Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണക്കരയുടെ അരിപ്പൊതികൾ

anakkara-copy

കുമളിക്കും കട്ടപ്പനയ്ക്കുമിടയിൽ പീഠഭൂമിപോലെ പരന്നുകിടക്കുകയാണ് അണക്കര. ഏലവും തേയിലയും കുരുമുളകും കൊക്കോയും പച്ചക്കറികളുമൊക്കെ സമൃദ്ധമായി വിളയുന്ന ഈ അതിർത്തിഗ്രാമത്തിലെ പാടത്തു നെൽകൃഷി നടത്താൻ ആളില്ലാതായിട്ട് വർഷമേറെയായി. കന്നുകാലികൾ മേയുന്ന പാടം ചൂണ്ടിക്കാട്ടി പലരും നാട്ടുകാരെ മോഹിപ്പിച്ചു– വിമാനത്താവളം കൊണ്ടുവരാമെന്ന്. അതുവഴി ടൂറിസം വളർത്തി വരുമാനം നേടാമെന്ന്. എന്നാൽ കാലമേറെ കഴിഞ്ഞപ്പോൾ അവർക്കു മനസ്സിലായി– വിമാനത്താവളം വരില്ല, വരാൻ പാടില്ല. പാടം നികത്തിയും കുന്നുകളിടിച്ചും കൃഷി ഇല്ലാതാക്കിയും വിമാനത്താവളമുണ്ടാക്കിയാൽ വിനോദസഞ്ചാരിയും വഴി മാറിപ്പോകുമെന്ന തിരിച്ചറിവ്  എല്ലാവർക്കുമുണ്ടായി. എന്നാൽ  ഇതിനിടയിൽ മറ്റൊരു ദുരന്തം നടന്നു– മണലൂറ്റുകാർ യന്ത്രക്കോപ്പുകളുമായെത്തി പാടത്തെ മണലൂറ്റിയെടുത്തു. ശേഷിച്ചത് കുഴികളും കൂനകളും മാത്രം.

കൃഷി സാധ്യമാകാത്തവിധം നശിപ്പിക്കപ്പെട്ട ഈ പാടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് തിരുവല്ല മലങ്കര കത്തോലിക്കാ രൂപതയുെട ഇടുക്കി മലങ്കരജ്യോതി ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി(ഇമിഡ്സ്). ഇവിടെ രൂപതയ്ക്കു സ്വന്തമായുള്ള  ഒമ്പത് ഏക്കർ പാടം കൃഷിയോഗ്യമാക്കി മൂന്നു വർഷമായി നെല്ല് ഉൽപാദിപ്പിക്കുകയാണവർ. പരന്നുകിടക്കുന്ന പാടം. ചുറ്റും ചെറുകുന്നുകൾ, സ്വച്ഛ സുന്ദരമായ അന്തരീക്ഷം – അതുല്യമായ കൃഷി അനുഭവം നൽകുന്ന  എല്ലാ സാഹചര്യങ്ങളും ഇമിഡ്സിന്റെ ഫാമിലുണ്ട്.  ആകെയുള്ള 36 ഏക്കറിൽ നെല്ലും തേയിലയും ഏലവും കുരുമുളകും കാപ്പിയും കപ്പയും തോളുരുമ്മി വളരുന്നു. പതിമൂന്ന് നാടൻ പശുക്കളുൾപ്പെടെ അമ്പതോളം  ഉരുക്കളാണ് ഡെയറിഫാമിലുള്ളത്. ജൈവരീതിയിലുള്ള ഉൽപാദനമാണെങ്കിലും വിപണനസാധ്യത പരിമിതമായതിനാൽ സമീപത്തെ ക്ഷീരസംഘത്തിലാണ് പാൽ നൽകുന്നത്.  പന്നിയും ആടും വളരുന്ന ഇവിടെ മൂന്ന് കുളങ്ങളിലായി മത്സ്യക്കൃഷിയുമുണ്ട്.  കാർപ്പ്, നട്ടർ ഇനങ്ങൾക്കു പുറമേ അലങ്കാരമത്സ്യങ്ങളും വളരുന്ന കുളങ്ങൾ.

ഫാമിനെ സംയോജിതകൃഷിയുെട സവിശേഷ മാതൃകയാക്കാനുള്ള ശ്രമത്തിലാണ്  മാനേജർ ഫാ. ജോൺ പടിപ്പുരക്കലും  സഹപ്രവർത്തകരും. വംശനാശം നേരിടുന്ന പാൽത്തോണി ഇനം നെല്ല് ഉൽപാദിപ്പിച്ച് അരിയാക്കി വിപണിയിലെത്തിച്ച് മാറ്റങ്ങൾക്ക് കുറിച്ചിരിക്കുകയാണ് ഇമിഡ്സ്. തുടക്കം അഞ്ചേക്കറിലായിരുന്നു. നിലമൊരുക്കുന്നതിനുള്ള ഉയർന്ന ചെലവ് മൂലമാണ് ഇത്രയും സ്ഥലത്തു കൃഷി പരിമിതപ്പെടുത്തിയത്. എന്നാൽ കഴിഞ്ഞ വർഷം ഒമ്പത് ഏക്കർ പാടം കൃഷിയോഗ്യമാക്കി നെല്ലുൽപാദിപ്പിക്കാൻ സാധിച്ചു. ബാക്കിയുള്ള മൂന്ന് ഏക്കർ പാടത്തു കൂടി വരുംവർഷങ്ങളിൽ  കൃഷിയിറക്കാനുള്ള ദൃഢനിശ്ചയത്തിലാണിവർ.

