Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏലത്തിലെ ‘ചെന്താൾ’ നിയന്ത്രിക്കാൻ

ആർ. പ്രവീണ, സി.എൻ. ബിജു, എസ്.ജെ. ആൻകേ ഗൗഡ

സുഗന്ധവ്യഞ്‌ജന വ്യവസായത്തിൽ, വിശേഷിച്ച് ഏലം ഉൽപാദനത്തിൽ ഇന്ത്യയുടെ ആധിപത്യം കുറയുകയാണ്. ആഗോളവിപണിയിലെ കണക്കുപ്രകാരം ഏലത്തിന്റെ ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലും ഗ്വാട്ടിമാലയാണ് ഇന്ന് ഒന്നാം സ്‌ഥാനത്തുള്ളത്.വ്യാപകമായ രോഗ, കീടാക്രമണവും ഉൽപാദനക്ഷമതക്കുറവും ഗുണമേന്മയുള്ള ഇനങ്ങളുടെ അഭാവവുമാണ് ഏലം കർഷകർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ. ഏലത്തിനെ ബാധിക്കുന്ന രോഗങ്ങളുടെ എണ്ണം വർഷംതോറും വർധിക്കുന്നതായി കാണുന്നു. കൃഷിരീതികളിലെമാറ്റങ്ങളും കാലാവസ്‌ഥാവ്യതിയാനവുമാണ് ഇതിനു ഹേതുവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

ഏലത്തോട്ടങ്ങളിൽ വ്യാപകമാകുന്ന  കുമിൾരോഗമാണ് ഇലകരിച്ചിൽ അഥവാചെന്താൾ. കോളിറ്റോട്രൈക്കം ഗ്ലിയോസ്‌പോറിയോഡ്‌സ് എന്ന കുമിളാണ് രോഗഹേതു. ഇലകളെ ബാധിക്കുന്ന ഈ രോഗം തോട്ടങ്ങളിൽ എക്കാലവും കാണാമെങ്കിലും കാലവർഷം പിൻവാങ്ങുന്നതോടെ തോട്ടങ്ങളിൽ ഈ രോഗത്തിന്റെ തീക്ഷ്‌ണത വർധിക്കുന്നു. സാധാരണ തണൽ കുറവുള്ള, തുറസായ സ്‌ഥലങ്ങളിലാണ്  കൂടുതലായി കാണുന്നത്. രോഗത്തിന്റെ തുടക്കത്തിൽ ഇലഞരമ്പുകൾക്കു സമാനമായ, മഞ്ഞനിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നു. ഇത് ക്രമേണ വികസിച്ച് മഞ്ഞ കലർന്ന തവിട്ടുനിറത്തിലുള്ള പാടുകളായി മാറുന്നു. ഈ രോഗലക്ഷണങ്ങൾ എല്ലാ പ്രായത്തിലുമുള്ള ഇലകളിൽ പ്രത്യക്ഷപ്പെടുകയും ക്രമേണ രോഗം ബാധിച്ച് ചെടികൾ കരിഞ്ഞതുപോലെ കാണുകയും ചെയ്യുന്നു. സംയോജിത മാർഗങ്ങൾ അവലംബിക്കുന്നതുവഴി ഈ രോഗത്തെ ഫലപ്രദമായി ചെറുക്കാം. തണൽ വേണ്ടവിധത്തിൽ ക്രമീകരിക്കാത്ത, തുറസ്സായ തോട്ടങ്ങളിൽ ഈ രോഗത്തിന്റെ കാഠിന്യം കൂടുന്നു. കാലവർഷാരംഭത്തിനു മുൻപേ തണൽമരങ്ങളുടെ ശാഖകളും ഉപശാഖകളും കോതി തണൽ ക്രമീകരിക്കണം.  40–60% സൂര്യപ്രകാശം ചെടികൾക്കു ലഭിക്കുന്ന വിധത്തിലായിരിക്കണം തണൽ ക്രമീകരണം. തോട്ടങ്ങളിലെ ശുചിത്വപാലനം  രോഗനിവാരണത്തിൽ ഏറെ പ്രധാനമാണ്. കാലവർഷം തുടങ്ങുന്നതിനു മുൻപേ ചെടികളും തോട്ടങ്ങളും വൃത്തിയാക്കണം.

രോഗം ബാധിച്ച ഇലകൾ നശിപ്പിച്ചുകളയണം. രോഗപ്രതിരോധമായി മഴക്കാലത്തിനു മുമ്പേ ബോർഡോമിശ്രിതം ഒരു ശതമാനം വീര്യത്തിൽ ഒരു ചെടിക്ക് ശരാശരി 0.5–1 ലീറ്റർ എന്ന കണക്കിൽ തളിച്ചുകൊടുക്കണം. കൂടാതെ, ഓഗസ്‌റ്റ്–സെപ്‌റ്റംബർ മാസങ്ങളിൽ ഒരാവൃത്തി കൂടി മിശ്രിതം തളിക്കുന്നതു നന്ന്. രോഗലക്ഷണങ്ങൾ കാണുമ്പോൾത്തന്നെ  കാർബെൻഡാസിം പോലുള്ള കുമിൾനാശിനികൾ തളിക്കുന്നതു രോഗം മറ്റു ചെടികളിലേക്ക് വ്യാപിക്കുന്നത് തടയാനും അതുവഴി രോഗത്തിന്റെ രൂക്ഷത കുറയ്‌ക്കാനും സഹായിക്കുമെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

പ്രധാനമായും  ഇന്ത്യൻ വിപണിയെ ആശ്രയിച്ചു നിൽക്കുന്ന യൂറോപ്യൻ, അമേരിക്കൻ വിപണികൾ ഏലത്തിന്റെ ഗുണമേന്മ, അതിലുപരി, ഉൽപന്നത്തിലെ രാസവസ്‌തുക്കളുടെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങളെ സൂക്ഷ്‌മ നിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ട്. അതിനാൽ ഏലത്തിൽ രാസകുമിൾനാശിനികളുടെ അമിത പ്രയോഗം നിയന്ത്രിക്കണം. മറ്റു നിവാരണ രീതികൾക്ക് മുൻഗണന നൽകണം. സംയോജിത രോഗനിവാരണമാർഗങ്ങൾ കൈക്കൊള്ളുകവഴി, ഇലകരിച്ചിലിനെ ഫലപ്രദമായി നിയന്ത്രിക്കാനും അതുവഴി വിഷമയമില്ലാത്ത മേന്മയേറിയ ഉൽപന്നം ആഭ്യന്തര – രാജ്യാന്തര വിപണിയിലെത്തിക്കാനും സാധിക്കും. 

വിലാസം: ഏലം ഗവേഷണകേന്ദ്രം, ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം, അപ്പൻഗള, മടികേരി, കുടക്.