Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷി ചെയ്യുന്നവർക്ക് ഉപേക്ഷിക്കാനാവാത്ത 10 ഉപകാരികൾ

Low-cost-drip-irrigation-system

വീടിനു ചുറ്റുമുള്ള ഇത്തിരി ഭൂമിയിെല കൃഷിപ്പണികൾ പൂർത്തിയാക്കാനാവാതെ വിഷമിക്കുകയാണോ നിങ്ങൾ?  ആയാസരഹിതമായി കൃഷി നടത്താൻ കൃഷിയിടങ്ങളിൽ ഉണ്ടായിരിക്കേണ്ട പത്ത് ഉപകരണങ്ങളെ പരിചയപ്പെടാം.

രാവിലെ എഴുന്നേറ്റ് പ്രഷർ വാഷറുപയോഗിച്ച് തൊഴുത്ത് കഴുകി, കറവയന്ത്രംകൊണ്ട് പശുക്കളെ കറന്ന് ചാണകമുപയോഗിച്ച് ബയോഗ്യാസുണ്ടാക്കുന്ന കൃഷിക്കാരനാണോ നിങ്ങൾ? ബയോഗ്യാസുപയോഗപ്പെടുത്തി പാചകം മാത്രമല്ല വൈദ്യുതി ഉൽപാദനവും നിങ്ങൾ നടത്തുന്നുണ്ടോ? വാരമെടുത്ത് പച്ചക്കറി നടുമ്പോൾ അവയുെട ചുവട്ടിലൂടെ തുള്ളിനന സംവിധാനം സ്ഥാപിക്കാനും വളവും വെള്ളവും കൃത്യമായി നൽകാൻ ടൈമർ ഉപയോഗപ്പെടുത്തുകയും ചെയ്യാൻ ഇനിയും പഠിച്ചില്ലേ? തൊടിയിലെ വാഴപ്പഴത്തിന് ഉൽപാദനച്ചെലവുപോലും വിലയായി കിട്ടാതെ വരുമ്പോൾ വീട്ടിലെ ഡ്രയറിൽ ഉണങ്ങി സൂക്ഷിക്കാൻ കഴിയുന്നില്ലേ. മാമ്പഴവും സപ്പോട്ടക്കായുമൊക്കെ നിലത്തു വീണു കേടാകാെത പ്രത്യേക തരം തോട്ടികൊണ്ടു പറിക്കണമെന്നു പ്രത്യേകം പറയേണ്ടതുണ്ടോ? ബ്രഷ്കട്ടർ ഉപയോഗിച്ച് കള വെട്ടിനീക്കി പറമ്പു വൃത്തിയാക്കുന്ന നിങ്ങൾക്ക് മരങ്ങളുെട കമ്പിറക്കാൻ ടെലസ്കോപ്പിക് പ്രൂണറും ഉപയോഗിക്കാവുന്നതേയുള്ളൂ.

മുൻപറഞ്ഞ ഉപകരണങ്ങളും സംവിധാനങ്ങളും ഇനിയും എത്തിയിട്ടില്ലെങ്കിൽ സംശയിക്കേണ്ട, നിങ്ങളുടേത് ഒരു പഴഞ്ചൻ കൃഷിയിടം തന്നെ. ചെറുകിട കർഷകർക്ക് ഉപയോഗിക്കാവുന്ന ഒട്ടേറെ ആധുനിക സംവിധാനങ്ങളും ഉപകരണങ്ങളും ഇന്ന് ലഭ്യമാണ്.  ഇവയെല്ലാം സമഗ്രമായി പ്രയോജനപ്പെടുത്തി കൃഷിയിടത്തിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയാൽ ഒരു കുടുംബത്തിനു  തനിയെ പുരയിടക്കൃഷി നടത്താനാവും. നമ്മുെട കൃഷിയിടങ്ങളിൽ ഉറപ്പായും ഉണ്ടായിരിക്കേണ്ട ചെലവു കുറഞ്ഞ പത്ത് ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും പരിചയപ്പെടാം.

