Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിനിലത്തിലെ ‘അമ്പിളി’വെട്ടം

farmer-sona1

കരിനിലത്തിനു പറ്റിയതും മികച്ച ഉൽപാദനശേഷിയുള്ളതുമാണ് കർഷകനായ സോണൽ വികസിപ്പിച്ച ‘അമ്പിളി’ നെല്ലിനം.

തകഴിയിലെ പുലിമുഖം ഹാച്ചറിയെ കാർഷികകേരളം അറിയും– മത്സ്യക്കൃഷിയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച സോണൽ നൊറോണയുെട സംരംഭമാണത്. കാർപ് മത്സ്യങ്ങൾ മുതൽ അലങ്കാരമത്സ്യങ്ങൾവരെ, കാരി മുതൽ അനാബസ് വരെ ഈ ഹാച്ചറിയിലൂെട അക്വാകൾചർ സംരംഭകരിലെത്തിയിട്ടുണ്ട്. മത്സ്യപ്രജനനത്തിലെ മുന്നേറ്റങ്ങൾക്കിടയിലും നെൽകൃഷി തുടരുന്ന കുട്ടനാടൻ കർഷകനാണ് ഇദ്ദേഹമെന്ന് പലരും തിരിച്ചറിഞ്ഞിട്ടില്ല. രണ്ടു വർഷമായി നെൽകൃഷിയിലെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഒരു ഹരമായി കൊണ്ടുനടക്കുകയാണ് സോണൽ. ലക്ഷ്യം ഒന്നു മാത്രം – നിയോഗമെന്നവണ്ണം സവിശേഷഗുണഗണങ്ങളുമായി തന്റെ മുമ്പിൽ  പ്രത്യക്ഷപ്പെട്ട ഒരു നെൽച്ചെടിയിൽനിന്നു കർഷകസമൂഹത്തിനാകെ പ്രയോജനകരമായ ഒരിനം രൂപപ്പെടുത്തുക. വീടിനോടു ചേർന്നുള്ള കൊല്ലനാടി പാടത്തെ മൂന്നര ഏക്കറിൽ രണ്ടു വർഷമായി നടക്കുന്ന പരീക്ഷണങ്ങളും നിരീക്ഷണങ്ങളും സോണലിനെ ആ ലക്ഷ്യത്തിലേക്ക് ഏറെ അടുപ്പിച്ചുകഴിഞ്ഞു.

അമ്പലപ്പുഴ– തകഴി മേഖലയിലെ നെൽപാടങ്ങൾ കരിനിലങ്ങളെന്നാണ് അറിയപ്പെടുക. കുട്ടനാടിന്റെ മറ്റ് ഭാഗങ്ങളെക്കാൾ അമ്ലത കൂടിയ ആസിഡ് സൾഫേറ്റ് മണ്ണാണ് ഇവിടുള്ളത്. പിഎച്ച് മൂല്യം 3.2 വരെ താഴും. പാടത്തെ വെള്ളത്തിനു സദാ ചുവപ്പുനിറം. ഗാഢ സൾഫ്യൂറിക് ആസിഡാണ് പാടത്ത് കെട്ടിക്കിടക്കുന്നതെന്നു സോണൽ തമാശ പറയും. അവിടെ നെൽകൃഷി ചെയ്യുന്നതിനു മണ്ണ് നന്നായി കുമ്മായവസ്തുക്കൾ ചേർത്തുകൊടുക്കണം. എങ്കിൽപോലും മറ്റ് കുട്ടനാടൻ പാടങ്ങളിലെ വിളപ്പൊലിമയും പച്ചപ്പും ഇവിടെ പ്രതീക്ഷിക്കാനാവില്ല.

paddy-rakthasali

ഇവിടെ 2015 ലെ പുഞ്ചക്കൃഷിയിൽ  ബാക്ടീരിയ മൂലമുള്ള ഇലകരിച്ചിൽ രൂക്ഷമായിരുന്നു. അമ്ലതയും വെള്ളക്കുറവും രോഗവും മൂലം പച്ചപ്പു നഷ്ടപ്പെട്ട് തീരെ മോശം അവസ്ഥയിൽ നിൽക്കുന്ന പാടത്തിന്റെ വരമ്പരികിലെ ഒരു ചുവട് നെല്ല് സോണലിന്റെ ശ്രദ്ധയാകർഷിച്ചു. മുൻപറഞ്ഞ പ്രശ്നങ്ങളൊന്നും തനിക്കു ബാധകമല്ലെ ന്ന മട്ടിൽ കരിംപച്ചനിറത്തിൽ തഴച്ചുവളർ ന്ന ആ ചുവടിനെ അവഗണിക്കാൻ സോണലിലെ കൃഷിക്കാരനു കഴിഞ്ഞില്ല.

