുള്ളതാകണം

∙ കീടരോഗബാധകളെ പ്രതിരോധിക്കാനാകണം

∙ ഉപഭോക്താവിനു പ്രിയമുള്ളതും മാർക്കറ്റിൽ നല്ല വില കിട്ടുന്നതുമാകണം

chilli-seed

ഇതിനെല്ലാം വേണ്ടത് ജനിതക ശുദ്ധി, വലിപ്പത്ത‍ിലും ആകൃതിയിലും ഐകരൂപ്യം, കരുത്തോടെയുള്ള കിളിർപ്പ് തുടങ്ങിയ കാര്യങ്ങളാണ്. മുറിവും ചതവും പറ്റാത്തതും കീടരോഗബാധകളേൽക്കാത്തതുമായിരിക്കണം നല്ല വിത്ത്. കളവിത്തോ മറ്റു മാലിന്യങ്ങളോ കലരരുത്. വിത്തു ശേഖരിക്കുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെക്കൊടുക്കുന്നു.

∙ ഒരു വിളയുടെ വിജയകരമായ കൃഷിക്കു സഹായമായ കാലാവസ്ഥ, മണ്ണ്, ഇനത്തിന്റെ പ്രത്യേക സ്വഭാവങ്ങൾ, അവയെ ബാധിക്കുന്ന കീടരോഗങ്ങൾ, അവയുടെ നിയന്ത്രണ മാർഗങ്ങൾ എന്നിവയെക്കുറിച്ച് ഉത്പാദകൻ അറിവു നേടിയിരിക്കണം.

∙ കേരളത്തിൽ സെപ്റ്റംബർ മുതൽ ജനുവരിവരെയാണ് വിത്തു ശേഖരിക്കുന്നതിനു പറ്റിയ സമയം.

∙ വിത്തിനുവേണ്ടി കൃഷിചെയ്യുന്ന സ്ഥലം തുറസ്സായതും നീർവാർച്ചയുള്ളതും വളക്കൂറുള്ളതുമാകണം.

∙ ഇവിടെ കൃഷിയിറക്കുന്നതിനു നല്ല വിത്തുകൾതന്നെ ഉപയോഗിക്കണം.

∙ വ്യത്യസ്ത ഇനങ്ങൾ അടുത്തടുത്ത് കൃഷി ചെയ്തിട്ടുണ്ടെങ്കിൽ അവ തമ്മിൽ നിശ്ചിത അകലം പാലിക്കണം.

∙ ഇനശുദ്ധി വിട്ടുള്ള ചെടികളെല്ലാം നീക്കം ചെയ്യണം.

∙ കീടരോഗബാധയേറ്റ ചെടികളും തോട്ടത്തിലെ കളകളും നീക്കം ചെയ്യണം.

bean-seed

∙ വിളക്കാലത്ത് ഒന്നോ രണ്ടോ തവണ നടത്തുന്ന വിളവെടുപ്പായിരിക്കും ആദായകരമായ വിത്തുൽപാദനത്തിനു പ്രയോജനപ്പെടുക.

∙ നന, സസ്യസംരക്ഷണം എന്നിവയ്ക്കു പുറമേ നൈട്രജൻ‌, പൊട്ടാഷുവളങ്ങൾ ഒരു തവണകൂടി കായ് വളർച്ചയുടെ സമയത്തു മേൽവളമായി നൽകുന്നതു നന്നായിരിക്കും.

∙ ഒരോ വിളയ്ക്കും ശുപാർശ ചെയ്തിട്ടുള്ള കൃഷി പരിചരണങ്ങൾ വിത്തിനുവേണ്ടിയുള്ള കൃഷിയിലും അനുവർത്തിക്കുക.

∙ യഥാർഥ മൂപ്പിൽത്തന്നെ വിത്തിനുവേണ്ടി വിളവെടുക്കുക. മൂപ്പു കൂടുന്നതും കുറയുന്നതും കിളിർപ്പിനെ ബാധിക്കും.