Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊന്നൊടുക്കുമോ തേനീച്ചകളെ ന്യൂജെന്‍ കീടനാശിനികൾ?

comb-cutting-new

ഇന്ത്യയിലും കേരളത്തിലും ഉപയോഗിക്കുന്ന ചില പുതു തലമുറ കീടനാശിനികള്‍ തേനീച്ചകളെ കൊന്നൊടുക്കുന്നതും പരിസ്ഥിതിയെ നശിപ്പിക്കുന്നതുമാണെന്ന ആേരാപണത്തില്‍ കഴമ്പുണ്ടോ– അന്വേഷണം

തേനീച്ചവളർത്തൽ പ്രോൽസാഹിപ്പിക്കാനും തേന്‍ ഉപയോഗം വ്യാപകമാക്കാനും‘നുകരാം തേൻമധുരം’ എന്ന  പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കിവരികയാണ്.  ഹണി പാർക്ക്, ഹണി മിഷൻ എന്നിവയെല്ലാം  സർക്കാരിന്റെ നൂതന പരിപാടികളാണ്. എന്നാൽ തേനീച്ചകൾ ജീവനോടെ ഉണ്ടെങ്കിൽ മാത്രമേ  ഈ പദ്ധതികൾ വിജയിക്കുകയുള്ളൂ. ഒരു ഭാഗത്ത് തേനീച്ചവളർത്തൽ പ്രോൽസാഹിപ്പിക്കുമ്പോൾ മറുഭാഗത്ത് തേനീച്ചകളെ കൊന്നൊടുക്കുന്ന ഏതാനും പുതുതലമുറ കീടനാശിനികളുടെ വിൽപന കേരളത്തിൽ ഒരു നിയന്ത്രണവുമില്ലാതെ നടക്കുന്നു.

കാർഷികവിളകളിൽ മൂന്നിലൊന്നിന്റെയും പരാഗണ വിതരണക്കാർ തേനീച്ചകളാണ്. തേനീച്ചകളുടെയും ബന്ധുക്കളുടെയും തിരോധാനം ഇവയെ ആശ്രയിച്ചു പരാഗണം നടത്തുന്ന സസ്യങ്ങളെ വംശനാശത്തിലേക്കു തള്ളിവിടും. ഉൽപാദനം ഇടിയും. പരിസ്ഥിതി സന്തുലിതാവസ്ഥ തകരും. തേനീച്ചയും ബന്ധുക്കളായ ആയിരക്കണക്കിനു ഷഡ്പദ വര്‍ഗങ്ങളുമാണ് പുതുതലമുറ കീടനാശിനികളിൽനിന്നു വംശനാശഭീഷണി നേരിടുന്നത്. മനുഷ്യർക്കു സുരക്ഷിതമെന്ന അവകാശവാദത്തോടെ വിപണിയിലിറക്കിയതാണ്   നിയോണിക്സ്  എന്നറിയപ്പെടുന്ന നിയോനിക്കോട്ടിനോയിഡ് കീടനാശിനികൾ.  ആഗോളതലത്തിൽ മൊത്തം കീടനാശിനി വിൽപനയുടെ 40 ശതമാനവും നിയോണിക്സ് കീടനാശിനികളാണ്. മണ്ണിലും വിത്തിലും ചെടികളിലും പുൽത്തകിടികളിലും വൃക്ഷങ്ങളിലും കന്നുകാലിവളർത്തലിലും കോഴിവളർത്തലിലുമെല്ലാം  കീടങ്ങൾക്കെതിരേ ഇവ വളരെ വ്യാപകമായി ഉപയോഗിക്കുന്നു.  

ഇമിഡാക്ലോപ്രിഡ്, തയാക്ലോപ്രിഡ്, ക്ലോത്തിയാനിഡിൻ, തയോമിതോക്ലാം, അസെറ്റാമിപ്രിഡ് എന്നിവയാണ്  ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നിയോണിക്സ് കീടനാശിനികൾ. ഇമിഡാക്ലോപ്രിഡ്, തയോമിതോക്ലാം, ക്ലോത്തിയാനിഡിൻ എന്നിവ തേനീച്ചകൾക്കും ബന്ധുക്കൾക്കും ഏറ്റവും അപകടകാരികളാണ്. ചെടിയുടെ വേരു മുതൽ പൂമ്പൊടിവരെയുള്ള സർവ സസ്യകോശങ്ങളെയും  വിഷമയമാക്കി മാറ്റും ഈ കീടനാശിനികൾ. നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കെതിരെയാണ് ഇവ ഏറ്റവും ഫലപ്രദം. വിത്തിൽ പുരട്ടിയും മണ്ണിൽ ചേർത്തും ഇലകളിൽ തളിച്ചും പ്രയോഗിക്കാം. മാസങ്ങളോളം ഇതിന്റെ വിഷവീര്യം ചെടികളിൽ നിലനിൽക്കും. 

