Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടമ്പുളി: വിളവെടുപ്പും സംസ്കരണവും

kudampuli-malabar-tamarind കുടമ്പുളി

ചോദ്യം ഉത്തരംവിളകൾ

Q. കുടമ്പുളിയുടെ കായ്കൾ എപ്പോഴാണു പറിച്ചെടുക്കേണ്ടത്. ഉപയോഗിക്കുന്നതു പച്ചയായോ പഴമായോ. സംസ്കരിക്കേണ്ട വിധവും അറിയണം.

പപ്പായയുടെ വളപ്രയോഗം എങ്ങനെ.

പി. പവിത്രൻ, അനിയാരം, ചൊക്ലി

കുടമ്പുളിയുടെ സാധാരണ ചെടികള്‍ 10–12 വർഷമാകുമ്പോൾ കായ്ച്ചുതുടങ്ങും. ഗ്രാഫ്റ്റ് ചെയ്ത തൈകളെങ്കിൽ മൂന്നു വർഷമാകുമ്പോഴും. പൂർണതോതില്‍ വിളവെടുപ്പിനു 10–12 വർഷമെടുക്കും.

ജനുവരി മുതൽ മാർച്ച് വരെയാണ് പൂവിടും കാലം. ജൂലൈ ആകുമ്പോഴേക്കും കായ്കൾ മൂപ്പായി തുടങ്ങും. എന്നാൽ ചില ചെടികൾ കാലം തെറ്റിയും കായ്ക്കാറുണ്ട്. ഒരു വർഷം രണ്ടു തവണ, അതായത്, ജനുവരി–ജൂലൈ, സെപ്റ്റംബർ–ഫെബ്രുവരി കാലങ്ങളിലാണ് ഇപ്രകാരം കായ്ക്കുക. പാകമായ കായ്കൾക്ക് ഓറഞ്ചുനിറം കലർന്ന മഞ്ഞയായിരിക്കും. ഈ സമയം കായ്കൾ താനേ പൊഴിഞ്ഞു വീഴുന്നു. താഴെ വീഴുന്നതിനു മുമ്പു മരങ്ങളിൽനിന്നും പറിച്ചെടുക്കുകയോ താഴെ വീണതു പെറുക്കി എടുക്കുകയോ ആണു പതിവ്. പറിച്ചെടുത്ത കായ്കൾ ഒട്ടും വൈകാതെ ഒഴുകുന്ന വെള്ളത്തിൽ കഴുകി വൃത്തിയാക്കി പുറന്തോടു പൊട്ടിച്ച് ഉള്ളിലെ വിത്തുകൾ വേർപെടുത്തി മാറ്റണം. വേർപെടുത്തിയെടുത്ത പുറന്തോട് ആദ്യം വെയിലിൽ ഉണക്കണം. പിന്നീടു പുകകൊള്ളിച്ച ചൂടിൽ ചൂളയിൽ നിരത്തിയിട്ട് ഉണക്കാം. ഉണക്കിയെടുത്തതിന്റെ സൂക്ഷിപ്പുകാലം ദീർഘിപ്പിക്കാൻ കിലോയ്ക്ക് കറിയുപ്പ് 150 ഗ്രാം, വെളിച്ചെണ്ണ 50 മി.ലീറ്റർ എന്നീ തോതില്‍ ചേർത്തിളക്കിവയ്ക്കാറുണ്ട്. ഇത് ഉണങ്ങിയ തോടിന്റെ മൃദുത്വം മെച്ചപ്പെടുന്നതിനു സഹായകമാണ്.

പപ്പായയ്ക്കു വളപ്രയോഗം

പപ്പായ വളരുന്നത് തുറസ്സായ സ്ഥലത്തെങ്കിൽ പ്രത്യേക വളപ്രയോഗം കൂടാതെ തന്നെ നല്ല വിളവു കിട്ടും. എന്നാലിന്ന് ഒറ്റപ്പെട്ട ചെടികളായി വീട്ടുപരിസരത്തുള്ള കൃഷി അല്ലാതെ ചെടികള്‍ തമ്മില്‍ രണ്ടു മീറ്റർ അകലത്തിൽ തോട്ടമടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന രീതി വ്യാപകമാകുന്നു. ഒറ്റപ്പെട്ടതായാലും വാണിജ്യാടിസ്ഥാനത്തിലായാലും പപ്പായക്കൃഷിക്കു വളപ്രയോഗത്തിനുള്ള ശുപാർശ കാർഷിക സർവകലാശാല നൽകിയിട്ടുണ്ട്. വളർച്ച, വിളവുശേഷി എന്നിവ കണക്കിലെടുത്ത് വർഷന്തോറും മരമൊന്നിനു ജൈവവളങ്ങളായ കാലിവളം, കമ്പോസ്റ്റ് മുതലായവ 10–25 കിലോ. പുറമെ നൈട്രജൻ 40 ഗ്രാം, ഫോസ്ഫറസ് 40 ഗ്രാം, പൊട്ടാസ്യം 80 ഗ്രാം എന്നിവ രണ്ടു മാസം ഇടവിട്ടും നൽകുക. ചെടിക്കു ചുറ്റും തടമെടുത്തു വളങ്ങൾ ചേർക്കണം.

കാപ്പിക്കൃഷി സമതലങ്ങളില്‍

coffee-bean

Q. കാപ്പിക്കൃഷി സമതലങ്ങളിൽ സാധ്യമോ. എന്റെ വീട്ടുവളപ്പിലെ കാപ്പിച്ചെടികള്‍ നന്നായി വളര്‍ന്നിട്ടും കായ്ക്കുന്നില്ല. നല്ലയിനം പഴവർഗച്ചെടികളുടെ തൈകളും കാലിത്തീറ്റയ്ക്കുള്ള ചെടികളും എവിടെ ലഭിക്കും.

