Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിതയ്ക്കും ‍ഞങ്ങ,കൊയ്യും ഞങ്ങ..

വയലുകൾ നികത്തി വീടുകളും കെട്ടിടങ്ങളും നിർമിക്കാൻ തുടങ്ങിയതോടെ നെൽകൃഷി തന്നെ ഇല്ലാതായിപ്പോകുമോയെന്ന പേടിയിലാണ് മലയാളികൾ. അഥവാ എവിടെയെങ്കിലും കുറച്ച് കൃഷിയുണ്ടെങ്കിൽത്തന്നെ വിത്തുവിതയ്ക്കാനോ ഞാറു നടാനോ കൊയ്യാനോ ഒന്നും ആളിനെ കിട്ടാത്ത അവസ്ഥയും. 

കൃഷിക്ക് ആളെ നോക്കി നമ്മളിരിക്കുമ്പോൾ അങ്ങു ദൂരെ ഇംഗ്ലണ്ടിൽ സംഗതി വേറെ ലെവലാണ്. അവിടെ ഒരു മുഴുവൻ ബാർലിപ്പാടമാണ് റോബട്ടുകൾ ഇറങ്ങി കൊയ്തെടുത്തത്. അതു ഒറ്റയടിക്ക് അഞ്ചു ടൺ ബാർലി! കൊയ്ത്തു മാത്രമല്ല, നിലമൊരുക്കലും വിത്തുവിതയ്ക്കലും വളമിടീലും നനയ്ക്കലും ഉൾപ്പെടെയുള്ള സകല ജോലികളും ചെയ്തത് റോബട്ടുകളാണ്. 

എത്ര ആഴത്തിൽ നിലം ഉഴുതുമറിയ്ക്കണം എന്നു വരെ റോബട്ടുകൾക്ക് അറിയാമായിരുന്നു. വയലിലേക്ക് മനുഷ്യനെ കാലു കുത്താൻ പോലും സമ്മതിച്ചില്ല. ലോകത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി വിജയകരമായി പൂർത്തിയാക്കുന്നത്. പക്ഷേ സിനിമയിലൊക്കെ കാണുന്നതു പോലെ മനുഷ്യന്റെ ആകൃതിയിലുള്ള റോബട്ടുകളായിരുന്നില്ല കേട്ടോ പാടത്തേക്കിറങ്ങിയത്. 

മറിച്ച് ഒരു ട്രാക്ടറിനെയും ബാർലി കൊയ്യാനുള്ള ‘കോംബൈനി’നെയും ഒട്ടേറെ റോബട്ടിക് ഉപകരണങ്ങളുമായി ഘടിപ്പിക്കുകയായിരുന്നു. യുകെ ഹാർപർ ആഡംസ് സർവകലാശാലയിലെ ഗവേഷകരും പ്രിസിഷൻ ഡിസിഷൻസ് എന്ന കമ്പനിയുമായിരുന്ന ‘ഹാൻഡ്സ് ഫ്രീ ഹെക്ടർ’ എന്നു പേരിട്ട ഈ പദ്ധതിക്കു പിന്നിൽ. നിലവിൽ വിപണിയിലുള്ള കാർഷിക യന്ത്രങ്ങൾ തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്തത്. 

പിന്നീട് ഡ്രോണുകളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന തരം സോഫ്റ്റ്‍വെയറുകളും രംഗത്തിറക്കി. ട്രാക്ടറിൽ ഉൾപ്പെടെ റോബട്ടിക് ടെക്നോളജിയുടെ പ്രയോഗമായിരുന്നു. പലതരം ഇലക്ട്രോണിക്സ് പണികൾ കൊണ്ട് യന്ത്രങ്ങളെ അടിമുടി മാറ്റിയെടുത്തു. മനുഷ്യന്റെ സഹായമില്ലാതെ തന്നെ പ്രവർത്തിക്കാവുന്ന വിധം യന്ത്രങ്ങളെ സജ്ജീകരിക്കുകയായിരുന്നു പ്രധാന വെല്ലുവിളിയെന്ന് പദ്ധതിക്കു നേതൃത്വം നൽകിയ സർവകലാശാല മെക്കാട്രോണിക്സ് ഗവേഷകൻ ജൊനാഥൻ ഗിൽ പറയുന്നു. 

ജിപിഎസ് ഉപയോഗിച്ചായിരുന്നു ട്രാക്ടറിന്റെ ഉൾപ്പെടെ മൊത്തം യാത്ര. എവിടേക്കാണ് പോകേണ്ടത് എന്നതനുസരിച്ച് ജിപിഎസ് സെറ്റ് ചെയ്തു കൊടുക്കും. അവിടെ പോയി എന്താണു ചെയ്യേണ്ടതെന്ന വിവരവും ‘പറഞ്ഞു കൊടുക്കും’.  അങ്ങനെയാണ് വിത്ത് വിതയ്ക്കലും നനയ്ക്കലും തുടങ്ങി ഒടുവിൽ കൊയ്ത്തിനു വരെ യന്ത്രങ്ങളെ പ്രാപ്തമനാക്കിയത്. എത്ര ശതമാനത്തോളം വളം ഓരോ ബാർലിച്ചെടിക്കും ലഭ്യമാക്കണം എന്ന നിർദേശം നൽകി കൃത്യമായിട്ടായിരുന്നു വളമിടീൽ. 

അതിനാൽത്തന്നെ കൃഷിയിൽ ചെലവും കുറയ്ക്കാൻ പറ്റി; വിളവാകട്ടെ ഗംഭീരവും! കൃഷിയിടത്തിൽ നിന്നുള്ള വരുമാനം കൂട്ടാൻ ഇത്തരം നീക്കങ്ങളിലൂടെ സാധിക്കുമെന്നാണ് ഗവേഷകർ ഉറപ്പു പറയുന്നത്. ഇനിയും ഈ പരീക്ഷണം തുടരാനുള്ള തീരുമാനത്തിലാണ് സർവകലാശാല ഗവേഷകർ. അതിനു മുൻപ് ഇപ്പോൾ കൊയ്തെടുത്ത ബാർലി ഉപയോഗിച്ച്  ‘ഹാൻഡ്സ് പ്രീ’ ബിയർ നിർമിക്കാനാണു തീരുമാനം. ഗവേഷകർക്കു തന്നെ അതു സമ്മാനിക്കുകയും ചെയ്യും.