എൻഡോസൾഫാൻ നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലേക്ക്  ഇവയുടെ രംഗപ്രവേശം. നിരോധിക്കപ്പെട്ട കീടനാശിനികൾക്കു പകരമായി തൽക്കാലത്തേക്കു ശുപാർശ ചെയ്യപ്പെട്ടഇമിഡാക്ലോപ്രിഡ്, അസെറ്റാമിപ്രിഡ്, തയോമിതോക്ലാം, തയോക്ലോപ്രിഡ് എന്നിവ പിന്നീടു സ്ഥിരം ശുപാർശകളിൽ ഇടംനേടി. നെല്ല്, വാഴ, കശുമാവ്, പച്ചക്കറി വിളകൾ, പയറുവർഗങ്ങൾ എന്നിവയിലെ കീടനിയന്ത്രണത്തിന് ഇവ വ്യാപകമായി പ്രയോഗിക്കുന്നു. കോഴിപ്പേൻ, കന്നുകാലികളിലെ ചെള്ള് തുടങ്ങിയവ നിയന്ത്രിക്കാനുള്ള വിഷമിശ്രിതങ്ങളിൽ അനധികൃതമായും ഇവ ഉപയോഗിച്ചുവരുന്നു. വളരെ ചെറിയ അളവിൽപോലും ഇവയുെട സാന്നിധ്യം തേനീച്ചകളെയും ഉപകാരികളായ മറ്റു ഷഡ്പദങ്ങളെയും കൊന്നൊടുക്കും. ഈ കീടനാശിനികൾ വിഘടിച്ചുണ്ടാകുന്ന രാസാവശിഷ്ടങ്ങളും തേനീച്ചകൾക്കും ബന്ധുക്കൾക്കും  അപകടകരമാണ്.കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി കാർഷിക കോളജിലെ കീടനാശിനി  ലബോറട്ടറിയിൽ  നടത്തിയ പരിശോധനയിൽ വിദേശങ്ങളിൽനിന്നും അയൽസംസ്ഥാനങ്ങളിൽനിന്നും കൊണ്ടുവന്ന പഴം–പച്ചക്കറികളിൽ ഇമിഡാക്ലോപ്രിഡ്, അസെറ്റായിപ്രിഡ് എന്നീ രണ്ടു നിയോനിക്കോട്ടിനോയിഡ് കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി. പ്രയോഗിക്കപ്പെടുന്ന കൃഷിയിടങ്ങളിൽ മാത്രമല്ല, നിയോനിക്കോട്ടിനോയിഡുകളുടെ സാന്നിധ്യം. മണ്ണിലും ജലത്തിലുംകൂടി കിലോമീറ്ററുകൾ സഞ്ചരിച്ചു വിദൂരത്തുള്ള മറ്റു സസ്യങ്ങളിൽപോലും ഇവ കാണപ്പെടുന്നു. ഉപരിജല സ്രോതസ്സുകളിലും ഭൂഗർഭ ജലസ്രോതസ്സുകളിലും ഇവ വിഘടിക്കാതെ ദീർഘകാലം നിലനിൽക്കുന്നു. മണ്ണിലും എക്കലിലുമെല്ലാം സർവവ്യാപിയായി ഇവയുടെ സാന്നിധ്യമുണ്ട്. അമേരിക്കയിൽ പരിശോധിച്ച 63% ജലസാമ്പിളുകളിലും ഇവയുടെ സാന്നിധ്യം കണ്ടെത്തി. കാനഡയിൽ നടത്തിയ പഠനത്തിൽ 91% ജലാശയങ്ങളിലും ഈ കീടനാശിനികൾ കലർന്നിട്ടുണ്ടെന്നാണു കണ്ടെത്തൽ. കേരളത്തിൽ കുട്ടനാടൻ ജലാശയങ്ങളിൽ ഇമിഡാക്ലോപ്രിഡിന്റെ സാന്നിധ്യമുണ്ട്.

