Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷകരെ കൈകാട്ടി വിളിക്കുന്നു, ‘കെട്ടിനാട്ടി’ വിദ്യ

‘കെട്ടിനാട്ടി’ സാങ്കേതിക വിദ്യ പരീക്ഷിച്ചറിയാൻ ആലങ്ങാട്, കടുങ്ങല്ലൂർ പഞ്ചായത്തുകളിലെ കർഷകർ. ജൈവ നെൽകൃഷിയുടെ ചെലവു ചുരുക്കി ഉൽപാദനം കൂട്ടാനുള്ള വിദ്യയാണു കെട്ടിനാട്ടി. വയനാട്, പാലക്കാട് ജില്ലകളിൽ വിജയകരമായി നടപ്പാക്കുന്ന ഈ കൃഷിരീതി പരീക്ഷിച്ചറിയാൻ ഇരു പഞ്ചായത്തുകളിലെയും ഒട്ടേറെ കർഷകർ രംഗത്തു വന്നിട്ടുണ്ട്.  

ആത്മ പദ്ധതി പ്രകാരം കെട്ടിനാട്ടിയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് ഇരു പഞ്ചായത്തുകളിലെയും കർഷകർക്കു കപ്പാസിറ്റി ബിൽഡിങ് ക്ലാസുകൾ സംഘടിപ്പിച്ചു. ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ ടി.എൻ. നിഷിൽ നേതൃത്വം നൽകി. 

ആത്മ ആലുവ ബ്ലോക്ക് ബിടിഎം പ്രത്യേക താൽപര്യമെടുത്താണു കാർഷികവിദ്യ ഇവിടുത്തെ കർഷകരിലേക്കെത്തിച്ചത്. കുറഞ്ഞ മുതൽ മുടക്കു മതിയെന്നതിനാൽ കൃഷി വകുപ്പു പിന്തുണ നൽകുന്നുണ്ട്. 

ആലങ്ങാട് പഞ്ചായത്തു പ്രസിഡന്റ് രാധാമണി ജയ്സിങ് ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫിസർമാരായ ഷീല, ലത, കൃഷി അസിസ്റ്റന്റ്‌ കെ.എ. ഓമന, വിൻസെന്റ്, അനിൽ എന്നിവർ പ്രസംഗിച്ചു. 

കൃഷി രീതി

വിത്തു നേരിട്ടു കൃഷിയിടത്തിൽ വിതയ്ക്കുന്നതിനു പകരം ചാണകവും പഞ്ചഗവ്യവും ജീവാണു വളങ്ങളും ചേർത്ത ചെറുഉരുളകളിൽ നെൽവിത്തു പാകി മുളപ്പിക്കുകയാണ്. മുളയെടുക്കുന്ന ഉരുളകൾ കൃഷിയിടത്തിൽ നിരയും വരിയുമൊപ്പിച്ചു പാകും. ഇങ്ങനെ ചെയ്യുന്നതിനാൽ വളരെ കുറച്ചു വിത്തു മാത്രമേ ഉപയോഗിക്കേണ്ടി വരികയുള്ളൂ. 

സാധാരണ ഒരേക്കർ സ്ഥലത്ത് 15 കിലോഗ്രാം നെൽവിത്ത് ഉപയോഗിക്കണമെങ്കിൽ കെട്ടിനാട്ടി മാതൃകയിൽ രണ്ടര കിലോഗ്രം മാത്രം മതിയാവും. 

എന്താണ് ആത്മ ?

കേന്ദ്ര സർക്കാർ സംസ്ഥാനത്തു കൃഷിവകുപ്പു വഴി നടപ്പാക്കുന്ന പദ്ധതിയാണിത്. 2005-ലാണ് ആത്മ പദ്ധതി കേരളത്തിൽ തുടങ്ങിയത്. 

കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, കന്നുകാലി വളർത്തൽ തുടങ്ങിയ നാലു മേഖലകളെ യോജിപ്പിച്ചുള്ള കൃഷി വ്യാപനമാണ് ആത്മയിലൂടെ ലക്ഷ്യമിടുന്നത്. കൃഷി പരിശീലനം മുതൽ കാർഷിക മേഖയിലെ കേന്ദ്ര- സംസ്ഥാന പദ്ധതികളെല്ലാം ആത്മയിലൂടെയാണു നടപ്പാക്കുന്നത്. രാഷ്ട്രീയ കൃഷിവികാസ് യോജനയും ഇതുവഴി സംയോജിപ്പിച്ചിരുന്നു.

ക്ലാസുകൾ

വളരെ ചെലവു കുറഞ്ഞ രീതിയിൽ എങ്ങനെ കൃഷി ചെയ്യാം, ഇലക്കൂട്ടുകൾ കൊണ്ട് എങ്ങനെ വളക്കൂട്ടുണ്ടാക്കാം, എങ്ങനെ വളക്കൂട്ടുകളിൽ നിന്നു വിത്തു മുളപ്പിക്കാം എന്നീ വിഷയങ്ങൾ മുൻ നിർത്തിയായിരുന്നു ക്ലാസ്. വയനാടു നിന്നു വന്ന ജൈവ കർഷകനായ അജിത്‌ തോമസാണ് ക്ലാസെടുത്തത്. 

ഒട്ടേറെ കർഷകർ ആത്മയിലൂടെ ലഭിച്ച ഈ സാങ്കേതിക വിദ്യ ആലങ്ങാട് ബ്ലോക്കിൽ നടപ്പാക്കാൻ സന്നദ്ധത നിലവിൽ അറിയിച്ചിട്ടുണ്ട്.