ഹൈറേഞ്ചിന്റെ തനത് നെല്ലിനമായ പാൽത്തോണിയാണ് മൂന്നു വർഷവും ഇവിെട വിതച്ചത്. ഇതിന്റെ ചെറിയ ചുവന്നഅരി കഞ്ഞിയായി കഴിക്കാൻ ഉത്തമമാണെന്ന് ഇമിഡ്സിലെ ഉദ്യോഗസ്ഥനായ ജയിംസ് ജോസഫ് പറഞ്ഞു. നീളമേറിയ വൈക്കോൽ കിട്ടുന്നതിനാൽ ക്ഷീരകർഷകർക്കും പാൽത്തോണി പ്രയോജനപ്പെടും. പൂർണമായും ജൈവരീതിയിലാണ് കൃഷി. കൃഷിയില്ലാത്ത മാസങ്ങളിൽ നാടൻ പശുക്കളെ പാടത്ത് മേയാൻ വിടും. ആറു മാസത്തോളം അവയുെട ചാണകവും മൂത്രവും വീണ് ഫലഭൂയിഷ്ഠമായ മണ്ണിലാണ് പാൽത്തോണിയുെട വിത്ത് വീണ് കിളിർക്കുന്നത്. തുടർന്നുള്ള മാസങ്ങളിൽ പോഷണമാകുന്നത് നാടൻ പശുക്കളുെട ചാണകത്തിൽ നിന്നുണ്ടാക്കിയ ജീവാമൃതം, കൂടെ ഫിഷ് അമിനോ ലായനിയും. പാടത്തേക്കുള്ള  വെള്ളത്തിൽ കലർത്തിയും തളിച്ചുമൊക്കെ ഇവ നൽകുന്നു. കീടശല്യം തീരെയുണ്ടായില്ല. 

palt~2

വിളവെടുപ്പായിരുന്നു മറ്റൊരു വെല്ലു വിളി. തമിഴ്നാട്ടിൽനിന്നു സ്ത്രീതൊഴിലാളികളെ  കൊണ്ടുവന്ന് കൊയ്ത്തു നടത്തിയപ്പോൾ  ചെലവ് വളരെ വർധിച്ചു.  അപ്രതീക്ഷിതമായി വന്ന മഴ കൊയ്ത്തുയന്ത്രമിറക്കാൻ തടസ്സമായി. കഴിഞ്ഞ വിളവെടുപ്പിൽ ആറുടൺ നെല്ല് കിട്ടി. കൊയ്തെടുത്ത നെല്ല് എങ്ങനെ വിൽക്കുമെന്ന ചിന്തയാണ് അരി ഉൽപാദനത്തിലേക്കും ചില്ലറ വിൽപനയിലേക്കുമൊക്കെ നയിച്ചത്. കിലോയ്ക്ക് 100 രൂപയോളം ഉൽപാദനച്ചെലവ് വന്ന െനല്ല് ജൈവ അരിയായി വിറ്റാൽ മാത്രമേ നഷ്ടം ഒഴിവാക്കാനാവൂ. സമീപത്തുള്ള മില്ലുടമയുടെ സഹായത്തോെട തവിട് കളയാതെ  നെല്ല് കുത്തിയെടുത്തു.  ജൈവ അരി വിപണിയിൽ തിരിച്ചറിയപ്പെടുന്നതിനും ന്യായമായ വില കിട്ടുന്നതിനും ബ്രാൻഡിങ് അനിവാര്യമായിരുന്നു. അതിനാൽ ‘അണക്കര പാൽത്തോണി’ എന്നു ബ്രാൻഡ് ചെയ്ത് പായ്ക്കറ്റുകളിൽ അരി വിപണിയിലിറക്കി.  ഇമിഡ്സ് ഓഫിസിൽ മാത്രമല്ല രൂപതയുെട വിവിധ സ്ഥാപനങ്ങളിലൂെടയും അരിക്ക് ആവശ്യക്കാരെത്തി. കിലോയ്ക്ക് 110 രൂപ നിരക്കിലായിരുന്നു വിൽപന. ഒന്ന്, മൂന്ന്, അഞ്ച് കിലോ വീതമുള്ള പായ്ക്കറ്റുകൾ വിറ്റുതീരാൻ ഏതാനും ആഴ്ചകളേ വേണ്ടിവന്നുള്ളൂ, മൂന്നു വർഷവും ഇതു തന്നെയായിരുന്നു അനുഭവം.

ലാഭവും നഷ്ടവുമില്ലാതെ നെൽകൃഷി നടത്താൻ ഇതുവരെ സാധിച്ചെങ്കിലും വരുംവർഷങ്ങളിൽ  കാര്യങ്ങൾ കൈവിട്ടുപോകുമോയെന്ന ആശങ്ക ഇവർക്കുണ്ട്. വില പരമാവധി ഉയർത്തിയ സാഹചര്യത്തിൽ സാമ്പത്തിക സുസ്ഥിരതയോെട നെൽകൃഷി തുടരാൻ ഉൽപാദനച്ചെലവ്കുറയ്ക്കുകയേ നിവൃത്തിയുള്ളൂ. എന്നാൽ സാഹചര്യങ്ങൾ അതിന് അനുകൂലമല്ല. യന്ത്രവൽക്കരണത്തിലൂെട കൂലിച്ചെലവ് കുറയ്ക്കണമെന്നുണ്ട്. എന്നാൽ നെൽകൃഷി തീരെ കുറവായ ഇടുക്കിയിലെ ചെറുപാടങ്ങളിലേക്ക് യന്ത്രങ്ങൾ വരുന്നില്ല. ഇക്കാര്യത്തിൽ കൃഷിവകുപ്പിന്റെ സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ.

ഫോൺ:8078370407, 9495747431