Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെണ്ട നടാം, കീശ നിറയ്ക്കാം

∙ പച്ചക്കറികളുടെ കൂട്ടത്തിൽ വിശേഷപ്പെട്ട സ്ഥാനമുള്ള വെണ്ടയ്ക്ക പോഷകമൂല്യങ്ങളുടെ കലവറയാണ്. ശരീരത്തിനാവശ്യമായ എ, ബി, സി വിറ്റാമിനുകളും ധാതുലവണങ്ങളും വെണ്ടയ്ക്കയിൽ അടങ്ങിയിരിക്കുന്നു. വെണ്ടയ്ക്ക കൊണ്ട് ഔഷധ പാനീയം ഉണ്ടാക്കാം. വേനൽക്കാല വെണ്ടക്കൃഷി നവംബർ–ഡിസംബർ മാസങ്ങളിലും വർഷകാല കൃഷി മേയ് മാസത്തിലും തുടങ്ങാം. വർഷകാല കൃഷിയിൽ ശക്തമായ മഴ ആരംഭിക്കുന്നതിനു മുമ്പു തൈകൾക്കു മൂന്നോ നാലോ ഇലകൾ വിരിഞ്ഞിരിക്കണം.

വരികൾ തമ്മിൽ 60 സെന്റിമീറ്റർ അകലത്തിലും ചെടികൾ തമ്മിൽ 45 സെന്റിമീറ്റർ അകലത്തിലും നടാം. വർഷകാലത്തു വെള്ളം കെട്ടിനിൽക്കാതെ വരികൾക്കു മീതെ മണ്ണു കൂട്ടിക്കൊടുക്കണം. മണ്ണു നല്ലവണ്ണം ഉഴുതുമറിച്ചതിനുശേഷം കുഴികൾ അൽപം ആഴം കൂട്ടി ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, കമ്പോസ്റ്റ് എന്നിവ ചേർക്കണം. നല്ലവണ്ണം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ഇവ നല്ലപോലെ വളരും. നാലോ അഞ്ചോ ഇലകൾ വന്നതിനുശേഷം പച്ചിലവളവും ചേർത്തതിനുശേഷം മണ്ണ് ഇട്ടുകൊടുത്താൽ പെട്ടന്നു വളരും.

രോഗബാധകൾ

∙ ചൂർണ പൂപ്പ്, ഇലചുരുട്ടിപ്പുഴു, മുഞ്ഞ, മഞ്ഞളിപ്പ്, മൊസൈക് രോഗം എന്നിവയാണ് പ്രധാന രോഗബാധകൾ. ചൂർണ പൂപ്പിന് (പൗഡറി മിൽഡ്യൂ) 20 ഗ്രാം സ്യൂഡോമൊണസ് ഒരു ലീറ്റർ വെള്ളത്തിൽ നേർപ്പിച്ചു തളിക്കണം. 20 ഗ്രാം വീതം വെളുത്തുള്ളി, ഇഞ്ചി, കാന്താരിമുളക് എന്നിവ ചതച്ചത് രണ്ടു ലീറ്റർ വെള്ളത്തിൽ കലക്കി രണ്ടു ടീസ്പൂൺ പുഴുങ്ങാതെ ഉണക്കിപ്പൊടിച്ച മഞ്ഞൾപ്പൊടിയും ചേർത്തിളക്കി അരിച്ച് തളിച്ചു കൊടുക്കുന്നതും ഉത്തമം. 

ഇലചുരുട്ടിപ്പുഴുവിനെതിരെ വെളുത്തുള്ളി–വേപ്പെണ്ണ മിശ്രിതവും, മുഞ്ഞയുടെ ആക്രമണം കണ്ടാൽ വെർട്ടിസീലിയം ലെക്കാനി 20 ഗ്രാം ഒരു ലീറ്റർ െവള്ളത്തിൽ നേർപ്പിച്ചു തളിക്കാം. മഞ്ഞളിപ്പു രോഗം പരത്തുന്ന വെള്ളീച്ചയുടെ വർധന തടയാൻ മഞ്ഞക്കെണിയാണ് നല്ലത്.വെർട്ടിസീലിയും ലെക്കാനിയും ഫലപ്രദം. മഞ്ഞളിപ്പു രോഗം കണ്ടാൽ ആ ചെടികൾ പിഴുതെടുത്തു നശിപ്പിക്കണം.

ഇനങ്ങൾ

∙ സൽക്കീർത്തി, സുസ്ഥിര, അർക്ക അനാമിക, കിരൺ എന്നിവ നല്ല ഇനങ്ങളാണ്. പരമ്പരാഗതമായി കൃഷി ചെയ്യുന്ന നാടൻ ഇനങ്ങളായ ആനക്കൊമ്പൻ, ഓലവെണ്ട, പാൽ വെണ്ട, ഏണി വെണ്ട എന്നിവ നല്ല വലുപ്പവും രുചിയുമുള്ളതാണ്. വെണ്ടയിൽ തുരന്നുകയറുന്ന ഉറുമ്പുകളുടെ ശല്യമകറ്റാൻ ഒരുകിലോ ചാരത്തിൽ കാൽക്കിലോ കറിയുപ്പ് പൊടിച്ചത്, കുമ്മായം എന്നിവ ചേർത്ത് ഇവയുടെ സാന്നിധ്യമുള്ളിടത്തു വിതറണം.

വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതം– ഒരു ലീറ്റർ വെള്ളത്തിൽ അഞ്ചുഗ്രാം ബാർ സോപ്പ് ലയിപ്പിക്കണം. ഇതിൽ 20 ഗ്രാം തൊലികളഞ്ഞ വെളുത്തുള്ളി അരച്ചു നീരെടുത്തു ചേർക്കണം. 20 മില്ലി വേപ്പെണ്ണയും കൂടി ചേർത്തു നന്നായി ഇളക്കി, വെണ്ടയിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കെതിരെ തളിക്കാം.