Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിതവണ്ണമുള്ളവർക്കും പ്രമേഹരോഗികൾക്കും സോർഗം

sorghum-plant_

അരിച്ചോളം എന്ന സോര്‍ഗത്തിൽ നിന്ന് പോപ്പിങ് യന്ത്രം ഉപയോഗിച്ചും യന്ത്രസഹായമില്ലാതെ ലളിതമായും പോപ് േസാര്‍ഗമുണ്ടാക്കാം (കെ.ബി. ജിനു ജേക്കബ്, ആർ.എസ്. വിശാരദ)

അരിച്ചോളം എന്നറിയപ്പെടുന്ന സോർഗം (സോർഗം ബൈകോളർ) ഇന്ത്യയിലും ആഫ്രിക്കയിലും കൃഷി ചെയ്യുന്ന  ചെറുധാന്യ(millet) വിളയാണ്. ജലക്ഷാമമുള്ള പ്രദേശങ്ങളിൽപോലും നന്നായി വളരുന്നു. പ്രധാനമായും മഹാരാഷ്ട്ര, രാജസ്ഥാൻ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൃഷി. സോർഗത്തിന്റെ പൊടികൊണ്ടുള്ള റൊട്ടി, ചപ്പാത്തി എന്നിവ ഈ സംസ്ഥാനങ്ങളിൽ നിത്യ ഭക്ഷണമാണ്. മന്ദഗതിയിൽ മാത്രം ദഹിക്കുന്ന സോർഗം അമിതവണ്ണമുള്ളവർക്കും പ്രമേഹരോഗികൾക്കും യോജ്യം. സോർഗം ഉപയോഗിച്ചുള്ള പലയിനം ഭക്ഷ്യവിഭവങ്ങൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സ് റിസർച്ച് (IIMR) ഹൈദരാബാദ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. സോർഗം കേക്ക്, അവൽ, റവ, പോപ് സോർഗം, വെർമിസെല്ലി, പാസ്ത എന്നിവ ഉദാഹരണം. സോർഗം (ജോവാർ) കൃഷിക്കു കേരളത്തിലും സാധ്യതയേറെ. വെള്ളം കുറച്ചുമതിയെന്നതാണ് ഇതിന്റെ പ്രധാന മെച്ചം. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ പറ്റിയ ഒട്ടേറെ സങ്കരയിനങ്ങൾ ലഭ്യവുമാണ്. പോഷകസമ്പന്നമായ ഈ ധാന്യം  മനുഷ്യർക്ക് ഉപയോഗിക്കാമെന്നതിനു പുറമേ, കോഴിത്തീറ്റ, കാലിത്തീറ്റ എന്നീ ഉപയോഗങ്ങൾക്കും യോജ്യം. കാലിത്തീറ്റയ്ക്കായി single-cut, multi-cut ഇനങ്ങൾ പ്രത്യേകം വികസിപ്പിച്ചെടുത്തിട്ടുണ്ട്.‘സ്വീറ്റ് സോർഗം’ ഇനങ്ങളിൽനിന്ന് ബയോ–എഥനോൾ പോട്ടബ്ൾ ആൽക്കഹോൾ, സിറപ്പ്, ശർക്കര എന്നിവ തയാറാക്കാം. മറ്റു സംസ്ഥാനങ്ങളിൽ സോർഗം വിരിപ്പിലും മുണ്ടകനിലും വേനലിലും കൃഷി ചെയ്യുന്നു. 

മുണ്ടകൻ ഗുണമേന്മയുള്ള ധാന്യത്തിനു വേണ്ടിയും വിരിപ്പ് കോഴിത്തീറ്റയ്ക്കു വേണ്ടിയുമാണ്. സോർഗത്തിന്റെ ധാന്യം ഉപയോഗിച്ച് റൊട്ടി, ചപ്പാത്തി, ഉപ്പുമാവ്, സോർഗം പോപ്പ് തുടങ്ങി പല വിഭവങ്ങളും ഉണ്ടാക്കുന്നു. ഓരോ കാലാവസ്ഥയ്ക്കും പറ്റിയ ഇനങ്ങളും സങ്കരയിനങ്ങളും ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മില്ലറ്റ്സ് റിസേർച്ച് (IIMR) വികസിപ്പിച്ചെടുത്തിട്ടുണ്ട്.