Sprayer2

1∙ തുള്ളിനന സംവിധാനം

വെള്ളമാണ് കൃഷിയിലെ പരമപ്രധാന ഘടകമെന്ന് ആർക്കാണ് അറിവില്ലാത്തത്, വിശേഷിച്ച് വരുംകാലങ്ങളിൽ ശരിയായ ജലവിനിയോഗത്തിലൂെട മാത്രമേ കൃഷി നിലനിറുത്താനാവുകയുള്ളൂ. കാര്യക്ഷമവും ആയാസരഹിതവുമായ നനയ്ക്ക് സൂക്ഷ്മജലസേചന സമ്പ്രദായങ്ങൾ സ്വീകരിക്കാത്ത കൃഷിയിടങ്ങൾക്കു നേരേ വരുംവർഷങ്ങളിൽ ചൂണ്ടുവിരലുകളുയരാൻ സാധ്യതയേറെ. ഒരു വാൽവ് തിരിച്ചാൽ കൃഷിയിടത്തിലെമ്പാടും വെള്ളമെത്തിക്കുന്ന ഈ രീതി പുതുതലമുറയിെല പാർട് ടൈം കൃഷിക്കാർക്ക് ഏറെ യോജ്യമാണ്. മൊബൈൽ ഫോണുകളുെടയും സെൻസറുക

ളുെടയും സഹായത്തോെട ഈ  നന കൂടുതൽ മെച്ചപ്പെടുത്തുകയുമാവാം. മട്ടുപ്പാവിലെയും അടുക്കളത്തോട്ടത്തിലെയും പച്ചക്കറിക്കൃഷിക്കായി മിനി ഡ്രിപ് കിറ്റുകളും ഇപ്പോൾ ലഭ്യമാണ്.

●  ജലവിനിയോഗമനുസരിച്ച് യോജ്യമായത് തിരഞ്ഞെടുക്കണം

●  വിളകൾക്കു ചേരുന്ന എമിറ്ററുകൾ ഉപയോഗിക്കണം

2∙സ്പ്രെയറുകൾ

രാസ– ജൈവ കീടനാശിനികൾ തളിക്കാൻ മാത്രമല്ല, വളപ്രയോഗത്തിനും സ്പ്രെയറുകൾ ഉപയോഗിക്കപ്പെടുന്നു. കൈകളുപയോഗിച്ചും യന്ത്രസഹായത്താലും പ്രവർത്തിപ്പിക്കാവുന്ന വ്യത്യസ്ത തരം സ്പ്രെയറുകൾ വിപണിയിൽ ലഭ്യമാണ്. ഓരോ കൃഷിയിടത്തിലെയും വിളകൾക്ക് യോജ്യമായ സ്പ്രെയറുകൾ തിരഞ്ഞെടുക്കാൻ കഴിയണം. പച്ചക്കറികൾ, നെല്ല് തുടങ്ങിയവ കൃഷി ചെയ്യുന്നവർക്ക് സ്പ്രെയർ കൂടിയേ തീരൂ.

●  ഉപയോഗത്തിനു ചേരുന്ന നോസിലുകൾ ഉണ്ടായിരിക്കണം

●  ടാങ്കിനു വേണ്ടത്ര വലുപ്പമുണ്ടായിരിക്കണം

●  ബാറ്ററിയുള്ള സ്പ്രെയറുകൾ അധ്വാനഭാരം കുറയ്ക്കും

Coconut_tree_climbing3

3∙തെങ്ങുകയറ്റയന്ത്രം

അടയ്ക്ക വിളവെടുക്കുന്ന യന്ത്രംതെങ്ങുകയറ്റയന്ത്രവുമായി തൊഴിലാളികൾ എത്തുന്നതിനു കാത്തുനിൽക്കേണ്ടതുണ്ടോ? ഉയരം കൂടിയ തെങ്ങുകളുെട എണ്ണം കുറഞ്ഞുവരികയാണ്. കൃഷിക്കാർക്ക് തെങ്ങുകയറ്റയന്ത്രവുമായി സ്വയം വിളവെടുപ്പ് നടത്താൻ സാധിക്കും. ഇരുപത് –മുപ്പത് തെങ്ങുകളുള്ളവർക്ക് ദിവസേന നാലോ അഞ്ചോ തെങ്ങുകളിൽ കയറിയാൽപോലും ഒരാഴ്ചകൊണ്ട് തേങ്ങയിടൽ പൂർത്തിയാക്കാവുന്നതേയുള്ളൂ. നിലത്തു നിന്നു തന്നെ അടയ്ക്ക വിളവെടുക്കാവുന്ന യന്ത്രവും ഇപ്പോൾ വിപണിയിലുണ്ട്. കമുകിൽ കയറാൻ ആളെ തെരയാതെ സ്ത്രീകൾക്കുപോലും ഈ യന്ത്രസഹായത്തോെട അടയ്ക്ക വിളവെടുക്കാൻ ഇതുപകരിക്കും.

