Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോയാപ്പയർ പ്രോട്ടീൻ സമൃദ്ധം

soybean സോയാപ്പയർ

സോയാപ്പയര്‍ ഒരു ‘‘അത്ഭുതവിള’’യെന്നു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. ഇത് പ്രോട്ടീൻസമ്പന്നമാണ്. പാൽപ്രോട്ടീനു തുല്യമാണ് സോയാപ്രോട്ടീൻ. മത്സ്യത്തിലും മുട്ടയിലും ഉള്ളതിന്റെ മൂന്നിരട്ടി പ്രോട്ടീൻ ഇതിലടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ‘എല്ലില്ലാ ഇറച്ചി’ എന്ന പേരിലും ഇതറിയപ്പെടുന്നു. പോഷകങ്ങളുടെ കലവറയായ സോയാപ്പയറിൽ എണ്ണ 20 ശതമാനത്തിലധികവും പ്രോട്ടീൻ 40 ശതമാനവും അടങ്ങിയിരിക്കുന്നു. കൂടാതെ അമിനോഅമ്ലം, ധാതുക്കൾ, ലവണങ്ങൾ ABC തുടങ്ങിയ വിറ്റാമിനുകളും ഉൾക്കൊള്ളുന്നു. ശിശുക്കൾക്കുള്ള ആഹാരം, ആന്റിബയോട്ടിക്കുകൾ എന്നിവയിലും സൈലേജ്, പിണ്ണാക്ക് തുടങ്ങിയ കാലിത്തീറ്റകളിലും സോപ്പ്, പെയിന്റ്, വാർണിഷ് എന്നീ വ്യാവസായികോൽപന്നങ്ങളിലും സോയാപ്പയർ പ്രയോജനപ്പെടുത്തിവരുന്നു.

സോയാപ്പയർ കൃഷി വിവിധയിനം മണ്ണുകളിൽ നടത്താം. നല്ല ചൂടും ഈർപ്പവുമുള്ള അന്തരീക്ഷമാണ് വളർച്ചയ്ക്ക് അനുയോജ്യം. നീർവാർച്ചയും ജൈവാംശം കൂടുതലായുള്ളതുമായ സ്ഥലം കൃഷിക്കു തിരഞ്ഞെടുക്കാം. തനിവിളയായോ ഇടവിളയായോ കൃഷി നടത്താം. കേരളത്തിൽ വീട്ടുവളപ്പുകളിൽ വേലിയ്ക്ക് അരികിലും അടുക്കളത്തോട്ടത്തിലൊരു വിളയായും കൃഷി ചെയ്തുപോരുന്നു. പാടങ്ങളിൽ വെള്ളക്കെട്ടില്ലാത്തപ്പോൾ മുണ്ടകൻ, പുഞ്ച സീസണുകളിൽ കൃഷി നടത്താം. ഉഴുതൊരുക്കിയ സ്ഥലത്ത് 45X10 സെ.മീ. അകലം നൽകി വിത്ത് വിതയ്ക്കുക. ഹെക്ടറിന് 20 ടൺ ജൈവവളങ്ങൾ ചേർക്കാം. വേനൽക്കാലത്ത് നേരിയ തോതിൽ നനയ്ക്കുകയും വേണം.

വിത്ത് ലഭ്യതയ്ക്കു സോയാപ്പയർ കൃഷിയുള്ള കർഷകരെയോ മണ്ണുത്തിയിലുള്ള കാർഷിക സർവകലാശാല വിൽപന കേന്ദ്രത്തെയോ സമീപിക്കുക. ഫോൺ: 0487–2370773