നടുന്ന വിധം

വിത്തുപാകി ഏതാണ്ട് 90 മുതൽ 120 ദിവസത്തിനുള്ളിൽ വിളവെടുക്കാവുന്ന ഇനങ്ങൾ ഉണ്ട്. ഒന്നര മുതൽ മൂന്നു മീറ്റർ വരെ ഉയരം വയ്ക്കുന്നു. വിരിപ്പിനങ്ങൾ കാലവർഷത്തിനു മുമ്പോ, കുറച്ചുകൂടി വൈകി ഓഗസ്റ്റ് അവസാനത്തോടെയോ നടാം.  കോയമ്പത്തൂർ, തിരുപ്പൂർ പ്രദേശങ്ങളിൽ സെപ്റ്റംബറിലും, ജനുവരി മാസത്തിലും വിളയിറക്കുന്നുണ്ട്. തടമെടുത്ത് 45 സെ.മീ.12.5 സെ.മീ. അല്ലെങ്കിൽ 60 സെ.മീ. 9.5 സെ.മീ. എന്ന അകലത്തിലാണ് നടുക. നിലം ഉഴുന്നതിനൊപ്പം  10 ടൺ/ ഹെക്ടർ എന്ന നിരക്കിൽ ജൈവവളവും 40 കിലോ നൈട്രജനും നൽകേണ്ടതുണ്ട്. വിത്തുപാകി ആദ്യ രണ്ടു മാസങ്ങളുടെ തുടക്കത്തിലും കതിരു വരുന്നതിന് തൊട്ടു മുൻ‌പും നനയ്ക്കണം. വിരിപ്പിന് പറ്റിയ  ഇനങ്ങൾ: CSV 15, CSV 17, CSV 20, CSV 23, CO(S) 28, CO-30

സങ്കരയിനങ്ങൾ : CSH 16, CSH 17, CSH 18, CSH 21, CSH 23 മുണ്ടകന് : CSV 14R, ഫൂലേ യശോദ, CSV 18, M 35-1സങ്കരയിനങ്ങൾ : CSH 15R, CSH 19R

രോഗ, കീടബാധ

തണ്ടീച്ചയും തണ്ടുതുരപ്പനുമാണ് പ്രധാന കീടങ്ങൾ. നെല്ലിൽ ഇവയുണ്ടാക്കുന്നതിനു സമാനമായ ലക്ഷണങ്ങൾ സോർഗത്തിലും കാണാം. കാർബോഫ്യൂറാൻ 3G ഓരോ നിരയിലും  2 ഗ്രാം വീതം, വിത്തു മുളച്ച് 7–14 ദിവസത്തിനു ശേഷം പ്രയോഗിക്കുന്നത് തണ്ടീച്ചയേയും 20, 35 ദിവസങ്ങൾക്കുശേഷം ഉപയോഗിക്കുന്നത് തണ്ടുതുരപ്പനെയും തടയാൻ ഫലപ്രദം. കതിരിലെ പൂപ്പുബാധയാണ് പ്രധാന കീടശല്യം. വിളവെടുപ്പുകാലത്തു മഴ പെയ്താൽ  പൂപ്പുകളുടെ വളർച്ച വേഗത്തിലാക്കുകയും ധാന്യങ്ങൾ കറുത്ത നിറത്തിലാവുകയും ചെയ്യുന്നു. ഈ രോഗത്തെ പൂർണമായും പ്രതിരോധിക്കാൻ കഴിവുള്ള ഇനങ്ങൾ ഇല്ല.സ്വീറ്റ് സോർഗം : ജൈവ ഇന്ധന രംഗത്തെ പുത്തൻ വാഗ്ദാനമാണ് സ്വീറ്റ് സോർഗം എന്ന വിള. ഇതിന്റെ തണ്ടിൽ പഞ്ചസാരയുടെ അംശം കൂടുതലാണ്. ഇന്ത്യയിൽ ബയോ എഥനോൾ ഉൽപാദിപ്പിക്കുന്നത് കരിമ്പിന്റെ ഉപോൽപന്നമായ മൊളാസസിൽനിന്നാണ്. ബയോ എഥനോൾ അഞ്ചു ശതമാനം വരെ  പെട്രോളിൽ കലർത്തി ഉപയോഗിക്കണമെന്നു കേന്ദ്ര സർക്കാർ നിർദേശമുള്ളപ്പോൾ കേവലം രണ്ടു ശതമാനമെന്ന ലക്ഷ്യം നേടുന്നതിനുള്ള ബയോ എഥനോൾ മാത്രമേ ഇവിടെ ഉൽപാദിപ്പിക്കുന്നുള്ളൂ. കൃഷിയിൽ കരിമ്പിനെ അപേക്ഷിച്ച് വളരെ കുറച്ചു മാത്രം വെള്ളം ആവശ്യമുള്ള സോർഗം  ഈ രംഗത്തെ പുതുപ്രതീക്ഷയാണ്.ഗുണമേന്മയുള്ള ഇനങ്ങൾ:SSV 84, CSV 1955, CSV 2255, CSH 2255.

ഒരു പരിധി വരെ വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ള സോർഗം കേരളത്തിലും കൃഷി ചെയ്യാം. മാറുന്ന കാലാവസ്ഥയ്ക്കു പറ്റിയ വിളകളിലേക്കു നമ്മളും തിരിയേണ്ടതുണ്ട്.