Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനം മയക്കും യൂറോപ്യൻ ഉദ്യാനങ്ങൾ

box-no

ഈയിടെ യൂറോപ്യന്‍ പര്യടനം നടത്തിയ ലേഖകന്‍ അവിടത്തെ പൂന്തോട്ടങ്ങളുടെ സവിശേഷതകള്‍ അവതരിപ്പിക്കുന്നു.പ്രമുഖ ഉദ്യാനങ്ങളെ 

പരിചയപ്പെടുത്തുകയും ചെയ്യുന്നു.

വസന്തം, ഗ്രീഷ്മം, ശരത്, ശീതകാലങ്ങൾ– ഋതുക്കളുടെ വ്യതിയാനം വ്യക്തമായി ദൃശ്യമാകുന്ന ഉദ്യാനങ്ങളുടെ ഭംഗി ആസ്വദിച്ച് യൂറോപ്യൻ രാജ്യങ്ങളിലൂടെ ഒരു യാത്ര ഹൃദ്യമായ അനുഭവമാണ്. നിറയെ പൂവിട്ടു നിൽക്കുന്ന ഗ്രീഷ്മത്തിൽനിന്നു ശരത്കാലത്തിലേക്കുള്ള പരിവർത്തനം കണ്ടാലും കണ്ടാലും മതിവരില്ല. മരങ്ങളിലാണ് ഋതുക്കളുടെ ഈ മാറ്റം കൂടുതൽ വ്യക്തമാകുക.  പച്ചനിറമുള്ളവയ്ക്കൊപ്പം മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളുള്ള ഇലകൾകൂടി ഉണ്ടായിവന്ന് വർണപ്പൊലിമ ഒരുക്കുന്ന മാപ്പിൾ, ഓക്ക്, പോപ്ലാർ മരങ്ങൾ വേറിട്ട  കാഴ്ചതന്നെ. പൂമരങ്ങൾക്കൊപ്പം കോണിഫർ മരങ്ങളും ശിൽപങ്ങളും ഫൗണ്ടനുമെല്ലാമായി ലോകപ്രസിദ്ധമായ പല ഉദ്യാനങ്ങളും യൂറോപ്പിലുണ്ട്. ഫോർമൽ, ഇറ്റാലിയൻ ഘടനയിലാണ് ഇവയെല്ലാം രൂപപ്പെടുത്തിയിട്ടുള്ളത്.

യൂറോപ്പിൽ വീടുകളോടു ചേർന്നു പൂന്തോട്ടം സാധാരണമാണ്. സ്ഥലസൗകര്യമില്ലാത്തവരും ബാൽക്കണിയിലും ജനലരികിലുമെല്ലാമായി അലങ്കാരച്ചെടികൾ പരിപാലിക്കുന്നു. ശരത്കാലത്ത് മരങ്ങളും കുറ്റിച്ചെടികളും ഇല കൊഴിച്ച് ഉദ്യാനം അനാകർഷകമാകുമ്പോൾ വീടിനുള്ളിൽ ഫലനോപ്സിസ് ഓർക്കിഡ്, ബ്രൊമീലിയാഡ് ഇനങ്ങൾ, പീസ് ലില്ലി, ബിഗോണിയ എല്ലാം നിറയെ പൂവിട്ടു നിൽക്കുന്നു. നമ്മുടെ നാട്ടിലെ അപേക്ഷിച്ച് ഇവിടെ ചെടികൾക്കു രോഗ, കീടബാധ നന്നേ കുറവാണ്. കടുത്ത ശൈത്യകാലത്ത് മഞ്ഞുപെയ്ത് ചെടികൾ എല്ലാം നശിച്ചു പോകുകയോ ഇലകളും കമ്പുകളും മുഴുവനായി കൊഴിഞ്ഞുപോകുകയോ ചെയ്യും. ഇതിനൊപ്പം പല തരം കീടങ്ങളും രോഗാണുക്കളും നശിച്ചുപോകും. പിന്നീട് വസന്തകാലത്തു ചെടികൾ വളർന്നുവരുമ്പോൾ കീട, രോഗബാധ   കുറയുന്നു. അന്തരീക്ഷത്തിലെ കുറഞ്ഞ ഈർപ്പാവസ്ഥയും ചൂടു കുറഞ്ഞ സൂര്യപ്രകാശവുമൊക്കെ കീട, രോഗങ്ങള്‍ കുറയാന്‍  കാരണമാണ്. നമ്മുടെ നാട്ടിൽനിന്നു വ്യത്യസ്തമായി ആഴ്ചയിൽ ഒന്നുരണ്ടു തവണ മഴ യൂറോപ്പിൽ പതിവാണ്. അതുകൊണ്ടു നന അത്രയ്ക്ക് ആവശ്യമാകാറില്ല.

