Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരങ്ങൾ ടാപ്പിങ്ങിനു മാർക്ക് ചെയ്യാം

rubber-latex Representative image

വേനൽമഴ നന്നായി കിട്ടിയ സ്ഥലങ്ങളിൽ ടാപ്പിങ്ങിനു പാകമായ മരങ്ങൾ മാർക്ക് ചെയ്ത് ടാപ്പിങ് തുടങ്ങാം. മരങ്ങളിൽ നിയന്ത്രിതമായി മുറിവേൽപ്പിച്ച് ആദായമെടുക്കുന്നതാണ് ടാപ്പിങ്. അതുകൊണ്ട് ശരിയായ പരിശീലനം നേടിയവരെ മാത്രം ടാപ്പിങ്ങിനു നിയോഗിക്കണം. പുതിയ മരങ്ങളിൽ ടാപ്പിങ് തുടങ്ങുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

ഒട്ടുബന്ധത്തിൽനിന്ന് 125 സെ.മീ. ഉയരത്തിൽ 50 സെ.മീ. എങ്കിലും വണ്ണമെത്തിയ മരങ്ങളിൽ മാത്രമേ ടാപ്പിങ് തുടങ്ങാവൂ. തോട്ടത്തിലെ 70 ശതമാനം മരങ്ങളെങ്കിലും മുകളിൽ പറഞ്ഞത്രയും വണ്ണമെത്തിയശേഷം ടാപ്പിങ് തുടങ്ങുന്നതാണ് നല്ലത്. കേരളത്തിലെ കാലാവസ്ഥയിൽ 6–7 വർഷംകൊണ്ട് മരങ്ങൾ ഇത്രയും വണ്ണമെത്താറുണ്ട്.

ടാപ്പിങ് തുടങ്ങാത്ത മരങ്ങളിൽ ചുറ്റുവണ്ണം ഒരു വർഷം ശരാശരി 7 സെ.മീ. വീതം കൂടുമ്പോൾ ടാപ്പിങ് തുടങ്ങിയ മരങ്ങളിൽ ഇത് രണ്ടു സെ.മീ. മാത്രമാണ്. അതുകൊണ്ട് വേണ്ടത്ര വണ്ണമെത്തിയ മരങ്ങളിൽ മാത്രം ടാപ്പിങ് തുടങ്ങുക. ടാപ്പിങ് തുടങ്ങിയാൽ മരങ്ങൾ കൂടുതൽ വേഗത്തിൽ വണ്ണംവയ്ക്കുമെന്നത് തെറ്റായ ധാരണയാണ്.

വണ്ണമെത്തിയ മരത്തിന്റെ ചുറ്റളവിനെ രണ്ടു തുല്യഭാഗങ്ങളാക്കി തിരിച്ചശേഷം അതിലൊരു ഭാഗത്ത് മുൻകാന 125 സെ.മീ. ഉയരത്തിൽ വരത്തക്കവിധം മാർക്ക് ചെയ്യണം. ടെംപ്ലേറ്റ് എന്ന ഉപകരണം ഉപയോഗിച്ച് 30 ഡിഗ്രി ചെരിവിലാണ് വെട്ടുചാൽ മാർക്ക് ചെയ്യേണ്ടത്. മരത്തിന് അഭിമുഖമായി നിൽക്കുമ്പോൾ ഇടതു മുകളിൽനിന്നു വലതു താഴേക്കാണ് ചെരിവു കൊടുക്കേണ്ടത്. ഒരു വർഷം വെട്ടിയിറങ്ങാൻ സാധ്യതയുള്ള അത്രയും ഭാഗത്ത് ടെംപ്ലേറ്റ് ഉപയോഗിച്ച് മാർഗരേഖകൾ അടയാളപ്പെടുത്തണം. ടാപ്പിങ് തുടരുമ്പോൾ വെട്ടുചാലിന്റെ ചെരിവ് കൃത്യമായി പാലിക്കുന്നതിന് ഈ മാർഗരേഖകൾ ഉപകരിക്കും.

ഇപ്പോൾ വ്യാപകമായി കൃഷി ചെയ്തുവരുന്ന ഇനങ്ങൾ പൊതുവെ ഉയർന്ന വിളവു നല്‍കുന്നവയാണ്. ഇവ മൂന്നു ദിവസത്തിലൊരിക്കൽ മാത്രമേ ടാപ്പ് ചെയ്യാവൂ. ടാപ്പ് ചെയ്യുമ്പോൾ മുറിവിന്റെ ആഴം തണ്ണിപ്പട്ടയോട് ഒരു മി.മീറ്റർ അടുത്തുവരെയേ ആകാവൂ. ടാപ്പിങ്ങിന്റെ ആഴം കൂടിപ്പോയാൽ തണ്ണിപ്പട്ടയ്ക്കു മുറിവേറ്റ്, പുതുപ്പട്ടയുടെ വളർച്ചയെ ബാധിക്കും. ആഴം കുറഞ്ഞുപോയാൽ ആദായം കുറയുകയും ചെയ്യും. വെട്ടുചാലിന് ഉള്ളിലേക്ക് ചെറിയ ചെരിവ് കൊടുത്ത് ടാപ്പ് ചെയ്യുന്നത് പാൽ പുറത്തേക്ക് ഒഴുകാതിരിക്കാൻ സഹായിക്കും.

rubber-tree-latex Representative image

ടാപ്പിങ്ങിന്റെ ഇടവേളയനുസരിച്ച്, അരിയുന്ന പട്ടയുടെ കനം വ്യത്യാസപ്പെടുത്തണം. മൂന്നു ദിവസത്തിലൊരിക്കൽ ടാപ്പ് ചെയ്യുമ്പോൾ 1.75 മില്ലിമീറ്ററും നാലു ദിവസത്തിലൊരിക്കലാണെങ്കിൽ രണ്ടു മില്ലിമീറ്ററും ആഴ്ചയിലൊരിക്കലാണെങ്കിൽ 2.5 മില്ലിമീറ്ററും കനത്തിൽ ടാപ്പ് ചെയ്യണം. റബർ ബോർഡ് ശുപാർശ ചെയ്തിരിക്കുന്ന രീതിയിൽ ഉത്തേജകമരുന്ന് പുരട്ടിയാൽ ആദായത്തിൽ കുറവു വരാതെതന്നെ ടാപ്പിങ്ങിന്റെ ഇടവേള കൂട്ടാൻ പറ്റും.

റബർ ബോർഡ് കോൾസെന്ററിൽ വിളിക്കാം. (ഫോൺ: 0481–2576622)

വിലാസം: ഫാം ഓഫിസർ, പബ്ലിസിറ്റി ആൻഡ് പബ്ലിക് റിലേഷൻസ് ഡിവിഷൻ, റബർ ബോർഡ്, കോട്ടയം.

ഫോൺ: 94479 13108