Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗ, കീടങ്ങൾക്കെതിരെ മണ്ണിൽ സൂര്യതാപീകരണം

soil-solarization തവാരണകൾ പോളിത്തീൻ ഷീറ്റുകൊണ്ടു പൊതിഞ്ഞിരിക്കുന്നു.

മണ്ണിനെ ശുദ്ധീകരിക്കാൻ ജൈവമാർഗം

പരിസ്ഥിതി സൗഹൃദ രീതിയിൽ സൗരോർജം ഉപയോഗിച്ച് കീടങ്ങളെയും മണ്ണിലുള്ള രോഗാണുക്കളെയും നിയന്ത്രിക്കാനുള്ള മാർഗമാണ് സൂര്യതാപീകരണം. നഴ്സറി തവാരണ ഉണ്ടാക്കാനും പോട്ട‍ിങ് മിശ്രിതത്തിനു മണ്ണ് എടുക്കാനുമാണ് സാധാരണഗതിയിൽ സൂര്യതാപീകരണം നടത്തുന്നത്. പ്രധാന കൃഷിയിടത്തിലും സൂര്യതാപീകരണം നടത്താം. ഇതു വിളകളുടെ വളർച്ചയും വിളവും കൂടാൻ ഉപകരിക്കും.

മണ്ണ് നനച്ച ശേഷം പ്രകാശം കടത്തിവിടുന്ന പോളിത്തീൻ (Polythene) ഷീറ്റുകൊണ്ട് പൊതിഞ്ഞ് 4–6 ആഴ്ച സൂര്യപ്രകാശം ഏൽപിക്കുന്നു. പ്ലാസ്റ്റിക് ഷീറ്റ് സൂര്യരശ്മിയിലെ ഊർജത്തെ മണ്ണിൽ പിടിച്ചുനിർത്തിക്കൊണ്ട് 12–18 ഇഞ്ച് ആഴത്തിൽ വരെയുള്ള മണ്ണിന്റെ താപനില ഉയർത്തി കളവിത്തുകളെയും രോഗാണുക്കളെയും വിരകളെയും കീടങ്ങളുടെ മുട്ടയെയും നശിപ്പിക്കുന്നു. സൂര്യതാപീകരണം വഴി മണ്ണിന്റെ താപനില 72–92 ഡിഗ്രി സെൽഷ്യസ് വരെ രണ്ടിഞ്ച് ആഴത്തിലും 32–37 ഡിഗ്രി സെൽഷ്യസ്‌വരെ എട്ട് ഇഞ്ച് ആഴത്തിലും ഉയർത്താം.

വർഷത്തിലെ ഉയർന്ന ചൂടുള്ള മാസത്തിൽ തുറസ്സായ, നിഴൽ കുറഞ്ഞ സ്ഥലമാണ് സൂര്യതാപീകരണത്തിനായി തിരഞ്ഞെടുക്കുന്നത്. ആദ്യം 10–15 സെ.മീ പൊക്കത്തിൽ‌ തവാരണ ഉണ്ടാക്കി അതിലെ കല്ലും കമ്പും എടുത്തുകളഞ്ഞ് മണ്ണ് നിരപ്പാക്കി സൂര്യതാപീകരണം നടത്താം. തവാരണയുടെ വീതി ഒരു മീറ്ററായും നീളം ആവശ്യത്തിനും ക്രമീകരിക്കാം. മണ്ണിലേക്ക് ഇടാൻ ഉദ്ദേശിക്കുന്ന ജൈവവളം സൂര്യതാപീകരണത്തിനു മുമ്പേ മണ്ണിൽ ഇളക്കിച്ചേർക്കുന്നപക്ഷം അതിലുള്ള കള വിത്തിനെയും രോഗാണുക്കളെയും കൂടി സൂര്യതാപീകരണത്തിലൂടെ നശിപ്പിക്കാനാകും. തവാരണ സൂര്യന്റെ ദിശയുടെ തെക്കുവടക്കു ദിശയിലേക്കാണെങ്കിൽ സൂര്യരശ്മി എല്ലായിടത്തും ഒരേപോലെ ലഭിക്കും.

വായിക്കാം ഇ - കർഷകശ്രീ

ഉരുളയാക്കാൻ പറ്റുന്ന പരുവത്തിൽ മണ്ണിനെ നനയ്ക്കുക. അതിനു മുൻപ് തവാരണയിൽ അങ്ങുമിങ്ങും 12 ഇഞ്ച് ആഴത്തിൽ കൈവിരൽ വലുപ്പമുള്ള കുഴിയെടുക്കുന്നതു വെള്ളം ആഴത്തിലേക്കിറങ്ങാൻ സഹായിക്കും.