box-no2

റോമിലെ വത്തിക്കാൻ ഉദ്യാനം

മാർപാപ്പയുടെ സ്വകാര്യ ഉദ്യാനമെന്നു വിശേഷിപ്പിക്കുന്ന വത്തിക്കാൻ ഗാർഡന് ഇറ്റാലിയൻ നവോത്ഥാനകാലത്തെ രൂപഘടനയാണുള്ളത്. വളരെ വർഷം പഴക്കമുള്ള ഒലിവ്, ഈന്തപ്പന, കോണിഫർ, സിഡാർ മരങ്ങൾ ഈ ഉദ്യാനത്തിന്റെ സവിശേഷതകൾ. കോണിഫർ ഇനത്തിൽ സ്റ്റോൺ പൈൻ മരങ്ങളുടെ തലപ്പിന്റെ സവിശേഷ ആകൃതി കാണാൻ നല്ല ഭംഗിയാണ്. അറുപതോളം ഏക്കറിൽ പരന്നു കിടക്കുന്ന ഈ ഉദ്യാനത്തിൽ വിസ്താരമേറിയ പുൽത്തകിടികളും കോബിൾ സ്റ്റോൺ വിരിച്ച നടപ്പാതകളുമാണ് പ്രധാനം. റേഡിയോ വത്തിക്കാൻ കെട്ടിടം, ഗവർണറുടെ കൊട്ടാരം എല്ലാം ഈ ഉദ്യാനത്തിന്റെ ഭാഗങ്ങൾ. വിശുദ്ധരുടെ വലിയ ശില്‍പങ്ങളും കൂറ്റൻ ഫൗണ്ടനുകളും പലതരം ഫലവൃക്ഷങ്ങളുടെ തോട്ടവും ഉദ്യാനത്തിന്റെ ഭംഗിക്കു മാറ്റു കൂട്ടുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ തയാറാക്കിയ വത്തിക്കാൻ ഗാർഡൻ പിന്നീടു വന്ന പല മാർപാപ്പമാരുടെയും താൽപര്യഫലമായി കൂടുതൽ ആകർഷകമായി. കാലംചെയ്ത ജോൺ പോൾ‌ രണ്ടാമൻ മാർപാപ്പയാണ് പ്രഭാതസവാരിക്കായും ലേഖനങ്ങൾ തയാറാക്കാനുമായി ഉദ്യാനത്തിൽ ഏറെ സമയം ചെലവഴിച്ചിട്ടുള്ളത്.

