Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഗന്ധം വിതറും കെപ്പൽ പഴം

keppel-fruit കെപ്പൽ പഴം

അപൂർവ സസ്യജാലങ്ങളുടെ പറുദീസയാണ് ഇന്തൊനീഷ്യ.

അവിടെ നിന്നെത്തിയ ഫലസസ്യമാണ് കെപ്പൽ. ഇവയുടെ പഴങ്ങൾ കഴിച്ചാൽ മനുഷ്യശരീരത്തിൽനിന്ന് ഉണ്ടാകുന്ന വിയർപ്പിനു ഹൃദ്യമായ സുഗന്ധമായിരിക്കുമത്രെ.

ഇരുപത്തിയഞ്ചു മീറ്ററോളം ഉയരത്തിൽ നീളമേറിയ തായ്ത്തടിയും മുകളിൽ കുടപോലെ ശാഖകളുമായി കാണുന്ന നിത്യഹരിത സസ്യമാണ് കെപ്പൽ. സസ്യനാമം ‘സ്റ്റെലകോകാർപ്പസ് ബ്യൂറാഹോൾ’ (stelechocarpus burahol).

ഇന്തൊനീഷ്യയിലെ രാജകുടുംബാംഗങ്ങളുടെ ഇഷ്ട പഴമായിരുന്നു കെപ്പൽ. രാജകൊട്ടാരത്തിന്റെ സമീപമൊഴികെ കെപ്പൽ മരം വളർത്തുന്നതു നിയമവിരുദ്ധമായിരുന്നു. അതിനാൽ ഇവയുടെ പ്രചാരണം സാവധാനത്തിലായി. രാജഭരണമവസാനിച്ചതോടെ ഇവയുടെ സുഗന്ധം പൊഴിക്കുന്ന പ്രത്യേകത അറിഞ്ഞ് പലരും തങ്ങളുടെ രാജ്യങ്ങളിലുമെത്തിച്ചു.

ഇന്ന് ഉഷ്ണമേഖലാ രാജ്യങ്ങളിലെങ്ങും ഇവ വളരുന്നുണ്ട്.

കെപ്പൽ മരത്തിന്റെ തായ്ത്തടിയിൽ ഗോളാകൃതിയിലുള്ള കായ്കൾ കൂട്ടമായി വിളയുന്നു. പഴങ്ങൾക്കു പുളികലർന്ന മധുരവും മാങ്ങയുടെ രുചിയുമാണ്. പഴക്കാമ്പ് നേരിട്ടു കഴിക്കാം. വിത്തുകളാണ് കെപ്പൽ മരത്തിന്റെ നടീൽ വസ്തു. സൂര്യപ്രകാശം ലഭിക്കുന്ന നീർവാർച്ചയുള്ള പ്രദേശങ്ങളിൽ പരിചരണമില്ലാതെതന്നെ ഇവ വളർത്താം. ചെമ്പുനിറമുള്ള തളിരിലകൾ ഇവയ്ക്കു മനോഹര രൂപം നൽകുന്നു.

രാജേഷ് കാരാപ്പള്ളിൽ
9495234232