Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശുമാവിലെ പ്രധാന കീടരോഗങ്ങൾ

cashew

പതിനാറാം നൂറ്റാണ്ടിൽ ഭാരതവുമായി വ്യാപാരബന്ധത്തിലേർപ്പെട്ടിരുന്ന പോർച്ചുഗീസുകാർ വെറും മണ്ണുസംരക്ഷണ വിളയായി ഉപയോഗിച്ചിരുന്ന കശുമാവിനെ വ്യാവസായികാടിസ്ഥാനത്തിലൂന്നിയ ഒരു കയറ്റുമതി വിളയായി വികസിപ്പിച്ചെടുക്കുവാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം കശുവണ്ടിയുടെ ഉൽപാദനക്ഷമത ദേശീയ ശരാശരിയേക്കാൾ (900 കി.ഗ്രാം) മേലെ ആണെങ്കിലും കശുമാവ് വിസ്തൃതിക്കനുസൃതമായ ഉൽപാദനം നമുക്കു ലഭ്യമാകുന്നില്ല എന്നത് പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. തോട്ടങ്ങളുടെ കുറ‍ഞ്ഞ ഉൽപാദനക്ഷമതയാണ് ഇതിന്റെ കാരണം. ഇതിനു കാരണമായ ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കീടാക്രമണം മൂലമുണ്ടാകുന്ന വിള നഷ്ടമാണ്. തേയിലക്കൊതുകും തടിതുരപ്പൻ പുഴുവുമാണ് കശുമാവിന് വ്യാപകനാശം വരുത്തുന്ന കീടങ്ങൾ.

നഴ്സറിയിലെ കീടരോഗങ്ങൾ

കീടങ്ങൾ

തളിരിലകളെ ആക്രമിക്കുന്നതിനാൽ, വലിയ മരങ്ങളെ ബാധിക്കുന്ന തേയിലക്കൊതുകുകൾ, നഴ്സറിയിലും ആക്രമണം നടത്താം. തളിരിലകൾ തിന്ന് നശിപ്പിക്കുന്ന ഇലതീനി പുഴു, വല കെട്ടുന്ന പുഴുക്കള്‍, ഇളംതണ്ട് തീനി പുഴുക്കൾ എന്നിവയും നഴ്സറിയിൽ കാണുന്ന മറ്റു ചില കീടങ്ങളാണ്. ഇവയുടെ ആക്രമണം രൂക്ഷമായാൽ തൈകളുടെ വളർച്ച മുരടിക്കും. ഇവയുടെ നിയന്ത്രണത്തിനായി യഥാസമയം കീടനാശിനിപ്രയോഗം നടത്തേണ്ടതാണ്.

രോഗങ്ങൾ

മുളച്ചു പൊങ്ങുന്നതിനു മുമ്പ് തന്നെ വിത്തണ്ടി അഴുകി പോകുകയോ മുളച്ച് പൊങ്ങിയ ഇളം തൈകൾ അഴുകി പോകുകയോ ചെയ്യുന്നതാണ് തൈ ചീയലിന്റെ ലക്ഷണം. ചെടികൾ വാടി ഉണങ്ങിപ്പോകുന്ന തൈകരിച്ചിൽ, വേരുകൾ ചീഞ്ഞ് തൈയുടെ വളർച്ച മുരടിക്കുകയും ഇലകൾ മഞ്ഞളിക്കുകയും ചെയ്യുന്ന വേര് ചീയൽ. തണ്ടുണക്കം, ഇലകരിച്ചിൽ എന്നിവയാണ് മറ്റു പ്രധാന നഴ്സറി രോഗങ്ങൾ.

വെള്ളം നന്നായി വാർന്നുപോകുവാൻ പോളിത്തീൻ കൂടുകളിൽ വേണ്ടത്ര സുഷിരങ്ങൾ ഇടുകയും, സൂര്യപ്രകാശവും, നല്ല വായുസഞ്ചാരവും കിട്ടത്തക്കവിധം കൂടുകൾ അകലത്തിൽ വയ്ക്കുകയും ചെയ്യുന്നതു വഴി നഴ്സറി രോഗങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാം. സൂര്യതാപീകരണം നടത്തിയ പോട്ടിങ് മിശ്രിതം ഉപയോഗിക്കുന്നതും ജീവാണു വളങ്ങൾ ചേർത്തുകൊടുക്കുന്നതും രോഗം കുറയ്ക്കാൻ സഹായിക്കും. രോഗനിയന്ത്രണത്തിനായി മങ്കോസെബ്/ കോപ്പർ ഓക്സിക്ലോറൈഡ് 2 ഗ്രാം 1 ലീറ്റർ  വെള്ളത്തിൽ എന്ന തോതിലോ പൊട്ടാസ്യം ഫോസ്ഫോണേറ്റ് (അക്കോമിൻ) 3 മില്ലി ലീറ്റർ 1 ലീറ്റർ വെള്ളത്തിൽ എന്ന തോതിലോ കലക്കി, തൈ ഒന്നിന് 200 മി.ലീ വീതം ഒഴിച്ച് കൊടുക്കണം. രോഗം ബാധിച്ച തൈകൾ നിന്നിരുന്ന മണ്ണ് വീണ്ടും തൈ ഉണ്ടാക്കാൻ ഉപയോഗിക്കരുത്. ഇലകരിച്ചിലിനെതിരെ കാർബൻഡാസിം (1ഗ്രാം 1 ലീറ്റര്‍ വെള്ളത്തിൽ) ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. തേയിലക്കൊതുകിന്റെ ആക്രമണം മൂലവും തണ്ടുണക്കം ഉണ്ടാകുമെന്നതിനാൽ, ബോർഡോമിശ്രിതം ഒഴിച്ച് മറ്റുള്ള കുമിൾനാശിനികളോടൊപ്പം, ക്യൂനാൽഫോസ് എന്ന കീടനാശിനി കൂടി ചേർത്ത് തളിക്കുന്നത് നന്നായിരിക്കും.