പാരിസിലെ ലക്സംബർഗ് ഉദ്യാനം

1612 ൽ നിർമിച്ച ലക്സംബർഗ് കൊട്ടാരത്തിന്റെ ഭാഗമാണ് ഈ ഉദ്യാനം. 23 ഹെക്ടർ വിസ്തൃതിയുള്ള ലക്സംബർഗ് ഉദ്യാനത്തിന്റെ നല്ല പങ്കും പുൽത്തകിടിയും അലങ്കാരവൃക്ഷങ്ങളുമാണ്. പൂത്തടങ്ങളും ഫൗണ്ടനും നടുവിലുള്ള തടാകവും ഉദ്യാനത്തിനു ഭംഗിയേറ്റുന്നു. പാരിസ് നഗരത്തിന്റെ തിരക്കിനു നടുവിൽ ശാന്തമായി വിശ്രമിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും പറ്റിയ ഈ പൂന്തോട്ടത്തിൽ ദിവസവും ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്.  തടാകത്തിനു ചുറ്റുമുള്ള ഇരിപ്പിടങ്ങളിലാണ് സന്ദർശകർ അധിക സമയവും ചെലവഴിക്കുക.  കുട്ടികൾക്ക് വിനോദത്തിനായി പ്രത്യേക സൗകര്യമുണ്ട്. ഉദ്യാനത്തിന്റെ ഒരു ഭാഗത്തു ഫ്രഞ്ച് രാജ്ഞിമാരുടെയും വിശുദ്ധരുടെയും കൂറ്റൻ ശില്‍പങ്ങൾ നിരനിരയായി കാണാം. ഫൗണ്ടൻ ഓഫ് ഒബ്സർവേറ്ററിയാണ് ലക്സംബർഗ് ഉദ്യാനത്തിന്റെ മറ്റൊരു ആകർഷണം. 1874 ൽ നിർമിച്ച ഈ ഫൗണ്ടന്റെ താഴെഭാഗത്ത് പല ദിശകളിലേക്കു കുതിക്കുന്ന കുതിരകളും അവയ്ക്കു മുകളിൽ സുന്ദരികള്‍ ഉയർത്തിപ്പിടിച്ചിരിക്കുന്ന ഭൂഗോളവും കാണാം. താഴെയുള്ള അലങ്കാരക്കുളത്തിന്റെ വശങ്ങളിൽനിന്നു നടുവിലേക്ക് ജലധാരകൾ ഒരുക്കിയിട്ടുണ്ട്. ഉദ്യാനത്തിന്റെ ഭാഗമായി റോസച്ചെടികളുടെ ശേഖരവും ആപ്പിൾ, പെയർ, പ്ലം തുടങ്ങിയ ഫലവൃക്ഷങ്ങളുടെ തോട്ടവുമുണ്ട്. ഉദ്യാനത്തിന്റെ ഒരു ഭാഗത്ത് ആരെയും ആകർഷിക്കുംവിധം തല ഉയർത്തി നിൽക്കുന്ന കൊട്ടാരം ഇന്നു ഫ്രഞ്ച് പാർലമെന്റിന്റെ ആസ്ഥാനവും മ്യൂസിയവുമൊക്കെയാണ്.

പാരിസിലെ ഉദ്യാന നഴ്സറികൾ

വീടിന്റെ ബാൽക്കണിയിലും ജനലരികിലും വരാന്തയിലുമെല്ലാം പരിപാലിക്കാൻ പറ്റിയ, ഒതുങ്ങിയ സസ്യപ്രകൃതമുള്ള പൂച്ചെടികളും ഇലച്ചെടികളുമാണ് പാരിസിലെ നഴ്സറികളിൽ സുലഭം. ഇവയിൽ ഡെൽഫീനം, ഫഷ്ചിയ, ഫലനോപ്, സിസ് ഓർക്കിഡ്, ബ്രൊമീലിയാഡ് ഇനങ്ങൾ, അലങ്കാര കലെ, മുളക്, ഐവി, ഹൈഡ്രാൻജിയ, ബിഗോണിയ, ആലിന്റെ കുഞ്ഞൻ ബോൺസായ് ചെടികൾ, ലിപ്സ്റ്റിക് ചെടി, ട്രോപിയോളം, കള്ളിച്ചെടികൾ എന്നിവയെല്ലാം ഉൾപ്പെടും. ഭംഗിയുള്ളതും നാനാ നിറങ്ങളിലുള്ളതുമായ ചട്ടികളിൽ നട്ടാണ് ഇവയെല്ലാം വിൽപനയ്ക്കു വച്ചിരിക്കുന്നത്. ചട്ടികൾ നിറയ്ക്കാൻ ചകിരിച്ചോറും പെർലൈറ്റും കലർത്തിയ മിശ്രിതമാണ് മുഖ്യമായും ഉപയോഗിച്ചിരിക്കുന്നത്.

