Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെങ്ങിൻതൈ നടീലിന്റെ രീതിശാസ്ത്രം

coconut-seedlings

നമ്മുടെ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തോട്ടവിളയാണ് തെങ്ങ്. സംസ്ഥാനത്തിന്റെ കാർഷിക മേഖലയിലും സമ്പദ്ഘടനയിലും തെങ്ങ് ഗണ്യമായ പങ്ക് വഹിക്കുന്നു. വൈവിധ്യമാർന്ന ഉപയോഗ സാധ്യതകളുള്ള തെങ്ങും, തെങ്ങ് ഉൽപന്നങ്ങളും കേരളത്തിലെ കാർഷിക വ്യവസായ മേഖലയിലേക്ക് പലതരത്തിൽ പ്രയോജനം ചെയ്യുന്നുണ്ട്. വീണ്ടുമൊരു കാലവർഷം സമാഗതമായ ഈയൊരു വേളയിൽ പുതിയ തെങ്ങിൻതൈകൾ നടാനുള്ള വ്യഗ്രതയിലാണ് കേരളത്തിലെ കേരകർഷകരിപ്പോൾ. തെങ്ങിൻതൈ നടുമ്പോൾ നടീലിന്റെ രീതിശാസ്ത്രത്തെപ്പറ്റി നാം ബോധവാൻമാരായിരിക്കണം. അത്തരത്തിലുള്ള തെങ്ങിൻതൈ നടീലിന്റെ ശാസ്ത്രീയ രീതികളാണ് ചുവടെ പ്രതിപാദിച്ചിരിക്കുന്നത്.

ലക്ഷണമൊത്ത തൈകൾ

വിത്തുതേങ്ങയിൽ അന്തർലീനമായിട്ടുള്ള മിക്ക സ്വഭാവഗുണങ്ങളും തൈകൾ പ്രകടമാക്കും. അതുകൊണ്ട് തൈകളുടെ ആദ്യകാല സ്വഭാവങ്ങൾ പഠിക്കുന്നത് തൈ തിരഞ്ഞെടുപ്പ് സുഗമമാക്കുന്നു. തൈയുടെ പൊക്കം, ഓലകളുടെ എണ്ണം മുതലായ സ്വഭാവങ്ങൾ പരിശോധിച്ചാണ് തൈ തിരഞ്ഞെടുക്കുന്നത്. ഒരു നല്ല തൈയ്ക്ക് ഉണ്ടായിരിക്കേണ്ട സ്വഭാവഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

∙ ഒമ്പത് മാസം പ്രായമാവുമ്പോൾ ചുരുങ്ങിയത് ആറ് ഓലകൾ ഉണ്ടായിരിക്കും.
∙ 10–12 സെ.മീ കണ്ണാടിക്കനം ഉണ്ടാവണം.
∙ നേരത്തെ ഓലകൾ വിരിഞ്ഞ് ഓലക്കാലുകൾ വേർപെട്ടിരിക്കണം.
∙ ഓലകൾക്ക് നല്ല പച്ച നിറം ഉണ്ടായിരിക്കണം.

തൈകൾ 9–12 മാസം പ്രായമാവുമ്പോൾ പറിച്ചു നടണം. ആദ്യം മുളച്ച തൈകൾ വേഗത്തിൽ വളരും. അവ നേരത്തെ പുഷ്പിക്കുകയും ചെയ്യും. നേരത്തെ മുളച്ച തൈകൾക്കാണ് ഏറ്റവും കൂടുതൽ വേരുകളുണ്ടാവുക. കൂടുതൽ വേരുകളുള്ള തൈകൾക്ക് കൂടുതൽ പൊക്കവുമുണ്ടായിരിക്കും.

പറിച്ചു നടൽ

കുഴികൾ തയാറായി കഴിയുമ്പോൾ തവാരണയിൽനിന്ന് തൈകൾ കൈക്കോട്ടുകൊണ്ട് ഇളക്കിയെടുക്കുക. ഇളക്കിയെടുത്ത തൈകളുടെ വേരുകൾ മുറിച്ചു കളയുക. കാലതാമസമുണ്ടായാൽ തൈകൾ തണലത്ത് സൂക്ഷിക്കണം. തൈകൾക്ക് കീടരോഗബാധയുണ്ടെങ്കിൽ നടാനുപയോഗിക്കരുത്.