pests-and-diseases-of-cashew

തോട്ടത്തിലെ കീടരോഗങ്ങൾ

തേയിലക്കൊതുക്

കശുമാവിൽ 40–50 ശതമാനം വരെയും ചിലപ്പോൾ 100 ശതമാനം വരെയും വിളനാശത്തിന് തേയിലക്കൊതുകിന്റെ ആക്രമണം കാരണമാകുന്നു. തളിരിടീൽ കാലത്തും, പൂങ്കുലകൾ ഉണ്ടാകുന്ന സമയത്തും പിഞ്ചണ്ടിയുണ്ടാകുന്ന സമയത്തുമാണ് കീടാക്രമണം അധികരിക്കുന്നത്. കീടാക്രമണം മൂലം തളിരുകളും പൂങ്കുലകളും കരിഞ്ഞ് ഉണങ്ങുകയും കശുവണ്ടി ശുഷ്‌കിച്ചുപോകുകയും ചെയ്യുന്നു. തേയിലക്കൊതുകിനെതിരെ മരുന്നു ശുപാർശ ചെയ്യുന്നത് വളർച്ചയുടെ മൂന്നു ഘട്ടങ്ങളിലായാണ്. ഒരേ കീടനാശിനി തന്നെ തുടർച്ചയായി മൂന്നു തവണയും ഉപയോഗിക്കുവാൻ പാടില്ല.

തടിതുരപ്പൻ വണ്ട്

മരങ്ങൾ പൂർണ്ണമായും ഉണക്കിക്കളയുമെന്നതിനാൽ കശുമാവിന്റെ മാരക ശത്രുവാണ് തടിതുരപ്പൻ വണ്ട്. വർഷംതോറും ശരാശരി 10 ശതമാനം മരങ്ങൾ ഇതിന്റെ ആക്രമണം മൂലം നശിക്കുമെന്നതിനാൽ വൻ നഷ്ടത്തിന് ഇടയാകുന്നു. സാധാരണയായി അവഗണിക്കപ്പെട്ട തോട്ടങ്ങളിലാണ് ഇതിന്റെ ആക്രമണം കൂടുതലായി കാണുന്നത്. കീടം ബാധിച്ച മരത്തിന്റെ ചുവടുഭാഗത്തും വേരുകളിലും ചെറിയ ദ്വാരങ്ങളിലൂടെ മരപ്പൊടിയും പശയും വെളിയിലേക്കു വരുന്നതായി കാണാം. കൂടാതെ മരച്ചുവട്ടിൽ ചവച്ചുതുപ്പിയ നാരുകളും വിസർജ്ജ്യവസ്തുക്കളും കാണും. ഇവയുടെ ആക്രമണം മൂലം മരത്തിന്റെ ഇലകൾ മഞ്ഞനിറമാവുകയും കൊഴിയുകയും ചെയ്യുന്നു. ക്രമേണ മരം പൂർണ്ണമായി ഉണങ്ങാനിടയാകുന്നു. ആക്രമണം ആരംഭദശയിൽ കണ്ടുപിടിച്ച് വേണ്ട പ്രതിവിധികൾ സ്വീകരിച്ചാൽ കശുമാവിനെ പൂർണ്ണമായും രക്ഷപ്പെടുത്താം. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയത്താണ് പൂർണ്ണവളർച്ചയെത്തിയ വണ്ടുകൾ കൂടുതലായി പുറത്തുവരുന്നത്. തുടർന്ന് ജനുവരി മുതൽ മാർച്ച് വരെയുള്ള സമയത്ത് വണ്ടിന്റെ മുട്ടകളും പുഴുക്കളും കാണാൻ സാധിക്കും. ഈ സമയങ്ങളിൽ തുടർച്ചയായി നിരീക്ഷണം നടത്തി മുട്ടകളും പുഴുക്കളും നീക്കം ചെയ്ത് ആക്രമണം ഗണ്യമായി കുറയ്ക്കുവാൻ സാധിക്കും.

കൊമ്പുണക്കം

കശുമാവിൽ കണ്ടുവരുന്ന പ്രധാന രോഗമാണ് കൊമ്പുണക്കം. മഴക്കാലത്താണ് ഈ രോഗം കാണുക. കൊമ്പുകളിൽ വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നതും തു‍ടർന്ന് കൊമ്പ് താഴേക്ക് ഉണങ്ങിവരുന്നതുമാണ് രോഗലക്ഷണം. രോഗബാധയുള്ള ഭാഗം ചെത്തിക്കളഞ്ഞു ബോർഡോ കുഴമ്പ് പുരട്ടണം. മെയ്, ജൂൺ, ഒക്ടോബർ മാസങ്ങളിൽ മുൻകരുതലായി 1 ശതമാനം ബോർഡോമിശ്രിതം തളിക്കുകയും വേണം.