രാഹുൽ സുദർശ്, സുധർമാലയം, കുമരകം

കാപ്പി ഇനങ്ങൾ രണ്ടു വിഭാഗങ്ങളിൽപ്പെടുന്നു. അറബിക്ക, റോബസ്റ്റാ. ഓരോ വിഭാഗവും നന്നായി വളരുന്നതിനുള്ള കാലാവസ്ഥയും മൺതരങ്ങളും താഴെ.

coffee-cultivation-chart

മേൽകൊടുത്ത സാഹചര്യങ്ങൾ കുമരകം മേഖലയിൽ ഇല്ലെന്നുതന്നെ പറയാം. വീട്ടുവളപ്പിലുള്ള ചെടികള്‍ കായ്ക്കാതിരിക്കുന്നതിന് ഇതാവാം കാരണം.

വായിക്കാം ഇ - കർഷകശ്രീ

പഴച്ചെടികള്‍ നടാന്‍ ഏറ്റവും പറ്റിയ കാലമാണിത്. നടീൽ വസ്തുക്കളുമായി അംഗീകൃത നഴ്സറികളും തയാര്‍. തൈകൾക്ക് കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ: 0481–2524421. കാലിത്തീറ്റയ്ക്കു പറ്റിയതും കേരളത്തിൽ അങ്ങിങ്ങായി കാണുന്നതുമായ അഗത്തി, സുബാബുൾ തുടങ്ങിയ ചെടികള്‍ ഈ സീസണിൽ ലഭ്യമായ സ്ഥലത്തെല്ലാം നട്ടുപിടിപ്പിക്കുക. ഇതു തീർച്ചയായും പ്രയോജനം ചെയ്യും.

സർവസുഗന്ധി വീട്ടുവളപ്പില്‍

Q. കേരളത്തിൽ സർവസുഗന്ധിയുടെ കൃഷി സാധ്യമോ. കൃഷിരീതിയും അറിയണം.

മീരാ നായർ, മാന്തോട്ടത്തിൽ, കൊല്ലം

സർവസുഗന്ധി എന്ന ഈ സുഗന്ധവ്യഞ്ജനവിളയുടെ ഇലകളിലും വിളഞ്ഞ കായ്കളിലും ജാതി, ഗ്രാമ്പൂ, ഇലവർങം, കുരുമുളക് എന്നിവയുടെ മണവും ഗുണവും ഒത്തുചേർന്നിരിക്കുന്നു. ഇംഗ്ലിഷില്‍ ഇത് ഓൾ സ്പൈസ്. കേരളത്തില്‍ പലേടത്തും ഈ ചെടി നന്നായി വളർന്നുനിൽക്കുന്നതു കാണാം. വീട്ടുവളപ്പില്‍ ഒന്നോ രണ്ടോ ചെടികളായി വളര്‍ത്തുന്നതാണ് പതിവ്. ഈ നിത്യഹരിത ചെടികളുടെ ഇലകളിൽനിന്നു വാറ്റിയെടുക്കുന്ന എണ്ണയാണ് ‘ഓൾ സ്പൈസ് തൈലം.’ ഉണങ്ങിയ ഇലകൾ നേരിട്ടു കറികളിലോ ബിരിയാണിപോലുള്ള വിഭവങ്ങളിൽ ചേർക്കുകയോ ചെയ്യുന്നു.

സർവസുഗന്ധിയുടെ പ്രജനനം പ്രധാനമായും വിത്തു മുളപ്പിച്ചെടുത്ത തൈകളാലാണ്. തൈകൾ കൂടകളിലോ ചട്ടികളിലോ വളർത്തിയത് നഴ്സറികളിൽ വിൽപനയ്ക്കുണ്ടാകും. ഇപ്പോൾ നടീലിനു പറ്റിയ സമയമാണ്. ഒന്നൊന്നര വർഷം പ്രായമായ, കരുത്തോടെ വളരുന്ന തൈകൾ ആറു മീറ്റർ അകലത്തിൽ 60x60 60 സെ.മീ. വലുപ്പത്തിലെടുത്ത കുഴികളിൽ നടാം. മേയ്–ജൂണിൽ തുടങ്ങി ഓഗസ്റ്റ് – സെപ്റ്റംബർ വരെയുള്ള മഴക്കാലമാണു പറ്റിയ നടീൽകാലം.

നടുന്നതിനൊപ്പം ഓരോ കുഴിയിലും 15 കിലോ വീതം ജൈവവളം ചേർക്കണം. ആദ്യവർഷം യൂറിയ 45 ഗ്രാം, രാജ്ഫോസ് 90 ഗ്രാം, പൊട്ടാഷ്‌വളം 95 ഗ്രാം എന്ന തോതിൽ ചേർക്കുക. ഇതു ക്രമേണ വർധിപ്പിച്ചു 15 കൊല്ലം ആകുമ്പോഴേക്കും യഥാക്രമം 600 ഗ്രാം, 1250 ഗ്രാം, 1275 ഗ്രാം എന്ന തോതിൽ എത്തിക്കണം. ചുവട്ടിൽനിന്ന് ഒന്നര മീറ്റർ വിട്ട് കാലവർഷത്തിനു മുമ്പും ശേഷവുമായി രണ്ടു തവണ വളങ്ങൾ ചേർക്കണം.

ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ

വായനക്കാരുടെ ശ്രദ്ധയ്ക്ക്: കൃഷി സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ഈ പംക്തിയിലേക്ക് ചോദ്യങ്ങൾ അയയ്ക്കാം.

വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം - 686001

ഇ-മെയിൽ: karsha@mm.co.in