Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പായലാണെങ്കിലും പണമാണ്

rameswaram-1

കടൽപായൽ വളർത്തി വരുമാനം കണ്ടെത്തുന്നതിന് സിഎംഎഫ്ആർഐയുെട സാങ്കേതിക പിന്തുണ

ആഴങ്ങളിൽ കടലമ്മ കാത്തുസൂക്ഷിക്കുന്ന മത്സ്യസമ്പത്തായിരുന്നു അടുത്ത കാലം വരെ  രാമേശ്വരത്തിനടുത്ത് മണ്ഡപത്തെ നൂർ മുഹമ്മദിന്റെ വരുമാനം. എന്നാൽ ഇപ്പോൾ മീനല്ല, അദ്ദേഹത്തിന്റെ ഉപജീവനം. പുറംകടലിൽ പോകാതെയും പുറംജോലികൾ ചെയ്യാതെയും കടപ്പുറത്തുനിന്നുതന്നെ കാശുണ്ടാക്കുന്നതിന് ഈ മുക്കുവൻ ആശ്രയിക്കുന്നത് തീരക്കടലിലെ കൃഷിയെയാണ്. കടലിലെ കൃഷി തന്നെ, കടൽപായൽ  വാണിജ്യാടിസ്ഥാനത്തിൽ വളർത്തി സംരംഭകർക്കെത്തിക്കുന്ന കൃഷി.

കപ്പാഫൈക്കസ് ഇനത്തിൽ പെട്ട പായൽ കൃഷി ചെയ്യാമെന്നും അതുവഴി സ്ഥിരവരുമാനം ലഭിക്കുമെന്നും അദ്ദേഹത്തെ പഠിപ്പിച്ചത് മണ്ഡപം സിഎംഎഫ്ആർഐ (സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്്) യിലെ ഗവേഷകരാണ്. ഇപ്രകാരം ഉൽപാദിപ്പിക്കുന്ന പായൽ വാങ്ങാൻ തയാറായി സ്വകാര്യ സംരംഭകരും തീരത്തുതന്നെയുണ്ട്. അഗർ അഗർ പോലുള്ള ഉൽപന്നങ്ങളുെട നിർമാണത്തിനുള്ള അസംസ്കൃതവസ്തുവാണിത്. ഭക്ഷ്യസംസ്കരണം, മരുന്നുനിർമാണം, സൗന്ദര്യവർധക നിർമാണം തുടങ്ങിയ മേഖലകളിൽ ഇതിന് ആവശ്യക്കാരേറെയുണ്ടെന്ന് സിഎംഎഫ്ആർഐയിലെ ഗവേഷകനായ ഡോ. കെ.കെ. അനിക്കുട്ടൻ ചൂണ്ടിക്കാട്ടി.

രാമേശ്വരത്തിനടുത്ത് മണ്ഡപത്തെ ആഴമില്ലാത്ത തീരക്കടൽ പായൽ വളർത്താൻ യോജ്യമായ സാഹചര്യമൊരുക്കുന്നുണ്ട്. ശരാശരി നാലടി മാത്രം ആഴത്തിൽ കണ്ണാടിപോലെ തെളിഞ്ഞ വെള്ളം 200–350 മീറ്റർ ദൂരത്തിൽ പരന്നുകിടക്കുന്നു. അശേഷം തിരയില്ലാതെ, ശാന്തമായി കിടക്കുന്ന ഈ വെള്ളത്തിലൂെട കടലിൽ നടക്കാം.  ഈ ഭാഗത്ത് മുളകൊണ്ടുള്ള ചങ്ങാടങ്ങളുണ്ടാക്കി അതിലാണ് നൂറിന്റെ പായൽ കൃഷി. ചെറുതായി മുറിച്ച പായൽതണ്ടുകളാണ്  വിത്ത്. മുറിച്ച പായൽ കഷണങ്ങൾ ചരടിൽ മാലപോലെ കെട്ടുന്നു. നാലു വശത്തും മുള കൂട്ടിക്കെട്ടിയുണ്ടാക്കിയ ചട്ടക്കൂടിനു കുറുകെ ഈ പായൽ മാലകൾ തോരണം പോലെ കെട്ടിയിടുന്നു. ചങ്ങാടത്തിന്റെ അടിഭാഗത്ത് മത്സ്യങ്ങളുെട ആക്രമണമുണ്ടാകാതെ നൈലോൺ വല കെട്ടിയുറപ്പിച്ചിരിക്കും. ഇപ്രകാരം തയാറാക്കിയ ചങ്ങാടങ്ങൾ തീരത്തെ ആഴംകുറഞ്ഞ വെള്ളത്തിൽ നങ്കൂരമിട്ട് സ്ഥാപിക്കുന്നതോെട കൃഷി പൂർത്തിയാകുന്നു. പിന്നെ 45 ദിവസത്തിനു ശേഷം വിളവെടുത്താൽ മതി. തുടർന്ന് 45 ദിവസത്തെ ഇടവേളകളിൽ വിളവെടുപ്പ് ആവർത്തിക്കാം. വളമിടീലോ കീടനിയന്ത്രണമോ ഇടയിളക്കലോ വേണ്ടാത്ത കൃഷി. കടൽവെള്ളത്തിൽനിന്നു പോഷകങ്ങൾ സ്വീകരിച്ച് പായൽ വളർന്നു കൊള്ളും.

rameswaram-2

നിശ്ചിത വളർച്ചയെത്തിയശേഷം ചങ്ങാടങ്ങൾ കരയ്ക്കെത്തിച്ച് പായൽവള്ളികൾ അഴിച്ചെടുക്കാം. ഇപ്രകാരം വിളവെടുത്ത പായലുകൾ വാങ്ങാൻ നാല് സംസ്കരണശാലകളുണ്ട്. ഉണങ്ങിയും പച്ചയ്ക്കും അവർ പായൽ വാങ്ങും. ഉണങ്ങിയ കടൽപായലിനു കിലോയ്ക്ക് 20 രൂപ വിലയുള്ളപ്പോൾ പച്ചയ്ക്ക് അഞ്ച് രൂപ മാത്രമേ കിട്ടൂ.  പെപ്സി കമ്പനിക്കുവേണ്ടിയാണ് ഇവിടുത്തെ മുക്കുവർ പായൽകൃഷി തുടങ്ങിയത്. കടൽപായലിൽനിന്ന് ഉൽപന്നങ്ങളുണ്ടാക്കുന്ന ഈ സംസ്കരണശാല പിന്നീട് മറ്റൊരു കമ്പനി ഏറ്റെടുത്തു. ഇതുൾപ്പെടെ നാല് സ്ഥാപനങ്ങൾ ഇപ്പോൾ രാമേശ്വരം തീരത്ത് കടൽപായൽ സംസ്കരണം നടത്തുന്നുണ്ട്. 

ഫോൺ: 04573241443