നിയോനിക്കോട്ടിനോയിഡുകൾ മനുഷ്യർക്കും പക്ഷികൾക്കും നട്ടെല്ലുള്ള ജന്തുവർഗങ്ങൾക്കും താരതമ്യേന അപകടരഹിതമാണെന്നാണു നിർമാതാക്കളുടെ അവകാശവാദം. എന്നാൽ ഇവ പരിസ്ഥിതി വിനാശത്തിനുവേണ്ടി പ്രത്യേകം നിർമിക്കപ്പെട്ട കീടനാശിനികളാണിതെന്നു പരിസ്ഥിതി സംഘടനകൾ ആരോപിക്കുന്നു.വളരെ ചെ‌റിയ അളവിൽപോലും ഈ കീടനാശിനികളുടെ സാന്നിധ്യം തേനീച്ചകളുടെ ജീവിതതാളം തെറ്റിക്കുകയും അവയെ കൊന്നൊടുക്കുകയും ചെയ്യും. ഏറെപ്രചാരത്തിലുള്ള ഇത്തരം കീടനാശിനിയുടെ നാല് നാനോഗ്രാം മാത്രം മതി, അതടങ്ങിയ പൂമ്പൊടി ഭക്ഷിക്കുന്ന തേനീച്ചകളുടെ പാതിയെയും കൊന്നൊടുക്കാൻ.   തേനീച്ചകളുടെ എണ്ണം കുറയുന്നതിനും കോളനികൾ തകരുന്നതിനും ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും ഏറ്റവും പ്രധാന കാരണം നിയോനിക്കോട്ടിനോയിഡ് കീടനാശിനികളാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 

DSCN2263

തേനീച്ചകൾ അപ്രത്യക്ഷമാകുന്നതിനും കോളനികളുടെ തകർച്ചയ്ക്കും കാരണമായ സിസി‍ഡി (കോളനി കൊളാപ്സ് ഡിസോർഡർ) എന്ന രോഗാവസ്ഥയ്ക്കു പിന്നിൽ നിയോനിക്കോട്ടിനോയിഡ് കീടനാശിനികളാണ്. തേനീച്ച കോളനികളിലെ ബഹുഭൂരിപക്ഷം വേലക്കാരി ഈച്ചകളും കൂട്ടിൽ തിരിച്ചെത്താതെ അപ്രത്യക്ഷമാകുന്ന രോഗമാണിത്. തേനീച്ചകളുടെ കേന്ദ്രനാഡീവ്യൂഹത്തെ തകർക്കുന്ന കീടനാശിനികളാണ് നിയോനിക്കോട്ടിനോയിഡുകൾ. ഗമനദിശ തെറ്റുമെന്നതിനാൽ തേനീച്ചകൾക്ക് കോളനിയിൽ തിരിച്ചെത്താനാവില്ല. കൂട്ടിനടുത്ത് എത്തിയാൽതന്നെ അകത്തു കയറാനാവാതെ തളർന്നുവീഴും. ആരോഗ്യകരമായി ജീവിക്കുന്ന തേനീച്ചക്കൂട്ടത്തിലെ തേനീച്ചകൾ ഒരിടത്തു തേനുണ്ടെന്നറിഞ്ഞാൽ നൃത്തച്ചുവടുകളിലൂടെ പരസ്പരം ആശയവിനിമയം നടത്തും. നിയോണിക്സുകൾ ഈ സാമൂഹിക ആശയവിനിമയശേഷി  നശിപ്പിക്കും. ചത്ത ഈച്ചകളെ കൂട്ടിൽനിന്നു നീക്കാനുള്ള ശേഷി നഷ്ടപ്പെടുന്നതിനാൽ കോളനികളുടെ ശുചിത്വം നഷ്ടപ്പെടും. റാണി ഈച്ചകളുടെ മുട്ടയിടാനുള്ള ശേഷി കുറയും. ആരോഗ്യമുള്ള റാണിയീച്ചകൾ നിർദിഷ്ട സമയത്തിനു മുന്നെ മുട്ടയിടും. പൂക്കാലത്തിനു മുമ്പെ വിരിഞ്ഞിറങ്ങുന്ന ഇളം തേനീച്ചകൾ ആവശ്യത്തിനു ഭക്ഷണം കിട്ടാതെ പട്ടിണിയിലാകും. ചില കോളനികൾക്ക് റാണി ഈച്ചകളെ തന്നെ നഷ്ടപ്പെടും. തേനീച്ചകളുടെ വളർച്ച മുരടിക്കും. 