●  ഇൻഡസ്ട്രിയൽ വെൽഡ് ചെയ്തതായിരിക്കണം

●  സീറ്റും സുരക്ഷാബെൽറ്റുകളും  അംഗീകൃതനിലവാരം പാലിക്കുന്നതാവണം

●  ഉപയോഗിക്കാനുള്ള സൗകര്യം പരിശോധിക്കണം

4

4∙കമ്പ് മുറിക്കുന്ന യന്ത്രം 

ടെലിസ്കോപ്പിക് ട്രീ പ്രൂണർ ഇനിയും  വേണ്ടത്ര പ്രചരിച്ചിട്ടില്ല. മരങ്ങളിൽ കയറി ജോലി ചെയ്യാൻ ആളില്ലാതായ സാഹചര്യത്തിൽ  നിലത്തുനിന്നുതന്നെ കമ്പുകോതൽ നടത്താൻ സഹായിക്കുന്ന ഈ ഉപകരണം നമ്മുെട പുരയിടങ്ങളിൽ അനിവാര്യം തന്നെ. മാവും പ്ലാവും തേക്കും ശീമക്കൊന്നയുമൊക്കെ പടർന്നുവളർന്ന് വിളകൾക്ക് സൂര്യപ്രകാശം നിഷേധിക്കുന്ന സാഹചര്യമാണ് പല കൃഷിയിടങ്ങളിലുമുള്ളത്. എന്നാൽ നിലത്തുനിന്നുതന്നെ മരങ്ങളുെട കമ്പുകോതാൻ സഹായിക്കുന്ന ടെലിസ്കോപ്പിക് ട്രീ പ്രൂണർ ഇതിനൊരു പരിഹാരമാണ്. അൽപം പരിശീലിച്ചാൽ ഇടത്തരം വലുപ്പത്തിലുള്ള കമ്പുകൾപോലും ഇതുപയോഗിച്ച് മുറിച്ചു നീക്കാം. മോട്ടോറിന്റെ സഹായത്താൽ പ്രവർത്തിക്കുന്നവയ്ക്ക് വിലയേറുമെന്നു മാത്രമല്ല ഭാരവും കൂടുതലായിരിക്കും.. എന്നാൽ കൂടുതൽ നീളമുള്ളതും കൈകൊണ്ടു പ്രവർത്തിപ്പിക്കാവുന്നതുമായ പ്രൂണറുകളായിരിക്കും ചെറുകിട പുരയിടങ്ങൾക്ക് അനുയോജ്യം. 

●  മുറിച്ചുമാറ്റേണ്ടിവരുന്ന ശിഖരങ്ങളുെട ഉയരം പരിഗണിക്കണം

●  ചെരിച്ചുപിടിച്ച് പ്രവർത്തിപ്പിക്കാൻ കഴിയണം

5

5∙ പഴങ്ങൾ വിളവെടുക്കുന്ന തോട്ടി

നമ്മുെട പുരയിടങ്ങൾ ഫലവൃക്ഷങ്ങളാൽ സമൃദ്ധമാണ്. സ്വദേശിയും വിദേശിയുമായ ഒട്ടേറെ ഫലവൃക്ഷങ്ങൾ  വീടിനു ചുറ്റും നട്ടുവളർത്താൻ നാം ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇവയുടെ ഫലങ്ങൾ കേടുകൂടാതെ വിളവെടുക്കുന്നവർ ചുരുക്കം തന്നെ. പ്ലാസ്റ്റിക് വലകൊണ്ടുള്ള ഒരു കൂടയിലേക്ക് ഈ പഴങ്ങൾ വലിച്ചിടാവുന്ന തോട്ടിയുണ്ടെങ്കിൽ വലിയ വില കൊടുത്തു വാങ്ങി നട്ടുവളർത്തിയ ഫലവർഗങ്ങൾ കേടാകാതെ വിളവെടുക്കാം. ഫൈബർ നിർമിതമായ തോട്ടികൾക്ക് ഭാരം കുറയും. എന്നാൽ നീളം കൂടിയ മോഡലുകളിൽ ലോഹഭാഗങ്ങളുണ്ടായിരിക്കും.