അമ്ലപൂരിതമായ മണ്ണിൽ രോഗബാധയില്ലാതെ ഇത്രയും തഴച്ചുവളരുന്ന െനല്ല്, അതൊന്നു വേറെ തന്നെയെന്ന് അദ്ദേഹം ഉറപ്പിച്ചു. മുൻവർഷങ്ങളിലും സമാനമായ ചില ചെടികൾ പാടത്ത് കണ്ടിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ ഒറ്റയാനെ  വെറുതെവിടരുതെന്ന് സോണൽ തീരുമാനിച്ചു. കമ്പ് നാട്ടി കെട്ടിസംരക്ഷിച്ച ആ ചെടി യിലെ കതിരുകൾ പാകമായപ്പോൾ ഒരു മണിപോലും കളയാതെ കൊയ്തെടുത്തു, ഇരുപത് കതിരുകളിൽനിന്ന് 3862 മണികൾ. അവ ഉണക്കി വിത്താക്കി അടുത്ത സീസണിൽ ഒരു സെന്റ് സ്ഥലത്ത് വി തച്ചു. മാതൃസസ്യത്തിൽ കണ്ട ഗുണഗണ ങ്ങൾ രണ്ടാം തലമുറയിലും തുടർന്നു. പു ളിയുള്ള മണ്ണിലാണ് നിൽക്കുന്നതെന്ന ഭാ വം നെൽച്ചെടികൾക്കു തീരെയില്ല. കൊയ്തപ്പോൾ കിട്ടിയത് ഒരു െസന്റിൽനിന്ന് 43 കിലോ. വീണ്ടും ഒരു മണി പോലും നഷ്ടപ്പെടുത്താതെ വിത്തുണ്ടാക്കി. ആകെയുള്ള മൂന്നരയേക്കറിലും വിതച്ചു. വിളഞ്ഞത് ഏക്കറിന് 250 ക്വിന്റൽ നെല്ല് (ഹെക്ടറിനു 6.25 ടൺ). വരൾച്ചയും ഓരുമൊക്കെ ആക്രമണമഴിച്ചുവിട്ട ആ കൃഷിയിൽ കൊല്ലനാടി പാടത്തെ മറ്റു കർഷകർക്ക്  കിട്ടിയത് ഏക്കറിനു 12 ക്വിന്റൽ നെല്ല് മാത്രമായിരുന്നു.വിളഞ്ഞതു മുഴുവൻ വിത്തായി മാറ്റുന്നതിനുള്ള ആവേശം അതോെട വർധിച്ചു. ഇത്തവണ പരിചയക്കാരായ ചിലർക്കു കൂടി വിത്ത് നൽകി. ഒരു മാസത്തിനുള്ളിൽ വിളവെടുപ്പിനു പാകമാവുന്ന ഈ കൃഷിയിലും മികച്ച ഫലം തന്നെ സോണൽ പ്രതീക്ഷിക്കുന്നുണ്ട്.  കഴിഞ്ഞ മാസമുണ്ടായ ശക്തമായ കാറ്റും മഴയും മൂലം ഒരു ഭാഗത്തെ നെല്ല് ചാഞ്ഞുപോയത് തിരിച്ചടിയായി. എങ്കിലും ബാക്കിയുള്ള വിളവ് മികച്ച ഫലം നൽകുമെന്നും സ്വഭാവ സ്ഥിരതയുള്ള ഇനമായി ഇത് അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് സോണലിനുള്ളത്.