നനച്ച തവാരണയെ നിരപ്പാക്കി 100–150 ഗേജിലുള്ള, പ്രകാശം കടത്തിവിടുന്ന പോളിത്തീൻ ഷീറ്റ് ഉപയോഗിച്ചു പൊതിയുക. ഷീറ്റിന്റെ നാലു വശങ്ങളും മണ്ണുകൊണ്ടു സീൽ ചെയ്യുക. പോളീത്തീൻ ഷീറ്റ് തവാരണയിലെ മണ്ണിനെ തൊട്ടിരിക്കണം. പോളിത്തീൻ ഷീറ്റ് കീറാൻ പാടില്ല. കീറിയാൽ താപീകരണത്തെ ബാധിക്കും. കീറുകയാണെങ്കിൽതന്നെ പശ ഉപയോഗിച്ച് ഒട്ടിച്ച് അടയ്ക്കണം. ഇങ്ങനെ 30–40 ദിവസം (നാലു മുതൽ ആറ് ആഴ്ചയോളം) സൂര്യതാപീകരണം നടത്തണം.

സൂര്യതാപീകരണത്തിലൂടെ മണ്ണിൽ പല രാസമാറ്റങ്ങളും ഉണ്ടാകുന്നു. പ്രധാനമായും നൈട്രേറ്റ്, അമോണിയ രൂപത്തിലുള്ള നൈട്രജന്റെയും പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവയുടെയും ലഭ്യത വർധിക്കുന്നു. മണ്ണിലെ ജൈവാംശങ്ങളുടെ വിഘടനം സൂര്യതാപീകരണത്തിലൂടെ വേഗത്തിലാവുന്നതാണ് ഇതിനു കാരണം. പൂപ്പൽ രോഗാണുക്കളായ വെർട്ടിസിലിയം, ഫൈറ്റോഫ്തോറ, റൈസക്റ്റോണിയ, പിത്തിയം, ഫുസേരിയം എന്നിവയെ സൂര്യതാപീകരണംകൊണ്ടു നശിപ്പിക്കാം. അഗ്രോബാക്ടീരിയം, ക്ലാവിബാക്ടർ തുടങ്ങിയ ബാക്ടീരിയൽ രോഗാണുക്കളെയും ചില ശത്രു നിമാവിരകളെയും നിയന്ത്രിക്കാം.

മുത്തങ്ങ, കറുകപ്പുല്ല്, വരിനെല്ല് തുടങ്ങിയ കളകളുടെ വിത്തിനെ നശിപ്പിക്കാനുമാവും.

മുകൾതട്ടിലെ 15 സെ.മീ. ആഴത്തിലുള്ള മണ്ണിലാണു രോഗകാരികളായ സൂക്ഷ്മജീവികൾ കാണപ്പെടുന്നത്. സൂര്യതാപീകരണം വഴി ഇവയെ നശിപ്പിക്കാം. രോഗാണുക്കൾക്കൊപ്പം കുറഞ്ഞ അളവിൽ മിത്ര അണുക്കളും നശിക്കുന്നുണ്ട്. എന്നാൽ ഇവയ്ക്ക് ഉയർന്ന താപനിലയെ അതിജീവിക്കാൻ കഴിവുള്ളതിനാൽ വളരെ വേഗം വംശവർധന നടത്തുന്നു. മിത്രകുമിളുകളായ ട്രൈക്കോഡെർമ, മിത്രബാക്ടീരിയകളായ ബാസിലസ്, സ്യൂഡോമോണാസ് എന്നിവ ഉദാഹരണം. ഉപകാരികളായ നിമാവിരകളുടെ എണ്ണവും സൂര്യതാപീകരണത്തിനു ശേഷം കൂടുന്നതായി കണ്ടിട്ടുണ്ട്. മണ്ണിലെ ഇത്തരം മാറ്റങ്ങൾ വിളകളുടെ വളർച്ചയും ഉൽപാദനവും വർധിക്കാൻ വഴിയൊരുക്കും.

വെള്ളരിവർഗവിളകളുടെ നിത്യശത്ര‍ുക്കളായ കായീച്ചയും മത്തൻവണ്ടും മണ്ണിലാണു മുട്ടയിടുന്നത്. സൂര്യതാപീകരണത്തിലൂടെ ഇവയുടെ മുട്ടകൾ നശിപ്പിക്കാം. വാഴ, മരച്ചീനി, ഇഞ്ചി, മഞ്ഞൾ എന്നിവയ്ക്കെല്ലാം സൂര്യതാപീകരണം ഫലപ്രദം.

വിലാസം: ബിഎസ്‌സി (അഗ്രി.) വിദ്യാർഥി, കാർഷിക കോളജ്, പടന്നക്കാട്.