●  ഉയരം ക്രമീകരിക്കാൻ സാധിക്കണം

●  വ്യത്യസ്ത ഫലവർഗങ്ങൾ താങ്ങാനാവുന്ന വലക്കൂടയുണ്ടാവണം

●  ഭാരം കുറഞ്ഞതും ബലമുള്ളതുമാകണം

6

6∙ബയോഗ്യാസ് യൂണിറ്റ് /  ജനറേറ്റർ

ചാണകവും ജൈവമാലിന്യങ്ങളും സംസ്കരിച്ചു വളമാക്കുന്നതിനൊപ്പം അടുക്കളയിലെ പാചകത്തിനുവേണ്ട ഇന്ധനവും നൽകുന്ന ബയോഗ്യാസ് യൂണിറ്റുകൾക്ക് മുഖം തിരിഞ്ഞുനിൽക്കാൻ ഏതു കൃഷിക്കാരനാണ് സാധിക്കുക. പരിസ്ഥിതിസൗഹൃദമായ ഈ സാങ്കേതികവിദ്യ പല രൂപങ്ങളിലും ഭാവങ്ങളിലും ലഭിക്കും. സ്വന്തം സാഹചര്യങ്ങൾക്കു ചേരുന്നവ തെരഞ്ഞെടുക്കുകയേ വേണ്ടൂ. തൊഴുത്തുള്ള പുരയിടങ്ങളിൽ  പാചകവാതകം മാത്രമല്ല  വൈദ്യുതിയും ബയോഗ്യാസ് യൂണിറ്റിൽനിന്നു നേടാം, അതിനുവേണ്ട സന്നാഹമൊരുക്കണമെന്നു മാത്രം. കൂടുതൽ ബയോഗ്യാസ് ഉൽപാദിപ്പിക്കാൻ സാധിക്കുന്നവർക്ക് അതുപയോഗിച്ചു പ്രവർത്തിപ്പിക്കുന്ന ജനറേറ്ററുകൾ തിരഞ്ഞെടുക്കാം.

●  ഭക്ഷണ അവശിഷ്ടങ്ങളും ചാണകവും മറ്റ് ജൈവമാലിന്യങ്ങളും പ്രയോജനപ്പെടുത്തുന്നതാവണം

●  ഉൽപാദനച്ചെലവും ആവശ്യവും പരിഗണിച്ചാവണം ബയോഗ്യാസ് ജനറേറ്റർ സ്ഥാപിക്കേണ്ടത്

Small farmers in the Philippines reach first milestone towards the production of sustainable coconut oil / Kleinbauern auf den Philippinen erreichen ersten Meilenstein auf dem Weg zur Herstellung von nachhaltigem Kokosöl

7∙ഡ്രയർ 

പഴങ്ങൾ, പച്ചക്കറികൾ, നാളികേരം,  മത്സ്യം, മാംസം എന്നിവയൊക്കെ ഉണങ്ങി സൂക്ഷിക്കാവുന്ന വിവിധോപയോഗ ഡ്രയറുകൾ ഇന്ന് വിപണിയിലുണ്ട്. എന്നാൽ  കാർഷികോൽപന്നങ്ങൾ ഉണക്കിസൂക്ഷിക്കുന്ന സംസ്കരണരീതി വേണ്ടത്ര ഉപയോഗപ്പെടുത്താൻ മലയാളികൾ ഇനിയും തയാറായിട്ടില്ലെന്നു മാത്രം.  ഏലം, റബർ കർഷകർ മാത്രമാണ് ഡ്രയറുകൾ കൂടുതലായി ഉപയോഗിക്കുന്നത്. അമിത ഉൽപാദനം മൂലം വില ഇടിയുന്ന ഉൽപന്നങ്ങളെ ഓഫ് സീസണിലേക്ക് സംസ്കരിച്ചു സൂക്ഷിക്കുന്ന ശൈലിവഴി  വരുമാനസുരക്ഷയും പോഷകസുരക്ഷയും ഉറപ്പാക്കാം.  പോളിഹൗസ് മാതൃകയിലുള്ള സോളർ ഡ്രയറുകളും ഇപ്പോൾ ലഭ്യമാണ്.