പറിച്ചു നടുവാൻ പറ്റിയ കാലം

ജലസേചന സൗകര്യമുണ്ടെങ്കിൽ ഏപ്രിൽ മാസത്തിലും ജലസേചന സൗകര്യമില്ലെങ്കിൽ കാലവർഷം സമാഗതമാവുന്നതോടുകൂടിയും താഴ്ന്ന സ്ഥലങ്ങളിൽ സെപ്റ്റംബർ മാസത്തിലെ പെരുമഴയ്ക്ക് ശേഷവും നടുക.

നിലമൊരുക്കൽ

മണ്ണിന്റെ തരവും ഭൂമിയുടെ കിടപ്പും മറ്റു സാഹചര്യങ്ങളും കണക്കിലെടുത്ത് നിലമൊരുക്കണം. തെങ്ങു കൃഷിചെയ്തുകൊണ്ടിരിക്കുന്ന സ്ഥലത്താണെങ്കിൽ പ്രത്യേകിച്ച് നിലമൊരുക്കേണ്ട ആവശ്യമില്ല. ഭൂമി ചരിഞ്ഞതും നിമ്നോന്നതവുമാണെങ്കിൽ കോണ്ടൂർ വരമ്പുകൾ നിർമിച്ചോ കോണ്ടൂർ ടെറസുകൾ ഉണ്ടാക്കിയോ നിലമൊരുക്കണം. നീർവാർച്ച കുറഞ്ഞ താഴ്ന്ന പ്രദേശമാണെങ്കിൽ ഒരു മീറ്റർ ഉയരമുള്ള കൂനകളോ വരമ്പുകളോ എടുക്കണം. ചെളിയുടെ അംശം കൂടിയ മണ്ണാണെങ്കിൽ മണൽ കലർത്തണം. തീരെ ആഴം കുറഞ്ഞ മണ്ണും തുടർച്ചയായി വെള്ളം കെട്ടിനിൽക്കുന്ന മണ്ണും തെങ്ങുകൃഷിക്കു യോജിച്ചതല്ല.

planting-coconut-palms-method1

തൈക്കുഴിയുടെ വലുപ്പം

കരുത്തുറ്റ ഒരു തെങ്ങിന്റെ കടഭാഗത്തിന് (ഭൂകാണ്ഡം) ഏകദേശം 75 സെ.മീ നീളമുണ്ടായിരിക്കും. ഈ ഭാഗം എപ്പോഴും മണ്ണിനടിയിൽ സ്ഥിതിചെയ്യണം. മണ്ണിന്റെ തരമനുസരിച്ച് തൈക്കുഴിയുടെ വലുപ്പം നിശ്ചയിക്കാം.

മണൽ മണ്ണ് : 75X 75X 75 സെ.മീ
പശിമരാശി മണ്ണ് : 100X100X100 സെ.മീ
ചെങ്കൽ മണ്ണ്: 45X45X45 സെ.മീ

ചെങ്കൽ മണ്ണിൽ കുഴിയുടെ അടിഭാഗത്തുള്ള മണ്ണിന്റെ കാഠിന്യം കുറയ്ക്കുവാൻ രണ്ട് കി.ഗ്രാം കറിയുപ്പ് തൈ നടുന്നതിന് 6 മാസം മുമ്പ് നിക്ഷേപിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ ആഴം കുറഞ്ഞ കുഴിക്കുള്ളിൽ തൈ നടുമ്പോൾ അതിന്റെ വളർച്ചയ്ക്ക് അനുസൃതമായി മണ്ണും മണലും ഇട്ട് കൂന ഉയർത്തിക്കൊണ്ടിരിക്കണം. കുഴികളെടുക്കാതെ മണ്ണിന്റെ ഉപരിതലത്തിൽ നട്ടു വളർന്ന തെങ്ങ് കാറ്റിൽ കടപുഴകി വീഴാൻ ഏറെ സാധ്യതയുണ്ട്. കുഴിയുടെ മുകൾഭാഗത്തുനിന്നും 25–30 സെ.മീ ആഴത്തിൽ മേൽമണ്ണും ചാരവും ആവശ്യമെങ്കിൽ മണലും ചേർത്ത മിശ്രിതം നിറച്ചതിനുശേഷം മധ്യഭാഗത്ത് ഒരു ചെറിയ കുഴിയുണ്ടാക്കി വേണം തെങ്ങിൻതൈ നടാൻ. തെങ്ങിൻതൈയുടെ കടഭാഗം മണ്ണിനാൽ മൂടപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

