Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഞ്ഞിവെള്ളത്തിലും കെണിക്കുരുക്ക്; കീടങ്ങൾ ജാഗ്രതൈ!

pest-trap-from-rice-soup പയറിനെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കാൻ തയാറാക്കിയ ഫിറമോൺ കെണി

ലാഭം മാത്രം ലക്ഷ്യംവച്ചുള്ള ആധുനിക കാർഷികരീതികളിൽനിന്നു വ്യതിചലിച്ചു ജൈവ കാർഷിക കുതിപ്പിനൊരുങ്ങുകയാണു ഇടുക്കി ഹൈറേ‍ഞ്ചിലെ ഭൂരിഭാഗം പഴം, പച്ചക്കറി കർഷകർ. കാൻസർപോലുള്ള മാരകരോഗങ്ങളിൽനിന്നു രക്ഷനേടാൻ ജൈവ ഭക്ഷ്യ ഉൽപാദനത്തിലൂടെ മാത്രമെ സാധ്യമാവുകയുള്ളൂവെന്ന തിരിച്ചറിവു പകർന്നു കൃഷിവകുപ്പും സന്നദ്ധ സംഘടനകളും കാർഷിക സപര്യയ്ക്കു കരുത്തേകുന്നു. കീടനാശിനികളൊഴിവാക്കി ലളിതമായരീതിയിൽ കീടബാധയൊഴിവാക്കാനുള്ള ചില മാർഗങ്ങൾ ഇതാ...

കെണിവിളകളും കെണിപ്രയോഗങ്ങളും

∙ പച്ചക്കറി കൃഷിയിലെ കീടങ്ങളെ തുരത്താൻ ഏറ്റവും ഫലപ്രദമായ ജൈവമാർഗങ്ങളാണു കെണിവിളയും കെണിപ്രയോഗങ്ങളും. നിലത്തു പടർന്നു വളരുന്ന വിളകളുടെ (ഉദാ. മത്തൻ, വെള്ളരി, കുമ്പളം, അമരപ്പയർ) പ്രധാന ശത്രുകീടം മത്തൻവണ്ടാണ്. ഇതിനെ ഓടിക്കാൻ മുള്ളങ്കി (റാഡിഷ്) തൈകൾ കൃഷിയിടത്തിൽ അവിടവിടെ നട്ടാൽ മതിയാകും. മത്തൻവണ്ടിന്റെ പുഴുക്കൾ ആക്രമണം നടത്തുന്നതു മുള്ളങ്കിയോടായിരിക്കും.

തുരപ്പനെ തുരത്തും കൊടുവേലി

∙ മരച്ചീനി നടുമ്പോൾ ഇടയ്ക്കിടെ കൊടുവേലി നടുന്നത് എലികളെ തുരത്താനുള്ള ഒരു പരമ്പരാഗത മാർഗമാണ്. തെങ്ങിൻതൈ നടുമ്പോൾ വേരുതീനിപ്പുഴുക്കളുടെ ശല്യം ഒഴിവാക്കാൻ കൂളക്കിഴങ്ങുകൂടി നടുന്നതും ഒരു ജൈവ കീടനിയന്ത്രണ മാർഗമാണ്.

പുഷ്പസുന്ദരിമാരുടെ കെണി

∙ പച്ചമുളക്, തക്കാളി, വഴുതന എന്നീ വിളകളെ ആക്രമിക്കുന്ന വെള്ളീച്ച, മുഞ്ഞ, മീലിമൂട്ട തുടങ്ങിയ കീടങ്ങളെ തുരത്താൻ ജൈവകർഷകർ കൃഷിയിടത്തിൽ ചെണ്ടുമല്ലി വച്ചുപിടിപ്പിക്കാറുണ്ട്. ജമന്തിയും ഇത്തരം കീടങ്ങളെ അകറ്റും. ചെണ്ടുമല്ലിയുടെയും ജമന്തിയുടെയും രൂക്ഷഗന്ധം കീടങ്ങളെ കൃഷിയിടത്തിൽനിന്നകറ്റും. പയറുവർഗങ്ങളുടെ പ്രധാന ശത്രുവായ ചാഴിയെ നിയന്ത്രിക്കാൻ കഴിയുന്ന സസ്യവർഗമാണു സൂര്യകാന്തി. സൂര്യകാന്തി പൂവ് വിടർന്നുകഴിഞ്ഞാൽ ചാഴികൾ കൂട്ടമായി ഈ പൂവിൽ വന്നിരിക്കും. സൂര്യകാന്തി പൂവിൽ കൂട്ടമായി വന്നിരിക്കുന്ന ചാഴികളെ അപ്പാടെ നശിപ്പിക്കാൻ കർഷകർക്കു സാധിക്കും.

നിറക്കൂട്ടു കെണി

∙ പഴം, പച്ചക്കറി വിളകളെ ആക്രമിക്കുന്ന കീടങ്ങളെ വല്ലാതെ ആകർഷിക്കുന്ന ചില നിറങ്ങളുണ്ട്. മഞ്ഞയും ചുവപ്പും അത്തരം നിറങ്ങളാണ്. ഈ നിറമുപയോഗിച്ചു കെണിയൊരുക്കി പലതരം കീടങ്ങളെ നശിപ്പിക്കാനാകും. ഈ നിറങ്ങളിലുള്ള ടിൻഷീറ്റുകളിൽ ആവണക്കെണ്ണ തേച്ചുപിടിപ്പിച്ചു കൃഷിയിടത്തിൽ തൂക്കിയിട്ടാൽ ആവണക്കെണ്ണയുടെ പശിമയിൽ കീടങ്ങൾ ഒട്ടിപ്പിടിക്കും.

പഴക്കെണി

∙ തൊലി കളയാത്ത പാളയംകോടൻ പഴം ചെറുകഷണങ്ങളാക്കി മുറിച്ചഭാഗത്ത് ഏതെങ്കിലും രാസകീടനാശിനികൾ പുരട്ടി കൃഷിയിടത്തിൽ വയ്ക്കുക. പഴം കഴിക്കുന്ന കീടങ്ങൾ ചത്തുപോകും. ഫിറമോൺ ട്രാപ്പുകളിലും ഇത്തരത്തിൽ രാസകീടനാശിനി പുരട്ടിയ പഴം ഉപയോഗിക്കാം. ഇണയെ ആകർഷിക്കാൻ കീടങ്ങൾ ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന രാസവസ്തുവാണ് ഫിറമോൺ. കൃത്രിമമായി ഉൽപാദിപ്പിക്കുന്ന ആൺ, പെൺ ഫിറമോണുകൾ പ്രത്യേകതരം കെണികളിൽ നിക്ഷേപിച്ചു കീടങ്ങളെ ആകർഷിച്ചു നശിപ്പിക്കുന്നരീതിയാണു ഫിറമോൺ ട്രാപ്പിലുള്ളത്.

കഞ്ഞിവെള്ളക്കെണി

∙ കഞ്ഞിവെള്ളം ഇഷ്ടപ്പെടുന്ന ചില കീടങ്ങളുണ്ട്. ഒരു ചിരട്ടയിൽ കഞ്ഞിവെള്ളമെടുത്തു 10 ഗ്രാം ശർക്കര, നാലു തരി ഇൗസ്റ്റ് എന്നിവയോടൊപ്പം ചേർത്ത് ഉറിപോലെ കൃഷിയിടത്തിൽ കെട്ടിത്തൂക്കിയിടുക. കഞ്ഞിവെള്ളം കുടിക്കാനെത്തുന്ന കീടം തൽക്ഷണം ചത്തുപോകും.

അനുരാജ് ഇടക്കുടി