●  സംസ്കരിക്കുന്ന ഉൽപന്നങ്ങളുെട അളവ് പരിഗണിച്ചാവണം ഡ്രയറിന്റെ വലുപ്പം നിശ്ചയിക്കേണ്ടത്.

●  സോളർ ഡ്രയറുകളുടെ പ്രവർത്തനം മഴക്കാലത്ത്   പരിമിതമായിരിക്കും

●  വ്യത്യസ്ത ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന ഡ്രയറുകളാണ് കൂടുതൽ സൗകര്യപ്രദം

8

8∙കറവയന്ത്രം 

കറവക്കാരൻ എത്താതിരിക്കുകയോ രോഗബാധിതനാവുകയോ ചെയ്യുമ്പോഴാണ് പലർക്കും കറവയന്ത്രത്തിന്റെ  പ്രയോജനവും പ്രസക്തിയും മനസ്സിലാവുക. ശുചിയായി പാൽ കറന്നെടുക്കാനും ഇത് സഹായകമാണ്. ഒന്നോ രണ്ടോ പശുക്കളുള്ളവർക്ക് ചെലവ് കുറഞ്ഞ മാതൃകകൾ കിട്ടാനുണ്ട്. എന്നാൽ ശാസ്ത്രീയമായി കറവ നടത്താൻ ഇവ പര്യാപ്തമല്ലെന്ന് ആക്ഷേപമുണ്ട്.  വില അൽപം ഉയർന്നാലും നിലവാരമുള്ള കറവയന്ത്രങ്ങൾ വാങ്ങണമെന്നാണ് വിദഗ്ധ ശുപാർശ. നിവൃത്തിയില്ലെങ്കിൽ രണ്ടോ മൂന്നോ ക്ഷീരകർഷകർ സഹകരിച്ച് ഒരു നല്ല യന്ത്രം വാങ്ങിയാലും മതി.

●  അകിടുമായി സമ്പർക്കത്തിൽ വരുന്ന ഭാഗങ്ങൾ നിലവാരമുള്ള റബർകൊണ്ട് നിർമിച്ചതായിരിക്കണം. ‌

●  രണ്ട് ബക്കറ്റുള്ള മോഡലുകൾ സമയം ലാഭിക്കും. ഒന്ന് തകരാറിലായാലും കറവ മുടങ്ങില്ല.

●  ഏതാനും വർഷത്തേക്കു വേണ്ട സ്പെയർ പാർട്സുകൾ മുൻകൂട്ടി വാങ്ങുന്നത് നല്ലതായിരിക്കും.

●  അകിട്ടിൽ ഘടിപ്പിക്കുന്ന ക്ലസ്റ്ററിനു  രണ്ടു കിലോ ഭാരമുണ്ടായിരിക്കണം. പശുക്കുട്ടിയുെട തലയുെട ഭാരമാണിത്. 

9

9∙പ്രഷർ വാഷർ

തൊഴുത്ത് വൃത്തിയാക്കാനും ഉരുക്കളെ കുളിപ്പിക്കാനുമായി ക്ഷീരകർഷകർ വ്യാപകമായി പ്രഷർ വാഷർ ഉപയോഗിക്കുന്നുണ്ട്. വീടും കാറുമൊക്കെ കഴുകാനും ഇതുതന്നെ മതിയാവും. ഒട്ടേറെ കമ്പനികളുെട വ്യത്യസ്ത പ്രവർത്തനശേഷിയുള്ള പ്രഷർ വാഷറുകൾ ലഭ്യമാണ്. എന്നാൽ കാർഷിക ആവശ്യങ്ങൾക്ക് ഇടത്തരം ശക്തിയുള്ളവ മതിയാകും. 