box-no4

ഓസ്ട്രിയയിലെ വാർത്തേർസി തടാകവും ഉദ്യാനവും

ഓസ്ട്രിയയിലെ ക്ലാഗൻഫോർട്ട് നഗരത്തിനടുത്താണ് ലോകപ്രസിദ്ധമായ വാർത്തേർസി തടാകവും അതിനോടു ചേർന്നുള്ള മനോഹരമായ ഉദ്യാനവും. വേനൽക്കാലത്ത് ദൂരദേശങ്ങളിൽനിന്നുപോലും അവധിക്കാലം ചെലവഴിക്കുന്നതിനായി ധാരാളം സന്ദർശകർഎത്തുന്നിടമാണിത്. പ്രായഭേദമെന്യേ നീന്താനും വഞ്ചി തുഴയാനും മറ്റ് ഉല്ലാസങ്ങള്‍ക്കും യോജിച്ചിടമാണ് വാർത്തേർസി. തടാകത്തിനരികിലൂടെ ഉദ്യാനം ചുറ്റി നടന്നു കാണാനും സൈക്കിൾ സവാരിക്കുമായി നല്ലൊരു നടപ്പാതയും നടപ്പാതയുടെ വശങ്ങളിൽ തണൽമരങ്ങളുടെ നീണ്ട നിരയുമുണ്ട്. 

വിസ്താരമുള്ള പുൽത്തകിടിയും പൂത്തടങ്ങളും ഉദ്യാനത്തിന്റെ ശോഭ പതിന്മടങ്ങാക്കുന്നു. പൂത്തടങ്ങളിൽ ഡാലിയ, റോസ്, പല നിറങ്ങളിലുള്ള വയോള, പെല്ലാർഗോണിയം, ജമന്തി തുടങ്ങിയ പൂച്ചെടികളാണ് അധികമായി ഉള്ളത്. ജ്യൂണിപർ ചെടികൾ ഉപയോഗിച്ചു നടപ്പാതയുടെ അതിരായി മതിലുപോലെ വെട്ടി നിർത്തിയിരിക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. കരിങ്കല്ലിലും മാർബിളിലും തയാറാക്കിയ നല്ല വലുപ്പമുള്ള ബേസിനുള്ളിൽ പൊറൂണിയയും വയോളയും ഉപയോഗിച്ചുള്ള പൂത്തടങ്ങൾ നടപ്പാതയ്ക്കു വേറിട്ട സൗന്ദര്യം നൽകുന്നു.

Untitled-1

ലിസ്യൂയിലെ

വഴിയോര ഉദ്യാനങ്ങൾവിശുദ്ധ കൊച്ചുത്രേസ്യായുടെ സ്വദേശമായ ലിസ്യൂ, ഫ്രാൻസിലെ ചെറുപട്ടണമാണ്. ഭംഗിയും വെടിപ്പുമുള്ള റോഡുകളും കെട്ടിടങ്ങളും  സവിശേഷതകൾ‌. ഒപ്പം വഴിയോരത്തും റോഡിന്റെ മീഡിയനിലും മറ്റ് ഒഴിവുള്ളിടങ്ങളിലും ഒരുക്കിയിരിക്കുന്ന കുഞ്ഞൻ ഉദ്യാനങ്ങളും. അത്രയ്ക്ക് ആൾത്തിരക്കില്ലാത്ത റോഡുകളുടെ അരികിലുള്ള ഉദ്യാനങ്ങൾ ആസ്വദിച്ചുള്ള സവാരി പ്രത്യേക അനുഭൂതി പകരുന്ന അനുഭവമാണ്.  പുൽത്തകിടികളും പൂത്തടങ്ങളും ഇലച്ചെടികളും ശില്‍പങ്ങളും എല്ലാം ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന ഉദ്യാനങ്ങൾ നന്നേ മോടിയോടെ പരിപാലിക്കുന്നു.  സാൽവിയ, അലങ്കാര കലെ, ഗൈനാൻ ഡ്രോപ്സിസ്, ബിഗോണിയ, കോളിയസ്, ടോപിയറി ചെയ്ത കോണിഫർ ചെടികൾ, അലങ്കാരപ്പുല്ല് എന്നിവ ഉപയോഗിച്ച് ലിസ്യൂ പട്ടണത്തിന്റെ പവിത്രതയ്ക്ക് ഒട്ടും കോട്ടം വരാത്ത വിധത്തിലാണ് ഉദ്യാനങ്ങൾ ഒരുക്കിയിട്ടുള്ളത്.