കോളനികളിൽ ഇവ വിഘടിച്ചുണ്ടാകുന്ന രാസവസ്തുക്കൾ കൂടുതൽ അപകടകാരികളാണ്. ഇത് തേനീച്ചക്കൂടുകളിലെ പുഴുക്കളെകൊന്നൊടുക്കും. ദീർഘകാലാടിസ്ഥാനത്തിൽ കോളനികളെ പൂർണമായി തകർക്കും. തേനീച്ചക്കോളനികളിൽ മാത്രമല്ല, സംസ്കരിച്ചെടുക്കുന്ന തേനിൽപോലും നിയോനിക്കോട്ടിനോയിഡുകളുടെ സാന്നിധ്യമുണ്ടെന്നാണ് അടുത്ത കാലത്തെ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.  ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. 

കഴിഞ്ഞ 25 വർഷത്തിനിടയിൽ ഇന്ത്യയിലെ തേനീച്ചകളുടെ എണ്ണത്തിൽ 50 ശതമാനത്തോളം കുറവുണ്ടായതായി ഒരു ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ പരാഗ വിതരണത്തിൽ ഏർപ്പെട്ടിരിക്കുന്ന 1000– ത്തോളം സ്പീഷീസ് ഈച്ചകളുണ്ടെന്നാണ് ഏകദേശ കണക്ക്. കേരളത്തിൽ ഇടുക്കി, വയനാട്, നിലമ്പൂർ തുടങ്ങിയ പ്രദേശങ്ങളിലെ വനമേഖലകളിലും തേനീച്ച കോളനികളുടെ എണ്ണത്തിൽ ശോഷണമുണ്ടായതായി അനുഭവസ്ഥർ പറയുന്നു.

തേനീച്ചക്കോളനികളിൽ മരണം വിതയ്ക്കുന്ന മറ്റൊരു കീടനാശിനിയാണ് പുതു തലമുറയിൽപ്പെട്ട ഫിപ്രോണിൽ. മനുഷ്യരിൽ അർബുദത്തിനു കാരണമായേക്കാമെന്ന് വിലയിരുത്തിയിട്ടുള്ള ഈ കീടനാശിനി തേനീച്ചകൾക്കും ജലജീവികൾക്കും അപകടകരമാണ്. തേനീച്ചകൾക്കും ഞണ്ട്, കൊഞ്ച്, ചെമ്മീൻ തുടങ്ങിയ ജലജീവികൾക്കും മാരകമായതിനാൽ ചൈനയിലും യൂറോപ്പിലും ഈ കീടനാശിനിക്ക് കടുത്ത നിയന്ത്രണമുണ്ട്. 2019 ജനുവരി ഒന്നു മുതൽ ചൈന ഈ കീടനാശിനി അപ്പാടെ നിരോധിക്കുകയാണ്. എന്നാൽ ഇന്ത്യയിലും കേരളത്തിലും ഒരു നിയന്ത്രണവുമില്ലാതെ ഈ കീടനാശിനി വ്യാപകമായി വിറ്റഴിക്കപ്പെടുന്നു. എൻഡോസൾഫാൻ നിരോധനത്തെ തുടർന്ന് കേരളത്തിൽ ശുപാർശ ചെയ്യപ്പെട്ട അസിഫേറ്റ്, ക്ലോർപൈറിഫോസ്, സ്പിനോസാഡ് എന്നീ കീടനാശിനികളും തേനീച്ചകൾക്കും പരിസ്ഥിതിക്കും അത്യന്തം ഹാനികരമാണ്. തേനീച്ചകൾക്ക് ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇമിഡാക്ലോ

പ്രിഡ്, അസെറ്റാമിപ്രിഡ്, തയാക്ലോപ്രിഡ് എന്നീ മൂന്ന് നിയോനിക്കോട്ടിനോയിഡ് കീടനാശിനികൾക്ക് യൂറോപ്യൻ യൂണിയൻ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. ഫ്രാൻസും കാനഡയും ഈ കീടനാശിനികളെ നിരോധിക്കാനുള്ള ആലോചനയിലാണ്. കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയില്ലെങ്കിൽ ഈ കീടനാശിനികൾ ജൈവവൈവിധ്യസമ്പന്നമായ കേരളത്തിൽ  വൻ വിനാശം വിതയ്ക്കും.

വിലാസം: പ്രഫസര്‍ ആന്‍ഡ് ഹെഡ്, വിജ്ഞാന വ്യാപനവകുപ്പ്, കാര്‍ഷിക കോളജ്, വെള്ളാനിക്കര, തൃശൂര്‍. 

ഫോണ്‍: 9387100119