●  വ്യത്യസ്ത രീതികളിൽ വെള്ളം ചീറ്റാവുന്ന നോസിലുകളുണ്ടാവണം

10

10∙ബ്രഷ് കട്ടർ

കാടുതെളിച്ച് കൃഷിയിടം ഭംഗിയായി പരിപാലിക്കുകയെന്നത ് ഏറെ ചെലവുള്ള കാര്യമായി മാറിയിരിക്കുന്നു. വർഷത്തിൽ രണ്ടുതവണയെങ്കിലും കളസസ്യങ്ങൾ വെട്ടിനീക്കി പറമ്പ് വൃത്തിയാക്കേണ്ടത് വിളകളുെട ആരോഗ്യത്തിന് അനിവാര്യമാണുതാനും. സ്വന്തമായി ഒരു കാടുവെട്ടുയന്ത്രം (ബ്രഷ് കട്ടർ) ഉണ്ടെങ്കിൽ കാടുവെട്ടൽ നമുക്കുതന്നെ ചെയ്യാം. തോളിൽ തൂക്കി പ്രവർത്തിപ്പിക്കാവുന്ന ഈ യന്ത്രം  പരിഷ്കരിച്ച്  നെല്ല് കൊയ്യുന്നതിനും തീറ്റപ്പുല്ല് വെട്ടുന്നതിനും ഉപയോഗിക്കാം. ഇതിനായി  ബ്രഷ് കട്ടറിനോടു കൂട്ടിച്ചേർക്കുന്ന യൂണിറ്റ് കേരളത്തിൽ ലഭ്യമാണിപ്പോൾ.

●  ഇന്ധനക്ഷമത കൂടുതലുള്ളവ വാങ്ങണം

●  യന്ത്രഭാഗങ്ങളുടെ ലഭ്യത ഉറപ്പാക്കണം

●  2 സ്ട്രോക്ക്, 4 സ്ട്രോക്ക്  ബ്രഷ് കട്ടറുകൾ ലഭ്യമാണ്

11

ഉപകരണങ്ങൾ വാങ്ങുമ്പോൾ തവന്നൂരിലെ ഫാം മെഷിനറി ടെസ്റ്റിങ് സെന്റർപോലുള്ള അംഗീകൃത സ്ഥാപനങ്ങളുടെ സാക്ഷ്യപത്രം നേടിയ നിർമാതാക്കളെ ആശ്രയിക്കുന്നതാവും ഉത്തമം.  കാർഷികയന്ത്രങ്ങളുടെ സ്പെയർപാർട്സുകളും  സർവീസ് കേന്ദ്രങ്ങളും പ്രാദേശികമായി  ലഭ്യമാണെന്ന് ഉറപ്പാക്കണം. കേരളത്തിലെ എല്ലാ കർഷകഭവനങ്ങളിലും ഉറപ്പാക്കേണ്ട ഉപകരണങ്ങളുെട പ്രാഥമികപട്ടിക മാത്രമാണിത്. ഈ പട്ടിക ഇനിയും ഏറെ നീട്ടാനാവും. ഇവയിൽ ചിലതെങ്കിലും സ്വന്തമാക്കാത്ത കൃഷിക്കാരുണ്ടാവില്ല. എന്നാൽ ആദ്യചുവടെന്ന നിലയിൽ ഈ പട്ടിക പൂർണമായി സ്വന്തമാക്കി നോക്കൂ.  കാർഷികപ്രവർത്തനങ്ങൾ ഏറെ കാര്യക്ഷമമാകുന്നതു കാണാം.

ഫോൺ: കൃഷിയിടത്തിലെ കാർഷികയന്ത്രങ്ങളെക്കുറിച്ച് കൂടുതലറിയുന്നതിന് - 9496287722 (ഡോ. എ.ലത  ), തൊഴുത്തിലെ ഉപകരണങ്ങൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് - 9446457341( ഡോ. ജോർജ് തോമസ്)

വിവരങ്ങൾക്കു കടപ്പാട്: ഡോ. എ.ലത ( മണ്ണുത്തി കാർഷിക ഗവേഷണകേന്ദ്രം മേധാവി), ഡോ. ഷാജി ജെയിംസ് ( പ്രഫസർ, കാർഷിക എൻജിനീയറിങ് കോളജ്, തവനൂർ), കെ.എസ് ഉദയകുമാർ (അഗ്രിക്കൾച്ചർ എൻജിനീയർ, കെഎൽഡി ബോർഡ്), ഡോ. ജോർജ് തോമസ് ( എറണാകുളം ക്ഷീരോൽപാദക യൂണിയൻ), ജയൻ ( കാർഷിക കർമസേന പരിശീലകൻ)