planting-coconut-palms-method2

നടുന്ന അകലം

കേരവൃക്ഷത്തിന്റെ ഉൽപാദനക്ഷമതയെ ഗണ്യമായി സ്വാധീനിക്കുന്ന ഘടകമാണ് നടുന്ന അകലം. വൃക്ഷസാന്ദ്രത കൂടിയതുകൊണ്ട് നാളികേരോൽപാദനം കൂടണമെന്നില്ല. തെങ്ങ് നല്ലവണ്ണം കായ്ക്കണമെങ്കിൽ അതിന് ധാരാളം സൂര്യപ്രകാശം ആവശ്യമാണ്. ഇടതിങ്ങി വളർന്നാൽ തെങ്ങുകൾ തമ്മിൽ സൂര്യപ്രകാശത്തിനും പോഷക മൂലകങ്ങള്‍ക്കുംവേണ്ടി മത്സരിക്കേണ്ടിവരും. ഇത് ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

നടീൽ സമ്പ്രദായങ്ങൾ                        അകലം

1. സമചതുര സമ്പ്രദായം                      7.6 മീറ്റർ

2. ത്രികോണ സമ്പ്രദായം                     7.6– 9.0 മീറ്റർ

3. ഒറ്റവരി സമ്പ്രദായം                         5 മീറ്റർ (തൈകൾ തമ്മിലുള്ള അകലം)
                                                     9 മീറ്റർ (രണ്ടു വരികൾ തമ്മിലുള്ള അകലം)

4. ഇരട്ട വരി സമ്പ്രദായം                     5 മീറ്റർ (ഒരു വരിയിൽ രണ്ടു തൈകള്‍ തമ്മിലുള്ള അകലം)
                                                    5 മീറ്റർ (ഇരട്ടവരിയിൽ രണ്ടു വരികൾ തമ്മിലുള്ള അകലം)
                                                    9 മീറ്റർ (രണ്ട് ഇരട്ട വരികൾ തമ്മിലുള്ള അകലം)

തൈകളുടെ സംരക്ഷണം

നട്ടയുടനെ തൈകൾക്ക് ഓലയോ മറ്റോ ഉപയോഗിച്ച്‌ തണൽ കൊടുക്കുക. തൈക്കുഴിയിൽ വെള്ളം കെട്ടിനിൽക്കുവാൻ അനുവദിക്കാതിരിക്കുക. മഴക്കാലത്ത് തൈയുടെ കണ്ണാടി ഭാഗത്തും ഓലക്കവിളുകളിലും അടിഞ്ഞു കൂടുന്ന മണ്ണ് യഥാസമയം നീക്കംചെയ്യുക. മഴക്കാലത്ത് തെങ്ങിൻതോപ്പിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ നീർച്ചാലുകൾ ഉണ്ടാക്കുക. വേനൽക്കാലത്താണെങ്കിൽ നാലു ദിവസത്തിലൊരിക്കൽ തൈ ഒന്നിന് 45 ലീറ്റർ എന്ന തോതിൽ ജലസേചനം ചെയ്യുക. ചിതൽ, വേരുതീനിപ്പുഴു, കൊമ്പൻചെല്ലി, കൂമ്പഴുകല്‍ തുടങ്ങിയ കീട രോഗബാധക്കെതിരെ പ്രതിരോധ, നിയന്ത്രണ മാർഗങ്ങൾ യഥാസമയം അനുവർത്തിക്കുക.

തയാറാക്കിയത്: മുഹമ്മദ് സുഹൈബ് ഇസ്മായിൽ, കാർഷിക കോളജ്, പടന്നക്കാട്.
Mob: 9526838312