paddy-rice

അമ്ലതയെ ചെറുക്കുന്ന നെല്ലിനമെന്നു മാത്രമെ സോണൽ തന്റെ കണ്ടെത്തലിനെക്കുറിച്ച് അവകാശപ്പെടുന്നുള്ളൂ. മൂ ന്നു സീസണിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള അവകാശവാദമാണിത്. മറ്റു പല സവിശേഷതകളും ഇതിൽ ഒളിഞ്ഞിരിപ്പുണ്ടെന്നു സോണൽ കരുതുന്നു. എന്നാൽ ശാസ്ത്രസമ്മതം നേടിയശേഷം മതി ഇത്തരം അവകാശങ്ങളെന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. ‘അമ്പിളി’ എ ന്നാണ് പുതിയ നെല്ലിനത്തിനു സോണൽ നൽകിയിരിക്കുന്ന പേര്. താൻ കണ്ടെത്തിയ നെല്ല് കലർപ്പുണ്ടാകാതെ വിത്താക്കാനും വിളവിറക്കാനുമൊക്കെ സഹകരിച്ച കർഷകത്തൊഴിലാളി അമ്പിളിക്കുള്ള അംഗീകാരമാണിതെന്ന് അദ്ദേഹം പറയുന്നു. പങ്കാളിത്ത ഗവേഷണത്തിനു മികച്ച മാതൃക കൂടിയാണ് സോണലിന്റെ നേട്ടം. പുതിയ ഇനത്തിനായുള്ള സോണലിന്റെ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശവുമായി  മങ്കൊമ്പ് കീടരോഗ നിരീക്ഷണകേന്ദ്രത്തിലെ കൃഷി ഓഫിസർ ബി.സ്മിത തുടക്കം മുതൽ കൂടെയുണ്ട്. കൃത്യമായ നിരീക്ഷണങ്ങളും അറിവുകളും കൈമാറി ഈകർഷകഗവേഷകനെ പ്രോത്സാഹിപ്പിക്കാൻ അവർ പ്രത്യേക താൽപര്യമെടുത്തു. സാമാന്യം നല്ല ഉയരം, വിളവെടുപ്പ് വരെ നിലനിൽക്കുന്ന നീല കലർന്ന കരിംപച്ച നിറം, ഓരോ ചുവട്ടിലും ശരാശരി 25–30 ചിനപ്പ്, കഞ്ഞിക്ക് അനുയോജ്യമായ രുചിയേറിയ ചുവന്നു നീണ്ട അരി, 120–125 ദിവസത്തെ മൂപ്പ്. ക്വിന്റലിനു 73.4 കിലോ അരിവീഴ്ച – ഇതൊക്കെയാണ് അമ്പിളിയുെട സവിശേഷതയായി സ്മിത പറയുന്നത്.  അമ്ലതയും ബാക്ടീരിയ മൂലമുള്ള ഇലകരിച്ചിലും മാത്രമല്ല തവിട്ടുപുള്ളിക്കുത്തു രോഗവും അമ്പിളി നന്നായി പ്രതിരോധിക്കുമെന്നാ

ണ്  ഇതുവരെയുള്ള  നിരീക്ഷണം. ഇലചുരുട്ടിപ്പുഴുവിന്റെ ആക്രമണം ഈ വർഷം മാത്രമുണ്ടായി. ചുറ്റുമുള്ള പാടങ്ങളിൽ വ്യാപകമായിരുന്ന മറ്റ് കീടരോഗങ്ങളൊന്നും ഇതുവരെ അമ്പിളിയെ ആക്രമിച്ചിട്ടില്ല.  ഇതൊരു കൂട്ടുവിത്താണെന്നു കരുതുന്നില്ലെന്ന് സ്മിത കൂട്ടിച്ചേർത്തു. തൃശൂരിലെ പ്രമുഖ നെൽകർഷകനായ  മണലൂർ സ്വദേശി തോമസ് തോപ്പിലും സോണലിന്റെ പ്രവർത്തനങ്ങൾക്ക് സജീവ പിന്തുണ നൽകി. 

 അംഗീകാരങ്ങൾക്കായി കാത്തിരിക്കാതെ പുതിയ ഇനത്തിന്റെ നേട്ടങ്ങൾ സഹകർഷകരുമായി പങ്ക് വയ്ക്കുകയാണ് സോണൽ. കൂടുതൽ മെച്ചപ്പെട്ട ഇനങ്ങൾ കണ്ടെത്താനുള്ള നിരീക്ഷണം ആവേശത്തോടെ തുടരുകയും ചെയ്യുന്നു. കരിനിലത്തിനു പുറത്ത് അമ്പിളി വിതച്ചാൽ വിളവ് ഇനിയും മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് ഇദ്ദേഹത്തിനുള്ളത്. കൃഷിക്കാരന്റെ നിരീക്ഷണത്തിനു പകരം വയ്ക്കാൻ ആർക്കാണ് കഴിയുക. ദിവസേന സന്ദർശിക്കുകയും പരിചരിക്കുകയും ചെയ്യുന്ന വിളകളുടെ ചെറുമാറ്റങ്ങൾ പോലും അവൻ മനസ്സിൽ ചേർത്തുവയ്ക്കും. ആ നിരീക്ഷണങ്ങളിൽ നിന്ന് ശാസ്ത്രീയമായ മുന്നേറ്റങ്ങൾ രൂപപ്പെടുത്താൻ  തുണയേകുന്നവർ ചുരുക്കമാണെന്നു മാത്രം. 

ഫോൺ – 09846114523